scorecardresearch
Latest News

റെക്സ് വിജയന്‍; സംഗീതത്തിന്‍റെ മായാനദി

ആ മായാനദി വല്ലാത്തൊരു ഒഴുക്കാണ്.. കാലഹരണപ്പെടാത്ത നൈസര്‍ഗികതയുടെ മായികമായ, ആഴത്തിലുള്ള അടിയൊഴുക്ക്..

റെക്സ് വിജയന്‍; സംഗീതത്തിന്‍റെ മായാനദി

രണ്ടായിരമാണ്ടിന്‍റെ തുടക്കം. സ്ഥലം, ജാസും ബ്ലൂസും ക്ലാസിക് റോക്കുമടക്കം പാശ്ചാത്യ സംഗീതത്തിന് വേദിയാകുന്ന കൊച്ചിയിലെ ഒരു ഹോട്ടല്‍. തന്നോളം തന്നെ പോരുന്ന ഗിറ്റാറുമായി ഇരുപത് വയസ്സ് തികയാത്ത ചെറുപ്പക്കാരന്‍ കാണികള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. അറിയാവുന്ന കവര്‍ നമ്പറുകള്‍ ഓരോന്നായി വായിച്ചുപോകുന്നുണ്ട്. കേള്‍വിക്കാരെയധികം നോക്കാതെതുടരുന്ന വായനക്കിടയില്‍ ആദ്യ ‘സോങ് റിക്വസ്റ്റ്’ വന്നു. ഈഗിള്‍സിന്‍റെ ‘ഹോട്ടല്‍ കാലിഫോര്‍ണിയ’. ഒരുപക്ഷെ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഗിറ്റാറില്‍ കവര്‍ ചെയ്യപ്പെട്ടിട്ടുള്ള പാട്ട്. പലരേയും ഗിറ്റാറെന്ന വാദ്യോപകരണം എടുപ്പിക്കാന്‍ പ്രേരിപ്പിച്ച പാട്ട്. ഏതൊരു തുടക്കക്കാരനും ആഗ്രഹിക്കുന്ന അംഗീകാരം പിടിച്ചുവാങ്ങാന്‍ ആവശ്യത്തിനുള്ള സോളോയും മെലഡിയും ഉള്ള ആ പോപ്പുലര്‍ നമ്പര്‍ അന്നും ഇന്നും കേരളത്തിലെ ലൈവ് മ്യൂസിക്കുള്ള ഹോട്ടലുകളില്‍ ഒരുപോലെ വിറ്റഴിക്കപ്പെടുന്നതാണ്. പക്ഷെ അത് വയിക്കാനറിയാത്ത ആ ചെറുപ്പക്കാരന്‍ ഒന്ന് പകച്ചു നിന്നു, പിന്നീട് ശ്രമിച്ചു, ഒടുവില്‍ പരാജയപ്പെട്ടു. “ഇതുപോലും വായിക്കാന്‍ അറിയില്ലെങ്കില്‍ താനെന്തിനാടോ ഗിറ്റാറും തൂക്കി നടക്കുന്നത്.” കാണികളുടെ ബഹളം.

അന്ന് ഒരു പാട്ട് വായിക്കാനറിയാതെ പഴികേട്ട ആ പയ്യന്‍റെ പാട്ട് ഇന്ന് കേരളം ഏറ്റുപാടുകയാണ്. അത് അവരെ ഈറനണിയിക്കുന്നുണ്ട്. അതവര്‍ക്ക് നോവായും..വേദനകളുടെ പിന്തുടര്‍ച്ചയായും.. ഒരു മായാനദിയായും ആഴത്തില്‍ ഒഴുകുന്നുമുണ്ട്.. ആ മായാനദിയുടെ പേര് റെക്സ് വിജയന്‍ എന്നാകുന്നു.മേക്കിങ് ഓഫ് റെക്സ്‌ വിജയന്‍

റെക്സ്‌ വിജയന്‍ ജീവിതവും സംഗീതവും രണ്ടല്ല. എണ്ണപ്പെട്ട മലയാളം സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ആളാണ്‌ റെക്സിന്‍റെ അച്ഛന്‍ ആല്‍ബര്‍ട്ട് വിജയന്‍. പക്ഷെ റെക്സ് സംഗീതം പഠിപ്പിക്കുന്നത് സ്വന്തമായാണ്. ഒരു ഗുരുവിന്‍റെ സ്ഥാനത്ത് ആരെയെങ്കിലും നിര്‍ത്തണം എങ്കില്‍ റെക്സിന്‍റെ ഗുരു പഴയൊരു ടേപ് റിക്കോഡറാണ്. ഗിറ്റാര്‍ വായിച്ച് ടേപ് റിക്കോഡറില്‍ റിക്കോഡ്‌ ചെയ്ത ശേഷം ടേപ്പ് റീവൈന്‍ഡ് ചെയ്ത്, മുന്‍പ് വായിച്ച ഭാഗങ്ങളുടെ മുകളില്‍, ഒഴിവുകളിലൊക്കെയായി വീണ്ടും ഗിറ്റാര്‍ വായിക്കും. അങ്ങനെയാണ് റെക്സ് വിജയന്‍ ഗിറ്റാര്‍ എന്ന സുഹൃത്തിനെ മെരുക്കിയെടുക്കുന്നത്.

2000 കാലഘട്ടം. കേരളത്തിലെ സ്വതന്ത്ര സംഗീതത്തിന്‍റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചിയില്‍ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് തുടങ്ങിയ ബാന്‍ഡ് ഒരു  റിഥം ഗിറ്റാറിസ്റ്റിനായുള്ള തിരച്ചിലിലാണ്. കേരളത്തിലെ സ്വതന്ത്ര സംഗീതത്തിന്‍റെ തലവിധി തന്നെ മാറ്റിമറിക്കുന്ന ആ പ്രസ്ഥാനത്തില്‍ റിഥം ഗിറ്റാറിസ്റ്റായി എത്തുന്നത് ‘കവര്‍’ ചെയ്യാനറിയാത്ത പതിനെട്ട് വയസ്സുകാരനായ റെക്സ് വിജയന്‍. ‘മദർ ജെയ്ൻ
‘ എന്നായിരുന്നു ആ ബാന്‍ഡിന്‍റെ പേര്. ലീഡ് ഗിറ്റാറില്‍ ‘ഗോഡ് ഓഫ് സ്മാള്‍ സ്ട്രിങ്സ്’ എന്ന വിശേഷിക്കപ്പെടുന്ന ബൈജു ധര്‍മജന്‍ എന്ന അതികായന്‍. ഡ്രംസില്‍ ജോണ്‍ തോമസ്‌, ബേസ് ഗിറ്റാറില്‍ ക്ലൈഡ് റൊസാരിയോ, പാടുന്നത് സൂരജ് മണി. ‘ഇന്‍സേന്‍ ബയോഗ്രഫി’ എന്ന ആദ്യ ആല്‍ബം 2002ല്‍ റിലീസ് ചെയ്യുന്നത്തോടുകൂടി ബാന്‍ഡിന്‍റെ തലവിധി മാറുന്നു. ഇന്ത്യയിലും ജപ്പാനിലും ഒരുമിച്ചു റിലീസ് ചെയ്ത ആല്‍ബം സൂപ്പര്‍ ഹിറ്റ്‌ ! ഇന്നത്തെ പോലെ ഇന്റര്‍നെറ്റിന്‍റെ സൗകര്യമോ ബാന്‍ഡുകള്‍ക്ക് അത്ര ജനകീയതയോ ഇല്ലാത്ത കാലമായിട്ടും മദര്‍ജേനിന്‍റെ ആല്‍ബം സെലക്റ്റീവായ ശ്രോതാക്കളുടെയടുത്ത് കൃത്യമായി എത്തി. ’13ഏഡി’യും ‘ഡ്രെഡ് ലോക്സും’ പോലുള്ള ബാന്‍ഡുകള്‍ പിറന്ന കേരളത്തില്‍ നിന്നും മറ്റൊരു ബാന്‍ഡ് ശ്രദ്ധയാകര്‍ഷിക്കുകയായി. അങ്ങനെയിരിക്കെ 2003ല്‍ അപ്രതീക്ഷിതമായി റെക്സ് വിജയന്‍ ബാന്‍ഡ് വിട്ടു. പുതിയ സീമകള്‍ തേടിയുള്ള യാത്രയായിരുന്നു അത്.

ജോണ്‍ പി വര്‍ക്കിയുടെ ജിഗ്സോ പസില്‍, റെക്സ് വിജയന്‍റെ അവിയല്‍

“അവിയല്‍ എന്നാല്‍ ജോണ്‍ പി വര്‍ക്കിയാണ്. അത് കഴിഞ്ഞേ ബാക്കിയാരും ഉള്ളൂ.. ” ഒരു സൗഹൃദ സംഭാഷണത്തിനിടയില്‍ റെക്സ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുമുള്ള ബാന്‍ഡ് ആയാണ് അവിയല്‍ അറിയപ്പെടുന്നത് എങ്കിലും അവിയലിന്‍റെ തുടക്കം തൃശൂരിലാണ്. ജോണ്‍ പി വര്‍ക്കി ( കമ്മട്ടിപ്പാടം, ഈട എന്നീ ചലച്ചിത്രങ്ങളുടെ  സംഗീത സംവിധായകന്‍) ആരംഭിച്ച ‘ജിഗ്സോ പസില്‍’ എന്ന ബാന്‍ഡ് ആണ് പിന്നീട് അവിയലായി പരിണമിക്കുന്നത്. ജോണിന്‍റെ ഗിറ്റാറും ടോണി ജോണിന്‍റെ ടേണ്‍ടേബിളും ആനന്ദ് ബെഞ്ചമിന്‍റെ പാട്ടും ചേരുന്നതായിരുന്നു ജിഗ്സോ പസില്‍. മലയാളം വരികള്‍ക്ക് റോക്ക് മ്യൂസിന്‍റെയും പുതുമയേറിയ ഇലക്ട്രോണിക് ശബ്ദങ്ങളുടെയും അകമ്പടിയോടെ പുതിയൊരു മാനം നല്‍കുവാനുള്ള ശ്രമമായിരുന്നു ജിഗ്സോ പസില്‍.

റെക്സ് വിജയനും മിഥുന്‍ പുത്തന്‍വീട്ടിലും വന്നതോടെയാണ് ജിഗ്സോ പസില്‍ അവിയല്‍ എന്ന ദശയിലേക്ക് കടക്കുന്നത്. താന്‍ പാകിയ വിത്ത് മുളച്ചു വന്നപ്പോഴേക്കും ജോണ്‍ പി വര്‍ക്കി ബാന്‍ഡ് വിട്ടുപോയി. ബാന്‍ഡിന്‍റെ ശബ്ദമായിരുന്ന ആനന്ദ് ബെഞ്ചമിന്‍ പോളും വ്യക്തിപരമായ കാരണങ്ങളാല്‍ ബാന്‍ഡ് വിട്ടു. എങ്കിലും അവര്‍ തുടരുകയായിരുന്നു. ജിഗ്സോ പസിലിന്‍റെ പാട്ടുകള്‍ക്കൊപ്പം പുതിയ പാട്ടുകളും ചേര്‍ത്തത് 2008ല്‍ ‘അവിയല്‍’ എന്ന ആല്‍ബം പുറത്ത്. കേരളത്തില്‍ നിന്നും ഇന്നേവരെ വന്നിട്ടുള്ളതായ ഏറ്റവും സാര്‍വത്രികമായൊരു സംഗീത സൃഷ്ടിയാണ് അതെന്ന് വിശേഷിപ്പിക്കുന്നത് ഒട്ടും അധികമാവില്ല.

ആനന്ദ് ബെഞ്ചമിന്‍റെ ചിലമ്പിച്ച ശബ്ദത്തില്‍ എടങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്‍റെ നാടന്‍ പാട്ടിന്‍റെ ഈരടികളും റെക്സ് വിജയന്റെ ഇലക്ട്രിക് ഗിറ്റാറും  നരേഷ് കമ്മത്തിന്‍റെ ബേസ് ഗിറ്റാറും മിഥുനിന്‍റെ ചടുലമായ താളവും സമന്വയിച്ചപ്പോള്‍ അവിയല്‍, റോക്ക് സംഗീതത്തെ പുനര്‍നിര്‍വചിക്കുകയായിരുന്നു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റിടങ്ങളിലും ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ അവിയലിനെ ഒരുപോലെയാണ് സ്വീകരിച്ചത്. ആഫ്രിക്കയില്‍ ഒരു ഹോട്ടലില്‍ വച്ച് അവിയല്‍ കേള്‍ക്കാനിടയായതാണ് തന്നെ നാട്ടില്‍ വന്ന് ഒരു മ്യൂസിക് ഫെസ്റ്റിവെല്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത് എന്ന് ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും ജനപ്രിയ മ്യൂസിക് ഫെസ്റ്റുകളിലൊന്നായ എന്‍എച്ച് 7 വീക്കെൻഡർ സ്ഥാപകന്‍ വിജയ്‌ നായര്‍ ഒരിക്കല്‍ പറയുകയുണ്ടായി. അവിയലിന് സംഗീതപ്രേമികളില്‍ ചെലുത്താനായ സ്വാധീനം അതാണ്‌. സംഗീതത്തില്‍ ഭാഷ എന്നത് ഒരിക്കലും മാധ്യമമോ പരിമിതിയോ ആകുന്നില്ല എന്നത് തന്നെ.

അവിയല്‍ പിന്നെയും പാട്ടുകള്‍ ഇറക്കി. ആരംമ്പത്തും അയ്യോയും തിത്തിതാരയുമടക്കം സിംഗിലുകള്‍. ആനക്കള്ളന്‍ റോക്ക് മ്യൂസിക്കിന് പുറത്തുള്ള കാണികളിലേക്കും എത്തി. ഇന്ന് അവിയലിനുള്ള ജനകീയത സ്വതന്ത്ര സംഗീതപ്രേമികളില്‍ മാത്രം ഒതുങ്ങുന്നതല്ല.

പോവും പുഴയെല്ലാം പഴങ്കഥയതായ ഒരു കാലത്തിന്‍റെ യഥാര്‍ത്ഥ ആവിഷ്കാരമാണ് അവിയല്‍. മലയാളിയുടെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായൊരു മാറ്റത്തെ ഇത്രമേല്‍ ഉള്‍ക്കൊണ്ട മറ്റൊരു ആവിഷ്കാരം ഉണ്ടെന്നു തോന്നുന്നില്ല. ആഗോളീയരാവുകയായിരുന്നു മലയാളിയുടെ ഒരു പരിഛേദമാണ് അവിയല്‍. “നമ്മുടെ നാടിന്‍റെ സ്വത്ത്, മണ്ണും, വിണ്ണും, ഭൂമിയുമെല്ലാം തന്നെ സൂക്ഷിക്കാനുള്ള ബാധ്യത കാത്തുസൂക്ഷിക്കുവാനുള്ള ബാധ്യത നമുക്കുണ്ട്” (ആരാണ്ടാ) എന്ന വിഎസ് അച്യുതാനന്ദന്‍റെ പ്രസംഗത്തിലെ ഭാഗം പാട്ടില്‍ ഉപയോഗിക്കുന്നത് യാദൃശ്ചികതയല്ല. ” ചെമ്പാവും പാടത്ത് തമ്പ്രാന്‍ പടിക്കല്‍ ചെന്ന ചാത്തനും നീലിയും” (ചെക്കേലെ) യാദൃശ്ചികതയല്ല. ചേര്‍ത്ത് പിടിക്കേണ്ടതായ ചില ഓര്‍മപ്പെടുത്താലാണ്. സമൂഹത്തിന്‍റെ പരിപ്രേക്ഷ്യമാണ്. അത് കലാകാരന്‍ ചെയ്യുന്നത് അറിഞ്ഞുകൊണ്ടാണെങ്കിലും അല്ലെങ്കിലും അത് പ്രസക്തമാണ്.

വെള്ളിത്തിരയില്‍ എത്തുമ്പോള്‍ അവസാനം കണ്ട പടം വെള്ളാനകളുടെ നാട്

” ഒരു സിനിമയ്ക്ക് സംഗീതം ചെയ്യുമോ എന്ന് പറഞ്ഞ് അന്‍വര്‍ റഷീദ് വിളിക്കുമ്പോള്‍ ഞാന്‍ അവസാനം കണ്ട സിനിമ ‘വെള്ളാനകളുടെ നാട്’ ആയിരുന്നു. മലയാളസിനിമയില്‍ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല.” റെക്സ് വിജയന്‍ പറയുന്നു.

2009ല്‍ പുറത്തിറങ്ങിയ ‘കേരളാ കഫേ’ എന്ന ആന്തോളജിയിലെ ബ്രിഡ്ജ് എന്ന സിനിമയ്ക്കാണ് റെക്സ് വിജയന്‍ ആദ്യമായി സംഗീതം നല്‍കുന്നത്. പിന്നെയും രണ്ട് വര്‍ഷത്തിന് ശേഷം ചെയ്ത “ചാപ്പാകുരിശ്” എന്ന ചിത്രത്തിലൂടെയാണ് മലയാളം സിനിമാ സംഗീതലോകത്ത് റെക്സ് വിജയന്‍ ശ്രദ്ധേയനാകുന്നത്. സിനിമയോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. ശബ്ദ സാങ്കേതികതയിലുളള പുതുമയും വാദ്യങ്ങളുടെ ക്രമീകരണവും മറ്റും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. സിനിമകള്‍ക്ക് പാട്ട് ചെയ്യുക എന്നതിലും കൂടുതല്‍ റെക്സ് വിജയന്‍ ശ്രദ്ധ പതിപ്പിക്കുന്നത് അതിന്‍റെ ‘സൗണ്ട്ട്രാക്കുകള്‍ക്ക് ആണ്. ‘പാട്ടുകള്‍ സിനിമയില്‍ നിന്നും വേറിട്ട് ശ്രദ്ധ പിടിച്ചുപറ്റും’ എന്നാണ് റെക്സ് വിജയന്‍ അതിന് കാണുന്ന ന്യായം. നല്ല പാട്ടുകള്‍ ഉണ്ടാക്കുവാനല്ല. സിനിമയെ കവച്ചുവെക്കാതെ കൂടെ പോകുന്ന സൗണ്ട് ട്രാക്കുകള്‍ ഉണ്ടാക്കുവാനാണ് താന്‍ ശ്രദ്ധിക്കുന്നത് എന്ന് റെക്സ് വിജയന്‍ പറയുന്നു.

ഒരു ഡസനോളം സിനിമകള്‍ ഇതിനോടക്കം ചെയ്തുവെങ്കിലും വളരെ ചെറിയൊരു സംഘത്തിനിടയിലാണ് റെക്സിന്‍റെ സിനിമാപ്പണികള്‍ നടക്കുന്നത്. സുഷിന്‍ ശ്യാം, യാക്സന്‍, നേഹാ നായര്‍, സജു ശ്രീനിവാസന്‍ തുടങ്ങി റെക്സ് തിരഞ്ഞെടുക്കുന്നവര്‍ ഒരിക്കലും ‘ഇന്‍ഡസ്ട്രിയുടെതായ’ സ്വഭാവമുള്ളവരല്ല. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവരാണ് അവര്‍ എന്നതോടൊപ്പം തന്നെ സ്വതന്ത്ര സംഗീതലോകത്ത് അവരുടേതായ വ്യക്തിമുദ്രകള്‍ പതിപിച്ച ‘ഐഡന്‍റ്റിറ്റിയുള്ള സംഗീതജ്ഞര്‍ ആണ് ഓരോരുത്തരും. അങ്ങനെയൊരു ‘സ്കൂളിന്’ മലയാള സിനിമയ്ക്ക് നല്‍കാനുള്ളതും മറ്റെന്തൊക്കെയോ ആണെന്ന് തെളിയിക്കുന്നതാണ് റെക്സ് ഇന്നേവരെ ഒരുക്കിയ സിനിമാസംഗീതവും.

” ഞാന്‍ ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന് പറയുന്നത് ഇഷ്ടപ്പെടുന്നില്ല. ‘ഡയറക്റ്റ്’ ചെയ്യാവുന്ന ഒന്നല്ല സംഗീതം. അങ്ങനെയുള്ള പേരില്‍ തന്നെ പ്രശ്നമുണ്ട്. ‘കമ്പോസര്‍’ എന്നും ‘ഓര്‍ഗനൈസര്‍’ എന്നുമൊക്കെ വിശേഷിപ്പിക്കുന്ന പോലല്ല അത്.” റെക്സ് വിജയന്‍ പറയുന്നു.

റെക്സ് വിജയന്‍ എന്ന സംഗീതജ്ഞന്‍ മലയാളത്തിന് നല്കിയതും നല്‍കാന്‍ പോകുന്നതുമായ സംഭാവന ചെറുതല്ല. സാമ്പ്രദായിക രീതികളെ ഖണ്ഡിക്കുന്ന താളബോധമാണ് അതിന്‍റേത്. ശ്രോതാവിന്‍റെ വൈകാരികതയില്‍ അലയടിക്കുന്നതായ സൂക്ഷ്മത അതിനുണ്ട്. സര്‍വോപരി പുതുമയും സാര്‍വത്രികതയും അതിന്‍റെ സ്വത്വവുമാകുന്നുണ്ട്. ആ മായാനദി വല്ലാത്തൊരു ഒഴുക്കാണ്.. കാലഹരണപ്പെടാത്ത നൈസര്‍ഗികതയുടെ മായികമായ, ആഴത്തിലുള്ള അടിയൊഴുക്ക്..

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rex vijayan mayanadhi avial motherjane