scorecardresearch

Varane Avashyamund Movie Review: കണ്ടിരിക്കാവുന്ന കുടുംബ ചിത്രം: ‘വരനെ ആവശ്യമുണ്ട്’ റിവ്യൂ

Varane Avashyamund Movie Review and Rating: ശോഭനയുടെയും സുരേഷ് ഗോപിയുടെയും അതിഭാവകത്വങ്ങളില്ലാത്ത അഭിനയം തന്നെയാണ് ചിത്രത്തിനെ ബോറടിപ്പിക്കാതെ കൊണ്ട് പോകുന്നത്

Varane Avashyamund, Varane Avashyamund review, Varane Avashyamund ratings, Varane Avashyamund review, Varane Avashyamund video, Lalu Alex, Johny Antony, Suresh Gopi, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റേറ്റിംഗ്, Varane Avashyamund rating,

Varane Avashyamund Movie Review and Rating: കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘വരനെ ആവശ്യമുണ്ട്,’ തന്റെ അച്ഛന്റെ ചിത്രങ്ങളെ പോലെ തന്നെ കുടുംബ ബന്ധങ്ങളുടെ കഥ രസകരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമാണ്. അച്ഛൻ കൂടുതലും ഗ്രാമ പശ്ചാത്തലത്തിൽ കഥ പറഞ്ഞപ്പോൾ മകൻ നഗരം പശ്ചാത്തലമായി തിരഞ്ഞെടുത്തു എന്നുള്ളതാണ് വ്യത്യാസം.

നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയുമായി വന്ന ‘വരനെ ആവശ്യമുണ്ട്’ ഈ രണ്ടു മുതിർന്ന അഭിനേതാക്കളെയും വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ദുൽഖുർ സൽമാൻ, സംവിധായകൻ പ്രിയദർശന്റെ മകളായ കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ചെന്നൈയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ പല ഫ്ളാറ്റുകളിലായി താമസിക്കുന്ന വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്നുള്ളവർ തമ്മിൽ ഉടലെടുക്കുന്ന പരസ്പര ബന്ധങ്ങളുടെയും, സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും ഊഷ്മളമായ ദൃശ്യാവിഷ്കാരമാണ് ചിത്രം. ഭർത്താവുമായി പിരിഞ്ഞ നീനയും (ശോഭന) അവരുടെ മകൾ നിക്കി എന്ന് വിളിക്കുന്ന നികിതയിലൂടെയുമാണ് (കല്യാണി പ്രിയദർശൻ) ചിത്രം മുന്നോട്ടു പോകുന്നത്. പത്താം ക്ലാസ് മുതൽ പലരെയും പ്രേമിച്ചിട്ടുള്ള നീന പ്രണയിച്ചു വിവാഹം ചെയ്ത ഭർത്താവുമായി പിരിയേണ്ടി വരുന്നെങ്കിലും മനസ്സിൽ ഇപ്പോഴും പ്രണയം സൂക്ഷിക്കുന്ന, സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു വനിതയാണ്. അമ്മയുടെ അനുഭവം അറിയാവുന്ന നിക്കിയ്ക്ക് പക്ഷേ അറേൻജ്‌ഡ്‌ മാരേജ്നോടാണ് താല്പര്യം. ഇതിനായി നിക്കി മാട്രിമോണിക്കാരുടെ സഹായത്തോടെ വരനെ തേടി നടക്കുകയാണ്.

ഇവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പുതിയതായി താമസിക്കാൻ എത്തുന്ന കുടുംബമാണ് ദുൽഖുർ സൽമാൻ അവതരിപ്പിക്കുന്ന ഫ്രോഡ് എന്ന് വിളിപ്പേരുള്ള ബിബീഷും അയാളുടെ അനിയനും പിന്നെ കെ പി എ സി ലളിത അവതരിപ്പിക്കുന്ന ആകാശവാണി എന്ന് വിളിപ്പേരുള്ള സീരിയൽ നടിയും. ആകാശവാണിയും ഫ്രോഡും അയാളുടെ അനിയനും തമ്മിലുള്ള ബന്ധം എന്താണെന്നു പ്രേക്ഷകന് സംശയം തോന്നുമെങ്കിലും, സിനിമയുടെ അവസാനത്തോട് കൂടി ഇതിനു ഉത്തരം ചിത്രം നല്കന്നുണ്ട്. ഈ രണ്ടു കുടുംബങ്ങളുടെയും ഉള്ളിൽ നടക്കുന്ന രസകരമായ സംഭാഷണങ്ങളും, സന്ദര്‍ഭങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഏറിയ പങ്കും.

പെട്ടെന്ന് ക്ഷോഭിക്കുന്ന,എന്നാൽ ആളുകളോട് അടുക്കാൻ ഭയമുള്ള മേജർ ഉണ്ണിക്കൃഷ്ണനായി സുരേഷ് ഗോപി എത്തുന്നതോടു കൂടി ചിത്രം കൂടുതൽ രസകരമാവുന്നുണ്ട്. ഒറ്റത്തടിയായി ജീവിക്കുന്ന മേജറിന്റെ മുൻകോപത്തിനു ശമനം വരുത്താൻ അദ്ദേഹം ഒരു മനഃശാസ്ത്രജ്ഞനെ കാണുന്നു. സംവിധായകനായ ജോൺ ആന്റണി ആണ് കോമഡിക്ക് പ്രാധാന്യമുള്ള ബോസ് എന്ന മനഃശാസ്ത്രഞ്ജന്റെ വേഷം ചെയ്തിരിക്കുന്നത്. വളരെ വേഗത്തിലും ധൃതിയിലുമുള്ള ബോസിന്റെ സംസാരശൈലി തന്നെ ചിരിയുണർത്തുന്നതാണ്. ബോസും മേജറും തമ്മില്ലുള്ള സംഭാഷണങ്ങളിലെല്ലാം തന്നെ നർമരസം കൊണ്ട് വരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിൽ തൃശ്ശരിനെ ‘എടുക്കാൻ’ ശ്രമിച്ച സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെ സിനിമയിൽ നൈസ് ആയി ട്രോളുന്നുണ്ട്.

കഥാപാത്രങ്ങളെയും, അവരുടെ ഭൂതകാലത്തെയും സ്‌ഥാപിച്ചെടുക്കാൻ സിനിമയുടെ നല്ലൊരു ഭാഗം സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. തുടർന്നു നടി ശോഭനയോടു തനിക്കു അതിയായ ആകർഷണം ഉണ്ടെന്നു സമ്മതിക്കുന്ന മേജറിനെ, ബോസ് ശോഭനയുമായി സാമ്യമുള്ള നീനയെ പരിചയപ്പെടുത്തി കൊടുക്കുന്നു. നർമത്തിൽ ചാലിച്ച സ്വാഭാവികമായ സന്ദര്‍ഭങ്ങളിലൂടെ മേജര്‍ നീനയുമായി അടുക്കുന്നു. ഇരുവരും ഒരുമിച്ചുള്ള അഭിനയ മുഹൂര്‍ത്ത`ങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങുന്നവയാണ്. ഇരുവരുടെയും പ്രായത്തിനു യോജിച്ച സംഭാഷണങ്ങളും ഭാവങ്ങളും ഈ പഴയ താര ജോഡികൾക്കു അനുയോജ്യമായ ഒരു തിരിച്ച വരവ് സമ്മാനിച്ചു എന്ന് പറയേണ്ടി വരും. ഇരുവരുടെയും പ്രണയം സഫലമാകുമോ എന്നുള്ളതാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.

ചിത്രത്തിന്റെ ഉപകഥയായി വരുന്ന നിക്കിയുടെയും ഫ്രോഡിന്റെയും പ്രണയബന്ധങ്ങൾ ചില സമയങ്ങളിൽ അനാവശ്യമായി തോന്നുമെങ്കിലും, വല്യ പരുക്കളില്ലാതെ തന്നെ ഒരു ശുഭപര്യവസാനം സമ്മാനിക്കുന്നുണ്ട് ചിത്രം.

ശോഭനയുടെയും സുരേഷ് ഗോപിയുടെയും അതിഭാവകത്വങ്ങളില്ലാത്ത അഭിനയം തന്നെയാണ് ചിത്രത്തിനെ ബോറടിപ്പിക്കാതെ കൊണ്ട് പോകുന്നത്. തന്റെ ആദ്യ ചിത്രത്തിൽ തന്നെ തരക്കേടില്ലാതെ പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വെച്ചിരിക്കുന്നത്. അടുത്ത വീട്ടിലെ കുട്ടിയെന്നു തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു കല്യാണിയുടേത്.  ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദുൽഖുർ സല്മാന്‍ ചിത്രത്തിൽ വളരെ കുറച്ചു സമയങ്ങളിലെ ഉള്ളുവെങ്കിലും കൂടി അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസ് ചിത്രത്തിന് മുതൽക്കൂട്ടായി മാറുന്നുണ്ട്.

മുൻപ് പല തവണ കണ്ടതും കേട്ടതുമായ കഥാതന്തുവിനെ രണ്ടര മണിക്കൂർ മുഷിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമൊരുക്കിയതിൽ നവാഗതനായ അനൂപ് അഭിനന്ദനം അർഹിക്കുന്നുണ്ട്. വളരെ ക്യാന്റിടായി തോന്നിപ്പിക്കുന്ന ആഖ്യാന രീതിയാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിൽ പലപ്പോഴും സന്ദര്‍ഭങ്ങളിലെ കൃത്രിമത്വം പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം. തമാശക്കായി ഒരുക്കിയ സംഭാഷണങ്ങൾ പലപ്പോഴും മുൻപ് പറഞ്ഞത് പോലെ കൃത്രിമത്വം അനുഭവപ്പെട്ടെങ്കിലും സുരേഷ് ഗോപിയുടെയും ജോണി ആന്റണിയുടെയും പ്രകടനം ആ കുറവ് നികത്തുന്നുണ്ട്. രണ്ടാം പകുതി അനാവശ്യമായി വലിച്ചു നീട്ടിയതായും പ്രേക്ഷകന് അനുഭവപ്പെടാം. ഇത് മനസിലാക്കിയെന്നോണം പ്രതീക്ഷിക്കാത്ത ഒരു ഷോട്ടില്‍ ചിത്രം പെട്ടെന്ന് അവസാനിക്കുകയാണ്.

മുകേഷ് മുരളീധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാഗരികതയും, ‘ഫ്ലാറ്റ് കൾച്ചർ’ പരിസരങ്ങളും മനോഹരമായി തന്നെ പകർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടോബി ജോൺ ആണ് ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത്.

കുടുംബ പ്രേക്ഷകരെ ആസ്വദിപ്പിക്കാനാകുന്ന കഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട് സമ്പന്നമാണ് ‘വരനെ ആവശ്യമുണ്ട്’ എങ്കിലും സുരേഷ് ഗോപിയുടെയും ശോഭനയുടെയും പ്രകടനങ്ങളുടെ മികവ് കൊണ്ടാവും മലയാള സിനിമാ ചരിത്രത്തില്‍ അടയാളയപ്പെടുക.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Varane avashyamund movie review dulquer salmaan shobana suresh gopi kalyani priyadarshan