പുരുഷന്മാർക്കൊപ്പം പല മേഖലകളിലും സ്ത്രീകളും എത്തിയെങ്കിലും അവസാനിക്കാതെ അവശേഷിക്കുകയാണ് സ്ത്രീപുരുഷ വിവേചനം. സിനിമാ മേഖലയിലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല. പ്രമുഖ നടി ആക്രമിക്കപ്പെട്ടതു മുതൽ വിവാദത്തിലായിരിക്കുന്ന മലയാള സിനിമയിലെ സ്ത്രീപുരുഷ വിവേചനം വലിയ ചർച്ചാവിഷയമാണിപ്പോൾ. സ്ത്രീ-പുരുഷ വിവേചനത്തെ കുറിച്ച് ഹോളിവുഡ് താരം എമ്മ സ്‌റ്റോണിന്റെ വാക്കുകള്‍ ഉദ്ധരിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ റിമ കല്ലിങ്കൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിമയുടെ പ്രതികരണം.

ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളിലൊരാളിലൊരാളാണ് ഓസ്‌കാര്‍ പുരസ്‌കാര ജേത്രികൂടിയായ എമ്മ സ്‌റ്റോണ്‍. പുതിയ ചിത്രമായ ‘ബാറ്റില്‍ ഓഫ് ദ സെക്‌സസി’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് വേതനം നല്‍കുന്നതിലെ അസമത്വത്തെക്കുറിച്ച് എമ്മ തുറന്ന് പറഞ്ഞത്. തനിക്കൊപ്പം അഭിനയിച്ചിരുന്ന ചില സഹനടന്‍മാര്‍ അവര്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം വെട്ടിക്കുറച്ച് തുല്യത ഉറപ്പുവരുത്തുമായിരുന്നുവെന്നാണ് എമ്മ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഈ അഭിമുഖത്തെ മുന്‍നിര്‍ത്തിയാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്.

സ്ത്രീയും പുരുഷനും എന്നതല്ല, എല്ലാവരും തുല്യരാണെന്ന് റിമ പറയുന്നു. എല്ലാവർക്കുമുള്ള അവകാശങ്ങളും തുല്യമാണെന്നും റിമ അഭിപ്രായപ്പെട്ടു. എല്ലാവരും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ടെന്നും റിമ വ്യക്തമാക്കുന്നു. എമ്മയുടെ വാക്കുകൾ കടമെടുത്തായിരുന്നു റിമയുടെ പ്രതികരണം.

അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ വിവാദ പരാമശനത്തിനെതിരെ റിമ നേരത്തെ രംഗത്തെത്തിയിരുന്നു. അവസരങ്ങൾ വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് പല പ്രമുഖരും പറഞ്ഞത് സംബന്ധിച്ച് മലയാള സിനിമയിലെ വനിതാ താരങ്ങളുടെ പരാമർശങ്ങൾക്ക് ഇന്നസെന്റ് നൽകിയ മറുപടിയാണ് വിവാദമായത്. സ്ത്രീകളെ കിടക്ക പങ്കിടാൻ വിളിക്കുന്നത് പുരുഷന്മാരും എന്നാൽ കുറ്റം സ്ത്രീകൾക്കുമാണെന്ന് റിമ പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