scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

Vellam Malayalam Movie Review: അസാധ്യ പ്രകടനവുമായി ജയസൂര്യ; ‘വെള്ളം’ റിവ്യൂ

Vellam Malayalam Movie Review & Rating: മുരളി എന്ന കഥാപാത്രമായി ജീവിക്കുകയാണ് ജയസൂര്യ. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നായി തന്നെ ചിത്രത്തെ വിലയിരുത്താം

Vellam, Vellam movie release, Vellam movie review, Vellam movie rating, Vellam movie review and rating, vellam review, Vellam download, Vellam full movie, Vellam movie online, Vellam full movie free download, Vellam full movie online, Vellam movie songs, Vellam telegram, Vellam tamilrockers, വെള്ളം, വെള്ളം റിവ്യൂ, Jayasurya, Jayasurya vellam movie review, Prajesh Sen, Samyuktha Menon, ജയസൂര്യ, പ്രജേഷ് സെൻ, സംയുക്ത മേനോൻ

Vellam Malayalam Movie Review & Rating: ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ മാസങ്ങളായി നിശ്ചലമായി കിടന്ന തിയേറ്ററുകളിലേക്ക് 318 ദിവസങ്ങൾക്ക് ശേഷം ഒരു മലയാളം സിനിമ റിലീസിന് എത്തിയിരിക്കുകയാണ്, ജയസൂര്യ- പ്രജേഷ് സെൻ ടീമിന്റെ ‘വെള്ളം’. ‘ക്യാപ്റ്റൻ’ എന്ന ചിത്രം മലയാളികൾക്ക് സമ്മാനിച്ച ദൃശ്യാനുഭവവും അതിലൂടെ ഈ കൂട്ടുക്കെട്ട് മലയാളികൾക്ക് നൽകിയ പ്രതീക്ഷയും കാത്തുസൂക്ഷിക്കുന്നുണ്ട് ‘വെള്ളം’. മികച്ചൊരു ചലച്ചിത്രാനുഭവം തന്നെയാണ് ‘വെള്ളം’ പ്രേക്ഷകനു സമ്മാനിക്കുന്നത്.

ഒരു യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി, ഒട്ടും അതിശയോക്തികൾ ഇല്ലാതെയാണ് സംവിധായകൻ പ്രജേഷ് സെൻ ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, രാവിലെ എണീക്കുമ്പോൾ മുതൽ മദ്യസേവയ്ക്കുള്ള വഴി ഇനിയെന്ത് എന്നാലോചിക്കുന്ന, അതിനപ്പുറം ലക്ഷ്യബോധമൊന്നുമില്ലാതെ ജീവിക്കുന്ന മുരളി എന്നൊരു നാട്ടുപ്പുറത്തുകാരന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയും അയാൾ കടന്നുപോവുന്ന അവസ്ഥാന്തരങ്ങളുമാണ് ചിത്രം പറയുന്നത്.

മദ്യപാനശീലം കൊണ്ട് തന്നെ സമൂഹത്തിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോവുന്ന ഒരാളാണ് മുരളി. ആരാലും വിശ്വസിക്കപ്പെടാതെ, സ്നേഹത്തോടെ ചേർത്തുപിടിക്കാൻ ഒരാൾ പോലുമില്ലാതെ, ഒറ്റപ്പെട്ടും, അപമാനിക്കപ്പെട്ടും ദിനരാത്രങ്ങൾ തള്ളിനീക്കുന്ന ഒരാൾ. മുരളിയെ പോലെ ഒരു മുഴുകുടിയനെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാത്ത മലയാളികൾ വിരളമായിരിക്കും. വഴിവക്കിലോ നിരത്തുകളിലോ ഒക്കെ ഇങ്ങനെയൊരാളെ ഒരിക്കൽ എങ്കിലും നമ്മൾ കടന്നു പോയിട്ടുണ്ടാവും.

അത്തരത്തിൽ ആർക്കും റിലേറ്റ് ചെയ്യാവുന്ന ഒരു കഥ കയ്യടക്കത്തോടെ തന്നെ കാഴ്ചക്കാർക്ക് മുന്നിലേക്ക് എത്തിക്കുന്നതിൽ പ്രജേഷ് സെൻ എന്ന സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഒരു മദ്യപാനിയുടെ കഥ പറയുന്നതിനൊപ്പം തന്നെ, അത് മൂലം തകർക്കപ്പെടുന്ന കുടുംബാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളുമൊക്കെ സംവിധായകൻ ചിത്രത്തിൽ വരച്ചിടുന്നുണ്ട്. അമിത മദ്യാസക്തി ഒരു അസുഖമാണെന്നും എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യേണ്ടത് എന്നൊക്കെയുള്ള സന്ദേശം ആളുകളിലേക്ക് എത്തിക്കാനും ചിത്രത്തിനു കഴിയുന്നുണ്ട്.

വെള്ളത്തിന്റെ ഒരു സവിശേഷതയായി എടുത്തുപറയാറുള്ളത്, ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയാണ് അതിനെന്നതാണ്. ജയസൂര്യ എന്ന നടനും ഇവിടെ വെള്ളം പോലെയാണ്, വാർപ്പു മാതൃകകളിൽ നിന്നെല്ലാം മുക്തനായി, മുൻപു ചെയ്ത ഒരു കഥാപാത്രത്തിന്റെയും നിഴലില്ലാതെ, മുരളിയ്ക്ക് ജീവൻ നൽകുകയാണ് ഈ നടൻ.

ഒരു മുഴുകുടിയന്റെ ശരീരഭാഷയേയും മാനസിക സംഘർഷങ്ങളെയും അയാൾ കടന്നുപോവുന്ന ജീവിതാവസ്ഥകളെയുമെല്ലാം ഹൃദയസ്പർശിയായ രീതിയിൽ വരച്ചു വെയ്ക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജയസൂര്യയുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നായി തന്നെ ‘വെള്ള’ത്തിലെ കഥാപാത്രത്തെ വിലയിരുത്താം. കണ്ണൂരിന്റെ പ്രാദേശിക ഭാഷയെ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട് താരം.

വെറുതെയൊരു നായികയല്ല സംയുക്ത മേനോന്റെ സുനിത. ചിത്രത്തിന്റെ ആദ്യപകുതിയിലേറെയും നിസ്സംഗത നിറഞ്ഞ നോട്ടം കൊണ്ടും സാന്നിധ്യം കൊണ്ടും മാത്രം തന്നെ അടയാളപ്പെടുത്തുന്ന സംയുക്തയുടെ കഥാപാത്രം രണ്ടാം പകുതിയോടെ കരുത്തയായ ഒരു സ്ത്രീയായി പകർന്നാട്ടം നടത്തി വിസ്മയിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ശ്രീലക്ഷ്മി, ജോണി ആന്റണി, പ്രിയങ്ക, ബൈജു, ഇന്ദ്രൻസ്, നിർമൽ പാലാഴി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തെ അതിന്റെ തനിമയോടെ തന്നെ അവതരിപ്പിക്കുകയാണ് റോബി വർഗ്ഗീസിന്റെ ക്യാമറക്കണ്ണുകൾ. മലബാറിലെ ഒരു നാട്ടിൻപ്പുറത്തു പോയി വന്ന അനുഭവമാണ് ചിത്രം കണ്ടിറങ്ങുമ്പോൾ ബാക്കിയാവുക. ബിജിബാലിന്റെ പാട്ടുകൾ ചിത്രത്തിനൊപ്പം പതിഞ്ഞ താളത്തിൽ പ്രേക്ഷകന്റെ മനസ്സിലും ഇടം കണ്ടെത്തുന്നവയാണ്. ബിജിത് ബാലയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

പൊടി കലക്കി നൽകിയും ആളുകളെ പിടിച്ചു കെട്ടികൊണ്ടുപോയി റിഹാബിലിറ്റേഷൻ സെന്ററിലാക്കിയും മദ്യപാനത്തിൽ നിന്നും മുക്തരാക്കാം തുടങ്ങിയ വിശ്വാസപ്രമാണങ്ങളുടെ തലയ്ക്കിട്ട് കൊട്ടുന്നുണ്ട് ചിത്രം. ഒരാളുടെ മദ്യപാനം നിർത്തേണ്ടത് അയാൾ അറിയാതെയല്ലെന്നും ഒരാൾ തന്റെ പൂർണബോധ്യത്തിൽ നിന്നാവണം അത്തരമൊരു തീരുമാനം ഉണ്ടാവേണ്ടതെന്നുമാണ് ഒരു വിജയകഥയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്.

Read more: തല്ലില്ല, കള്ളുകുടിയില്ല, പരസ്ത്രീബന്ധമില്ല… പിന്നെന്താ പ്രശ്നം? ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’​ ഒരു പുനർവായന

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Vellam malayalam movie review jayasurya samyuktha menonprajesh sen