മമ്മൂട്ടി ആരാധകരുടെ ആക്രമണത്തിൽ മനംനൊന്ത് ഫെയ്സ്ബുക്കിലൂടെ ലൈവായി അന്ന രാജൻ ക്ഷമാപണം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി റിമ കല്ലിങ്കൽ. ”65 കാരനായ നടൻ തന്റെ അച്ഛന്റെ വേഷത്തിൽ അഭിനയിച്ചോട്ടെ എന്നു പറഞ്ഞതിന് ലിച്ചിക്കെതിരെ ട്രോളുകൾ വന്നു. മമ്മൂട്ടിക്ക് ആ റോൾ ചെയ്യാൻ കഴിയുന്നില്ലെന്നാണോ ഇത്തരക്കാർ വിചാരിക്കുന്നത്. എനിക്ക് തോന്നുന്നത് അദ്ദേഹം ആ വേഷം കലക്കും. കൗരവർ സിനിമ ഓർമയില്ലേ? അദ്ദേഹം ബ്രില്യന്റ് ആയ നടനാണ്. 70 കാരനായും 30 കാരനായും മമ്മൂട്ടി അഭിനയിച്ചാലും അത് നമ്മൾ സ്വീകരിക്കും. കാരണം അദ്ദേഹം അത്രയും കഴിവുളള നടനാണ്. ശോഭന, ഉർവശി, രേവതി പോലുളള മികച്ച നടിമാരൊക്കെ 70ഉം 30 ഉം വയസ്സുളള റോളുകൾ ചെയ്തപ്പോൾ നമ്മൾ സ്വീകരിച്ചിട്ടുണ്ട്. പിന്നെ എന്താണ് ഇവിടുത്തെ പ്രശ്നം?. പിന്നെ എന്തിനാണ് ലിച്ചി ക്ഷമ ചോദിക്കുന്നത്” റിമ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.

Read More: ‘മമ്മൂക്കയേയും കുഞ്ഞിക്കയേയും ബഹുമാനിക്കുന്നു’; ലൈവായി കരഞ്ഞ് ലിച്ചി

ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയോട് അവതാരിക നിരവധി കുസൃതി ചോദ്യങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി, അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്നും പിന്നീട് പറഞ്ഞു. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകർ അന്നയ്ക്കെതിരെ ആക്രമണം നടത്തി. അന്നയുടെ ഫെയ്സ്ബുക്ക് പേജിൽ മോശം കമന്റുകൾ പോസ്റ്റ് ചെയ്തു.

ആക്രമണം കടുത്തപ്പോൾ അന്ന ഫെയ്സ്ബുക്ക് ലൈവിലൂടെ ക്ഷമാപണം നടത്തി. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മമ്മൂക്കയേയും ദുല്‍ഖറിനേയും താന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും അന്ന പറഞ്ഞു. ആരേയും അടിച്ചു താഴ്ത്താന്‍ തനിക്ക് ആഗ്രഹമില്ല. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചതായിരുന്നുവെന്നും ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അന്ന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