Latest News

Rewind 2019: മേളകളില്‍ മാറ്റുരച്ച മലയാള ചിത്രങ്ങള്‍

Rewind 2019: ഉള്ളടക്കം കൊണ്ടും, കാഴ്ചയുടെ, കലാസാധ്യതകളുടെ അന്വേഷണങ്ങൾ കൊണ്ടും ശ്രദ്ധേയമായ, പത്തു മലയാള സിനിമകളിലൂടെ ഒരു കണ്ണോട്ടം.

malayalam films 2019, malayalam cinema 2019, malayalam 2019 films, മലയാള സിനിമ 2019

ഈ വര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രം എന്ന് പങ്കെടുത്ത എല്ലാ മേളകളും വിധിയെഴുതിയ ഒരു ചിത്രമുണ്ട് – ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’.  മനുഷ്യനും മൃഗവും തമ്മിലെ പോരാട്ടവും, മനുഷ്യന്‍ മൃഗമായി തീരുന്നതും ഒക്കെ ആവിഷ്കരിച്ച ചിത്രം.  ടോറോന്റോ മേളയില്‍ തുടങ്ങി, ഗോവ, തിരുവനന്തപുരം മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ‘ജല്ലിക്കട്ട്’ ഗോവയിലും തിരുവനന്തപുരത്തും പുരസ്കാരങ്ങള്‍ നേടി. കൂടാതെ തിയേറ്റര്‍ റിലീസ് സമയത്ത് പ്രേക്ഷകപ്രശംസയും നേടിയെടുത്ത ചിത്രം.  ഈ വര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും പ്രധാനപ്പെട്ട സിനിമ ‘ജല്ലിക്കട്ട്’ തന്നെ എന്ന് നിസ്സംശയം പറയാം.

എന്നാല്‍ ‘ജല്ലിക്കട്ട്’ കൂടാതെ, രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ഇടം നേടിയ മലയാള ചിത്രങ്ങളുണ്ട്. ദൃശ്യാഖ്യാനത്തിന്റെ പുതിയ സാദ്ധ്യതകൾ അന്വേഷിക്കുന്നു എന്നുള്ളതു കൊണ്ടും, മുഖ്യധാരാ പറയാന്‍ മടിക്കുന്ന പല വിഷയങ്ങളും അർഹിച്ച ഗൗരവത്തോടു കൂടി തന്നെ പ്രമേയമാക്കി എന്നതു കൊണ്ടും, ലോക സിനിമയില്‍ സാന്നിദ്ധ്യം അറിയച്ചവ. അവയില്‍ ചിലത് തിയേറ്റര്‍ റിലീസ് കണ്ടുവെങ്കിലും ഏറിയ പങ്കും തിയേറ്ററില്‍ എത്തിപ്പെടാന്‍ സാധിക്കാതെ പോയവയാണ്. ഉള്ളടക്കം കൊണ്ടും, കാഴ്ചയുടെ, കലാസാധ്യതകളുടെ അന്വേഷണങ്ങൾ കൊണ്ടും ശ്രദ്ധേയമായ, പത്തു മലയാള സിനിമകളിലൂടെ ഒരു കണ്ണോട്ടം.

Read Here: നവാഗത സംവിധായകർ ആഘോഷമാക്കിയ 2019

ഉടലാഴം

ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ‘ഉടലാഴം’, ആദിവാസി സമൂഹത്തിൽ പെടുന്ന ഒരു ട്രാൻസ് വ്യക്തിക്ക് പൊതുബോധ തീർപ്പുകല്പിക്കുകളിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ പറ്റി അന്വേഷിക്കുന്ന ചിത്രമാണ്. ‘ഫോട്ടോഗ്രാഫർ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മികച്ച ബാല നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മണി, പന്ത്രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ഉടലാഴം.’ മണിയെ കൂടാതെ രമ്യ വത്സല, ഇന്ദ്രൻസ്, ജോയ് മാത്യു, അനു മോൾ, സജിത മഠത്തിൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളിൽ എത്തുന്നു. വ്യത്യസ്തമായ ലൈംഗിക അഭിരുചിയുള്ള ഗുളികൻ എന്ന ഗോത്ര വർഗക്കാരൻ, പല കാരണങ്ങൾ കൊണ്ട് കാട്ടിൽ നിന്നും ഗ്രാമത്തിലേക്ക് കുടിയേറേണ്ടി വരുന്നതും, നഗരം അയാളെ എങ്ങനെ ഒറ്റപ്പെടുത്തുന്നു എന്നതിന്റെയുമൊക്കെ ശക്തമായ ആഖ്യാനമാണ് ‘ഉടലാഴം.’ ലോകത്തിലെ തന്നെ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട ജനതയായ ആദിവാസികളുടെ ജീവിതവും, അവർ നേരിടുന്ന പ്രതിസന്ധികളും വയനാട്ടിലെ ആദിവാസി ജീവിതങ്ങളിലൂടെ ചിത്രം വരച്ചു കാട്ടുന്നു. മുംബൈ ഫെസ്റ്റിവല്‍, കേരള രാജ്യാന്തര ചലച്ചിത്ര മേള എന്നിവയുടെ 2018 പതിപ്പുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ‘ഉടലാഴം’, ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തി.

Read Here: Udalazham Movie Review: വിപരീതങ്ങളുടെ ഉടലാഴങ്ങൾ

 

ബിരിയാണി

സജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന ചിത്രം വ്യവസ്ഥാപിതമായ മതം എന്ന സങ്കൽപ്പം എങ്ങനെയാണു ഒരു സ്ത്രീയുടെ സ്വകാര്യ, ലൈംഗിക ജീവിതത്തിൽ ഉൾപ്പെടെ മുറിവേൽപ്പിക്കുന്നത് എന്നതിന്റെ പൊള്ളിക്കുന്ന കാഴ്ചയാണ്. ഗാർഹിക പീഡന0, മാരിറ്റൽ റേപ്പ് തുടങ്ങിയ പ്രശ്നങ്ങളിൽ മതം, പുരുഷാധിപത്യ സമൂഹം തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുന്ന ചിത്രം ഈ വര്‍ഷം റോമിൽ നടന്ന ഏഷ്യാറ്റിക്ക ചലച്ചിത്ര മേളയിൽ നെറ്റ്പാക് പുരസ്‌കാരം നേടിയിരുന്നു.

കനി കുസൃതി ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഖദീജയുടെ വേഷം ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത സ്വാഭാവികതയിൽ വൈലൻസും ലൈംഗികതയും ദൃശ്യവത്കരിച്ചിരിക്കുന്നു എന്നുള്ളത് ‘ബിരിയാണി’യെ അത്ര എളുപ്പം കണ്ടിരിക്കാവുന്ന ഒരു സിനിമയാകില്ലെങ്കിൽ കൂടി വളരെ പ്രസക്തമായ വിഷയങ്ങൾ പ്രേക്ഷകന്റെ ഉള്ളിൽ തട്ടും വിധം ചോദിയ്ക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

 

മൂത്തോന്‍

നിവിൻ പോളി എന്ന നടൻ വേറിട്ടൊരു ഭാവത്തിൽ എത്തുന്ന ചിത്രം എന്നതിലുപരി മുഖ്യധാര അപരവൽക്കരിച്ച സ്വവർഗ അനുരാഗത്തെ മറ്റേതൊരു പ്രണയ സങ്കല്പത്തെയുംപോലെ മനോഹരവും കലുഷിതവുമായി ആവിഷ്കരിച്ച ചിത്രം കൂടിയാണ് ‘മൂത്തോന്‍.’ ഗീതു മോഹൻദാസ് സംവിധനം ചെയ്ത ചിത്രം ഇതിനോടകം തന്നെ പല അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ലിംഗ ബോധവുമായി സംഘര്‍ഷത്തിലാവുന്ന മുന്ന എന്ന കുട്ടി, നാടുവിട്ടു പോയ തന്റെ മൂത്ത സഹോദരനെ തിരക്കി മുംബൈയിലെ കാമാത്തി പുരയിലെത്തുന്നതും, തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് ‘മൂത്തോന്‍’ പുരോഗമിക്കുന്നത്.

കാമാത്തി പുരയിൽ മുന്ന കാണുന്ന ഭായ് എന്ന നിർദ്ദയനായ കഥാപാത്രത്തിന്റെ ഭൂതകാലത്തിലോട്ടു ചിത്രം പ്രേക്ഷകരെ കൊണ്ടു പോകുന്നുണ്ട്. അക്ബർ എന്ന ശാന്തനായ ചെറുപ്പക്കാരൻ എങ്ങനെ വികാരങ്ങൾ മരിച്ച ഭായ് ആയി എന്നുള്ളതിന്റെ ഉത്തരങ്ങൾ കൂടി തേടുകയാണ് ‘മൂത്തോന്‍.’ നിവിൻ പോളിക്കു പുറമെ റോഷൻ മാത്യൂസ്, സഞ്ജന ദീപു, ദിലീഷ് പോത്തൻ തുടങ്ങിയവർ സിനിമയിൽ മികച്ച കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.

Read Here: Moothon Review: ഇരുട്ടിന്റെ അലർച്ചയാകുന്ന ‘മൂത്തോന്‍’

 

കെഞ്ചിറ

പണിയ വിഭാഗത്തിൽ പെട്ട ആദിവാസി ഗോത്ര സമുദായത്തിൽ ഉള്ള മനുഷ്യരുടെ ജീവിതവും, മാനസിക സംഘര്ഷങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ചിത്രമാണ് മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചിറ.’ നാടക പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇരുപതു വർഷത്തോളം ആദിവാസി സമൂഹവുമായി ഉണ്ടായിരുന്ന അടുത്ത ബന്ധത്തിന്റെ അനുഭവ സമ്പത് മനോജ് കാന എന്ന സംവിധായകൻ തന്റെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ആദിവാസി സമൂഹം അനുഭവിക്കുന്ന ചൂഷണങ്ങളും, അടിച്ചമർത്തലുകളും, സാമ്പത്തിക- സാമൂഹിക അസമത്വം കൂടാതെ പൊതു സമൂഹം ആദിവാസി വിഭാഗങ്ങൾക്ക് മേൽ എങ്ങനെയാണു അപകർഷതാബോധം ഉണ്ടാക്കുന്നതെന്നും ചിത്രം അന്വേഷിക്കുന്നുണ്ട്. പണിയ ഭാഷയിലാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. പണിയ,  ആദിവാസി ഊരുകളിൽ നിന്നുള്ളവർ തന്നെയായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്ത് കൊണ്ട് ഏതൊരു ജീവജാലത്തിന്റെയും നിലനിൽപ്പായ ഭക്ഷണം എന്ന അടിസ്ഥാന അവകാശം പോലും ഭൂമിയുടെ യഥാർത്ഥ അവകാശികളായ ആദിവാസികൾക്ക് നിഷേധിക്കപ്പെടുന്നു എന്നതിന്റെ അന്വേഷണം കൂടിയാണ് ഈ ചിത്രം.

Read More: IFFK 2019: ഗോത്രവിഭാഗത്തിന്റെ ഹൃദയത്തുടിപ്പുകള്‍; ‘കെഞ്ചിര’ സംവിധായകന്‍ മനോജ്‌ കാന സംസാരിക്കുന്നു

ക ഖ ഗ ഘ ങ്ങ

ചിത്രത്തിന്റെ പേരിൽ തന്നെ തുടങ്ങുന്ന പരീക്ഷണാത്മക സ്വഭാവം ആഖ്യാനത്തിലും നിര്മിതിയിലും ഉള്ളടക്കത്തിലും കൊണ്ടുവരുന്ന ചിത്രമാണ് ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ‘ക ഖ ഗ ഘ ങ്ങ.’ സിനിമയിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ആര്‍ട്ട്‌ ഹൌസ് ശൈലിയെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ് ഷെറി ഈ ചിത്രത്തിൽ. ഒരു അച്ഛന്റെയും മകന്റെയും ബന്ധത്തിലൂടെ മനുഷ്യന്റെ അസ്തിത്വ വ്യഥകളും, ശൂന്യതയെയും, ഭ്രാന്തും, ഭയവുമെല്ലാം, ദൃശ്യങ്ങളുടെയും, ശബ്ദങ്ങളുടെയും സാമാന്യ സാധ്യതകൾക്കപ്പുറം നിന്ന് അന്വേഷിക്കുകയാണ് സംവിധായകൻ.

മൈത്രേയൻ, കാലൻ എന്നീ രണ്ടു കഥാപാത്രങ്ങളുടെയാണ് ഈ ചിത്രത്തിന്റെ കഥ പോകുന്നത്. മരണത്തെ അഭിമുഖീകരിക്കാൻ തയാറായി നിൽക്കുന്ന ഒരു മന്ത്രികനായി അഭിനയിക്കുന്നത് മനോജ് കാനയാണ്. പ്രദർശിപ്പിച്ച മേളകളിലെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.

 

വെയിൽ മരങ്ങൾ

സാമൂഹിക ക്രമത്തിൽ വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെടുന്ന, അരികുവൽക്കരിക്കപ്പെടുന്ന ഒരു ദളിത് കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡോ. ബിജു സംവിധാനം ചെയ്ത ‘വെയിൽ മരങ്ങൾ.’ ഒരു പുഴയുടെ തീരത്തുള്ള ചെറുകൂരയിൽ കഴിയുന്ന ഒരു ദളിത് കുടുംബത്തിന് സ്വന്തം മണ്ണിൽ നിന്ന് പലായനം ചെയേണ്ടി വരുന്നതിന്റെ കാരണങ്ങളാണ് ചിത്രം അന്വേഷിക്കുന്നത്.

അർത്ഥവത്തായ ഫ്രെമുകളും, ഷോട്സും വഴി കഥാപാത്രങ്ങളുടെ മാത്രമല്ല അരികുവൽക്കരിക്കപ്പെട്ട എല്ലാ സമൂഹങ്ങളുടെയും മാനസിക വ്യഥയും സംവിധായകന് സംവദിക്കാൻ കഴിഞ്ഞിട്ടുണ്ട് ചിത്രത്തിൽ. പുഴയൊന്നു കവിഞ്ഞാലോ, വറ്റിയാലോ ജീവിതക്രമം തന്നെ തെറ്റിപ്പോകാം എന്ന സാഹചര്യത്തിൽ ജീവിക്കുന്ന കേരളത്തിലെ കുടുംബം പിന്നെ ഹിമാചൽ പ്രദേശിലെ കൊടും തണുപ്പിൽ, ആപ്പിൾ തോട്ടത്തിൽ, നിലനില്പിനായി ചേക്കേറേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദ്രൻസ്, സരിത കുക്കു എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം ഇത്തവണത്തെ ഐ എഫ് എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയിരുന്നു.

 

ഒരു രാത്രി ഒരു പകൽ

സമൂഹത്തിലെ ജാതി വ്യവസ്ഥ മനുഷ്യ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ ആവിഷ്കരിക്കാൻ ശ്രമിച്ചിരിക്കുന്നു ചിത്രമാണ് പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘ഒരു രാത്രി ഒരു പകൽ.’ സമൂഹവും കുടുംബവും വിലക്കുന്ന ഒരു പ്രണയത്തിനായി പൊരുതുന്ന കമിതാക്കളുടെ കഥ പറയുന്ന ചിത്രം, ഇവിടത്തെ ജാതി ചിന്തയും, അധികാര ക്രമവും എങ്ങനെയാണു മനുഷ്യ ജീവിതങ്ങളെ പുറംതള്ളുന്നതെന്നുള്ളതിന്റെ നേർക്കാഴ്ചയാണ്.

അടുത്ത കാലത്തു ഇന്ത്യയിൽ നടന്ന ദുരഭിമാന കൊലകൾ ആധാരമാക്കിയാണ് ‘ഒരു രാത്രി ഒരു പകൽ’ എന്ന ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പ്രളയം പലരുടെയും ജീവിതങ്ങളെ എങ്ങനെയൊക്കെ ബാധിച്ചു എന്നതും ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. വളരെ മിനിമലിസ്റ്റിക്കായ ആഖ്യാന രീതിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

 

റൺ കല്യാണി

കല്യാണി എന്ന യുവതിയായ ഒരു പാചകക്കാരിയുടെ ജീവിതത്തെ കാവ്യാത്മകവും അതെ സമയം യാഥാർഥ്യ ബോധ്യത്തോടെയും സമീപിച്ചിരിക്കുന്ന ചിത്രമാണ് ഗീത ജെ സംവിധാനം ചെയ്ത ‘റൺ കല്യാണി.’ തിരുവനന്തപുരത്തെ തകർന്ന ഒരു അഗ്രഹാരത്തിൽ നിന്നും വരുന്ന കല്യാണി എന്ന സ്ത്രീയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവരുടെ ദൈന്യദിനജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം.

സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കം നിൽക്കുന്ന മനുഷ്യർ ഓരോ ദിവസം കടന്നു പോകേണ്ടി വരുന്ന പല വിധത്തിലുള്ള പ്രശ്നങ്ങൾ അന്വേഷിക്കുകയാണ് സംവിധായിക. പുതുമുഖം ഗാർഗി അനന്തൻ ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള ചിത്രം സമൂഹത്തിലെ പല ശ്രേണിയിലുള്ള സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളെ പറ്റിയും ആരായുന്നുണ്ട്. കൊൽക്കത്ത ചലച്ചിത്ര മേളയിൽ പ്രേത്യേക ജൂറി പരാമർശം നേടിയ ചിത്രം കൂടിയാണ് ‘റൺ കല്യാണി.’

 

Read Here: Run Kalyani is a product of long and deep engagement with the question of gender and cinema: Geetha J

ചോല

പുരുഷാധികാരത്തിന്റെ വികൃതമായ മുഖം വന്യതയുടെ ദൃശ്യ സാദ്ധ്യതകൾ ഉപയോഗിച്ച് ആവിഷ്കരിച്ചിരിക്കുന്ന സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല.’ ലോക പരിചയമില്ലാത്ത, അശക്തയായ ജാനു എന്ന പെൺകുട്ടി പ്രണയത്തിന്റെ വിശ്വാസത്തിൽ കാമുകനൊപ്പം നഗരം കാണാൻ ഇറങ്ങുന്നതും, തുടർന്ന് അപകടകരമായ പല സന്ദര്‍ഭങ്ങളിലൂടെയും കടന്നു പോകേണ്ടി വരുന്നതിന്റെയും മനസ്സ് മരവിപ്പിക്കുന്ന ആവിഷ്ക്കാരമാണ് ‘ചോല.’

വളരെ റിയലിസ്റ്റിക്കായ ആഖ്യാന രീതിയാണ് സംവിധായകന്‍ ‘ചോല’യിൽ ഉപയോഗിച്ചിരിക്കുന്നത്. കാടിന്റെയും നഗരത്തിന്റെയും ഭാവ മാറ്റങ്ങൾ കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരവുമായി തുലനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമാറ്റിക് മാജിക് ആണ് ഈ ചിത്രം . ജോജു, നിമിഷ സജയൻ, എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ‘ചോല’യുടെ പ്രീമിയർ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു.

 

Read Here: Chola Movie Review: ചോരയിൽ ചാലിച്ച ‘ചോല’ റിവ്യൂ

വൃത്താകൃതിയിലുള്ള ചതുരം

ഇത്തവണ തിരുവനന്തുപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ ഉൾപ്പെട്ട രണ്ടു മലയാള ചിത്രങ്ങളിൽ ഒന്ന് ‘ജല്ലികെട്ടും’ മറ്റൊന്നു നവാഗതനായ കൃഷൻഡ് ആർ കെ സംവിധാനം ചെയ്ത ‘വൃത്താകൃതിയിലുള്ള ചതുര’വുമാണ്. പൊതുവെ അന്തര്‍മുഖനായ മണിലാൽ എന്ന വ്യക്തിക്ക് തന്റെ അച്ഛന്റെ മരണവാർത്ത അറിയുമ്പോൾ ദുഖമോ, നഷ്ടബോധമോഅല്ല തോന്നുന്നത് പകരം ഒരുതരം നിർവികാരമായ അസൗകര്യമാണ്.

മരണാന്തര ചടങ്ങുകൾക്കായി നാട്ടിലെത്തുന്ന മണിലാലിനു പക്ഷേ ബന്ധുക്കളുമായുള്ള സംസർഗം പോലും അസുഖകരമായ ഇടപഴകലുകളാണ്. വളരെ പതുക്കെ പോകുന്ന ആഖ്യാന ശൈലിയാണ് കൃഷൻഡ് തന്റെ ആദ്യ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഒരു ത്രില്ലർ സ്വഭാവം സിനിമ കൈവരിക്കുന്നുണ്ട്. രാഹുൽ രാജഗോപാൽ, സരിത കുക്കു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read Here: IFFK 2019: തിയേറ്റർ റിലീസ് വേണ്ട ‘വൃത്താകൃതിയിലുള്ള ചതുരം’ സംവിധായകന്‍ കൃഷൻഡ് പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rewind 2019 malayalam films making mart at international film festival

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com