Kamal Haasan Fahadh Fasil Vijay Sethupathi starrer Vikram Movie Review & Rating: കമൽഹാസൻ എന്ന ഇതിഹാസത്തിന് ലോകേഷ് കനകരാജ് എന്ന ഫാൻ ബോയ് നൽകിയ ആദരമാണ് ‘വിക്രം’. കമൽഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവർ കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് കാഴ്ചയുടെ ഉത്സവ ലഹരി സമ്മാനിക്കുകയാണ് സംവിധായകൻ ലോകേഷ്.
മയക്കുമരുന്നുമായി എത്തിയ രണ്ടു കണ്ടെയ്നറുകൾ ചെന്നൈയിൽ വച്ച് കാണാതാവുന്നു. അതു തിരികെ പിടിക്കാൻ ലോക്കൽ ഗ്രൂപ്പുകൾ അന്വേഷിക്കുന്നു. അതേസമയം തന്നെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥർ കൊല ചെയ്യപ്പെടുന്നു. മാസ്ക്ധാരികളായ ഒരു സംഘമാണ് സമാന പാറ്റേണിലുള്ള മൂന്നു കൊലപാതകങ്ങളും നടത്തുന്നത്. ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാനെത്തുകയാണ് അമർ (ഫഹദ് ഫാസിൽ). അതിനിടയിൽ അന്വേഷണത്തിനു സമാന്തരമായി വീണ്ടും ആവർത്തിക്കുന്ന കൊലപാതകങ്ങൾ. ഇതിനെല്ലാം പിന്നിലെ കുത്തുകൾ യോജിപ്പിച്ച് ഒടുവിൽ സത്യത്തിലേക്ക് എത്തിച്ചേരുകയാണ് അമർ. അവിടുന്നങ്ങോട്ട് ഒരു പ്രതികാരത്തിന്റെ തീ ആളിപടരുകയാണ്.
ആദ്യപകുതിയിൽ നിറഞ്ഞുനിൽക്കുന്നത് ഫഹദ് ഫാസിലാണ്. മികച്ച പ്രകടനം കാഴ്ച വയ്കക്കുന്ന ഫഹദ് ആക്ഷൻ സീനുകളിലും തിളങ്ങുന്നുണ്ട്. രണ്ടാം പകുതിയിൽ, ഫഹദിൽ നിന്നും ബാറ്റൺ വാങ്ങി പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നയിക്കുകയാണ് കമൽഹാസൻ. അപാര പ്രകടനമാണ് ഉലകനായകൻ കാഴ്ച വയ്ക്കുന്നത്. മലയാളത്തിലെ പുതുതലമുറയിലെ നടന്മാരിൽ തനിക്കേറെയിഷ്ടമുള്ള നടനാണ് ഫഹദെന്ന് മുൻപ് കമൽഹാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫഹദിന്റെ കഥാപാത്രത്തിന് ‘വിക്ര’ത്തിൽ ലഭിക്കുന്ന പ്രാമുഖ്യവും ചേർത്തുനിർത്തലുകളും ഇരുതാരങ്ങൾക്കുമിടയിലെ സ്നേഹവായ്പു കൂടി വെളിവാക്കുന്നതാണ്.
വിജയ് സേതുപതിയുടെ നെഗറ്റീവ് വേഷവും മികച്ചു നിൽക്കുന്നു. വേറിട്ട മാനറിസങ്ങളോടെയാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ സ്ക്രീൻ സ്‌പേസ് ലോകേഷ് നൽകിയിട്ടുണ്ട്. ചെമ്പൻ വിനോദ്, നരേയ്ൻ, കാളിദാസ് ജയറാം എന്നിവരുടെ കഥാപാത്രങ്ങളും കഥയിൽ ഏറെ പ്രാധാന്യത്തോടെ നിറഞ്ഞു നിൽക്കുന്നു. ഏജന്റ് ടീന എന്ന കഥാപാത്രവും ആക്ഷൻ സീനുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.

മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് കമൽഹാസൻ തന്നെ അവതരിപ്പിച്ച ഏജന്റ് വിക്രം എന്ന കഥാപാത്രത്തെ രസകരമായി തന്നെ കഥയോട് കൂട്ടിയിണക്കിയിട്ടുണ്ട്. ലോകേഷിന്റെ ‘കൈതി’ എന്ന ചിത്രത്തിലെ റഫറൻസുകളും വിക്രത്തിൽ കാണാം. വിക്രം കാണാൻ പോവുന്നതിനു മുൻപ് കൈതി ഒന്നു കൂടി കണ്ടിരിക്കുന്നത് ആസ്വാദനത്തിന് ഗുണം ചെയ്യും.
വൃത്തിയായി എടുത്ത ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. വിഷ്വൽ ട്രീറ്റ്മെന്റാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ്. ഗിരീഷ് ഗംഗാധരന്റെ ക്യാമറയും ലോകേഷ് കനകരാജിന്റെ ക്ലാസ് മേക്കിംഗും അനിരുദ്ധിന്റെ പവർപാക്ക് ബിജിഎമ്മും ചേരുമ്പോൾ മികച്ച തിയേറ്റർ അനുഭവമാണ് ‘വിക്രം’ സമ്മാനിക്കുന്നത്. വരാനുള്ളത് ഇതിലും വലുതെന്ന ക്ലൂ പ്രേക്ഷകന് നൽകിയാണ് ക്ലൈമാക്സ് അവസാനിക്കുന്നത്. ഏതാനും സെക്കന്റുകൾ മാത്രം വന്നു പോവുന്ന സൂര്യയുടെ അതിഥിവേഷം സ്ക്രീനിൽ സൃഷ്ടിക്കുന്ന ഇംപാക്റ്റ് അന്യായമാണ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ കമല്‍ഹാസന്‍ തന്നെയാണ് വിക്രം നിര്‍മ്മിച്ചിരിക്കുന്നത്.