/indian-express-malayalam/media/media_files/uploads/2018/08/parashakthi-2.jpg)
Karunanidhi Parashakthi Sivaji Ganesan
തമിഴ് സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വിവാദങ്ങളുയര്‍ത്തിയ ചിത്രം എന്നാണ് പ്രശസ്ത സിനിമാ നിരൂപകനായ തിയോഡോര്‍ ഭാസ്കരന്‍ 'പരാശക്തി' എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ആര്‍.കൃഷ്ണന്‍, എം.പഞ്ചു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം, ശിവാജി ഗണേശന്‍ എന്ന അഭിനയപ്രതിഭയുടെ സിനിമയിലെ തുടക്കം കൂടിയായിരുന്നു. പാവലര്‍ ബാലസുബ്രഹ്മണ്യത്തിന്റെ 'പരാശക്തി' എന്ന നാടകത്തിന്റെ സിനിമാ ആവിഷ്കാരത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് എം.കരുണാനിധി. തമിഴ് സിനിമാ ചരിത്രത്തിലെ വഴിത്തിരിവായിത്തീര്‍ന്ന 'പരാശക്തി' ഉള്ളടക്കം കൊണ്ടും നിലപാടുകള്‍ കൊണ്ടും രാഷ്ട്രീയം കൊണ്ടും അതുവരെ കണ്ടതില്‍ നിന്നും വേറിട്ട് നിന്നു എന്ന് മാത്രമല്ല, മുന്നോട്ടുള്ള വഴി തെളിക്കുകയും ചെയ്തു.
1952 ഒക്ടോബര്‍ 17ന് ഒരു ദീപാവലി ദിനത്തിലാണ് 'പരാശക്തി' റിലീസ് ചെയ്യുന്നത്. 175 ദിവസം തിയേറ്ററുകളില്‍ കളിച്ച ചിത്രം വന്‍ വിജയമായിത്തീര്‍ന്നു. അതിന് പിന്നില്‍ വലിയ വിവാദങ്ങളുടെ ഒരു ഘോഷയാത്രയുമുണ്ടായിരുന്നു. ഹിന്ദു-ബ്രാഹ്മണ ആചാരങ്ങളേയും അനുഷ്ഠാനങ്ങളെയും മോശമായി ചിത്രീകരിച്ചു എന്നതായിരുന്നു വിവാദങ്ങളുടെ കാരണം. ഭരണത്തിലിരിക്കുന്നവര്‍ ഉള്‍പ്പടെയുള്ള വരേണ്യ വര്‍ഗം സിനിമ ബാന്‍ ചെയ്യണം എന്നുവരെ ആവശ്യപ്പെട്ടു. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും 'പരാശക്തി' റിലീസ് ആവുകയും ചരിത്ര ഗതിയെ മാറ്റി മറിക്കുകയും ചെയ്തു. സംഭാഷണങ്ങളും അഭിനയവുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
"നിന്റെ ദേവിയുടെ കൈയ്യില്‍ ശൂലവും വാളുമുള്ളപ്പോള്‍ നീ എന്തിനു ഭയപ്പെടുന്നു, നീ വിളിച്ചാല്‍ വന്നു രക്ഷിക്കില്ലേ?", അമ്പലത്തിനകത്ത് വച്ച് തന്റെ സഹോദരിയോട് മോശമായി പെരുമാറിയ പൂജാരിയുടെ കുത്തിനു പിടിച്ചു കൊണ്ട് ശിവാജി ഗണേശന്‍ അവതരിപ്പിച്ച ഗുണശേഖരന്‍ എന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യമാണിത്. അത് ചെന്ന് തറച്ചത് ആയിരങ്ങളിലേക്കാണ്. ഇത് കേട്ടുണര്‍ന്ന്, പിന്നീട് അണികളായി മാറിയവരിലേക്ക്. സാമൂഹ്യ നീതിയിലൂന്നിയുള്ള പരിഷ്കാരങ്ങള്‍, തമിഴ് ഭാഷയുടെ ഉന്നമനം എന്നിങ്ങനെയുള്ള ഡിഎംകെ ആശയങ്ങള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് 'പരാശക്തി' കൊണ്ട് ഉദ്ദേശിച്ചത് എന്ന് കലൈഞ്ജര്‍ ഒരവസരത്തില്‍ പറഞ്ഞിരുന്നു. വിവാദം സൃഷ്ടിക്കുക എന്നത് തന്നെയായിരുന്നു ചിത്രം കൊണ്ട് ലക്ഷ്യമിട്ടത് എന്ന് സംവിധാകന്‍ പഞ്ചുവും വെളിപ്പെടുത്തിയിട്ടുണ്ട്.
'പരാശക്തി'യുടെ ശീര്‍ഷക ഗാനമായ 'വാഴ്ക വാഴ്കവേ' എന്ന ഭാരതിദാസന്‍ രചിച്ച ഗാനം തന്നെ 'ദ്രാവിഡ നാട്' എന്ന ഡിഎംകെ ആശയത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. അന്നത്തെ ഇന്ത്യയുടെ ശോചനീയാവസ്ഥ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഗാനം അവാനിക്കുന്നത്. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞു ആണാണെങ്കില്‍ പനീര്‍സെല്‍വം എന്നും പെണ്ണാണെങ്കില്‍ നാഗമ്മ എന്നും പേരിടും എന്ന് ചിത്രത്തിലെ നായിക കല്യാണിയും ഭര്‍ത്താവ് തങ്കപ്പനും തീരുമാനിക്കുന്നുണ്ട്. ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവ് എ.ടി.പനീര്‍സെല്‍വം, സെല്‍ഫ്-റസ്‌പ്പക്റ്റ് മൂവ്മെന്റിന്റെ പ്രവര്‍ത്തകയും പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പത്നിയുമായ നാഗമ്മയേയുമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
"എന്റെ സഹോദരിയുടെ പേര് കല്യാണി എന്നാണ്. എന്നാല്‍ ഇത്ര മംഗളകരമായ പേരുള്ള അവളുടെ കഴുത്തില്‍ മാംഗല്യമില്ല (താലി).", 'പരാശക്തി'യിലെ പ്രശസ്തമായ കോടതി രംഗത്തില്‍ ഗുണശേഖരന്‍ പറയുന്ന വാക്കുകളാണിവ. വിധവയായ കല്യാണിയെ വെറുപ്പോടെ കാണുന്ന യാഥാസ്ഥിതിക സമൂഹത്തെ, പ്രത്യേകിച്ച് അവളെ കീഴ്പ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ, അവളുടെ 'വള്‍നറബിലിറ്റി'യെ എല്ലാം കഥാഗതിയില്‍ ഫലവത്തായി ഉപയോഗിച്ചിട്ടുണ്ട്. കല്യാണി എന്ന പേര് തന്നെ കലൈഞ്ജര്‍ തിരഞ്ഞെടുത്തത് ആ പേര് അര്‍ത്ഥമാക്കുന്നതും അവളുടെ ദാരിദ്യം നിറഞ്ഞ ജീവിതത്തില്‍ നടക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം എടുത്തു കാട്ടാന്‍ വേണ്ടിയായിരുന്നു.
ഗുണശേഖരന്റെ പത്നിയായി എത്തുന്ന വിമല, തന്നെ തമിഴ് സംസ്കാരത്തിലെ ശക്തയായ സ്ത്രീ കഥാപാത്രമായ കണ്ണകിയുമായി താരതമ്യം ചെയ്യുന്നുണ്ട്. ഗുണശേഖരനായി എത്തിയ ശിവാജി ഗണേശനാകട്ടെ, 1952 വരെ ഡിഎംകെ പ്രവര്‍ത്തകനായി 'ദ്രാവിഡ നാട്' എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മതത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ തീവ്രമായി എതിര്‍ത്ത 'പരാശക്തി' മദ്രാസ് പ്രസിഡന്‍സിയില്‍ അപ്പോള്‍ നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണത്തെ കഠിനമായി വിമര്‍ശിക്കുകയും ചെയ്തു.
'പരാശക്തി'യുടെ വാദങ്ങളോട് എതിര്‍പ്പുണ്ടായിട്ടും അന്നത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി.രാജഗോപാലാചാരി സിനിമയുടെ സ്ക്രീനിങ് തടയണം എന്ന ആവശ്യത്തിനു വഴങ്ങിയില്ല. അങ്ങനെ 'ഒരു ആവശ്യം ഉയരാന്‍ കാരണം പരാശക്തിയെ കല്ല് എന്ന് വിളിക്കുന്ന ഒരു രംഗമായിരുന്നു. "മന്ത്രം ചൊല്ലിയത് കൊണ്ടും പൂക്കള്‍ അര്‍പ്പിച്ചത് കൊണ്ടും കല്ല് ദൈവമാകുമോ?", എന്ന ശിവാജി ഗണേശന്റെ സംഭാഷണം ആളുകളെ കളിയാക്കുന്ന വിധത്തിലുള്ളതാണ് എന്നായിരുന്നു സിനിമ ബാന്‍ ചെയ്യണം എന്നാവശ്യപ്പെട്ടവരുടെ വാദം. എന്നാല്‍ അതിനു മുന്‍പ് 'പരാശക്തി'യുടെ സര്‍ട്ടിഫിക്കേഷന്‍ പുനഃപരിശോധിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ അത് നിരസിച്ചു. അതിനു കാരണം ചിത്രം കണ്ടു വിലയിരുത്തിയ ഒരു മദ്രാസ് ഇന്റലിജെന്‍സ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടായിരുന്നു.
"ഏറ്റവും ശക്തമായ രീതിയിലാണ് ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ദ്രാവിഡ മുന്നേറ്റ പ്രവര്‍ത്തകനും കൂടിയായ ശ്രീ എം.കരുണാനിധി എഴുതിയിരിക്കുന്നത്. ഒരു കൈക്കുഞ്ഞുമായി ദരിദ്രയായ ഒരു വിധവ നേരിടുന്ന പല തരം പ്രതിസന്ധികളും അവളോടുള്ള സമൂഹത്തിന്റെ ക്രൂരമായ സമീപനവും വരച്ചു കാണിക്കുന്ന ഒരു ചിത്രമാണ് 'പരാശക്തി'. ചിത്രത്തിന്റെ കഥയോ, അതിന്റെ കാതലോ ഒരു തരത്തിലും ആക്ഷേപകരമല്ല എന്ന് മാത്രമല്ല, കഥയുടെ അന്തരാര്‍ത്ഥം തികച്ചും ഗൗരവമുള്ളതുമാണ്. മനുഷ്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്നും ഒരു സ്ത്രീയുടെ ഏറ്റവും വിലപ്പെട്ട സ്വത്ത് അവളുടെ ചാരിത്രശുദ്ധിയാണ് എന്നുമാണ് സിനിമ അടിവരയിടുന്നത്", എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒടുവില്‍ 'കല്ല്' എന്ന വാക്ക് മാത്രം സിനിമയില്‍ മ്യൂട്ട് ചെയ്യപ്പെട്ടു. എന്നാലും അത് നല്‍കിയ സന്ദേശം സുവ്യക്തമായിരുന്നു എന്ന് കാലം തെളിയിക്കുന്നു. ഇന്ന് കലൈഞ്ജരുടെ വിയോഗത്തിലും മുഴങ്ങിക്കേള്‍ക്കുന്നത് ലോകം കേള്‍ക്കണ്ട എന്ന് കരുതി നിശബ്ദമാക്കിയ ആ വാക്ക് തന്നെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us