വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി നടിമാർ രംഗത്ത്. സ്വന്തം വസ്ത്രം തന്റെ സ്വാതന്ത്ര്യമാണെന്നും അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും അടിവരയിടുകയാണിവർ. റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ എന്നീ നടിമാരും ഗായിക അഭയ ഹിരൺമയിയുമാണ് കാലുകാണിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാൽമുട്ടിന് മുകളിൽ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് റിമ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ‘അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട്’ എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് റിമ കുറിച്ചത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്.
Read More: ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട; സൈബർ ‘ആങ്ങളമാരോട്’ അനശ്വര
സാരിയുടുക്കും, ചിലപ്പോ സ്വിം സൂട്ടിടും, അതിൽ നിങ്ങൾക്കെന്തു കാര്യം എന്നാണ് നടി അഹാന കൃഷ്ണയ്ക്ക് സൈബർ ലോകത്തെ സദാചാര കമ്മിറ്റിക്കാരോട് ചോദിക്കാനുള്ളത്. ഞാൻ എന്ത് ധരിക്കുന്നു എന്നോ മറ്റുള്ളവർ എന്ത് ധരിക്കുന്നു എന്നോ ഉള്ളത് നിങ്ങളുടെ കാര്യമല്ലെന്നും, നിങ്ങളുടെ കാര്യങ്ങൾ മാത്രമാണ് നിങ്ങളുടെ കാര്യങ്ങളെന്നും അഹാന പറയുന്നു. തന്റെ വസ്ത്രത്തിലേക്കല്ല, നിങ്ങളുടെ ചിന്തകളിലേക്കാണ് നോട്ടം ആവശ്യമെന്നും അഹാന കുറിക്കുന്നു.
ഒരു പുരുഷൻ തന്റെ ശരീരം കാണിക്കുമ്പോൾ അത് നിങ്ങൾക്ക് പ്രചോദനമാകുകയും ഒരു സ്ത്രീകാണിക്കുമ്പോൾ അവൾ സെക്സിന് തയ്യാറായി നിൽക്കുകയും ചെയ്യുന്നതായി തോന്നുന്നത് എന്തുകൊണ്ടാണെന്നും അഹാന ചോദിക്കുന്നു. അടിസ്ഥാനപരമായി തങ്ങളെുടെ വസ്ത്രവും ശരീരവും തങ്ങളുടെ മാത്രം അവകാശവും സ്വാതന്ത്ര്യവുമാണെന്ന് അടിവരയിടുകയാണ് ഈ പെൺകുട്ടികൾ.
ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. ‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം.
’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് സോഷ്യൽ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്.
അതേസമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ആ പെൺകുട്ടി അവർക്കിഷ്ടമുള്ളതിട്ടാൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നു നിരവധി പേർ ചോദിക്കുന്നുണ്ട്.
Read More: ‘സംസ്കാരത്തിന് ചേരാത്ത വേഷം’; അനശ്വര രാജനെതിരെ സൈബർ ആക്രമണം
ഒടുവിൽ സദാചാര കമന്റുകൾക്ക് മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തി. “ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ,” എന്ന അടിക്കുറിപ്പോടെ അതേ വേഷം അണിഞ്ഞുകൊണ്ടുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്ത് അനശ്വര പങ്കുവച്ചു.
View this post on Instagram
നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയായിരുന്നു. നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർഗ കൃഷ്ണ, എസ്തർ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.