20-ാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യ ഗോൾഡ് കാറ്റഗറിയിലെ പരമോന്നത ബഹുമതിയായ ഗോൾഡൻ ഗേറ്റ്‌വേ അവാർഡ് കരസ്ഥമാക്കി റിമ ദാസിന്റെ ‘ബുള്‍ബുള്‍ കാന്‍ സിംഗ്’. ദേശീയ അവാർഡ് ജേതാവായ റിമയൊരുക്കിയ ഈ ചിത്രത്തിൽ, ആസാമിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ബുൾബുൾ എന്ന കൗമാരക്കാരിയുടെ കഥയാണ് പറയുന്നത്. സ്നേഹത്തിനു വേണ്ടി പൊരുതുകയും താനാരാണെന്ന സ്വത്വം മനസ്സിലാക്കിയതോടെ പരാജയപ്പെട്ടുപോവുകയും ചെയ്യുന്ന പെൺകുട്ടിയാണ് ബുൾബുൾ.
— JioMAMIwithStar (@MumbaiFilmFest) November 1, 2018
ഇതു രണ്ടാമത്തെ തവണയാണ് മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ റിമ അവാർഡ് കരസ്ഥമാക്കുന്നത്. റിമയുടെ ‘വില്ലേജ് റോക്ക്സ്റ്റാർസ്’ എന്ന ചിത്രം കഴിഞ്ഞ വർഷം മാമി ചലച്ചിത്രോത്സവത്തിൽ മൂന്നു അവാർഡുകൾ നേടിയിരുന്നു.
ഗോൾഡൻ ഗേറ്റ്‌വേ അവാർഡ് സ്വീകരിച്ച റിമ അവാർഡ് തന്റെ അമ്മയ്ക്കാണ് സമർപ്പിച്ചത്. “ഞാൻ ഈ അവാർഡ് എന്റെ അമ്മക്ക് നൽകുകയാണ്. കഴിഞ്ഞ തവണ ‘വില്ലേജ് റോക്ക്സ്റ്റാർസ്’ മാമിയിൽ മൂന്ന് അവാർഡുകൾ നേടിയിരുന്നു. ഈ ചിത്രത്തെ സംബന്ധിച്ച് ആദ്യത്തെ പുരസ്കാരമാണിത്. എനിക്കേറെ ശക്തി നൽകിയ ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി പറയുന്നു, ” റിമ പറഞ്ഞു.
തന്റെ ജീവിതത്തിൽ അമ്മ ഏറെ സ്വാധീനമുണ്ടാക്കിയ ഒരു പഴയ സംഭവം ഓർത്തെടുത്ത റിമ വേദിയിൽ വെച്ച് അമ്മയ്ക്ക് നന്ദി പറഞ്ഞു. “ഒരിക്കൽ എന്റെ സഹോദരൻ ഒരു ആസാമി ടിവി ചാനലിന്റെ ഷൂട്ടിന് എനിക്കൊപ്പം വരാൻ വിസമ്മതം കാണിച്ചു. അന്ന് അമ്മയെന്നോടു ചോദിച്ചത്, എന്തുകൊണ്ട് നിനക്ക് തനിയെ സെറ്റിൽ പോയ്ക്കൂടാ? എന്നാണ്. നന്ദി അമ്മാ, യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ എന്നെ പ്രാപ്തയാക്കിയതിന്. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതാണ് ഞാൻ ചെയ്യുന്നത്, അതൊരു അനുഗ്രഹമാണ്. എന്റേതായ ലോകം സൃഷ്ടിക്കാനും കഥാപാത്രങ്ങളെ സൃഷ്ടിക്കാനുമുള്ള ഏറെ സ്വാതന്ത്ര്യം സിനിമ എനിക്ക് നൽകുന്നുണ്ട്,” റിമ കൂട്ടിച്ചേർക്കുന്നു.
‘വില്ലേജ് റോക്ക്സ്റ്റാർസി’ന്റെ ഓസ്കാറിലേക്കുള്ള യാത്രയ്ക്ക് സദസ്സിന്റെ അനുഗ്രഹം വാങ്ങാനും റിമ മറന്നില്ല. ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌ക്കര്‍ എന്‍ട്രിയായി റിമ സംവിധാനം ചെയ്ത അസമീസ് ചിത്രമായ വില്ലേജ് റോക്ക്സ്റ്റാര്‍സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
20-ാമത് മാമി ഫിലിം ഫെസ്റ്റിവലിലെ സിൽവർ ഗേറ്റ്‌വേ അവാർഡുകൾ ആദിത്യ വിക്രം സെൻഗുപ്തയും റിഥാം ജാൻവെയും കരസ്ഥമാക്കി. ആദിത്യ വിക്രമിന്റെ ‘ജോനകി’യും റിഥം ജാൻവെയുടെ ‘ഗോൾഡൻ ലാഡെൻ ഷീപ്പ് ആന്റ് ദ സേക്രഡ് മൗണ്ടെയ്നും’ ആണ് സിൽവർ ഗേറ്റ്‌വേ പുരസ്കാരത്തിന് അർഹമായത്. ലിംഗ സമത്വത്തെ കുറിച്ചു സംസാരിക്കുന്ന മികച്ച ചിത്രത്തിനുള്ള ഓക്സ്ഫാം അവാർഡും ജോനകി കരസ്ഥമാക്കി.
— JioMAMIwithStar (@MumbaiFilmFest) November 1, 2018
ഇന്റർനാഷണൽ മത്സരവിഭാഗത്തിൽ സംവിധായകൻ ഫുട്ടിഫോങ്ങ് അരൂൻഫെങിന്റെ ‘മാന്റ റേ’ നേടി. സിൽവർ ഗേറ്റ്‌വേ അവാർഡ് മാർസില്ലോ മാർട്ടിനെസ്സിയുടെ ‘ദ ഹെയെറെസ്സെസ്സ്’ സ്വന്തമാക്കി. അലിറെസ മൊതാമെദിയുടെ ‘റെസ’യ്ക്ക് പ്രത്യേക നാമനിർദ്ദേശവും ലഭിച്ചു.
ലിംഗസമത്വം ചർച്ച ചെയ്യുന്ന മികച്ച സിനിമയ്ക്കുള്ള ഓക്സ്ഫാം അവാർഡ് ഇവാൻ അയാറിന്റെ ‘സോണി’ കരസ്ഥമാക്കി. ഗീതിക വിദ്യ ഒഹ്‌ലിയാൻ, സലോനി ബത്ര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘സോണി’, ഡൽഹിയിലെ രണ്ടു പൊലീസുകാരികളുടെ ജീവിതത്തെ കുറിച്ചും സെക്ഷ്വൽ വയലൻസിനോടുള്ള അവരുടെ പ്രതികരണങ്ങളെ കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്.
സിനിമയിലെ മികവിനുള്ള പുരസ്കാരം പ്രശസ്ത സംവിധായകൻ ഡാരൻ അറോണോസ്കിയ്ക്ക് സംവിധായകനായ വിശാൽ ഭരദ്വാജ് സമ്മാനിച്ചു. പുരസ്കാരം സ്വീകരിച്ച അറോണോസ്കി, തന്റെ സിനിമകൾക്ക് പ്രോത്സാഹനമേകിയ ഇന്ത്യൻ പ്രേക്ഷകരോട് നന്ദി പ്രകടിപ്പിക്കാനും മറന്നില്ല.
“പലതവണ ഞാൻ മുംബൈയിൽ വന്നിട്ടുണ്ട്. ഞാനീ നഗരത്തെ പ്രണയിക്കുന്നു. കാരണം ഉന്മാദിനിയാണ് ഈ നഗരം, ന്യൂയോർക്കിനേക്കാളും ഉന്മാദിയായ ഒരിടം. അവിശ്വസനീയമായ മനുഷ്യരും ഭക്ഷണങ്ങളും. എല്ലാറ്റിനുമപ്പുറം ഇത് മഹത്തായ സിനിമകളുടെ ഇടമാണ്. ഈ ആദരവിന് നന്ദി. എന്റെ ചിത്രങ്ങൾ ഇവിടെ കാണാൻ സാധിച്ചതിൽ സന്തോഷം,” അറോണോസ്കി പറയുന്നു.
From one master to another. #ItHappenedAtMAMI #JioMAMIwithStar2018 @DarrenAronofsky @VishalBhardwaj pic.twitter.com/cuOdFE5APF
— JioMAMIwithStar (@MumbaiFilmFest) November 1, 2018
മാമി ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ മൺമറഞ്ഞ ബോളിവുഡ് താരം ശ്രീദേവിയ്ക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശ്രീദേവിയുടെ അവസാനകാല സിനിമകളുടെ സംവിധായികരിൽ ഒരാളായ ഗൗരി ഷിൻഡെ വേദിയിലെത്തി ശ്രീദേവിയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങൾ ഓർത്തെടുത്തു. ഷിൻഡെയുടെ വാക്കുകൾ കേട്ട് കണ്ണുകൾ ഈറനണിഞ്ഞ ബോണി കപൂറിനെയും സമാപന ചടങ്ങിൽ കാണാമായിരുന്നു. ഷിൻഡെ സ്റ്റേജിൽ നിന്നിറങ്ങിയതും കണ്ണീരോടെ മുറിയിലേക്ക് പോയ ബോണി കപൂറിനെ ഷിൻഡെയുടെ ഭർത്താവ് ആർ ബൽക്കി അനുഗമിച്ച് സമാശ്വസിപ്പിച്ചു.
She will forever be etched in our hearts. Here presenting a tribute to the one and only Sridevi, is Director, Gauri Shinde. #ItHappenedAtMAMI #JioMAMIwithStar2018 pic.twitter.com/wQPwKL7EUA
— JioMAMIwithStar (@MumbaiFilmFest) November 1, 2018
നടന്മാരായ വിക്കി കൗശാലും ഭൂമി പെഡ്നേക്കറുമായിരുന്നു സമാപനസമ്മേളനത്തിലെ ആതിഥേയർ. സമാപന വേദിയിൽ വെച്ച് ഫെസ്റ്റിവൽ ചെയർ പേഴ്സണായ കിരൺ റാവു അടുത്ത മാമി ഫിലിം ഫെസ്റ്റിവലിന്റെ തിയ്യതി പ്രഖ്യാപിച്ചു. 2019 ഒക്ടോബർ 17 മുതൽ 24 വരെയാണ് അടുത്തവർഷത്തെ മാമി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുക.