Marconi Mathai movie Review: കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള തമിഴ് സിനിമാ താരമാണ് വിജയ് സേതുപതി. താരത്തിന്റെ ഓരോ ചിത്രത്തിനും മലയാളികളും കാത്തിരിക്കുന്നത് പതിവാണ്. അങ്ങനെയുള്ള വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന ഒരൊറ്റ കാരണം മതി ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തെ പ്രക്ഷകരുടെ ശ്രദ്ധയിലെത്തിക്കാന്‍. എന്നാല്‍ വിജയ് സേതുപതിയെ പോലൊരു അഭിനേതാവിനേയും താരത്തേയും ലഭിച്ചിട്ടും അതിന്റെ പത്തിലൊന്ന് പോലും ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ പോയ ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’

ചിത്രത്തിലേക്ക് വരുമ്പോള്‍, കഥ മാത്രമല്ല പഴയത് ആ പഴകിയ വീഞ്ഞ് ഇട്ട് വച്ച കുപ്പിപോലും പഴകി ചീഞ്ഞതാണെന്നതാണ്. കണ്ട് മടുത്ത കഥകള്‍ പോലും നല്ല വൃത്തിയുള്ള മനോഹരമായി കുപ്പിയിലിറക്കി അവതരിപ്പിച്ചാല്‍ കുറച്ചൊക്കെ പുതുമ തോന്നിയെന്ന് വരാം, പക്ഷെ രണ്ടും കണ്ടുമടുത്തതും ഇനിയും കാണാന്‍ ആഗ്രഹിക്കാത്തതുമാണെങ്കിലോ?

വര്‍ഷങ്ങളായി ജയറാം സിനിമകളിലെ പ്രധാന കഥാതന്തുക്കളിൽ ഒന്ന് പുരനിറഞ്ഞു നില്‍ക്കുന്ന ജയറാം കഥാപാത്രത്തെ കല്യാണം കഴിപ്പിക്കുക എന്നതാണ്. അതിന് മുന്‍കൈ എടുക്കാന്‍ തന്നേക്കാള്‍ പ്രായം ചെന്ന സുഹൃത്തുക്കളും സമപ്രായക്കാരും ഇളയവരും അടങ്ങുന്ന ഒരു ചങ്ങാതി വലയം, സ്‌നേഹനിധികളായ സഹോദരിമാരും സുഹൃത്തുക്കളുടെ ഭാര്യമാരുമൊക്കെ അടങ്ങുന്ന വലിയൊരു സംഘം തന്നെയുണ്ടാകും. എല്ലാവരുടേയും സന്തോഷം മാത്രം ആഗ്രഹിക്കുന്ന നന്മയുടെ വന്മരമായ ജയറാമിന്റെ നായക കഥാപാത്രത്തിന് മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരുക എന്നത് കഴിഞ്ഞ് സ്വന്തം ജീവിതം ജീവിക്കാനുള്ള സമയം കാണുകയേയില്ല. ഒടുവില്‍ ഒരു ദിവസം ചുറ്റുമുള്ള നന്മവലയം തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയുകയും നായകനെ കല്യാണം കഴിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ജയറാം ഈ കഥ പറയാന്‍ തുടങ്ങിയിട്ട് എത്ര കൊല്ലമായെന്ന് ഒരു പിടിയുമില്ല. സ്വയംവര പന്തലില്‍ (അതോ അതിലും മുമ്പേയോ) തുടങ്ങിയ കല്യാണ ആലോചന ‘മാര്‍ക്കോണി മത്തായി’യിലും തുടരുന്നു.

കല്യാണം തീരുമാനിച്ചാല്‍ പിന്നെ നായിക വേണം, ചരിത്ര ദൗത്യമെന്ന പോലെ നിരാലംബയും സാധുവും ഒരാളുടെ താങ്ങും തണലും ‘ആവശ്യപ്പെടുന്ന’ നായിക അവിടെ അവതരിക്കും. പിന്നെയൊക്കെ ചരിത്രമാണ്. ഇവിടെയും ഈ പറഞ്ഞതിനൊന്നും ഒരു മാറ്റവുമില്ല. ആകെയുള്ള വ്യത്യാസം നായകനും നായികയും സമൂഹത്തിലെ ‘താഴെത്തട്ടി’ലുള്ള, അരികുവത്കരിക്കപ്പെടുന്ന ജീവിതങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നതാണ്. കഥ നടക്കുന്നത് ഒരു ബാങ്കിലാണ്. അവിടുത്തെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ജയറാമിന്റെ മത്തായി. അതേ ബാങ്കിലെ ജീവനക്കാരിയാണ് നായിക. അരികുവത്കരിക്കപ്പെടുന്ന ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളാണിത്. എന്നാല്‍ കഥയില്‍ ഒരിടത്തും തങ്ങള്‍ പ്രതിനിധീകരിക്കുന്ന ജീവിതങ്ങളോട് രണ്ട് കഥാപാത്രങ്ങളും നീതിപുലര്‍ത്തുന്നില്ലെന്ന് മാത്രമല്ല അടുത്തു നില്‍ക്കുന്നത് പോലുമില്ല.

Read More: സൗഹൃദമാണ് കാര്യം: വിജയ്‌ സേതുപതിയെ മലയാളത്തില്‍ എത്തിച്ചതിനെക്കുറിച്ച് ജയറാം

കഥ നടക്കുന്ന ബാങ്ക് സ്ഥിതി ചെയ്യുന്ന ഇടം മുതല്‍ കഥാപാത്രങ്ങളുടെ രൂപീകരണത്തിൽ പോലും തിരക്കഥാകൃത്തോ സംവിധായകനോ തെല്ലും ശ്രദ്ധ പുലര്‍ത്തിയിട്ടില്ലെന്ന് ചിത്രത്തിന്റെ ആദ്യ രംഗങ്ങളില്‍ നിന്നും വ്യക്തമാണ്. കേന്ദ്ര കഥാപാത്രമായ മത്തായിയ്ക്ക് റേഡിയോയോടുള്ള ഇഷ്ടത്തില്‍ നിന്നുമാണ് മാര്‍ക്കോണി മത്തായി എന്ന് പേര് ലഭിക്കുന്നത്. ബാങ്കിലെ റേഡിയോയില്‍ എഫ്എം കിട്ടാനായി മത്തായി നടത്തുന്ന ശ്രമത്തില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ഈ കാലത്ത് ഒരു ബാങ്കും അതിനടുത്ത അങ്ങാടിയുമെല്ലാം എഫ്എമ്മില്‍ നിന്നും വരുന്ന പാട്ടിനായി കാതോര്‍ത്തിരിക്കുന്ന കാഴ്ച ദഹിക്കാന്‍ പാടുള്ളതാണ്. എന്നാല്‍ കഥ നടക്കുന്നത് ഏതെങ്കിലും ഭാവനാലോകത്താണെന്ന് കരുതിയാല്‍ അതും അല്ലെന്ന് പോകെ പോകെ ബോധ്യപ്പെടും.

നേരത്തെ പറഞ്ഞത് പോലെ നായകനും നായികയും ഒരേ ക്ലാസിനെ പ്രതിനിധീകരിക്കുന്നവരാണ്. പക്ഷെ ആണും പെണ്ണും ആയതിനാല്‍ നായികയെ പതിവ് പോലെ രണ്ടാംതരക്കാരിയാക്കിയിരിക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളും തിരക്കഥയും നായികയ്ക്ക് നല്‍കുന്ന വില അത്രമാത്രം ചെറുതാണ്. നായിക എന്നാല്‍ നായകന്റെ തണല്‍ ആഗ്രഹിക്കുന്ന വെറും പെണ്ണ് മാത്രമായി മാറുന്നു ചിത്രത്തില്‍. റോഡ് മുറിച്ച് കടക്കാന്‍, നായകന് ചോറുരുട്ടി കൊടുക്കാന്‍, നായകന് ഒരു ജീവിതം നല്‍കാന്‍ അങ്ങനെ അങ്ങനെ. ചിത്രത്തില്‍ അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോള്‍ നായകനെ തേടി നായിക ഗോവയിലെത്തുന്നുണ്ട്. റോഡ് മുറിച്ചു കടക്കാന്‍ പോലും പേടിയുള്ള പെണ്ണ് തന്റെ പ്രിയപ്പെട്ടവനെ തേടി ഗോവയിലെത്തുന്നുണ്ടെങ്കില്‍ അവള്‍ അതിനോടകം കൈവരിച്ച ധൈര്യം വേറെ തന്നെയായിരിക്കും. എന്നാല്‍ ഗോവയിലെത്തുമ്പോഴേക്കും പെണ്ണ് വീണ്ടും വെറും പെണ്ണ് മാത്രമാകുന്നു, അവള്‍ക്ക് പുരുഷന്റെ സഹായമില്ലാതെ അവിടേയും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ജയറാം സിനിമകളുടെ സ്ഥിരം ഇമോഷണല്‍ ഔട്ട്‌ബ്രേക്ക് രംഗമാണ് സ്‌നേഹിച്ചവര്‍ തള്ളിപ്പറയുക, അല്ലെങ്കില്‍ ജീവനെപ്പോലെ കരുതിയവര്‍ക്കിടയില്‍ നിന്നും അപമാനിതനായി ഇറങ്ങി പോവുക എന്നതൊക്കെ. ആ ശീലം മത്തായിയും തുടരുന്നുണ്ട്. ഏതോ കാലത്ത് മലയാള സിനിമ ഉപേക്ഷിച്ച ഈ രംഗം പ്രേക്ഷകരുമായി ഒട്ടും കണക്ട് ചെയ്യാതെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തില്‍. ചിത്രത്തിലെ മിക്ക ‘വൈകാരിക’ രംഗങ്ങളും ഇതുപോലെ ഇമോഷണലി പ്രേക്ഷകരുമായി കണക്ട് ആകുന്നില്ല. അതിനുള്ള ശ്രമം പോലും സംവിധായകന്റേയോ അഭിനേതാക്കളുടേയോ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. സൗഹൃദം, പ്രണയം, ദുഖം തുടങ്ങിയ വികാരങ്ങളൊന്നും സ്‌ക്രീനിന് പുറത്തേക്ക് സഞ്ചരിക്കുന്നതേയില്ല.

തുടക്കത്തില്‍ പറഞ്ഞതുപോലെ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് ആയിരുന്നു വിജയ് സേതുപതി. എന്നാല്‍ സേതുപതിയെന്ന അതുല്യ നടനെ ഒരുതരത്തിലും ചിത്രത്തിന് ഉപയോഗിക്കാനായിട്ടില്ല. വിജയ് സേതുപതിയായി തന്നെ അദ്ദേഹം എത്തുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമയ്ക്ക് പുറത്തുള്ള പെരുമാറ്റ രീതിയും സംസാരശൈലിയുമൊക്കെ ചിത്രത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പക്ഷെ അത് സേതുപതിയെന്ന നടന്റെ മികവ് മാത്രമാണ്. സേതുപതിയല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ചെയ്യാവുന്നൊരു സാധാരണ കഥാപാത്രം. അദ്ദേഹത്തിലെ നടനെ വെല്ലുവിളിക്കുന്നതോ താരത്തെ തൃപ്തിപ്പെടുത്തുന്നതോ ആയ ഒരു രംഗം പോലും ചിത്രത്തിലില്ല.

പലതും പറഞ്ഞ് പൂർത്തിയാക്കാതെ കടന്നു പോകുന്ന കെട്ടുറപ്പില്ലാത്ത തിരക്കഥ, പുതുമയില്ലാത്ത മേക്കിങ്, ഉപയോഗപ്പെടുത്താനാവാതെ പോയ താരനിര, ഓര്‍ത്തുവെക്കാന്‍ ഒന്നും നല്‍കാതെ അവസാനിക്കുന്ന ചിത്രം എന്നാകും ‘മാര്‍ക്കോണി മത്തായി’യെ വിശേഷിപ്പിക്കാനാവുക. തുടങ്ങിയിടത്തു നിന്ന് വട്ടം തിരിയുന്ന ജയറാം, വിജയ് സേതുപതിക്കും രക്ഷിക്കാനാകാത്ത സിനിമ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook