ഒരുപാട് ഹൃദയങ്ങളിൽ ശൂന്യത നിറച്ചാണ് സുശാന്ത് സിങ് രാജ്പുത് ജീവിതത്തോട് വിട പറഞ്ഞത്. അദ്ദേഹം മരിച്ച് ഒരു മാസം കഴിഞ്ഞിട്ടും ആ വിയോഗം ഉൾക്കൊള്ളാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആയിട്ടില്ല. ഇന്ന് സുശാന്തിന്റെ അവസാന ചിത്രമായ ദിൽ ബെച്ചാര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസിനെത്തുകയാണ്. സുശാന്തിന് സ്നേഹിക്കുന്നവർക്ക് അദ്ദേഹത്തെ ആഘോഷിക്കാനുള്ള അവസാന അവസരം. അദ്ദേഹത്തിന്റെ കാമുകി റിയ ചക്രവർത്തിയും ഇന്ന് സുശാന്തിന്റെ ഓർമകളിലാണ്.
Read More: കൊലയാളി എന്ന് വിളിച്ചപ്പോളും സഹിച്ചു; ഇനി വയ്യെന്ന് സുശാന്തിന്റെ ഗേൾഫ്രണ്ട് റിയ
“ഇന്ന് നിന്നെ കാണാൻ എന്റെയുള്ളിലെ ഓരോ തുള്ളി ശക്തിയും എടുക്കേണ്ടി വരും. നീ ഇവിടെ എന്നോടൊപ്പമുണ്ട്, എനിക്കതറിയാം. നിന്നെയും നിന്റെ സ്നേഹത്തേയും ഞാൻ ആഘോഷിക്കും. എന്റെ ജീവിതത്തിലെ നായകൻ. ഞങ്ങൾക്കൊപ്പം നീയും ഇന്ന് സിനിമ കാണും എന്നെനിക്കറിയാം,” റിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Read More: ‘ദിൽ ബെച്ചാര’യെ കുറിച്ചുള്ള സുശാന്തിന്റെ അവസാന വാക്കുകൾ കണ്ണുനിറയ്ക്കുമ്പോൾ
ഇന്ന് രാത്രി 7.30നാണ് ദിൽ ബെച്ചാര റിലീസ് ചെയ്യുന്നത്. സിനിമ കാണാൻ സുശാന്ത് കൂടെയില്ലാത്ത ദുഃഖത്തിലാണ് എല്ലാവരും. ചിത്രത്തിലെ നായിക സഞ്ജനയും സുശാന്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ്.
“എന്റെ മന്നി, ഇവിടെ ഞങ്ങൾ നിന്നെ നോക്കുന്നത് പോലെ, നിന്നെ തിരയുന്നത് പോലെ, എവിടെയോ ഇരുന്ന് നീ ഞങ്ങളെ നോക്കുകയും അനുഗ്രഹിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുകേഷ് ചബ്ര പറഞ്ഞതു പോലെ എങ്ങനെയാണ് ഞങ്ങളുടെ രണ്ടു പേരുടേയും ആദ്യ ചിത്രം നിന്റെ അവസാന ചിത്രമായത്.”
ജോൺ ഗ്രീന്റെ ബെസ്റ്റ് സെല്ലറായ ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. 2014ൽ ഇതേ പേരിൽ ഹോളിവുഡിലും ചിത്രം ഒരുക്കിയിരുന്നു. ആൻസൽ എൽഗോർട്ടും ഷെയ്‌ലിൻ വുഡ്‌ലിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.