Mammootty Starrer Yatra Movie Review: വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ഒരു ജീവചരിത്ര സിനിമ, അതും അദ്ദേഹം അധികം പയറ്റിയിട്ടില്ലാത്ത തെലുങ്ക്‌ ഭാഷയില്‍. ‘അംബേദ്കറിന്’ ശേഷമൊരു ജീവചരിത്ര സിനിമ മമ്മൂട്ടിയെ ഇത്രകണ്ടു ആകര്‍ഷിക്കണമെങ്കില്‍ അതില്‍ വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാകും എന്ന തോന്നലിനെ പിന്‍പറ്റിത്തന്നെയാണ് മലയാള സിനിമാ പ്രേക്ഷകര്‍ ‘യാത്ര’യെ കാത്തിരുന്നത്. പക്ഷേ ‘യാത്ര’യെ സിനിമ-രാഷ്ട്രീയ മേഖലകളുടെ ശ്രദ്ധാ കേന്ദ്രമാക്കുന്നത് ആന്ധ്രാപ്രദേശിന്റേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിലൊന്നിനെ കുറിച്ചുളളതാണ് ഈ ചിത്രം എന്നതാണ്. ആന്ധ്രയുടെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി എന്ന വൈഎസ്ആറിന്റെ ജീവിതത്തിന്റെ സുപ്രധാനമായ ഒരേടാണ് ‘യാത്ര’. വൈഎസ്ആറിന്റെ 2003 ലെ പ്രശസ്തമായ പദയാത്രയില്‍ തുടങ്ങി 2004 ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെയുള്ള സംഭവങ്ങളാണ് ‘യാത്ര’യിലുള്ളത്.

മാസ് സിനിമയായി ഒരുക്കിയിരിക്കുന്ന ഒരു ബയോപിക്കാണ് ‘യാത്ര’ എന്ന് ഒരു വരിയില്‍ പറയാം. ഒരു മലയാളിയെന്ന നിലയില്‍ ചിത്രത്തെ സമീപിക്കുമ്പോള്‍ ആകര്‍ഷിക്കുന്ന ഘടകം മമ്മൂട്ടിയുടെ പ്രകടനമാണ്. ആദ്യ സീനില്‍ തുടങ്ങി അവസാന ഷോട്ടില്‍ വരെ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ വൈഎസ്ആര്‍ തന്നെയാണ് ‘യാത്ര’യുടെ നെടുംതൂണ്‍. വൈഎസ്ആറിനെ പോലെ ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയത്തിലും ജീവിതത്തിലും ഇത്രകണ്ടു സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു നേതാവിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ തിരഞ്ഞെടുക്കാനുള്ള സംവിധായകന്‍ മാഹി വി.രാഘവിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 2003 നും 2004 നും ഇടയില്‍ വൈഎസ്ആറിന്റെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ അവതരിപ്പിക്കുന്നതിലും ചിത്രം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌. അവിടെ തന്റെ ഒതുക്കത്തിലുള്ള അഭിനയം കൊണ്ട് മമ്മൂട്ടി കൈയ്യടി നേടുന്നു.

 

തുടക്കരംഗത്തില്‍ തന്നെ വൈഎസ്ആര്‍ ആരായിരുന്നു, എന്തായിരുന്നു എന്നതിന്റെ ഉത്തരം ‘യാത്ര’ നല്‍കുന്നുണ്ട്. വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുന്ന ആരേയും ഭയക്കാത്ത നേതാവാണ് തുടക്കത്തിലെ വൈഎസ്ആര്‍. അവിടെ നിന്നും 60 ദിവസം നീണ്ട പദയാത്രയില്‍ അദ്ദേഹം ആര്‍ജിച്ചെടുക്കുന്ന ശാന്തതയും പക്വതയും ചിത്രം വരച്ചു കാട്ടുന്നുണ്ട്. ഒപ്പം ധീരനും തന്ത്രശാലിയുമായ ഒരു നേതാവില്‍ നിന്നും ജനങ്ങളുടെ മനസറിയുന്ന ഒരു ജനനായകനിലേക്കുള്ള മാറ്റവും ചിത്രം അടയാളപ്പെടുത്തുന്നു. തന്നെ എല്‍പ്പിച്ച കഥാപാത്രത്തെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി തന്നെ മമ്മൂട്ടി അവതരിപ്പിച്ചു. വൈകാരിക രംഗങ്ങളില്‍ ഒട്ടും അതിരു വിടാതെ, എന്നാല്‍ വികാരങ്ങളെ കൃത്യമായി അനുഭവിപ്പിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് എടുത്തു പറയേണ്ടതാണ്.

വൈഎസ്ആറിന്റെ ഐതിഹാസിക പദയാത്രയിലുണ്ടായ സംഭവങ്ങളുടെ അവതരണമാണ് ചിത്രത്തിലുള്ളത്. നേരത്തെ തന്നെ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും പറഞ്ഞത് പോലെ ഒരു പൂര്‍ണ ജീവിതകഥയല്ല മറിച്ച് പ്രത്യേക ഇവന്റിനെ മാത്രമായാണ് ‘യാത്ര’ അവതരിപ്പിക്കുന്നത്. പദയാത്രക്കിടെ വൈഎസ്ആര്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രംഗങ്ങളും, എന്താണ് ജനങ്ങളുടെ പ്രശ്‌നങ്ങളെന്ന് തിരിച്ചറിയുകയും ചെയ്യുന്ന രംഗങ്ങളും തെലുങ്ക് സിനിമകളുടെ പതിവ് കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്നതാണെങ്കിലും മമ്മൂട്ടിയുടെ സ്വാഭാവിക പ്രകടനം അവയെ രക്ഷിക്കുന്നു.

Read More: വൈ എസ്‌ ആറിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല: ‘യാത്ര’യെക്കുറിച്ച് മമ്മൂട്ടി

Image may contain: 4 people, people smiling, people standing and text

Mammootty Starrer Yatra Movie Review: കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിനേക്കാളും തന്റെ ആദര്‍ശത്തില്‍ വിശ്വസിക്കുന്ന നേതാവായാണ് വൈഎസ്ആറിനെ ചിത്രത്തിന്റെ തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. അന്ന് ആന്ധ്ര ഭരിച്ചിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തെ നേരിടാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയാനുമാണ് വൈഎസ്ആര്‍ പദയാത്ര ആരംഭിക്കുന്നത്. ‘യാത്ര’യിലൂടെ തന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലേക്കും സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലേക്കും വൈഎസ്ആര്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നെല്ലാം കൃത്യമായി പറയാന്‍ മാഹിക്ക് സാധിച്ചിട്ടുണ്ട്. മികവാര്‍ന്ന ഛായാഗ്രണവും (സത്യന്‍ സൂര്യന്‍) അതിനൊത്ത സംഗീതവും (കെ) ‘യാത്ര’യെ മനോഹരമാക്കുന്നുണ്ട്. അതേ സമയം ഡോക്യുമെന്ററിയുടെ ശൈലിയിലുള്ള അവതരണവും, ഒഴിവാക്കാവുന്ന രംഗങ്ങള്‍ സൃഷ്ടിച്ച ലാഗിങ്ങും ബോറടിപ്പിക്കുന്നുണ്ടെന്നത് ന്യൂനതാണ്. വൈഎസ്ആറിനെ ‘ഒറിജിനലായി’ അവതരിപ്പിക്കുന്നതിന് പകരം ‘ഗ്ലോറിഫൈ’ ചെയ്യാനുള്ള ശ്രമം ചിലയിടങ്ങളില്‍ ചിത്രത്തെ സാധാരണ പ്രേക്ഷകന് ദഹിക്കാന്‍ പ്രയാസമുള്ളതുമാക്കുന്നു.

തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ, പുറത്തു വന്ന, ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതം പറയുന്ന സിനിമ എന്ന നിലയില്‍, ‘യാത്ര’ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ‘യാത്ര’ ഒരു ‘പ്രൊപ്പഗാന്‍ഡ സിനിമ’യാണെന്നും തങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസും തെലുങ്കു ദേശം പാര്‍ട്ടിയും നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ മാഹിയും സംഘവും തള്ളിക്കളയുകയായിരുന്നു. പക്ഷേ ചിത്രം പറയുന്ന രാഷ്ട്രീയം പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ആ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തന്നെയാണ്.

