വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ നീലവെളിച്ചത്തെ അടിസ്ഥാനമാക്കി 1964ൽ എ വിൻസന്റ് ഒരു സിനിമ പിടിച്ചു. മലയാളത്തിലെ തന്നെ ആദ്യകാല ഹൊറർ ചിത്രങ്ങളിലൊന്നായ ‘ഭാർഗ്ഗവീനിലയം.’ ഈ പേര് പലതവണ കേട്ടിട്ടും, ജീവിതത്തിലെ പല സന്ദർഭങ്ങളിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ‘ഭാർഗ്ഗവീനിലയം’ എന്ന ചിത്രം കാണുവാൻ വർഷങ്ങളെടുത്തു. ഒരുപക്ഷെ 2023ൽ ‘നീലവെളിച്ചം’ എന്ന റീമേക്ക് ചിത്രം പുറത്തിറങ്ങാൻ പോകുന്നു എന്ന വാർത്ത വന്നതിനു പിന്നാലെയായിരിക്കും ഞാനുൾപ്പെടെയുള്ള പുതുതലമുറയിലെ പലരും ‘ഭാർഗ്ഗവീനിലയം’ എന്നത് ഒരു സിനിമയാണെന്ന് പോലും മനസ്സിലാക്കിയത്. അതുവരെ കാട് മൂടിയ ഇരുട്ടു നിറഞ്ഞ പ്രേത ഭീതിയുള്ള വീടുകളെ വിശേഷിപ്പിക്കാൻ വേണ്ടി മാത്രം ഭാർഗ്ഗവീനിലയം എന്ന പേര് ഉപയോഗിച്ച പലരുടെയും യൂട്യൂബിൽ അടുത്തിടെയാവും ‘മലയാളം ഓൾഡ് ഭാർഗ്ഗവീനിലയം ഫുൾ മൂവി’ എന്ന സെർച്ച് വേഡ് പ്രത്യക്ഷപ്പെട്ടത്.
സാൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, മായാനദി, വൈറസ്, നാരദൻ, ടാ തടിയാ, റാണി പത്മിനി പോലുള്ള പുതിയ കാലത്തിന്റെ കഥകൾ പറഞ്ഞ സംവിധായകൻ ആഷിഖ് അബു എന്തുകൊണ്ട് ഒരു പഴയ ചിത്രം റീമേക്ക് ചെയ്യുന്നു എന്ന കൗതുകമാണ് എന്നെയും പഴയ ‘ഭാർഗ്ഗവീനിലയം’ കാണാൻ പ്രേരിപ്പിച്ചത്. 59 വർഷങ്ങൾക്കു മുൻപു റിലീസ് ചെയ്ത ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിന് ഇക്കാലത്ത് എന്താണ് പ്രസക്തി? മധുവും നസീറും വിജയ നിർമ്മലയും നിറഞ്ഞഭിനയിച്ച ‘ഭാർഗ്ഗവീനിലയം.’ ഒരു പ്രേതസിനിമയേക്കാൾ കൂടുതൽ പ്രണയമാണ് ഭാർഗ്ഗവീനിലയത്തെ അനശ്വരമാക്കിയതെന്നാണ് എനിക്ക് തോന്നുന്നത്. ഭാർഗവിയും ശശികുമാറും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ എസൻസ്. ആ പ്രണയമാണ് ഭാർഗ്ഗവിയെ പ്രതികാരദാഹിയാക്കിയത്. ശശികുമാറിനെ അവൾക്ക് നഷ്ടമാകുന്ന നിമിഷത്തിലാണ് അവൾ ഉഗ്രരൂപിയാകുന്നത്. ഭയം എന്ന വാക്കിനെ വർണിക്കാൻ പലരും ഉപയോഗിച്ചിരുന്ന ഭാർഗ്ഗവീനിലയം എന്ന വാക്കിനു പിന്നിൽ ഒരു സുന്ദര പ്രണയകഥ ഒളിഞ്ഞിരിക്കുന്നുണ്ടെന്നത് ആരും പറഞ്ഞു കേൾക്കാത്ത യാഥാർത്ഥ്യം.
‘ഭാർഗ്ഗവീനിലയം’ എന്ന പേര് സൂചിപ്പിക്കും പോലെ തന്നെ ചിത്രം ഭാർഗ്ഗവിയുടെ കഥയാണ്. അവളുടെ പ്രണയവും വാശിയും നിരാശയും പകയുമെല്ലാം പറഞ്ഞു പോകുന്ന ചിത്രം. പ്രണയത്തോട് പൊരുതി തോറ്റ അവളുടെ കഥ കേൾക്കാനായി വീട്ടിലെത്തുന്ന നോവലിസ്റ്റ്. അവൾ കൊല്ലപ്പെട്ടതിനു ശേഷം പലരും അവിടെ തങ്ങാൻ വന്നിട്ടുണ്ടെങ്കിലും അവരെയെല്ലാം ഭാർഗ്ഗവി പേടിപ്പിച്ച് ഓടിച്ച് വിട്ടു. പക്ഷെ നോവലിസ്റ്റിനോട് അവൾക്കതായില്ല, അയാൾ തന്റെ നല്ലൊരു സുഹൃത്തായി മാറിയത് അവളെ അതിൽ നിന്ന് തടഞ്ഞു. ഒടുവിൽ നോവലിസ്റ്റിന്റെ സഹായത്തോടെ അവളെ ചതിച്ചവനോട് ഭാർഗ്ഗവി പ്രതികാരം ചോദിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
ആഷിഖ് അബു ചിത്രം നീലവെളിച്ചത്തിലേക്കെത്തുമ്പോൾ ഇവിടെ ഭാർഗ്ഗവിയായി തിളങ്ങുക റിമ കല്ലിങ്കലായിരിക്കും. പ്രേം നസീറായി റോഷൻ മാത്യൂവും നോവലിസ്റ്റായി ടൊവിനോയും സ്ക്രീനിലെത്തും. എന്നാൽ അടൂർ ഭാസി എന്ന പ്രതിഭ അനശ്വരമാക്കിയ ചെറിയ പരീകഞ്ഞി എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ പോകുന്നത് ആരാണെന്ന ചിന്തയാണ് എന്നിൽ കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറഞ്ഞു പോകുന്ന ഭാവങ്ങൾ അത്രയ്ക്കങ്ങ് മനസ്സിൽ പതിഞ്ഞു പോയതാകാം കാരണം.
‘ഭാർഗ്ഗവീനിലയം’ സിനിമാസ്വാദകരിലേക്ക് എത്തിയിട്ട് ആറു പതിറ്റാണ്ടിനോട് അടുക്കുന്നു. ആ ചിത്രത്തിലെ ഗാനങ്ങൾ കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഏകാന്തതയുടെ അപാര തീരം, പൊട്ടിതകർന്ന കിനാവ് കൊണ്ട്, താമസമെന്തേ വരുവാൻ, വാസന്ത പഞ്ചമിനാളിൽ തുടങ്ങിയ ഗാനങ്ങൾ മൂളാത്തവരുണ്ടാകില്ല. തലമുറകൾ എത്ര തന്നെ മുന്നോട്ടു പോയാലും ക്ലാസ്സിക്കുകൾ എന്നും കൈമാറി പോകും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഗാനങ്ങൾ. പി ഭാസ്ക്കരനും എം എസ് ബാബുരാജും ചേർന്നൊരുക്കിയ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇതേ ഗാനങ്ങൾ തന്നെയാണ് ‘നീലവെളിച്ചം’ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. സംഗീത സംവിധായകരായ റെക്സ് വിജയൻ, ബിജിബാൽ എന്നിവരാണ് ഈ നിത്യഹരിത ഗാനങ്ങൾക്ക് പുതുജീവനേകിയത്. ഇതുവരെ പുറത്തിറങ്ങിയ നാലു ഗാനങ്ങളും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.
ദൃശ്യമികവ് വളരെയധികം ഉപയോഗിച്ച് നിർമിക്കാവുന്നൊരു ചിത്രമാണ് ‘ഭാർഗ്ഗവീനിലയം.’ കാലത്തിന്റെ പരിമിതി മൂലം അന്നതിനു സാധിച്ചില്ല. ആഷിഖ് അബു എന്ന ന്യൂജെൻ സംവിധായകൻ എങ്ങനെയാകും ഈ ക്ലാസ്സിക്ക് ചിത്രത്തെ സമീപിച്ചിരിക്കുക എന്നതും നീലവെളിച്ചം കാണുവാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. റിയലസ്റ്റിക്ക് സിനിമയുടെ കാലത്തേക്ക് ഒരു ഡ്രമാറ്റിക് ചിത്രം റീമേക്ക് ചെയ്യപ്പെടുമ്പോഴുള്ള വെല്ലുവിളികളും ഏറെയാണ്. ഏപ്രിൽ 20ന് നീലവെളിച്ചം തിയേറ്ററിലെത്തുമ്പോൾ ഒരു റിമേക്ക് ചിത്രം എന്നതിലുപരി മലയാളത്തിന്റെ അനശ്വര പ്രതിഭകളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായി അത് മാറുന്നു.