Viswasam Movie Review: ഒരു വാണിജ്യ സിനിമയുടെ ഏറ്റവും പ്രധാന ഭാഗം തന്നെയാണ് അതിന്റെ ‘ഇന്റര്‍വെല്‍’ എന്നു പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം എത്ര വിരസമായാലും, ആകാംക്ഷയുണര്‍ത്തുന്ന ഒരു ഇടവേള സമ്മാനിച്ച്, പ്രേക്ഷകര്‍ക്ക് സംവിധായകനിലും സിനിമയിലുമുള്ള വിശ്വാസം തിരിച്ചു പിടിക്കുക എന്നത് ഏതൊരു സംവിധായകനെ സംബന്ധിച്ചും വളരെ നിര്‍ണായകമാണ്.

ത്രസിപ്പിക്കുന്ന ഒരു ഇന്റര്‍വെല്‍ പ്രേക്ഷകരെ ഒരു കുട്ടി ബ്രേക്കെടുത്ത് വീണ്ടും തിയേറ്ററിനകത്തേക്ക് തിരിച്ചു കയറാന്‍ പ്രേരിപ്പിക്കുന്നതാണ്. മികച്ചൊരു രണ്ടാം പകുതി തങ്ങളെ കാത്തിരിക്കുന്നു എന്ന് തോന്നിപ്പിക്കലാണ്.  എന്നാല്‍ സംവിധായകന്‍ ശിവയ്ക്ക് അത്ര പോലും ഉറപ്പ് നല്‍കാന്‍ കഴിഞ്ഞില്ല. മുംബൈയിലെ കോരിച്ചൊരിയുന്ന മഴയില്‍, ഒരു സംഘട്ടന രംഗത്തിനു ശേഷം, തൂക്കു ദുരൈ (അജിത്) ‘വിശ്വാസ’ത്തിന്റെ മുഴുവന്‍ കഥയും, തന്റെ മകള്‍ ശ്വേത (ഭാരത് റെഡ്ഡി)യുടെ രക്തത്തിനു വേണ്ടി മത്സരിക്കുന്ന വില്ലനോട് പറയുകയാണ്.

 

ദുരൈ വില്ലനോട് (ജഗപതി ബാബു അവതരിപ്പിച്ച കഥാപാത്രം) പറയുന്നത് ഇങ്ങനെയാണ്: ഭാര്യ ഉപേക്ഷിച്ചു പോയൊരു മനുഷ്യനോട്, മകളെ കാണുന്നതില്‍ നിന്നു പോലും വിലക്കപ്പെട്ട, അവള്‍ക്കൊപ്പമിരിക്കാന്‍ സാധിക്കാത്ത, അവള്‍ വളരുന്നത് കാണാന്‍ കഴിയാത്തതിന്റെ കുറ്റബോധം പേറി ജീവിക്കുന്ന ഒരാളോട് ഒരിക്കലും ഇടയാന്‍ നില്‍ക്കരുത്. കാരണം, തന്റെ മകളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി അയാള്‍ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ദൈവത്തിനു പോലും അവനെ തടയാന്‍ സാധിക്കില്ല. അതാണ് ‘വിശ്വാസ’ത്തിന്റെ രത്നച്ചുരുക്കം.

തന്റെ തന്നെ മുന്‍ ചിത്രങ്ങളായ ‘വീരം’, ‘വേതാളം’ എന്നിവയിലെല്ലാം കണ്ടു കഴിഞ്ഞ കഥാപാത്രങ്ങളെ തന്നെയാണ് ശിവ ‘വിശ്വാസ’ത്തിലും അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന സന്തോഷവാനായ ആണ്‍കുട്ടി. സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഹൃദയവും ഉരുക്കുകൊണ്ടുള്ള പേശികളുമാണ് അവന്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും, തൊഴില്‍ രഹിതരായ ആളുകള്‍ക്കുമെല്ലാം അയാള്‍ പ്രിയപ്പെട്ടവനാണ്. ഗ്രാമത്തിലെ ചില മനസാക്ഷിയില്ലാത്ത ആളുകള്‍ക്ക് മാത്രമാണ് അവനെ ഇഷ്ടമല്ലാത്തത്.

അല്ല, ‘വീര’ത്തിലെ വിനായഗത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇവിടെ അവന്റെ പേര് തൂക്കു ദുരൈ എന്നാണ്. അവന്‍ വളരെ സുന്ദരിയും സമ്പന്നയും വിദ്യാസമ്പന്നയും സല്‍സ്വഭാവിയുമായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. ജോലി സംബന്ധമായ കാരണത്തിനാണ് അവള്‍ അവന്റെ ഗ്രാമത്തില്‍ എത്തുന്നത്. വീണ്ടും പറയട്ടെ, അവളുടെ പേര് കൊപ്പുരം ദേവി എന്നല്ല. ഈ ചിത്രത്തില്‍ അവള്‍ നിരഞ്ജന (നയന്‍താര) എന്നാണ് അറിയപ്പെടുന്നത്.

Read in English: ‘തല’യുടെ ഭാര്യയായി ‘തലൈവി’: ‘വിശ്വാസം’ സിനിമയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനായി ഗ്രാമത്തില്‍ എത്തുന്ന ഒരു ഡോക്ടറാണ് നിരഞ്ജന. ഒരു പാട്ടിനും കുറച്ച് രംഗങ്ങള്‍ക്കും ശേഷം അവള്‍ ദുരൈയോട് തന്നെ വിവാഹം കഴിക്കാന്‍ പറയുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം പോലും അവള്‍ വേണ്ടെന്നു വയ്ക്കുന്നു. പിന്നീട് അവളുടെ കരിയറിന് എന്ത് സംഭവിക്കുന്നു എന്ന് നമ്മള്‍ അറിയുന്നതേയില്ല. അതേക്കുറിച്ച് സിനിമയില്‍ പിന്നീട് ഒന്നും സൂചിപ്പിക്കുന്നില്ല. രണ്ടാം പകുതിയില്‍ നമ്മള്‍ നിരഞ്ജനയെ കാണുന്നത് വളരെ സമര്‍ത്ഥയായ ഒരു വ്യവസായിയായാണ്. യാതൊരു തുടര്‍ച്ചയും ഇല്ല.

ഒരു വിധം ക്ലൈമാക്‌സില്‍ എത്തുന്നതു വരെ സംവിധായകന്‍ ഒന്നും ശ്രദ്ധിക്കുന്നില്ല. ഒരു പാട്ടില്‍ നിന്നും കുടുംബത്തിന്റെ സെന്റിമെന്റ്‌സിലേക്കും അവിടെ നിന്നും ഫൈറ്റിലേക്കും വീണ്ടും പാട്ടിലേക്കും ചാടിക്കൊണ്ടിരിക്കുകയാണ്. അത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഒന്നിനു പുറകെ ഒന്നായി വരുന്ന ഏകമാനമായ കഥാപാത്രങ്ങള്‍ കൊണ്ട് നിറച്ചു വച്ചിരിക്കുകയാണ് സംവിധായകന്‍ ‘വിശ്വാസ’ത്തെ.

Read more: ‘വിശ്വാസം’ ചിത്രീകരണത്തിനിടെ നര്‍ത്തകന്റെ മരണം, കുടുംബത്തിന് താങ്ങായി ‘തല’

തന്റെ കൗമാരക്കാരിയായ മകള്‍ ആക്രമിക്കപ്പെടുന്ന സമയത്ത് തന്നെ ദുരൈ മുംബൈയില്‍ എത്തുന്നു. സ്വാഭാവികമായും അയാള്‍ അവളുടെ ജീവന്‍ രക്ഷിക്കുന്നു. പിന്നീട് അവളോട് അടുക്കുന്നു. ഭര്‍ത്താവിന് കുടുംബത്തോടുള്ള സ്‌നേഹം തിരിച്ചറിയുമ്പോള്‍ നിരഞ്ജനയുടെ ഹൃദയത്തിന് മാറ്റമുണ്ടാകുമോ എന്നതാണ് ഇവിടുത്തെ പ്രധാന വിഷയം. എന്താണ് സംവിധായകന്‍ ചിന്തിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. തീര്‍ത്തും സ്വാഭാവികമായ ഇത്തരമൊരു ഘടകം കൊണ്ട് ആകാംക്ഷയുണര്‍ത്താം എന്നാണോ അദ്ദേഹം കരുതുന്നത്. ദുരൈയും നിരഞ്ജനയും ഒന്നിക്കുന്നതോ അല്ലാത്തതോ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവസാനം വരെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ഒരു വൈകാരിക ഘടകമല്ലെന്ന് ആരും അദ്ദേഹത്തിന് പറഞ്ഞു കൊടുത്തില്ലേ? കഴിഞ്ഞ നൂറും വര്‍ഷമായി ഇന്ത്യന്‍ സിനിമയില്‍, എല്ലാ കുടുംബ ചിത്രങ്ങളിലും സംഭവിക്കുന്നത് ഇതു തന്നെയാണ്.

 

ചിത്രത്തിന്റെ ഈ കഥയില്ലായ്മയെയും, പുതുതായി ഒന്നും പറയാനില്ല എന്ന വസ്തുതയേയും മറികടക്കാന്‍ അജിത് തന്റെ ‘ചാം’ കൊണ്ട് രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.  എന്നാല്‍ ശിവയുടെ സിനിമകളില്‍ നമ്മളിതെല്ലാം ആവര്‍ത്തിച്ച് കണ്ടതാണ്. ആവശ്യത്തിലധികമുള്ള വൈകാരികതയും നരേറ്റീവ് ടെക്‌നിക്‌സും കുത്തിനിറച്ച ഒരു സിനിമയെ വില്‍ക്കാന്‍ അജിത്തിനു മാത്രമേ സാധിക്കൂ. നയന്‍താര, തമ്പി ദുരൈ, റോബോ ശങ്കര്‍, കോവൈ സരള തുടങ്ങിയ കഴിവുറ്റ താരങ്ങളുടെയെല്ലാം സാന്നിദ്ധ്യം പാഴായിപ്പോയി.

Read More: ‘തല’ കൂളാണ്, കെയറിങ്ങും: അനിഘ

‘വീര’ത്തില്‍ അജിത് തന്റെ ഭാര്യയുടെ കുടുംബത്തെയാണ് രംക്ഷിക്കുന്നത്. ‘വേതാള’ത്തില്‍ തന്റെ വളര്‍ത്തു സഹോദരിയെ രക്ഷിക്കുന്നു. ‘വിശ്വാസ’ത്തില്‍ മകളെ സംരക്ഷിക്കുന്നു. ഒരു നീണ്ട ഇടവേളയെടുത്ത്, പ്രേക്ഷകരെ മോശം സിനിമകളില്‍ നിന്നും രക്ഷിക്കുന്ന കാര്യം അജിത്തും ശിവയും പരിഗണിക്കേണ്ടതാണ്.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook