സിനിമാ മേഖലയില്‍ നേരിടുന്ന ചൂഷണങ്ങളും ആക്രമണങ്ങളും തുറന്നു പറഞ്ഞ് നടിമാര്‍ രംഗത്തെത്തുന്ന സാഹചര്യം ഏറെ നാളുകളായി നമ്മള്‍ കാണുന്നു. നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞെങ്കിലും ആക്രമിച്ചത് ആരാണെന്ന് പറയാന്‍ തയ്യാറായില്ല.

ബോളിവുഡ് നടി റിച്ച ചദ്ദയും തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അക്രമിയുടെ പേര് വെളിപ്പെടുത്താതിരുന്നതിന് തനിക്ക് വിമര്‍ശനങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും റിച്ച പറഞ്ഞു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റിച്ച.

അതിക്രമങ്ങളും മോശം അനുഭവങ്ങളും തുറന്നു പറയുമ്പോളും അത് ചെയ്തവരുടെ പേര് പറയാന്‍ ആരും തയ്യാറാകാത്തത് അതിനുശേഷമുള്ള നിലനില്‍പ് ഓര്‍ത്താണെന്ന് റിച്ച പറയുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് റിച്ച ഇക്കാര്യം പറഞ്ഞത്.

എനിക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുമെങ്കില്‍, എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തുമെങ്കില്‍, എന്റെ കരിയര്‍, സിനിമ, ടി.വി അങ്ങനെ എനിക്ക് ഇഷ്ടമുള്ള ഏത് മേഖലയിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും കരുത്തോടെ ജോലിയില്‍ എനിക്ക് മുന്നേറാന്‍ കഴിയുമെന്നുള്ള ഉറപ്പും നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരും.

ഞാന്‍ മാത്രമല്ല മറ്റുള്ളവരും അത് തന്നെ ചെയ്യും. പക്ഷെ ഉറപ്പ് നല്കാന്‍ ആര്‍ക്ക് കഴിയും? ഇരകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്ന പരിസ്ഥിതിയല്ല സിനിമാ മേഖലയിലേത്. ഓരോ തവണയും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ആര് തുറന്ന് പറഞ്ഞാലും അതിനവര്‍ക്ക് തിരിച്ചടി ലഭിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ആരാണ് റിസ്‌ക്കെടുക്കാന്‍ തയ്യാറാവുക-റിച്ച പറഞ്ഞു

വിവാഹിതനായ ഒരു പ്രമുഖ നടനുമായി പ്രണയ സന്ദേശങ്ങള്‍ കൈമാറാനും ഡേറ്റിങ്ങിന് പോകാനും താന്‍ നിര്‍ബന്ധിതയായിട്ടുണ്ടെന്നും എന്നാല്‍ വിസമ്മതം അറിയിച്ച തന്നെ കരിയറില്‍ മുന്നേറാനുള്ള വഴിയായി ഒരു ക്രിക്കറ്റ് താരവുമായി ബന്ധം തുടങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നും റിച്ച വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