അന്ന ബെൻ, ചിന്നു ചാന്ദ്നി, വിൻസി, ദർശന രാജേന്ദ്രൻ, ഷിബില, ലിയോണ, ശ്രീരഞ്ജിനി- മലയാളസിനിമയിൽ 2019 ൽ നാം കണ്ട പെൺകുട്ടികളെ കുറിച്ചോർക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് കയറിവരുന്ന ചില പേരുകൾ… മഞ്ജു വാര്യർ, പാർവതി എന്നിങ്ങനെ മുൻനിര നായികമാർ ഉണ്ടെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തരായി സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയ പെൺകുട്ടികൾ. ഒന്നോ രണ്ടോ സീനുകളിൽ വന്നുപോയ ക്യാരക്ടർ റോളുകൾ മുതൽ മലയാളസിനിമയിലെ തനതു നായികാ സങ്കൽപ്പങ്ങളെ ഉടച്ചുവാർത്തുകൊണ്ട് ഒരു സിനിമയെ മൊത്തം മുന്നോട്ടു കൊണ്ടുപോയവർ വരെ ഈ ലിസ്റ്റിലുണ്ട്. സ്വതസിദ്ധമായ അനുഭവമുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ് ഇവരോരുത്തരും.
അന്ന ബെൻ
അന്ന ബെൻ എന്നു കേൾക്കുമ്പോൾ ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയുമാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ഓടിയെത്തുക. രണ്ടേ രണ്ടു ചിത്രങ്ങളെ അന്ന ബെൻ എന്ന ഇരുപത്തിയൊന്നുകാരി ഇതുവരെ ചെയ്തുള്ളൂ. പക്ഷേ ആ രണ്ടു ചിത്രങ്ങളും പോയവർഷം സിനിമാപ്രേമികളുടെ ഇഷ്ടം കവർന്നു. തനി കുമ്പളങ്ങിക്കാരിയിൽ നിന്നും ജീവിതത്തിൽ വ്യക്തമായ പ്ലാനിംഗുകളും വലിയ സ്വപ്നങ്ങളുമുള്ള ഹെലനിലേക്ക് വളരെ അനായാസമായി കൂടുമാറി അന്ന പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു.
ഫഹദും സൗബിനും ഷെയ്നും ശ്രീനാഥ് ഭാസിയുമെല്ലാം അഭിനയിച്ച് കത്തികയറിയ ‘കുമ്പളങ്ങി നൈറ്റ്സി’ൽ അവർക്ക് തോളോടു തോൾ നിന്ന് പതറാതെ അഭിനയിക്കാൻ അന്നയ്ക്ക് ആയി. സിനിമ മൊത്തത്തിലെടുത്തു നോക്കിയാൽ അതിൽ മുത്തുപോലെ പ്രകാശിക്കുന്ന ഒരുവൾ അന്നയുടെ ബേബി മോൾ തന്നെയാണ്. ബാഹ്യസൗന്ദര്യത്തിനപ്പുറം നിലപാടുകളുടെ സൗന്ദര്യം കൂടിയുണ്ട് ബേബിമോൾ എന്ന ആ കഥാപാത്രത്തിന്. തന്റെ നിലപാടുകളിൽ ബേബിമോൾക്ക് ഉണ്ടായിരുന്ന വ്യക്തത തന്നെയാണ് ആ കഥാപാത്രത്തെ വേറിട്ടൊരു നായികയാക്കിമാറ്റിയത്.
