Wonder Women Movie Review & Rating: എല്ലാ ഋതുക്കളും വിരുന്നെത്തുകയും, അടയാളങ്ങൾ അവശേഷിപ്പിച്ചു പോവുകയും ചെയ്യുന്നൊരു കാലമാണ് ഒരു സ്ത്രീയെ സംബന്ധിച്ച് ഗർഭകാലം. ശാരീരികവും മാനസികവുമായ മാറ്റങ്ങളിലൂടെ, ഭീതിയിലൂടെ, ആവലാതികളിലൂടെ, ബുദ്ധിമുട്ടുകളിലൂടെ, കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയൊക്കെ കടന്നു പോവുന്നുണ്ട് ഓരോ ഗർഭിണിയും. ചിലർക്കെങ്കിലും അതു വിഷാദത്തിന്റെ കൂടെ കാലമാണ്.
ഗർഭവും പ്രസവവും വളരെ സാധാരണവും ജൈവികവുമായ ഒരു പ്രക്രിയ മാത്രമാണെന്ന ധാരണയോടെ സമീപിക്കുന്നവരും ഉണ്ട്.. എന്നാൽ, എല്ലായ്‌പ്പോഴും എല്ലാവരെ സംബന്ധിച്ചും അതത്ര ‘സാധാരണ’മായൊരു പ്രക്രിയയായി കൊള്ളണമെന്നില്ല. എല്ലാ സ്ത്രീകളുടെയും ഗർഭകാലം ഒരുപോലെയുമാവില്ല. വളരെ സാഹസികമായൊരു യാത്രയാണത്, അവിടെ പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും കരുതലും പൂർണമായ മനസ്സിലാക്കലും അത്യന്താപേക്ഷികമാണ്.
സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്ന സിനിമകൾ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു കാലത്ത്, അത്തരമൊരു സന്ദേശം മുന്നോട്ടു വയ്ക്കുന്നു എന്നിടത്താണ് ഒരു കൂട്ടം ഗർഭിണികളെ കേന്ദകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘വണ്ടർ വുമൺ’ പ്രശംസ അർഹിക്കുന്നത്. അതേ സമയം, സിനിമയെന്ന രീതിയിൽ സമീപിക്കുമ്പോൾ ഏറെ ഏച്ചുക്കെട്ടലുകൾ അനുഭവപ്പെടുന്ന ചിത്രം കൂടിയാണ് ‘വണ്ടർ വുമൺ’. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
‘വണ്ടർ വുമണി’ലേക്ക് വരുമ്പോൾ, ഡോക്ടർ നന്ദിതയുടെ ‘സുമന’ എന്ന ഗർഭശുശ്രൂഷ സെന്ററിലെത്തുന്ന ആറു ഗർഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്. ഗർഭകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന സമ്മർദ്ദം കുറയ്ക്കാനും സമാന അവസ്ഥകളിലൂടെ കടന്നു പോവുന്ന സ്ത്രീകളുമായി സൗഹൃദം പങ്കിടാനും അതുവഴി ഗർഭകാലം സന്തോഷകരമായ അനുഭവമാക്കി മാറ്റാനും സഹായിക്കുന്ന സ്ഥാപനമാണ് ‘സുമന.’ നദിയ മൊയ്തുവാണ് ഡോക്ടർ നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഭർത്തൃമാതാവ് എപ്പോഴും അകമ്പടി സേവിക്കുന്ന, തമിഴ് പറയുന്ന കൃഷ്ണവേണി ബാലസുന്ദരം (പത്മപ്രിയ), ഒരു കുഞ്ഞെന്ന സ്വപ്നത്തിനായി ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ച മറാഠി വീട്ടമ്മയായ ജയ (അമൃത സുഭാഷ്), ഗായികയായ സായ (സയനോര), സിംഗിൾ മദറായ മിനി (പാർവതി തിരുവോത്ത്), ബാംഗ്ലൂരിൽ ജനിച്ചു വളർന്ന കരിയറിസ്റ്റായ നോറ (നിത്യ മേനൻ), ‘സുമന’യിലെ തന്നെ സഹായിയും വളരെ സാധാരണക്കാരിയുമായ ഗ്രേസി (അർച്ചന പത്മിനി) എന്നിവരാണ് ആ പുതിയ ബാച്ചിലെ ഗർഭിണികൾ. സ്വഭാവത്തിലും ജീവിതസാഹചര്യങ്ങളിലുമെല്ലാം ഏറെ വ്യത്യസ്തരാണ് ഇവർ ആറുപേരും. അവർ പങ്കിടുന്ന ഏക സമാനത, ഗർഭാവസ്ഥയും ഉള്ളിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് ഒരു ഗർഭിണിയ്ക്ക് സ്വാഭാവികമായും ഉണ്ടാവുന്ന ആശങ്കകളുമാണ്. വ്യത്യസ്തരായ ഈ സ്ത്രീകൾക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും അവരുടെ ജീവിതസാഹചര്യങ്ങളുമൊക്കെ പറഞ്ഞു കൊണ്ട് കഥയുടെ മുന്നോട്ടുള്ള വികാസം. ഒടുവിൽ, ഒരു ഫീൽ ഗുഡ് അനുഭവത്തിലേക്ക് എത്തിച്ചുകൊണ്ട് ‘വണ്ടർ വുമൺ’ അവസാനിക്കുകയും ചെയ്യുന്നു.
ഒരു മണിക്കൂർ 20 മിനിറ്റോളമാണ് ചിത്രത്തിന്റെ ദൈർഘ്യം. മനസ്സിൽ തൊടുന്ന ചില മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെങ്കിലും, അതിനപ്പുറത്തേക്ക് കാഴ്ചക്കാരുമായി കണക്റ്റ് ആവാൻ കഥാപാത്രങ്ങൾക്കോ കഥയ്‌ക്കോ സാധിക്കുന്നില്ല എന്നതാണ് പ്രധാന പോരായ്മ. കഥയുടേതായൊരു ആർക് (Story Arc) ചിത്രത്തിൽ ഇല്ല, കഥാപാത്രസൃഷ്ടിയിലും അതെ. ജീവിതസാഹചര്യങ്ങൾ വെറുതെ പരാമർശിച്ചു പോവുന്നു എന്നല്ലാതെ, കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും വൈകാരികതയും കൃത്യമായി എവിടെയും രേഖപ്പെടുത്തപ്പെടുന്നില്ല.
സ്വാഭാവികതയേക്കാൾ കൃത്രിമത്വമാണ് ‘വണ്ടർ വുമണി’ൽ മുഴച്ചു നിൽക്കുന്നത്. പൊതുസമൂഹത്തിൽ അഭിനേതാക്കൾക്കുള്ള ഇമേജും അവരുടേതായ ഐഡന്റിറ്റിയിലെ ചില പ്രത്യേകതകളുമൊക്കെ നോക്കിയാണോ ചിത്രത്തിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒരുവേള കാഴ്ചക്കാരന് സംശയം തോന്നിയാലും തെറ്റു പറയാനാവില്ല. പത്മപ്രിയയുടെ തമിഴ് പശ്ചാത്തലം, പാർവതി തിരുവോത്തിന്റെ റെബൽ ഇമേജ്, നിത്യയുടെയും സയനോരയുടെയും മോഡേൺ ഗേൾ ലുക്ക്- ഇവയൊക്കെ കഥാപാത്രങ്ങൾക്കും പകർന്നു നൽകിയിട്ടുണ്ട് അഞ്ജലി മേനോൻ. ഇത്തരം പ്രോട്ടോടൈപ്പ് കഥാപാത്രങ്ങളാവട്ടെ, അഭിനേതാക്കൾക്ക് അവരുടെ ജോലി എളുപ്പമാക്കുന്നു. മിനിയിൽ പാർവതിയും നോറയിൽ നിത്യ മേനനുമൊക്കെ തന്നെയാണ് തെളിഞ്ഞു നിൽക്കുന്നത്.
മനേഷ് മാധവന്റെ ഛായാഗ്രഹണം, ഗോവിന്ദ് വസന്തയുടെ സംഗീതം എന്നിവയൊക്കെ മികവു പുലർത്തുമ്പോഴും ആത്യന്തികമായി കഥയോ കെട്ടുറപ്പുള്ള ഒരു തിരക്കഥയോ ഇല്ലെന്നത് ‘വണ്ടർ വുമണി’നെ ഒരു ആവറേജ് സിനിമാകാഴ്ചയാക്കി ഒതുക്കുകയാണ്. ഒന്നു കൂടി ആറ്റികുറുക്കിയെടുത്താൽ നല്ലൊരു ഷോർട്ട് ഫിലിമാക്കാമായിരുന്ന പ്രമേയത്തിന് സിനിമയുടേതായൊരു ക്യാൻവാസും ഫോർമാറ്റും ആവശ്യമായിരുന്നോ എന്ന സംശയമാണ് ‘വണ്ടർ വുമൺ’ ബാക്കി വയ്ക്കുന്നത്.