Veyilmarangal Review and Rating: പേമാരിയിൽ ആകെ ഉണ്ടായിരുന്ന ഓല മേഞ്ഞ കൂരയും നഷ്ടപ്പെട്ടു സർക്കാർ സ്‌കൂളിലെ അഭയാർത്ഥി ക്യാമ്പിൽ അഭയം തേടുന്ന ദളിത്‌ കുടുംബങ്ങളോട്, സർക്കാർ ഉദ്യോഗസ്ഥൻ മേൽവിലാസം എഴുതാൻ പറയുമ്പോൾ, തങ്ങളുടെ കൊച്ചു കൂരകൾക്കു മേൽ കണ്ണെത്താ ദൂരം കായൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിന്റെ കാഴ്ച ഓർത്തു അവരിൽ ഒരാൾ പറയുന്നുണ്ട് ‘ഉള്ള കിടപ്പാടം പോയി, ഇനി എന്ത് മേൽവിലാസം സാറെ’ എന്ന്. തുടർന്നു ആധാര്‍ കാർഡിലെങ്കിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ലഭിക്കാൻ പ്രയാസമാകുമെന്നു പറയുമ്പോൾ, അപ്പോൾ ഇനി എങ്ങോട്ടു പോകുമെന്ന് ഇന്ദ്രൻസ് ചെയുന്ന കഥാപാത്രം നിസ്സഹായതയോടെ ചോദിക്കുന്നുണ്ട്. ആ നിമിഷം സ്കൂളിന്റെ അങ്കണത്തിൽ നിന്നും കുട്ടികൾ ദേശീയഗാനം ആലപിക്കുമ്പോൾ, ഉദ്യോഗസ്ഥനും അഭയാർത്ഥികളും ഒരു പോലെ എഴുന്നേറ്റു നിൽക്കുന്നു, ദേശീയഗാനം തീരുമ്പോൾ ഒരു ജോലി തീർത്ത മട്ടിൽ നിസ്സംഗനായി ഉദ്യോഗസ്ഥൻ ഇരിക്കുമ്പോൾ, തങ്ങളുടെ ഭാവിയുടെ അനിശ്ചിതത്വത്തെ ഓർത്തു അഭയാർത്ഥികൾ തങ്ങളുടെ നിൽപ് തുടരുന്നുണ്ട്.

ക്ലാസ് മുറിയിലെ ബ്ലാക്ക്‌ബോര്‍ഡില്‍ ‘എന്റെ വീട്’ എന്ന വിഷയത്തെ കുറിച്ച് എഴുതിയിട്ടിരിക്കുന്നതിന്റെ മുന്നിൽ നിന്ന് അപ്രത്യക്ഷമായ സ്വന്തം വീടുകളെ കുറിച്ച് ഓർത്തു നിൽക്കുന്ന ഒരു ജനതയുടെ പ്രതീകമായി കുറച്ചു കുടുംബങ്ങൾ. ഈ ഒരൊറ്റ രംഗം മതി മനുഷ്യത്വരഹിതമായ ജാതി വ്യവസ്ഥയുടെ ഭാരം പേറുന്ന ജനതയുടെ വേദന അടയാളപ്പെടുത്താൻ. പക്ഷേ ‘വെയിൽമരങ്ങൾ’ അവിടെ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മുഖ്യധാരയുടെ പിൻകാഴ്ചകളിൽ തഴയപ്പെടുന്ന മനുഷ്യരുടെ കഠിനമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെയുള്ള പൊള്ളുന്ന കാഴ്ചയാണ് ചിത്രത്തില്‍ ഉടനീളം. പൊരി വെയിലത്തു കുട പിടിച്ചു, ‘ഹോട്ടൽ’ എന്ന് എഴുതിയിരിക്കുന്ന ബോർഡുമായി മണിക്കൂറുകളോളം നിൽക്കുന്ന ആളുകളും, റോഡ് പണി ചെയ്യുന്നവരും, ഹോട്ടലുകളിൽ പാത്രം കഴുകുന്നവരും, അങ്ങനെ അസംഘടിതമായ പല തൊഴിൽ ഇടങ്ങളിൽ, തുച്ഛമായ വരുമാനത്തിൽ, ചൂഷണങ്ങളുടെ നടുവിൽ നിന്ന് കൊണ്ട് ഒരു നേരത്തെ ആഹാരത്തിനായി പൊരുതുന്ന മനുഷ്യരുടെ അഭയാർത്ഥി ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഡോ. ബിജു ‘വെയില്‍മരങ്ങള്‍; എന്ന ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്.

