scorecardresearch
Latest News

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ ട്രോൾ പോലൊരു സിനിമ, ‘വെള്ളരിപ്പട്ടണം’ റിവ്യൂ: Vellaripattanam Movie Review & Rating

Vellaripattanam Movie Review & Rating: പതിവായി നമ്മൾ കാണുന്ന രാഷ്ട്രീയ സിനിമകളുടെ അതേ പടിയുള്ള അനുകരണമാണ് ‘വെള്ളരിപ്പട്ടണം’

RatingRatingRatingRatingRating
Vellaripattanam, Vellaripattanam review, Vellaripattanam movie review, Vellaripattanam malayalam review, Vellaripattanam rating

Vellaripattanam Movie Review & Rating: ആക്ഷേപ ഹാസ്യം പ്രത്യേകിച്ചും രാഷ്ട്രീയ ആക്ഷേപ ഹാസ്യം സിനിമയായി സ്‌ക്രീനിൽ വിശ്വസനീയമായി അവതരിപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. പഞ്ചവടിപ്പാലത്തിന്റെയും സന്ദേശത്തിന്റെയും വെള്ളിമൂങ്ങയുടെയുമൊക്കെ ഛായയുള്ള സിനിമകളാണ് പോതുവെ ആ ഗണത്തിലധികവും പുറത്ത് വരാനുള്ളത്. കുറഞ്ഞും കൂടിയുമൊക്കെ ഇത്തരം ഹിറ്റ് സിനിമകളുടെ അനുകരണങ്ങളായി മാറാറുണ്ട് മറ്റു സിനിമകൾ. നവാഗതനായ മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത ‘വെള്ളരിപ്പട്ടണ’വും ചുരുക്കി പറഞ്ഞാൽ അത്തരമൊരു സിനിമയാണ്.

സ്വാഭാവികമായും കോൺഗ്രസ്‌, സി പി ഐ എം, ബി ജെ പി പാർട്ടികളുടെ സ്വഭാവമുള്ള മൂന്നു രാഷ്ട്രീയ പാർട്ടികളാണ് വെള്ളരി പട്ടണത്തെ മുന്നോട്ട് നയിക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളും അധികാര വടംവലിയും സിനിമകളിൽ നടപ്പ് രീതിയിലുള്ള പഞ്ചായത്ത് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പുമൊക്കെയാണ് സിനിമയുടെ പ്രധാന പ്രമേയം. ഇതിനിടയിൽ രണ്ട് സഹോദരങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും ആത്മബന്ധവുമൊക്കെ സിനിമയിലുണ്ട്. മഞ്ജു വാര്യരും സൗബിൻ ഷാഹിറും പരസ്പരം അധികാര വടംവലി നടത്തുന്ന സഹോദരങ്ങളാകുമ്പോൾ സലിം കുമാർ, സുരേഷ് കൃഷ്ണ, വീണ നായർ, ശബരീഷ് വർമ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. കേരളത്തിലെവിടെയും നടക്കാവുന്ന കഥ ഒരു സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന രീതിയാണ് വെള്ളരിപ്പട്ടണം സ്വീകരിച്ചിട്ടുള്ളത്.

ട്രോളുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പൊതു സ്വഭാവം നൽകിയിട്ടുണ്ട്. ചില പ്രത്യേക നടപ്പ് രീതികളും നിലപാടുകളും ശരീര ഭാഷയുമൊക്കെ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്കുണ്ട് എന്നവകാശപ്പെടുന്നത് നിലവിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളാണ്. ആ ട്രോളുകളെ വലുതാക്കി സിനിമയാക്കിയത് പോലൊരു അനുഭവമാണ് വെള്ളരിപ്പട്ടണം മുഴുവനായി തന്നത്. കുറെയധികം സ്റ്റീരിയോടൈപ്പുകളുടെ കൂടിച്ചേരലും അതിനിടയിൽ എവിടെയോ നടക്കുന്ന കാലങ്ങളായി നമ്മൾ കണ്ട കഥയുമാണ് ഈ സിനിമ. മഞ്ജു വാര്യരുടെ തന്ത്രശാലിയായ സുനന്ദയും സൗബിന്റെ നിഷ്കളങ്കനായ രാഷ്ട്രീയക്കാരനും മുതൽ ആ സിനിമയിലെ ഓരോ സംഭാഷണങ്ങളും സന്ദർഭങ്ങളും ക്‌ളീഷെകളാണ്. പതിവായി നമ്മൾ കാണുന്ന രാഷ്ട്രീയ സിനിമകളുടെ അതേ പടിയുള്ള അനുകരണമാണെന്ന് പറയാം.

സീറ്റു തർക്കം, ഫാസിസം, ബീഫ്, ചാണകം തുടങ്ങി രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ അവരെ ട്രോൾ ചെയ്യുന്നവർ ഉപയോഗിക്കുന്ന വാക്കുകളും സന്ദർഭങ്ങളും സിനിമയിലുണ്ട്. അതൊന്നും സന്ദർഭോചിതമായി ഉപയോഗിക്കുകയല്ല വെള്ളരിപട്ടണം ചെയ്തത്. ഇത്തരം കുറെ വാക്കുകളും സന്ദർഭങ്ങളും കൂട്ടി ചേർക്കാൻ എന്തൊക്കെയോ സാഹചര്യങ്ങൾ സിനിമയിൽ ഉണ്ടാക്കിയതു പോലെ അടിമുടി കൃത്രിമത്വം അനുഭവപ്പെടുന്നു.

സമൂഹ മാധ്യമങ്ങളിലെ രാഷ്ട്രീയ ചർച്ചകൾക്ക് ഒരു പതിവ് ടെമ്പ്ലേറ്റ് ഉണ്ട്. അത് നയിക്കുന്നവരും അതിൽ ഇടപെടുന്നവരും കക്ഷി രാഷ്ട്രീയ പാർട്ടികളിലെ ചില പൊതു സ്വഭാവങ്ങളെയും ചില പ്രത്യേക സംഭവങ്ങളെയും ഇതിനായി ഉപയോഗിക്കാറുണ്ട്. അത് ആ ഒരു വിഭാഗത്തെ മാത്രം രസിപ്പിക്കുന്നതും മറ്റു പലർക്കും ഉപരിപ്ലവമായി അനുഭവപ്പെടുന്നതുമായ ഒന്നാണ്. വെള്ളരിപ്പട്ടണം തിരക്കഥയിലും നിർമിതിയിലും സാങ്കേതികതയിലും പ്രകടനങ്ങളിലുമെല്ലാം അടിമുടി സമൂഹ മാധ്യമങ്ങളിലേ രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവമുള്ള ഒരു സിനിമയാണ്. അതിനപ്പുറം മറ്റൊന്നും ബാക്കിവെക്കാത്ത കാഴ്ചനുഭവവുമാണ്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Vellaripattanam movie review rating manju warrier soubin shahir