Vijay ‘Bigil’ Movie Review: ഒരു വിജയ് ചിത്രത്തിന് തിയ്യറ്ററിലേക്ക് പോകും മുന്‍പു തന്നെ മനസിലൊരു തീരുമാനമെടുക്കേണ്ടതുണ്ട്. മറ്റ് സിനിമകളെ കാണുന്നത് പോലെ വിജയ് ചിത്രത്തെ കാണാനാകില്ല എന്ന്. വിജയ് ചിത്രങ്ങള്‍ വേറെ തന്നൊരു ഴോണറായി കാണേണ്ട ഒന്നാണ്. ചിത്രത്തിന്റെ ആദ്യ സീനിനും മുന്‍പ്, ടീസറോ ടെയ്‌ലറോ ഇറങ്ങും മുന്‍പ് തന്നെ വരാനിരിക്കുന്നത് എന്താണെന്ന് നമുക്കൂഹിക്കാന്‍ സാധിക്കും. അറിയേണ്ടത് ഒന്ന് മാത്രമാണ്. നടന്നു തീര്‍ന്ന, നടന്നു കാല് തേഞ്ഞ ആ വഴി ഇനിയും ആസ്വാദ്യകരമാകുമോ എന്ന്. അത് ഇനിയും ആസ്വദിക്കാന്‍ നമുക്ക് സാധിക്കുമോ എന്ന്. ഇത്തവണയും അതിലൊരു മാറ്റവുമില്ല.
‘തെറി’യ്ക്കും ‘മെര്‍സ’ലിനും ശേഷം വിജയിയും ആറ്റ്ലീയും മൂന്നാമാതായി (തുടര്‍ച്ചയായി) ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗില്‍’. ട്രോളുകള്‍ പറയുന്നത് പോലെ ‘രക്ഷകന്‍’ ചിത്രം തന്നെയാണ് ‘ബിഗിലും’. പക്ഷെ, കഥയെന്താണെന്ന് അറിഞ്ഞിരുന്നിട്ടും വിജയ് ചിത്രങ്ങള്‍ക്ക് ഒരിക്കലും പ്രേക്ഷകരുടെ കുറവുണ്ടായിട്ടില്ല. എന്തു കൊണ്ട് ? എന്റര്‍ടെയ്ന്‍മെന്റ്.
ഇഷ്ട താരം സക്രീനില്‍ ആടുന്നതും പാടുന്നതും തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് കസറുന്നതും വില്ലന്മാരെ എടുത്തിട്ട് അലക്കുന്നതും പിന്നെ ആളുടെ വക കുറച്ച് സാരോപദേശവും. ഒരു ശരാശരി വിജയ് ഫാനിനെ തൃപ്തിപ്പെടുത്താന്‍ ഇതൊക്കെ ധാരാളം. ഈ ചേരുവകളെല്ലാം ചേര്‍ത്തു തന്നെ ആറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘ബിഗില്‍’. ‘ഭഗവതി’യില്‍ തുടങ്ങി വച്ചത് ഇപ്പോഴും തുടരുകയാണ് വിജയ്.
Vijay ‘Bigil’ Movie Review: സിനിമ തുടങ്ങുന്നത്, കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരത്തില്‍ നിന്നുമാണ്. കോളേജ് ഇടിച്ചു നിരത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് സമരം. പിന്നാലെ മന്ത്രി സമരക്കാരുമായി സംസാരിക്കാനെത്തുന്നു. സമരക്കാര്‍ മന്ത്രിയുടെ വാക്കുകേള്‍ക്കുന്നില്ല (സ്വാഭാവികം). മന്ത്രി തന്റെ ഗുണ്ടകളെ ഇറക്കി സമരം കലക്കുന്നു (സ്വാഭാവികം). പൊലീസ് ലാത്തി ചാര്‍ജ്. പ്രതീക്ഷിച്ചത് പോലെ വിദ്യാര്‍ത്ഥികളെല്ലാം ഓടിയെത്തുന്നത് നായകന്റെ കോട്ടയായ കോളനിയില്‍ (തികച്ചും സ്വാഭാവികം). ഗുണ്ടകളെ എല്ലാം അടിച്ചൊതുക്കി നായകന്‍ ഓടിക്കുന്നു. ഇതോടെ വിദ്യാര്‍ത്ഥികളെല്ലാം നായകന് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നു. ഇനിയങ്ങോട്ട് വരാനിരിക്കുന്ന ഓരോ സീനും എന്താണെന്ന് ഇവിടെ തന്നെ വ്യക്തം. എന്തിനും ഏതിനും സഹായവുമായി ജനങ്ങള്‍ ഓടിയെത്തുന്ന ആളാണ് കഥാനായകനായ ഗ്യാങ്‌സ്റ്റര്‍.
ആദ്യത്തെ അരമണിക്കൂര്‍ നായകനും നായികയ്ക്കും വേണ്ടിയുള്ളതാണ്. ഇരുവരുടേയും ‘വ്യത്യസ്ത’മായ പ്രണയത്തിനുള്ള ഇന്‍ട്രോയ്ക്കും പാട്ടിനുമുള്ളതാണ് ഈ സമയം. പിന്നാലെ ചിത്രം പ്രധാനകഥയിലേക്ക് കടക്കുന്നു. ഗ്യാങ്സ്റ്ററായ നായകന്റെ സഹോദരന്‍ തമിഴ്‌നാട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാണ്. നായകന്‍ കാരണം സഹോദരന്‍ അപകടത്തില്‍ പെടുന്നതും പിന്നീട് നായകന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതുമാണ് ചിത്രത്തിന്റെ കഥ (സെലക്ഷന്‍ കമ്മിറ്റി എന്നതൊക്കെ പ്രഹസനം അല്ലേ എന്ന് തോന്നരുത്, വരാനിരിക്കുന്നത് അതിലും വലുതാണ്).
Vijay ‘Bigil’ Movie Review: പ്രധാനകഥയിലേക്ക് പോകും മുന്‍പ് നമ്മളെ ആറ്റ് ലി ഫ്‌ളാഷ് ബാക്കിലേക്ക് കൊണ്ടും. ഫ്‌ളാഷ് ബാക്കില്‍ വിജയ് രണ്ട് വേഷങ്ങളിലാണെത്തുന്നത്. മൈക്കിളും മൈക്കളിന്റെ പിതാവ് രായപ്പനും. രായപ്പന്‍ ഒരു ലോക്കല്‍ ഗ്യാങ്‌സ്റ്ററാണ്. തന്റെ ആളുകള്‍ക്ക് വേണ്ടി കത്തിയെടുത്തവന്‍. പക്ഷേ തന്റെ മകന്‍ അങ്ങനെ ആയി തീരരുതെന്ന് രായപ്പന്‍ ആഗ്രഹിക്കുന്നു. അടുത്ത തലമുറയെങ്കിലും രക്ഷപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ സ്വപ്നം.
രായപ്പന്‍ മനസിലേക്ക് കൊണ്ടു വന്നത് പാ രഞ്ജിത്തിന്റെ ‘കാല’യെയാണ്. നര കേറിയ മുടിയും ആ കാറും വേഷവും അവരുടെ വീടിന്റെ സ്ഥാനവുമെല്ലാം ‘കാല’യെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒന്ന് വിജയിയുടെ സ്ഥിരം വേഷമാണെങ്കില്‍ മറ്റൊന്ന് ഇതു വരെ ചെയ്യാത്ത വേഷമാണ്. തല നരച്ചതും ഡയലോഗ് ഡെലിവറിയിലെ ശാന്തതയും ഒഴിച്ചാല്‍ രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും തോന്നുന്നില്ല.
Vijay ‘Bigil’ Movie Review: ചിത്രത്തിന്റെ പ്രധാന കഥയിലേക്ക് തിരികെ വരുന്നത് രണ്ടാം പകുതിയിലാണ്. അതു കൊണ്ട് തന്നെ രണ്ടാം പകുതിയില്‍ ഒരുപാട് കാര്യങ്ങള്‍ വേഗത്തില്‍ പറഞ്ഞു പോകുന്നു. ഒന്നാം പാതിയിലുണ്ടായിരുന്ന ഇഴച്ചില്‍ രണ്ടാം പകുതിയില്‍ അത്രയില്ല. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കഥയായതുകൊണ്ട് തന്നെ രണ്ടാം പകുതി മുഴുവനും സ്ത്രീ ശാക്തീകരണത്തിനായി മാറ്റി വച്ചിരിക്കുകയാണ്. പക്ഷെ, സത്യത്തില്‍ എന്താണോ ചിത്രം പറയാന്‍ ശ്രമിക്കുന്നത്, അതിന്റെ നേര്‍ വിപരീതമാണ് ചെയ്തു വയ്ക്കുന്നത്. ഏറ്റവും മികച്ച ഉദാഹരണം ചിത്രത്തില്‍ വിജയ് പറയുന്നൊരു ഡയലോഗാണ്. ‘വിജയിച്ച ഏതൊരു ആണിന്റേയും പിന്നിലൊരു പെണ്ണുണ്ട് എന്നാണ്. എന്നാല്‍ വിജയിച്ച ഏതൊരു പെണ്ണിന്റേയും പിന്നില്‍ ഉറപ്പായും ഒരു ആണുണ്ട്’. നായകന്റെ ‘രക്ഷാധികാരി ചമയ’ലാണ് ചിത്രത്തിന്റെ ഏറിയ പങ്കും.
മറ്റൊരു ഉദാഹരണം, തന്നെ ആക്രമിച്ച, തന്റെ സ്വപ്നങ്ങളെല്ലാ തകര്‍ത്ത പുരുഷന്റെ മുഖത്ത് നോക്കി തനിക്ക് തോല്‍ക്കാന്‍ മടിയില്ലെന്ന് പറഞ്ഞു കൊണ്ട് നടന്നു വരുന്ന അനിതയുടെ രംഗമുണ്ട്. ചിത്രത്തിലെ അല്‍പ്പമെങ്കിലും കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഭാഗങ്ങളിലൊന്നാണിത്. സ്ലോ മോഷനില്‍ നടന്നു വരുന്ന അനിതയുടെ സ്ക്രീന്‍ സ്പെയിസിലേക്ക് നായകന്‍ കേറി വന്ന് ഉപദേശിക്കുന്നതാണ് പിന്നെ കാണുന്നത്. എപ്പോഴൊക്കെ സ്ത്രീകളുടെ സ്വപ്‌നങ്ങളെ കുറിച്ചും ശാക്തീകരണത്തെ പറയുന്നുവോ അപ്പോഴെല്ലാം വിജയ് രക്ഷാധികാരിയായി എത്തുന്നു. പറയുന്ന ആശയത്തിന്റെ മൊത്തം പ്രാധാന്യവും ഇതാക്കുകയാണ് ഇതിലൂടെ
ഒരുപാട് തരത്തിലുള്ള അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുള്ള വ്യക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍ ആറ്റ്ലി. നിറത്തിന്റെ പേരിലടക്കം ആറ്റ്ലി ഇന്നും അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നു. ഇതേ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ തന്നെ അധിക്ഷേപിക്കുന്നവര്‍ക്ക് ആറ്റ്ലി നല്‍കിയ മറുപടിയും വൈറലായിരുന്നു. അതേ സംവിധായകന്റെ ചിത്രത്തിലുള്ള ബോഡി ഷെയ്മിങ്ങും വര്‍ണ വിവേചനവുമെല്ലാം അംഗീകരിക്കാന്‍ അല്പം പ്രയാസം തോന്നും. ചിത്രത്തിന്റെ പോസ്റ്റര്‍ വന്നപ്പോള്‍ തന്നെ ഈ വിഷയം ചര്‍ച്ചയായിരുന്നു. ‘ഫെയര്‍ ആന്റ് ലവ്‌ലി’യുടെ പരസ്യത്തില്‍ ‘സ്‌കിന്‍ ഷെയ്ഡ്’ എന്ന പോലെ നടിമാരെ നിറത്തിന്റെ അടിസ്ഥാനത്തില്‍ നായകന് ഇരുവശവുമായി നിര്‍ത്തിയതായിരുന്നു വിമര്‍ശനത്തിന് കാരണമായത്. ചിത്രത്തിലും അതേ മനോഭാവമാണ് സംവിധായകന്‍ പുലര്‍ത്തിയിരിക്കുന്നത്.
Vijay ‘Bigil’ Movie Review: ശ്രദ്ധിച്ച മറ്റൊരു വസ്തുത, വനിത ഫുട്‌ബോള്‍ ടീമിന്റെ കോച്ച് രൂപത്തിലും ഭാവത്തിലും ഷാരൂഖ് ഖാന്റെ കബീര്‍ ഖാനെ ഓര്‍മ്മിപ്പിക്കുന്നു എന്നതാണു. ഹിന്ദിയിലെ നല്ലൊരു സ്‌പോര്‍ട്‌സ് ചിത്രങ്ങളിലൊന്നാണ് ‘ചക്‌ദേ ഇന്ത്യ’. അതിലെ ഷാരൂഖ് അവതരിപ്പിച്ച കബീര്‍ ഖാനും അദ്ദേഹം പരിശീലിപ്പിക്കുന്ന വനിതാ ഹോക്കി ടീമിലെ താരങ്ങളും തമ്മിലുള്ള രംഗങ്ങള്‍ ഇടയ്ക്ക് ‘ബിഗില്‍’ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ക്ലൈമാക്‌സിലെ നായകന്റെ നിശ്ബ്ദത വരെ ആ സാമ്യം അനുഭവപ്പെടുത്തുന്നുണ്ട്.
അവസാനമായി, നയന്‍താര എന്ന താരത്തിന് ഇന്ന് തമിഴ് സിനിമയിലുള്ള സ്ഥാനം വളരെ വലുതാണ്. ഒരുപക്ഷേ തെന്നിന്ത്യയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ളൊരു നടി വേറെയില്ല. അങ്ങനെയുള്ള നായികയ്ക്ക് ഒട്ടും ചേരുന്നതായിരുന്നില്ല ‘ബിഗിലി’ലെ നായിക വേഷം. നായകന്റെ ഒപ്പം നില്‍ക്കുക എന്നതിലപ്പുറത്തായി ഒന്നും ചെയ്യാനില്ല. നയന്‍താരയുടെ താരപദവിയേയോ അഭിനയ മികവിനേയോ ‘ബിഗിലില്‍’ ഉപയോഗിക്കാനായിട്ടില്ല. മറ്റൊന്ന് എആര്‍ റഹ്മാന്റെ സംഗീതമാണ്. റഹ്മാന്റെ മാജിക് തിരികെ കൊണ്ടു വരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. ‘സിങ്കപ്പെണ്ണേ’ എന്ന പാട്ട് മാത്രമാണ് കുറച്ചെങ്കിലും മനസില്‍ നില്‍ക്കുന്നത്.
ചിത്രത്തെ കുറിച്ച് ഒറ്റ വാക്യത്തില്‍ പറയുകയാണെങ്കില്‍, വിജയ് ഫാന്‍സിന് മാത്രമുള്ള ചിത്രമാണ്. കാണണമോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്
Read Here: Bigil movie review and release LIVE UPDATES: തിയേറ്ററുകൾ ഇളക്കി മറിച്ച് ‘ബിഗിൽ’