പോലീസ് സ്റ്റേഷന്റെ ചുവരിൽ തൂങ്ങുന്ന അംബേദ്കറുടെ ഫോട്ടോയുടെ പശ്ചാത്തലത്തിൽ, ചെയ്യാത്ത കുറ്റത്തിന് ഇന്ദ്രൻസിന്റെ കഥാപാത്രത്തെ ഉടുതുണി പോലും അഴിച്ചു വാങ്ങി അപമാനിക്കുന്ന നിയമപാലകരുടെ കാഴ്ചയും ബ്രാഹ്മണിക്കൽ ഹെജിമണിയുടെ ജീർണതകൾ തുറന്നു കാട്ടുന്ന ചിത്രത്തിലെ ഒരു രംഗമാണ്. തങ്ങളെ ഒരു തരത്തിലും ജീവിക്കാൻ ഇടം നൽകാത്ത സമൂഹത്തിനോടും, നിയമവ്യവസ്ഥതിയോടുമുള്ള അമർഷവും നിസ്സഹായ അവസ്ഥയും കാരണം ഇന്ദ്രൻസിന്റെ കഥാപാത്രം അയാളുടെ ഭാര്യയേയും, മകനേയും , തങ്ങളുടെ കഷ്ടപ്പാടുകൾ മാത്രമുള്ള ലോകത്തെയും പേറി ഹിമാലയൻ താഴ്വരയിലേക്ക് ഒരു പുതിയ തുടക്കത്തിനായി പോകുന്നിടത്തു പ്രതീക്ഷയുടെ ഒരു പൊൻവെയിൽ ദൃശ്യങ്ങളിൽ തിളങ്ങുന്നുണ്ട്. അഗാധമായ ധ്യാനത്തിലേതെന്ന പോലെ തോന്നിപ്പിക്കുന്ന മഞ്ഞ് മൂടിയ പർവ്വത നിരകളുടെ നടുവിൽ എത്തുന്ന ആ കുടുംബത്തിനെ പക്ഷേ പ്രകൃതി ഒരുക്കിയ ആ സ്വർഗ്ഗത്തിലും ജാതി ഉയർത്തുന്ന വെല്ലുവിളികളാണ് കാത്തിരുന്നത്.

ഒറ്റപെട്ടു കിടക്കുന്ന ഒരു മലമുകളിലെ ആപ്പിൾ തോട്ടത്തിന്റെ കാവൽക്കാരായി കേരളത്തിലെ ആ ദളിത് കുടുംബം എത്തുമ്പോൾ, അവരെ അവിടെ കാത്തിരുന്നത്, ഒരു കുഞ്ഞു കൂരയും അതിനകത്തു മുൻപ് താമസിച്ചവർ ഉപേക്ഷിച്ചു പോയ ഒരു ചെമ്മരിയാടും മാത്രമാണ്. തങ്ങളെ പോലെ തന്നെ സമൂഹം അഭയാർത്ഥികളാക്കിയ, ഏതോ മനുഷ്യർ വളർത്തിയിരുന്ന ആ ആട്ടിൻകുട്ടിയെ ആ കുടുംബം കൈവിടാതെ സംരക്ഷിക്കുന്ന കാഴ്ചയെ ചിത്രങ്ങളിലെ ക്ലൈമാക്സ് രംഗങ്ങളുമായി സംവിധായകൻ ബന്ധിപ്പിക്കുന്നുണ്ട്. ഹിമാലത്തിലെ കൊടും മഞ്ഞിലും, ഒറ്റപെടലിലും സ്നേഹത്തിന്റെ തീ കാഞ്ഞ് ആ കുടുംബം ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ മനസ്സില്‍ പതിയുന്ന കാഴ്ചകളുമുണ്ട്.

എന്നാൽ ഒരു ദിവസം ഒരു കാരണവുമില്ലാതെ മേല്‍ജാതിക്കാരനായ മുതലാളി അവരോടു ഇറങ്ങി പോകാൻ പറയുന്ന സന്ദർഭത്തിൽ, തന്റെ മകൻ സ്നേഹിച്ചു വളർത്തി വന്ന ആട്ടിൻകുട്ടിയെ പോലും വിട്ടു തരില്ലയെന്നു പറഞ്ഞു അവരെ കൈയേറ്റം ചെയുന്ന ഭൂവുടമയെ ഒരു തോക്കിൻ മുനയിൽ നിർത്തുന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രം മലയാള സിനിമയിൽ ആഘോഷിക്കപ്പെടേണ്ട നായക കഥാപാത്രമാണ്. ജയിച്ചില്ലെങ്കിലും ഇനിയും തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ ഉള്‍കനലിന്റെ പ്രതീകമെന്നോണം ഇന്ദ്രൻസ് ചെയ്ത അച്ഛൻ കഥാപാത്രം തോക്കു ചൂണ്ടുന്നത്, പ്രിവിലേജ്ഡ് ഇടങ്ങളിൽ നിന്ന് വിധിക്കുന്നവരുടെ നേർക്കാണെന്നു തോന്നിപ്പിക്കും വിധമാണ് സംവിധായകൻ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയായി ആ കുടുംബം മലയിറങ്ങുമ്പോൾ ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തിന്റെ മകൻ അവർ താമസിച്ചിരുന്ന വീടിലേക്ക്‌ നോക്കുന്നുണ്ട്. ഒരു ഫോട്ടോ ഫ്രെമിന്റെ അപ്പുറവും ഇപ്പുറവുമായി ആ ദളിത് കുടുംബവും അവർ ജീവിച്ച വീടും നിൽക്കുന്ന, ദൃശ്യം കലയാവുന്നതിന്റെ ഉത്തമ ഉദാഹരണം പോലെയുള്ള ഒരു ഷോട്ടിൽ സംവിധായകൻ ചിത്രം അവസാനിക്കുമ്പോൾ, അഭയാര്‍ഥികളാക്കപ്പെടുന്ന ജീവിതങ്ങളുടെ എങ്ങോട്ടെന്നറിയാത്ത യാത്ര ഇപ്പോഴും തുടരുന്നുണ്ടാവാം.

Read Here: അഭ്രപാളികളില്‍ വീണ്ടും അച്ഛന്‍ തെളിയുമ്പോള്‍: എം ജെ രാധാകൃഷ്ണന്റെ ഓർമയിൽ മകൻ യദു

Image may contain: 2 people

അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത പരിസരങ്ങളും, നിശബ്ദമായ ചെറുത്ത്നിൽപ്പുമെല്ലാം കാല്പനികതയുടെ മറയില്ലാതെ, പ്രേക്ഷകരെ കൊണ്ട് ഇരുത്തി ചിന്തിപ്പിക്കുന്ന രീതിയിലാണ് ഡോ. ബിജു ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയുടെ അനീതിയുടെയും ചൂഷണത്തിന്റെയും ഭാരം പേരുന്നവരുടെ ജീവിതങ്ങളും, പരിസരങ്ങളും, മാനസിക സംഘര്‍ഷങ്ങളുമെല്ലാം സൂക്ഷ്മതയോടെ കൊണ്ട് വരാൻ തന്റെ മുൻ ചിത്രങ്ങളിലേതു പോലെ ‘വെയില്‍മരങ്ങളിലും’ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. സംവിധായകന്‍റെ രാഷ്ട്രീയ-കാഴ്ച ബോധ്യങ്ങളെ മനോഹരമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന എം ജെ രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകന്റെ മികവും ചിത്രത്തിൽ ഉടനീളം അനുഭവപ്പെടും. മനുഷ്യന്റെ ഒറ്റപെടലുകളും, അസ്തിത്വ വ്യഥകളും പ്രകൃതിയുടെ ഭാവങ്ങളുമായി ഇഴകി ചേർക്കുന്ന എം ജെ യുടെ പാടവം ‘വെയില്‍മരങ്ങളിലും’ പ്രകടമായി കാണാം. സംഹാരം കഴിഞ്ഞ നിർവൃതിയുടെ നിസ്സംഗതയെന്നോണം കനത്തു നിൽക്കുന്ന ഇരുണ്ട ആകാശത്തിനു താഴെ, പ്രളയമായി മാറിയ കായലിന്റെ ആഴങ്ങളിൽ അപ്രത്യക്ഷമായ തന്റെ വീടിനു മുകളിൽ, ഒരു വഞ്ചിയില്‍ പ്രതീക്ഷകളറ്റു ഇരിക്കുന്ന ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തിന്റെ കാഴ്ചയും, അനന്തമായ മലനിരകൾക്കിടയിൽ ചെറുതുരുത്തുകളാവുന്ന മനുഷ്യരുടെ കാഴ്ചയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. മലയാള സിനിമയിൽ നികത്താനാവാത്ത ഒരു വേർപാട് തന്നെയാകും എം ജെ രാധാകൃഷ്ണന്റേതെന്നു വീണ്ടും തെളിയിക്കുന്നതാണ് ‘വെയില്‍മരങ്ങളിലെ’ ദൃശ്യങ്ങൾ.

ജീർണിച്ച ജാതി വ്യവസ്ഥിതിയുടെ ബാധ്യത ചുമക്കേണ്ടി വരുന്ന മനുഷ്യനായിയുള്ള ഇന്ദ്രൻസ് എന്ന നടന്റെ പകർന്നാട്ടം അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ തന്നെ പ്രതിഫലനമായി മാറുന്നുണ്ട്. ജീവിക്കാൻ വേണ്ടി അധികാരികളുടെയും മുതലാളിമാരുടെയും മുന്നിൽ ഭയഭക്തിയോടെ ഇരിക്കേണ്ടി വരുന്നതിനെയും, സമൂഹം മനഃപൂർവം തോൽപിക്കാൻ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന ദേഷ്യവും, നിസ്സഹായതയുമെല്ലാം വളരെ അനായാസമായി ഇന്ദ്രൻസ് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ വന്നു പോകുന്ന ചില കഥാപാത്രങ്ങളുടെ അഭിനയത്തിലെ കൃതൃമത്വം മാറ്റി നിർത്തിയാൽ ‘വെയില്‍മരങ്ങള്‍’ ലോകോത്തര നിലവാരത്തിലുള്ള ഒരു ദൃശ്യാനുഭവം തന്നെയാണ്. അതു കൊണ്ടു തന്നെയാവാം ഷാങ്ങ്ഹായ് ചലച്ചിത്രമേള ഉൾപ്പെടെ പല അന്താരാഷ്ട്ര മേളകളിൽ ഈ ചിത്രം പുരസ്കാരങ്ങളും, പ്രശംസയും ഏറ്റു വാങ്ങിയത്.

കലാമൂല്യമുള്ള ചിത്രങ്ങങ്ങളോടും സമൂഹത്തിനോടും പ്രതിബദ്ധതയുള്ള ഒരു സമൂഹം കണ്ടു കൈയ്യടിക്കേണ്ട ഒരു ചിത്രമാണിത്. പക്ഷേ ഇന്ന് തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ ഈ ചിത്രം കാണാൻ എത്തിയത് വിരലിൽ എണ്ണാവുന്നത്രയും കാണികള്‍ മാത്രമായിരുന്നു. വരും ദിനങ്ങളില്‍ അതിനു മാറ്റമുണ്ടാകും എന്ന് പ്രത്യാശിക്കാം.

ഇന്ന് റിലീസ് ചെയ്ത ചിത്രങ്ങള്‍ – ‘ഫോറന്‍സിക്,’ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നിവയുടെ റിവ്യൂ വായിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook