ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുതിന്റെ രണ്ടാം ചരമവാർഷികമാണ് ഇന്ന്. ഓർമ്മദിനത്തിൽ സുശാന്തിനൊപ്പമുള്ള ചിത്രങ്ങളും ഓർമകളും പങ്കുവച്ചിരിക്കുകയാണ് സുശാന്തിന്റെ ഗേൾ ഫ്രണ്ടായിരുന്ന റിയ ചക്രബർത്തി. “എല്ലാ ദിവസവും നിന്നെ മിസ്സ് ചെയ്യുന്നു,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് റിയ കുറിക്കുന്നത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ പലതവണ റിയയെ ചോദ്യം ചെയ്തിരുന്നു. വളരെ പ്രയാസകരമായ അനുഭവങ്ങളിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയുമാണ് റിയ കടന്നുപോയത്. കടന്നുപോയ സംഘർഷഭരിതമായ ദിവസങ്ങളെ കുറിച്ച് റിയ തന്നെ മാധ്യമങ്ങളോട് മനസ്സു തുറന്നിരുന്നു. ഒരുപാട് സ്വപ്നങ്ങളോടെയാണ് താൻ ബോളിവുഡ് ലോകത്തേക്ക് വന്നതെന്നും എന്നാൽ ആ സ്വപ്നങ്ങളെല്ലാം തകർന്നു പോയെന്നുമാണ് റിയ പറഞ്ഞത്.
“എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു പോയി. ചില സമയത്ത് ഇതെന്റെ ജീവിതം തന്നെയാണെന്ന് വിശ്വസിക്കാൻ എനിക്ക് സാധിക്കാറില്ല. സുശാന്ത് ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയാറില്ല. ലോകത്തോട് സത്യം വിളിച്ചു പറയാൻ സുശാന്ത് ഇപ്പോൾ നമുക്കൊപ്പമില്ല. പക്ഷെ ഞാൻ പോരാടും. തോറ്റുകൊടുക്കാൻ എനിക്കാകില്ല,” അഭിമുഖത്തിൽ റിയ പറഞ്ഞതിങ്ങനെ.
തനിക്കൊരു കുഞ്ഞ് സുശാന്തിനെ വേണമായിരുന്നു എന്നും അഭിമുഖത്തിൽ വേദനയോടെയാണ് റിയ പറഞ്ഞത്. “ഞങ്ങൾ വിവാഹത്തെ കുറിച്ചൊന്നും അധികം സംസാരിച്ചിരുന്നില്ല. പക്ഷെ ജീവിതകാലം ഒരുമിച്ചുണ്ടായിരിക്കണം എന്നു തന്നെയായിരുന്നു ആഗ്രഹം. എനിക്കൊരു കുഞ്ഞുസുശാന്തിനെ വേണമായിരുന്നു. കാണാൻ അവനെ പോലെ തന്നെയുള്ള ഒരു കുഞ്ഞിനെ.”
സുശാന്ത് വിഷാദാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ എല്ലാം ഉപേക്ഷിച്ച് താൻ അദ്ദേഹത്തോടൊപ്പം നിന്നെന്നും, എന്നാൽ അതേ അവസ്ഥയിലൂടെ താൻ കടന്നു പോയപ്പോൾ സുശാന്ത് തനിക്കൊപ്പം നിന്നില്ലെന്നുമാണ് അന്ന് റിയ പറഞ്ഞത്.