ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം. സുശാന്തിന്റെ മരണശേഷം യാതൊരു പരസ്യ പ്രതികരണവും നടിയും അദ്ദേഹത്തിന്റെ സുഹൃത്തുമായ റിയ ചക്രവർത്തി നടത്തിയിരുന്നില്ല. സുശാന്തുമൊത്തുള്ള ഒരു മനോഹര സെൽഫിയാണ് റിയയുടെ ഡിപി. താരത്തിന്റെ മരണശേഷം ആദ്യമായാണ് റിയയുടെ ഭാഗത്തു നിന്നും പരസ്യമായ ഒരു പ്രതികരണം ഉണ്ടാകുന്നത്.
Read More: ഈ ചിത്രം കാണുമ്പോൾ വല്ലാത്ത ആശ്വാസമാണ്; സുശാന്തിനെ മറക്കാനാകാതെ സഞ്ജന
നേരത്തെ, സുശാന്തിന്റെ മരണശേഷം റിയയെ ആകെ മൂന്ന് തവണയാണ് പരസ്യമായി കണ്ടിട്ടുള്ളത്. സംസ്കാരത്തിന് മുൻപ് സുശാന്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി റിയ സന്ദർശിച്ചപ്പോഴായിരുന്നു ആദ്യമായി കണ്ടത്. ജൂൺ 22 ന് നടന്റെ മരണം സംബന്ധിച്ച് മുംബൈ പൊലീസിന് മൊഴി നൽകിയപ്പോൾ രണ്ടാം തവണയും പിന്നീട് ഷിബാനി ദണ്ഡേക്കറിനൊപ്പം മുംബൈയിലെ ഫർഹാൻ അക്തറിന്റെ വസതി സന്ദർശിക്കുമ്പോഴും. ഇപ്പോൾ റിയ തന്റെ വാട്സാപ്പ് ഡിപിയായി സുശാന്തിനൊപ്പമുളള ഒരു സെൽഫി അപ്ലോഡ് ചെയ്തിരിക്കുകയാണ്.
റിയയും സുശാന്തും ഒരുമിച്ചായിരുന്നു താമസം. താരം മരിക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടായതെന്നും റിയ, സുശാന്തിന്റെ വീട്ടിൽ നിന്നും താമസം മാറ്റിയതെന്നുമാണ് റിപ്പോർട്ടുകൾ
സുശാന്തിന്റെ മരണ ശേഷം റിയ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്നിരുന്നു. ജൂൺ 14നായിരുന്നു റിയയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്. കൂടാതെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ കമന്റ് ബോക്സും റിയ ഓഫ് ചെയ്തിരുന്നു.
അതേസമയം, സുശാന്തിന്റെ മരണം സംബന്ധിച്ച കേസിൽ അന്വേഷണം നടക്കുന്നുണ്ട്. ചലച്ചിത്ര സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ടാലന്റ് മാനേജർ രേഷ്മ ഷെട്ടി എന്നിവരുടെ മൊഴിയാണ് ഏറ്റവും ഒടുവിലായി പൊലീസ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുപ്പതിൽ അധികം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.