സുശാന്ത് സിങ്ങ് രാജ്പുതിന്റെ ജന്മ ദിനത്തിൽ താരത്തെ ഓർത്തുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി റിയ ചക്രവർത്തി. സുശാന്തിനൊപ്പമുള്ള സെൽഫി ചിത്രത്തിൽ ഇൻഫിനിറ്റി സിമ്പലിനൊപ്പം ‘+1’ എന്നാണ് റിയ കുറിച്ചത്. കോഫി കപ്പുകൾക്ക് പിന്നിൽ നിന്നുള്ളതാണ് ചിത്രങ്ങളിലൊന്ന്.
സുശാന്തിന്റെ സഹോദരിമാരായ ശ്വേത, പ്രിയങ്ക എന്നിവരും ഓർമ്മകൾ പങ്കുവച്ചു.”എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരന് പിറന്നാൾ ആശംസകൾ. എവിടെയാണെങ്കിലും നീ സന്തോഷത്തോടെയിരിക്കുക. ഞങ്ങൾ നിന്നെ ഒരുപ്പാട് സ്നേഹിക്കുന്നു. ചില സമയങ്ങളിൽ താഴേക്ക് നോക്കി നീ ഉണ്ടാക്കിയ മാജിക്കുകൾ ഓർക്കാൻ ശ്രമിക്കൂ. നിന്നെ പോലെ ഹൃദയമുള്ള ഒരുപാട് പേർക്ക് നീ ജന്മമേകി. ഞാൻ എന്നും നിന്നെ ഓർത്ത് അഭിമാനിക്കുന്നു” ശ്വേത കുറിച്ചു.
റിയാലിറ്റി ഷോ അവതാരകയായെത്തിയാണ് റിയ സുപരിചിതയാകുന്നത്. ടോളിവുഡ് ചിത്രം ‘ടുനീക ടുനീക’യിലൂടെ റിയ സിനിമാലോകത്തെത്തി. മേരെ ഡാഡ് കീ മാരുതി, ഹാഫ് ഗോൾഫ്രണ്ട് എന്നീ ചിത്രങ്ങളിലും റിയ വേഷമിട്ടു. അമിതാഭ് ബച്ചൻ, ഇമ്രാൻ ഹാഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ചെഹ്രെ’യാണ് റിയ അവസാനമായി അഭിനയിച്ച ചിത്രം.
കഴിഞ്ഞ ദിവസം സുശാന്തിന്റെ വളർത്തു നായ ഫഡ്ജും മരണപ്പെട്ടിരുന്നു. സുശാന്തിന്റെ മരണവേളയിൽ, സുശാന്ത് പോയതറിയാതെ യജമാനനേയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെ കണ്ണുനിറച്ച കാഴ്ചയായിരുന്നു. ഒടുവിൽ കാത്തിരിപ്പ് അവസാനിപ്പിച്ച് യജമാനന് അരികിലേക്ക് ഫഡ്ജ് യാത്ര തിരിക്കുകയായിരുന്നു. സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗ് ആണ് ഫഡ്ജിന്റെ മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.