ഏതു ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ടെന്ന്, സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്തണമെന്നും വളരെ ലളിതമായി അവൾ ബോബിയെ മനസ്സിലാക്കി കൊടുത്തു. തന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, നീ ഓടി രക്ഷപ്പെട്ടോ എന്ന് പരാജിതനെ പോലെ പറഞ്ഞ് പ്രണയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ബോബിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയാണ് ബേബിമോൾ ചെയ്തത്. ആൺമേൽക്കൊയ്മയുടെയും പാരമ്പര്യത്തിന്റെയും ധാർഷ്ട്യം കാണിച്ച്, ഒറ്റ തന്തയ്ക്ക് പിറക്കാത്തവനെന്ന് വിളിച്ച് തന്റെ പ്രണയിതാവിനെ അധിക്ഷേപിക്കുന്ന ഷമ്മിയ്ക്ക് ആർജ്ജവത്തോടെ മറുപടി നൽകാനും അവൾക്ക് മടിയില്ല. കാലാകാലങ്ങളായി പിതൃത്വത്തിന്റെ പേരു പറഞ്ഞ് സമൂഹം അപമാനിച്ചിരുത്തുന്ന ഒരുപാട് പേർക്കുവേണ്ടി ശബ്ദിച്ച്, ഷമ്മി അടങ്ങുന്ന സമൂഹത്തിന്റെ പ്രിവിലേജ്ഡ് അഹന്തകൾക്ക് മുഖത്തടി കൊടുക്കുകയാണ് ബേബി മോൾ. ചിന്തകളിലും സംസാരത്തിലും കാഴ്ചപ്പാടുകളിലും പ്രണയത്തിൽ പോലും ഇത്രയും പോസിറ്റീവായൊരു നായികാ കഥാപാത്രത്തെ ഒടുവിലെപ്പോഴാണ് നമ്മൾ കണ്ടത് എന്നുകൂടിയാണ് അന്ന ബെന്നിന്റെ ബേബി മോൾ എന്ന കഥാപാത്രം മലയാളിയോട് ചോദിക്കുന്നത്.
ഹെലനിലേക്ക് എത്തുമ്പോൾ, ഒരു പെണ്ണിന്റെ കരുത്തു കൂടിയാണ് അന്നയുടെ കഥാപാത്രം പ്രേക്ഷകർക്കു കാണിച്ചു തരുന്നത്. ഏത് പ്രതികൂലസാഹചര്യങ്ങളെയും മനോധൈര്യം കൊണ്ടും ഇച്ഛാശക്തി കൊണ്ടും മറികടക്കാൻ കഴിയുമെന്നാണ് ഹെലൻ പറയുന്നത്. പക്വതയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സഹജീവികളോടുള്ള അനുകമ്പയുമെല്ലാം ഹെലനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.
ചിന്നു ചാന്ദ്നി
മലയാളി അതുവരെ കണ്ട നായികാസങ്കൽപ്പങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ചിന്നു ചാന്ദ്നിയുടെ ‘തമാശ’യിലെ കഥാപാത്രം. ആത്മവിശ്വാസത്തിന്റെ ആൾരൂപം പോലെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് സ്ക്രീനിൽ ചിന്നു നിറഞ്ഞപ്പോൾ അത് ജീവിതത്തിൽ നിരന്തരം ബോഡി ഷെയിമിങ്ങിന് വിധേയരാവുന്ന നിരവധിപേർക്കാണ് പ്രചോദനമായത്. പോയവർഷം മലയാള സിനിമ കണ്ട തീർത്തും ഫ്രഷായ, കരുത്തയായ സ്ത്രീ കഥാപാത്രങ്ങളിൽ ഒരാളെന്ന് ചിന്നുവിനെ വിശേഷിപ്പിക്കാം.
‘കുമ്പളങ്ങാനീരല്ല, എനിക്കിഷ്ടം ഫലൂദയാണെന്ന്’ ഉറക്കെ പറയുന്ന ചിന്നു. തന്റെ തടി കൊണ്ട് തനിക്കില്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവർക്ക് എന്തിനാണെന്ന് ചോദിക്കുന്നവൾ. നിരന്തരമെന്ന പോൽ ചുറ്റുമുള്ളവരാൽ ബോഡി ഷേമിംഗിന് വിധേയരായി കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് കൂടി വേണ്ടി സംസാരിച്ച് ചിന്നു പ്രേക്ഷകരുടെ ഇഷ്ടവും കയ്യടിയും നേടിയെടുത്തു.
ഷിബില
സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണമാണ് ഷിബില എന്ന പെൺകുട്ടിയെ പോയവർഷം വാർത്തകളിലെ താരമാക്കിയത്. തടി വെയ്ക്കുക എന്ന അവസ്ഥയെ പൊതുവെ ഭയത്തോടെ നോക്കി കാണുന്നവരാണ് നല്ലൊരു ശതമാനം പെൺകുട്ടികളും. അപ്പോഴാണ് ഒരു സിനിമയ്ക്കു വേണ്ടി തടി വെയ്ക്കുകയും പിന്നീട് അത്ര തന്നെ കഷ്ടപ്പെട്ട് ശരീരം ഷേപ്പ് ചെയ്തെടുക്കുകയും ചെയ്ത് ഷിബില മലയാളികളെ ഞെട്ടിച്ചത്. ബോളിവുഡിൽ ആമിർ ഖാനും ഭൂമി പഡേക്കറും ഒക്കെ പിൻതുടർന്ന പാതയിലൂടെയായിരുന്നു ഷിബിലയുടെ സഞ്ചാരം. ആദ്യ സിനിമയ്ക്കു വേണ്ടി ഷിബില ഏറ്റെടുത്ത ആ വലിയ ചലഞ്ച് ആരെയും ഞെട്ടിക്കുന്നതായിരുന്നു.
ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഷിബിലയുടെ ഈ ചലഞ്ച്. ബോഡി ഷേമിംഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയും പോയവർഷം മലയാളസിനിമ കണ്ട വേറിട്ടൊരു നായികയായിരുന്നു.
ലിയോണ
ലിയോണ ലിഷോയ് എന്ന തൃശൂർകാരി മലയാളികൾക്ക് പുതുമുഖമല്ല. എന്നാൽ ‘ഇഷ്ക്’ എന്ന ചിത്രത്തിൽ മലയാളി കണ്ടത് അതുവരെ കാണാത്തൊരു ലിയോണയെ ആയിരുന്നു. ലിയോണയുടെ കരിയറിലെയും ഏറെ അഭിനയപ്രാധാന്യമുള്ളൊരു കഥാപാത്രമായിരുന്നു ‘ഇഷ്കി’ലേത്. ചിത്രത്തിലെ നായികയേക്കാൾ വ്യക്തിത്വമുള്ള കഥാപാത്രമായി നിരൂപകർ വിലയിരുത്തിയ കഥാപാത്രവും ലിയോണയുടേതായിരുന്നു. പ്രതികരിക്കേണ്ട സമയത്തൊന്നും പ്രതികരിക്കാതെ പേടിച്ചരണ്ടു നിന്ന്, ചിത്രത്തിന്റെ അവസാനത്തിൽ മാത്രം നിലപാട് വ്യക്തമാക്കിയ നായികയേക്കാൾ വിശ്വസനീയമായ കഥാപാത്രമായിരുന്നു ലിയോണയുടെ മറിയ.
അഭിനയിക്കുമ്പോൾ ഉന്മാദിനികളായി മാറി, പൂർണമായും കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുന്ന നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ഷെയ്നിനുമൊപ്പം കട്ടയ്ക്ക് പിടിച്ചുനിന്ന് ലിയോണ അമ്പരപ്പിക്കുകയായിരുന്നു. തന്റെ പ്രതിഭ തെളിയിക്കാൻ കഴിഞ്ഞ വർഷം ലിയോണയ്ക്ക് കിട്ടിയ മികച്ചൊരു അവസരം കൂടിയായിരുന്നു ‘ഇഷ്ക്’. ലിയോണയിൽ നിന്നും ഇനിയും മികച്ച കഥാപാത്രങ്ങൾ വരാനുണ്ടെന്നും ഒരു അണ്ടർ റേറ്റഡ് നടി ആയി ഒതുങ്ങേണ്ട അഭിനേത്രിയല്ല ലിയോണ എന്നുമുള്ള കാഴ്ചപ്പാടിലേക്ക് പ്രേക്ഷകരെയും കൊണ്ടെത്തിക്കാൻ ‘ഇഷ്കി’നായി.
വിൻസി
റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നായികയാണ് പൊന്നാനിക്കാരിയായ വിൻസി അലോഷ്യസ്. മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു വിൻസി ശ്രദ്ധേയയായത്. മലയാളസിനിമയുടെ പരമ്പരാഗത നായിക സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായി അയൽവീട്ടിലെ കുട്ടിയുടെ ഇമേജോടെയാണ് വിൻസി എത്തിയത്.
ഏറെ സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് ചുവടുവെയ്ക്കുന്ന നവവധുവിന്റെ പ്രതീക്ഷകളും ഭർത്താവിൽ നിന്നുള്ള അവഗണന സമ്മാനിക്കുന്ന നിരാശയുമെല്ലാം കയ്യടക്കത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കണ്ണുനിറച്ചൊരു കഥാപാത്രമായിരുന്നു ‘വികൃതി’യിലെ സീനത്ത്.
ദർശന രാജേന്ദ്രൻ
ആഷിഖ് അബു ചിത്രം ‘മായാനദി ‘യിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ആ ചിത്രം കണ്ടവരാരും ദര്‍ശനയേയും ബാല്‍ക്കണിയിലിരുന്ന് കൂട്ടുകാരികള്‍ക്കായി ദര്‍ശന മൂളുന്ന ‘ബാവ് രാ മന്‍ ’ എന്ന പാട്ടിനേയും മറക്കാന്‍ ഇടയില്ല. 2019 ൽ ‘വൈറസി’ലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ദർശനയ്ക്കായി. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിന്ന് ബിഗ് സ്ക്രീന്റെ തിളക്കത്തിലേക്ക് എത്തിയ നടിയാണ് ദർശന.
‘വൈറസി’ലെ പല കഥാപാത്രങ്ങളെയും പോലെ ചിത്രം കണ്ടിറങ്ങുന്നവരുടെ ഉളളില്‍ നോവു പടർത്തിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ദർശന അവതരിപ്പിച്ച അഞ്ജലിയും ആസിഫ് അലിയുടെ വിഷ്ണുവും. വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’, രാജീവ് രവി ചിത്രം ‘തുറമുഖം’ എന്നിങ്ങനെ വരാനിരിക്കുന്ന ചിത്രങ്ങളിലും ദർശനയുണ്ട്.
ശ്രീരഞ്ജിനി
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആരെയും ആകർഷിക്കുന്ന മുഖഭാവങ്ങളിലൂടെയും പോയവർഷം ശ്രദ്ധിക്കപ്പെട്ട ഒരാളായിരുന്നു ശ്രീരഞ്ജിനി. താരതമ്യേന ചെറിയ റോളിലായിരുന്നു ‘തണ്ണീർമത്തൻ ദിനങ്ങളി’ലെങ്കിലും ശ്രീരഞ്ജിനി അവതരിപ്പിച്ച അധ്യാപികയെ ചിത്രം കണ്ടവർക്കൊന്നും പെട്ടെന്ന് മറക്കാനാവില്ല. ഭൂലോക ഉടായിപ്പായ രവി പത്മനാഭൻ മാഷിനെ പ്രണയിക്കുന്ന, അയാൾ ഫ്രോഡാണെന്നു മനസ്സിലാവുമ്പോൾ ക്ലൈമാക്സിൽ തലകറങ്ങി വീഴുന്ന അധ്യാപിക തിയേറ്ററിൽ ഏറെ ചിരിയുയർത്തിയ കഥാപാത്രങ്ങളിൽ ഒരാളായിരുന്നു.
‘മൂക്കുത്തി’, ‘ദേവിക +2 ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീരഞ്ജിനിയുടെ ആദ്യമലയാളചിത്രം കൂടിയായിരുന്നു ‘തണ്ണീർമത്തൻ ദിനങ്ങൾ’.
Read more: Rewind 2019: നവാഗത സംവിധായകർ ആഘോഷമാക്കിയ 2019