കോണ്‍ഗ്രസിന്റെ ആന്ധ്രയിലെ അനിഷേധ്യ നേതാവായിരിക്കുമ്പോഴും പാര്‍ട്ടിയുടെ ഉന്നതര്‍ വൈഎസ്ആറിനെതിരെയായിരുന്നു എന്ന് ചിത്രം പറയുന്നു. ആദ്യ രംഗത്തില്‍ തന്നെ ഹൈക്കമാൻഡിന്റെ തീരുമാനത്തെ എതിര്‍ത്ത്, നേര്‍വഴിക്കു സഞ്ചരിക്കുന്ന നേതാവായാണ് വൈഎസ്ആറിനെ അവതരിപ്പിക്കുന്നത്. പിന്നീട് പലയിടത്തുമായി കോണ്‍ഗ്രസ് നേതൃത്വം വൈഎസ്ആറിനെ ഒതുക്കാന്‍ ശ്രമിക്കുന്നതായി കാണിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ പേരെടുത്ത് പറയുന്നില്ലെങ്കിലും മറ്റ് കഥാപാത്രങ്ങളുടെ ‘മാഡം’, ‘ഹൈക്കമാന്‍ഡ്’ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ അത് അവര്‍ തന്നെയാണ് എന്ന് വ്യക്തമാണ്. ആദര്‍ശം മറന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് വൈഎസ്ആറെന്ന് ചിത്രം പറയാതെ പറയുന്നു. പക്ഷേ ചരിത്രം പരിശോധിച്ചാല്‍ പല രംഗങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെ ക്രിയേറ്റ് ചെയ്തതാണെന്ന് ബോധ്യപ്പെടും. അതു പോലെ തന്നെ തെലുങ്ക് ദേശം പാര്‍ട്ടിയേയും ഇടയ്ക്കെല്ലാം കൊട്ടുന്നുണ്ട്.

 

ചിത്രത്തോളം തന്നെ പ്രേക്ഷകനെ, വൈഎസ്ആറിനെ അറിയുന്നവരെ പ്രത്യേകിച്ചും, സ്പര്‍ശിക്കുന്നതാണ് അവസാനത്തെ പത്ത് മിനിറ്റുള്ള ‘ഒറിജിനല്‍’ ദൃശ്യങ്ങള്‍. അത് അവസാനിക്കുന്നത് വൈഎസ്ആറിന്റെ മകന്‍ ജഗമോഹന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരംഭിക്കുന്നിടത്താണ്. വൈഎസ്ആറിന്റെ ‘ലെഗസി’യെ കുറിച്ച് പറയുന്ന ചിത്രം ആ ‘ലെഗസി’യുടെ പിന്തുടര്‍ച്ചക്കാരനാണ് മകന്‍ ജഗന്‍മോഹന്‍ എന്ന് ഓർമപ്പെടുത്തി നിര്‍ത്തുന്നു. ഒരുപക്ഷേ അത് പറയാനുളള വേദിക്ക് വേണ്ടി മാത്രമാണോ ചിത്രം നിര്‍മ്മിച്ചതെന്ന് സംശയിച്ചാലും തെറ്റില്ല.

സുഹാസിനി, റാവു രമേശ്, അനസൂയ ഭരദ്വാജ്, ജഗപതി ബാബു, അശ്രിത വേമുഗണ്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വൈഎസ്ആറിന്റെ നിഴല്‍ പോലെ കൂടെയുള്ള കെവിപിയെ റാവു രമേശ് മനോഹരമാക്കിയിട്ടുണ്ട്. ചിത്രത്തെ പല പ്രധാന രംഗങ്ങളിലും മമ്മൂട്ടിയും റാവുവും തമ്മിലുള്ള കോംമ്പിനേഷന്‍ ചിത്രത്തിന് ഊർജം പകരുന്നുണ്ട്. അശ്രിതയുടെ വിജയമ്മയും സുഹാസിനിയുടെ സബിത ഇന്ദ്ര റെഡ്ഡിയും ചെറുതെങ്കിലും ഭംഗിയായി തന്നെ അവതരിപ്പിക്കപ്പെട്ട റോളുകളാണ്.

Read More: ഇഷ്ടതാരങ്ങൾ വീണ്ടുമൊന്നിക്കുമ്പോൾ

ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയിലും ബയോപിക് എന്ന നിലയിലും ഒരുപോലെ സമീപിക്കാവുന്ന ചിത്രമാണ് ‘യാത്ര’. പക്ഷേ വൈഎസ്ആറിന്റേയും മമ്മൂട്ടിയുടേയും ആരാധകര്‍ക്ക് കൈയ്യടിക്കാമെങ്കിലും സാധാരണ ആസ്വാദകനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചൊരു അനുഭവമായിരിക്കില്ല ‘യാത്ര’. സിനിമ എന്ന നിലയില്‍, സാധ്യതകള്‍ ഏറെയുണ്ടായിരുന്നിട്ടും, ശരാശരിയായി പോയ ചിത്രം. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ചരിത്രപ്രധാനമായ ഒരു സംഭവത്തെ കുറിച്ചുള്ള രേഖപ്പെടുത്തല്‍ എന്ന നിലയില്‍ കണ്ടിരിക്കേണ്ട ഒന്നുമാകുന്നു ‘യാത്ര’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook