Shane Nigam Veyil Movie Review & Rating: ഷെയ്ന് നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വെയിൽ തിയേറ്ററുകളിലെത്തി. ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ് ‘വെയിൽ’. ഒരമ്മയുടെയും രണ്ടു ആൺമക്കളുടെയും ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയാണ് ‘വെയിലി’ന്റെ കഥ പുരോഗമിക്കുന്നത്.
അകാലത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയാണ് രാധ (ശ്രീരേഖ). ചെറുപ്പത്തിലെ അസുഖക്കാരനായ മൂത്തമകൻ കാർത്തിയേയും (സയിദ് ഇമ്രാൻ) ഇളയമകൻ സിദ്ധാർത്ഥിനെയും (ഷെയ്ൻ നിഗം) തനിയെ വളർത്തിയെടുക്കാൻ ഇല്ലായ്മയുടെ വെയിൽ ഒരുപാട് കൊണ്ടിട്ടുണ്ട് ആ അമ്മ. ജീവിതത്തിന്റെ പൊരിവെയിൽ കാലത്തെ നേരിടുമ്പോൾ മക്കളെ പരസ്പരം ചേർത്തുപിടിക്കാനും സ്നേഹം പ്രകടിപ്പിക്കാനുമൊക്കെ രാധ മറന്നുപോവുന്നു. സ്നേഹത്തേക്കാളേറെ പരിഭവങ്ങളും സന്തോഷങ്ങളേക്കാൾ കൂടുതൽ വഴക്കുകളും പരസ്പരമുള്ള ഈഗോ ക്ലാഷുമൊക്കെയായി പലപ്പോഴും സങ്കീർണ്ണമാവുന്ന ഒരു കുടുംബാന്തരീക്ഷത്തിൽ നിന്നുമാണ് വെയിലിന്റെ കഥ തുടങ്ങുന്നത്.
ദിശാബോധമില്ലാത്ത, ജീവിതത്തിൽ സുരക്ഷിത്വമില്ലായ്മയും ഒറ്റപ്പെടലുമൊക്കെ അനുഭവിക്കുന്ന സിദ്ധുവായി കയ്യടി നേടുന്ന പ്രകടനമാണ് ഷെയ്ൻ നിഗം കാഴ്ച വയ്ക്കുന്നത്. സിദ്ധുവിന്റെ വിഹ്വലതകളെ തന്റെ പ്രകടനത്തിലൂടെയും ശരീരഭാഷയിലൂടെയും സൗണ്ട് മോഡുലേഷനിലൂടെയുമൊക്കെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഷെയ്ൻ വിജയിച്ചിട്ടുണ്ട്.
വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് മലയാള സിനിമാലോകം സാക്ഷിയായിരുന്നു. ഷെയ്നിന് വിലക്ക് വരെ ഏർപ്പെടുത്തിയിരുന്നെങ്കിലും ഒടുവിൽ ഒത്തുതീർപ്പിൽ എത്തുകയായിരുന്നു കാര്യങ്ങൾ. അങ്ങനെയൊരു വിവാദത്തിന്റെയോ വിലക്കിന്റെയോ പേരിൽ മാറ്റിനിർത്തപ്പെടേണ്ട ഒന്നല്ല തന്നിലെ പ്രതിഭയെന്ന് വെയിലിലെ സിദ്ധുവിലൂടെ ഷെയ്ൻ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്.
പോയവർഷത്തെ സംസ്ഥാന പുരസ്കാര പ്രഖ്യാപനവേളയിൽ ഉയർന്നു കേട്ട പേരുകളിലൊന്നാണ് ശ്രീരേഖ. വെയിലിൽ ഷെയ്നിന്റെ അമ്മയായി എത്തി മികച്ച ക്യാരക്ടർ റോളിനുള്ള അവാർഡ് നേടിയ ശ്രീരേഖയുടെ പ്രകടനം കാഴ്ചക്കാരുടെ ഉള്ളുതൊടും. അസാധ്യമായ കയ്യടക്കത്തോടെയാണ് രാധയെന്ന കഥാപാത്രത്തെ ശ്രീരേഖ അവതരിപ്പിച്ചിരിക്കുന്നത്.
കാർത്തിയായെത്തുന്ന സയിദ് ഇമ്രാന്റെ പ്രകടനവും എടുത്തു പറയണം, പ്രത്യേകിച്ചും ചിത്രത്തിന്റെ രണ്ടാം പകുതിയിൽ, വൈകാരിക രംഗങ്ങളിൽ ഷെയ്നിനും ശ്രീരേഖയ്ക്കുമൊപ്പം തന്നെ പിടിച്ചുനിൽക്കുന്നുണ്ട് സയിദും. ഷെയ്നും സയിദും ഒന്നിച്ചുള്ള രണ്ടാം പകുതിയിലെ കോമ്പിനേഷൻ സീനും കാഴ്ചക്കാരുടെ കണ്ണുനനയിക്കുന്നതാണ്. വെറുത്തും കലഹിച്ചും സ്നേഹിച്ചും വിട്ടു കൊടുത്തും ചേർത്തുനിർത്തിയുമൊക്കെ രക്തബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ അനുഭവങ്ങൾ സമ്മാനിക്കുന്നുണ്ട് ഈ ഓൺസ്ക്രീൻ സഹോദരങ്ങൾ. സിദ്ധുവിന്റെ കൂട്ടുകാരൻ ചിമ്പനായി എത്തുന്ന അനന്തുവാണ് ചിത്രത്തിൽ ശ്രദ്ധ നേടുന്ന മറ്റൊരു നടൻ.
ചിത്രത്തിൽ നായികയായി എത്തിയ സോന ഒളിക്കല്‍, ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, സുധി കോപ്പ, അനന്തു, മെറിൻ ജോസ് തുടങ്ങിയവരും തങ്ങളുടെ റോളുകൾ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
സംവിധായകൻ ശരത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. മേക്കിംഗ്, അഭിനേതാക്കളുടെ പ്രകടനം, ടെക്നിക്കൽ വശങ്ങൾ എന്നിവയിൽ മികവു പുലർത്തുമ്പോഴും ‘വെയിൽ’ പാളി പോകുന്നത് അതിന്റെ തിരക്കഥയിലെ കയ്യടക്കമില്ലായ്മ കൊണ്ടാണ്. ചിത്രത്തിലെ ലാംഗിഗ് പ്രേക്ഷകരെ കുറച്ചു നേരത്തേക്ക് എങ്കിലും സിനിമയിൽ നിന്നും അകറ്റുന്നുണ്ടെന്ന് പറയാതെ വയ്യ. എന്നിരുന്നാലും ഒരു നവാഗത സംവിധായകന്റെ ചിത്രമെന്ന രീതിയിൽ പരിഗണിക്കുമ്പോൾ തള്ളികളയാവുന്നതേയുള്ളൂ ഈ പോരായ്മകൾ.
ഷാസ് മുഹമ്മദിന്റെ ക്യാമറ ഹൃദയഹാരിയായ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നു. പ്രവീൺ പ്രഭാകർ എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു.
തമിഴിൽ പ്രശസ്ത സംഗീതസംവിധായകനായ പ്രദീപ് കുമാറാണ് വെയിലിന് വേണ്ടി സംഗീതമൊരുക്കിയത്. പ്രദീപിന്റെ സംഗീതം ചിത്രത്തിന് ഒരു ഫ്രഷ്നെസ്സ് സമ്മാനിക്കുന്നുണ്ട്. നാടൻ പാട്ടിന്റെ സ്വഭാവമുള്ള ‘കണ്ണമ്മ’ എന്ന ഗാനവും ഇഷ്ടം കവരും.
ഗുഡ്വിൽ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് വെയിൽ നിർമ്മിച്ചിരിക്കുന്നത്. ഒരു പക്ക എന്റർടെയിനർ ചിത്രം പ്രതീക്ഷിച്ച് എത്തുന്നവർക്ക് ഇണങ്ങുന്ന ചിത്രമല്ല ‘വെയിൽ’. അതേസമയം, ഇമോഷണൽ ഡ്രാമകൾ ഇഷ്ടപ്പെടുന്നവരെ വെയിൽ നിരാശരാക്കില്ല.