Vattamesha Sammelanam Malayalam Movie Review: മലയാളത്തിലെ ഏറ്റവും മോശപ്പെട്ട ചിത്രത്തിന്റെ ട്രെയിലർ, അതായിരുന്നു ‘വട്ടമേശ സമ്മേളന’ത്തിന്റെ ട്രെയിലർ റിലീസ് സമയത്ത് അണിയറപ്രവർത്തകർ തന്നെ പറഞ്ഞത്. ആ വാക്കുകൾ വെറുതെ വിനയം കൊണ്ട് പറഞ്ഞതല്ലെന്ന് ചിത്രം കണ്ടിറങ്ങുമ്പോൾ ബോധ്യമാകും.

വലിയ സാമ്പത്തികതട്ടിപ്പിൽ പിടിയിലാവാൻ പോകുന്ന ജഗ്ഗുഭായി എന്ന ഡോൺ ഒരു പ്രത്യേക ലക്ഷ്യവുമായി കേരളത്തിലെത്തുന്നു, കൂടെ വളർത്തു മകളായ മോനയുമുണ്ട്. സാമ്പത്തിക കേസിൽ നിന്നും രക്ഷപ്പെടാൻ പൊളിയുന്ന ഒരു ബിസിനസ് ചെയ്ത് പാപ്പരായി എന്നു കാണിക്കണം. അതിനുള്ള വഴി സിനിമയെടുക്കൽ ആണെന്ന് ചില അഭ്യുദയകാംക്ഷികൾ ജഗ്ഗുഭായിയോട് പറയുന്നു.

അങ്ങനെ മലയാളത്തിലെ ഏറ്റവും മോശപ്പെട്ട ചിത്രമെടുക്കാനായി ജഗ്ഗുഭായി കേരളത്തിലെത്തുകയാണ്. ചെറിയ സിനിമകൾ ചേർത്തുവച്ചുള്ള ഒരു ആന്തോളജി ചിത്രമാണ് എടുക്കുന്നതെങ്കിൽ നൂറുശതമാനവും സിനിമ സിനിമ ഫ്ളോപ്പായിരിക്കും എന്നാണ് കൂടെയുള്ളവർ ജഗ്ഗുഭായിയ്ക്ക് ഉറപ്പുനൽകുന്നത്. അങ്ങനെ ജഗ്ഗുഭായി എടുക്കുന്ന സിനിമയ്ക്ക് അകത്തെ ഏഴോളം കൊച്ചുസിനിമകൾ, ഒപ്പം ജഗ്ഗുഭായിയുടെ കഥയും- അതെല്ലാം ചേരുന്നതാണ് ‘വട്ടമേശ സമ്മേളനം’.

ഷോർട്ട് ഫിലിം ആയി അവതരിപ്പിക്കാവുന്ന കഥാതന്തുകളെ വികസിപ്പിച്ചെടുത്ത് സിനിമയുടെ ഫ്രെയിമിലേക്ക് കൊണ്ടുവരാനാണ് വിപിന്‍ ആറ്റ്‌ലിയും സംഘവും ശ്രമിച്ചിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളാണെങ്കിലും കഥയുടെ അഴകു കൊണ്ട് കൂട്ടത്തിലെ ചില ചിത്രങ്ങളൊക്കെ ഹൃദയം തൊടുന്നുണ്ടെന്ന് പറയാതെ വയ്യ. ലിറ്റിൽ കൃഷ്ണയുടെ ആരാധകനായ മുസ്തഫയെന്ന ബാലന്റെ കഥയും, വിപിൻ ആറ്റ്‌ലി തന്നെ നായകനായെത്തിയ കുട്ടിക്കാല ഓർമ്മകളും ഭീതികളും വേട്ടയാടുന്ന ചെറുപ്പക്കാരന്റെ കഥയും നോബി കേന്ദ്രകഥാപാത്രമാകുന്ന കറിവേപ്പില എന്ന കൊച്ചുചിത്രവുമെല്ലാം കൂട്ടത്തിൽ ഹൃദ്യമായി അനുഭവപ്പെടുന്ന ചിത്രങ്ങളാണ്. ‘പർർർർ’ എന്ന ചിത്രം ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചാണ് സംസാരിക്കുന്നത്.

പുതുമ തോന്നുന്ന രീതിയിൽ കഥകൾ പറയുമ്പോഴും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്ത് ഒരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോഴും ‘വട്ടമേശ സമ്മേളന’ത്തിന് പ്രേക്ഷകരെ ചേർത്തുനിർത്താൻ ആവുന്നില്ല. ചിത്രത്തിന് വിനയാകുന്നത്, ആക്ഷേപഹാസ്യം കുത്തിനിറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ്. സർകാസവും സ്വയം ട്രോളുകളും നെഗറ്റീവ് മാർക്കറ്റിംഗ് തന്ത്രങ്ങളുമെല്ലാം സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്.

വിപിൻ ആറ്റ്‌ലിയെ കൂടാതെ സംവിധായകരായ കലിംഗ ശശി, മേജർ രവി, ജൂഡ് ആന്റണി, ജിബു ജേക്കബ്, ജിസ് ജോയി, സുധി കോപ്പ, മെറീന മൈക്കിൾ, അൽ സാബിത്ത്, സാജു നവോദയ, നോബി, സംക്രന്ദനൻ എന്നിവരും വിപിൻ ആറ്റ്‌ലിയുടെ ആദ്യചിത്രം ‘ഹോംലി മീൽസ്’ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഏറെ പുതുമുഖങ്ങൾക്കും ചിത്രം അവസരം നൽകിയിട്ടുണ്ട്.

ക്രേസിനെസ്സിന്റെ ആഘോഷമാണ് ചിത്രം. അൽപ്പസ്വൽപ്പം ക്രേസിനെസ്സ് നല്ലതാണെങ്കിൽ കൂടി, അമിതമാകുമ്പോൾ അത് അലോസരമാകുന്നത് എങ്ങനെയെന്നതിനുള്ള ഉദാഹരണം കൂടിയാണ് ‘വട്ടമേശ സമ്മേളനം’. ആദ്യപകുതി വരെ അധികം ബോറടിപ്പിക്കാതെ നീങ്ങിയ ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഇടിച്ചുനിർത്താൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് സംവിധായകനും കൂട്ടരും. ചിരിയുണർത്താനായി കൊണ്ടുവരുന്ന സർകാസ്റ്റിക് കമന്റുകളൊക്കെ അവസാനഭാഗത്ത് ദയനീയമായി പരാജയപ്പെടുന്നുണ്ട്. വട്ട് ചിന്തകളും സർകാസം സിനിമകളുമൊക്കെ ഇഷ്ടമുള്ളവർക്ക് സ്വന്തം റിസ്ക്കിൽ ടിക്കറ്റ് എടുത്ത് കാണാവുന്ന ഒരു ചിത്രമാണ് ‘വട്ടമേശ സമ്മേളനം’.

Read more: Vijay ‘Bigil’ Movie Review: ‘ബിഗിലി’ല്‍ ഫുട്‌ബോള്‍ ‘രക്ഷകന്‍’; മാറ്റങ്ങളില്ലാതെ വിജയ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook