scorecardresearch

Varaal Movie Review & Rating : അനൂപ് മേനോൻ സ്റ്റൈലിൽ ഒരു പൊളിറ്റിക്കൽ ത്രില്ലർ;റിവ്യൂ

Varaal Movie Review & Rating :വളരെ ലൗഡ് ആയ മാസ്സ് സംഭാഷണങ്ങൾ, കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതം, കണ്ട് ശീലമായ തരം ട്വിസ്റ്റുകളൊക്കെയാണ്‌ വരാലിനെ നയിക്കുന്നത്. പതിവ് രീതിയിൽ ഇവിടത്തെ നിലവിലെ രാഷ്ട്രീയ പാർട്ടികളിലെ ചില നേതാക്കളെ, ചില സംഭവങ്ങളെ ഒക്കെ ഓർമിപ്പിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്.

Varaal Movie Review & Rating :വളരെ ലൗഡ് ആയ മാസ്സ് സംഭാഷണങ്ങൾ, കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതം, കണ്ട് ശീലമായ തരം ട്വിസ്റ്റുകളൊക്കെയാണ്‌ വരാലിനെ നയിക്കുന്നത്. പതിവ് രീതിയിൽ ഇവിടത്തെ നിലവിലെ രാഷ്ട്രീയ പാർട്ടികളിലെ ചില നേതാക്കളെ, ചില സംഭവങ്ങളെ ഒക്കെ ഓർമിപ്പിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്.

author-image
Aparna Prasanthi
New Update
Movie Review, Malayalam movie, New release

Varaal Movie Review & Rating :കുറെയധികം രാഷ്ട്രീയ നേതാക്കൾ, അധികാരത്തിനു വേണ്ടിയുള്ള അതിഭീകരമായ വടംവലികൾ, ഹണി ട്രാപ് മുതൽ മത തീവ്രവാദം വരെ നമ്മൾ എപ്പോഴൊക്കെയോ കേട്ട കുറെ നാടകീയ സംഭവങ്ങൾ… കണ്ണൻ താമരാക്കുളത്തിന്റെ സംവിധാനത്തിൽ അനൂപ് മേനോൻ തിരക്കഥ എഴുതിയ വരാൽ , മലയാളത്തിൽ പുറത്ത് വന്നു വൻ വിജയം നേടിയതും പരാജയപ്പെട്ടതുമായ രാഷ്ട്രീയ ത്രില്ലറുകളുടെ പൊതു സ്വഭാമെല്ലാം പേറുന്ന സിനിമയാണ്. വളരെ ലൗഡ് ആയ മാസ്സ് സംഭാഷണങ്ങൾ, കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതം, കണ്ട് ശീലമായ തരം ട്വിസ്റ്റുകളൊക്കെയാണ്‌
വരാലിനെ നയിക്കുന്നത്. പതിവ് രീതിയിൽ ഇവിടത്തെ നിലവിലെ രാഷ്ട്രീയ പാർട്ടികളിലെ ചില നേതാക്കളെ, ചില സംഭവങ്ങളെ ഒക്കെ ഓർമിപ്പിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്.

Advertisment

വരാലിനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ വരിക അതിലെ വലിയ താരനിര തന്നെയാണ്.പ്രകാശ് രാജ്,അനൂപ് മേനോൻ,സണ്ണി വെയ്ൻ,സായി കുമാർ, ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ, നന്ദു പൊതുവാൾ, മാധുരി, ഗൗരി നന്ദ,ജയകൃഷ്ണൻ, പ്രിയങ്ക, രഞ്ജി പണിക്കർ തുടങ്ങി താരങ്ങളുടെ സമൃദ്ധി തന്നെ ഈ സിനിമയിൽ കാണാം. കഥാപാത്രങ്ങളുടെ ബാഹുല്യം തന്നെയാണ് സിനിമയുടെ പ്രധാന പ്രശ്നമായി തോന്നിയതും. വലിയ ബിൽഡപ്പിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയിൽ വരുന്ന താരങ്ങൾ ശക്തമായ പരിചയപ്പെടുത്തലിനു ശേഷം ഒന്നും ചെയ്യാനില്ലാതെ സ്‌ക്രീനിൽ നിന്നും അപ്രത്യക്ഷരാകുന്നു. സിനിമയുടെ മുന്നോട്ടുള്ള പോക്കില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്ന കുറെ താരങ്ങളെ അവശേഷിപ്പിച്ചു വരാൽ അവസാനിക്കുന്നു.

2024 ലെ കേരള നിയമ സഭാ തിരഞ്ഞെടുപ്പാണ് വരാലിലെ പ്രധാന കഥാപരിസരം. നിലവിൽ ഭരിക്കുന്ന പാർട്ടി പത്ത് വർഷമായി സംസ്ഥാനം ഭരിക്കുന്നു. ഭരണ തുടർച്ച മുന്നിൽ കണ്ട് ഇവർ ഇലക്ഷൻ തന്ത്രങ്ങൾ പ്ലാൻ ചെയ്യുമ്പോൾ പ്രതിപക്ഷം ഡേവിഡ് എന്ന 'കറുത്ത കുതിരയെ ' മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇറക്കി എല്ലാവരെയും ഞെട്ടിക്കുന്നു. തകർച്ചയുടെ ഭൂതകാലമുളള വലിയ ബിസിനസ് മാഗ്നറ്റായ ഇയാൾ എന്തൊക്കെയോ മുൻകൂട്ടി കണ്ടാണ് കേരളത്തിലേക്ക് വരുന്നത്. തുടർന്ന് നടക്കുന്ന നാടകീയ സംഭവങ്ങളിലൂടെയാണ് വരാൽ വികസിക്കുന്നത്. ഡേവിഡ് ആയി അനൂപ് മേനോൻ സ്ക്രീനിലെത്തുന്നു. സിനിമയിൽ ഡേവിഡ് ആണ് എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും വഴുതി മാറുന്ന വരാൽ. ഡേവിഡ് ഒറ്റക്ക് ഇവിടത്തെ രാഷ്ട്രീയ ഒറ്റുകാരിൽ നിന്നും മത തീവ്രവാദികളിൽ നിന്നും കേരളത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. ഒറ്റ കേൾവിയിൽ തന്നെ വിചിത്രമെന്നും അതിശയോക്തി നിറഞ്ഞതെന്നും തോന്നുന്ന ഈ കഥാഗതിയുടെ അതി വിചിത്രമായ മുന്നോട്ട് പോക്കാണ് വരാൽ എന്ന സിനിമ.

ലാവ്‌ലിൻ, പ്രതിക്രിയാ വാദം, പോസ്റ്ററിൽ പേരില്ലാത്ത വനിതാ മന്ത്രി, ഡൽഹിയിലെ അമ്മച്ചിയും മോനും, ഹൈ കമാന്റ്, തങ്ങൾ കുടുംബം, ഐ എസ് ഐ എസ്, ഗ്രൂപ്പ്‌ തർക്കം, മുടി മൊട്ടയടിക്കൽ തുടങ്ങി നിരന്തരം ഇവിടുത്തെ കക്ഷി രാഷ്ട്രീയ സിനിമകളിൽ നിരന്തരം വന്നു പോകുന്നതും ഇപ്പോഴുള്ള പത്ര മാധ്യമങ്ങളിൽ ഇടക്ക് വാർത്തയായ സംഭവങ്ങളുമൊക്കെ തന്നെയാണ് വരാലിന്റെ കഥാപരിസരം. സിനിമയും കഥാപാത്രങ്ങളും കഥയുടെ മുന്നോട്ട് പോക്കുമൊക്കെ നമ്മൾ നിരന്തരമായി കണ്ട് കൊണ്ടേയിരിക്കുന്ന ഇത്തരം സിനിമകളുടെ ആവർത്തനമാണ്. പല സംഭാഷണങ്ങളും 80 കൾ മുതൽ കേരളത്തിലെ രാഷ്ട്രീയ പരിസരം ഒട്ടും മാറിയിട്ടേയില്ല എന്ന് തോന്നിപ്പിക്കുന്ന മട്ടിലുള്ളതായിരുന്നു. മലയാള സിനിമയിൽ കാണുന്ന രാഷ്ട്രീയ ഉപജാപങ്ങൾ പോലും മാറിയിട്ടില്ല എന്ന് സിനിമ തോന്നിപ്പിച്ചു കൊണ്ടേയിരുന്നു

Advertisment

സിനിമ ഏത് ഗണത്തിൽപ്പെട്ടതായാലും അനൂപ് മേനോൻ തിരക്കഥ എഴുതുന്ന സിനിമകളിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ഒരേ ശൈലിയും സംഭാഷണങ്ങളും സ്വഭാവ രീതികളുമാണ്. വരാലിലും ഇത് അതെ പടി ആവർത്തിച്ചു. ഭാവി മുഖ്യമന്ത്രി ആകുമ്പോഴും അദ്ദേഹം ടിപ്പിക്കൽ അനൂപ് മേനോൻ കഥാപാത്രമായി തുടർന്നു. അനൂപ് മേനോന്റെ നായക കഥാപാത്രം ഒഴിച്ച് മറ്റുളളവര്‍ക്കു കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് പറയാം. മൂന്നിൽ കൂടുതൽ രംഗങ്ങളിൽ വരുന്ന മറ്റു താരങ്ങൾ പോലും കുറവാണ്. ഇത്തരം സിനിമയെ പലപ്പോഴും ഉയർത്തുന്നത് ആൾക്കൂട്ട രംഗങ്ങൾ കൂടിയാണ്.ആ വിധത്തിലുളള രംഗങ്ങളൊന്നും ഈ സിനിമയിൽ ഇല്ല.

പൊതുവെ കക്ഷി രാഷ്ട്രീയ കഥകൾ പറയുന്ന മലയാള സിനിമകൾ രണ്ട് രീതിയിലാണ് സ്വന്തം നിലയുറപ്പിക്കാറുള്ളത്. ഒന്ന്, ഭരണ പാർട്ടിയുടെ കൂടെ നിന്ന് അവർക്കു സ്തുതി പാടുക, മറ്റൊന്ന് രണ്ട് പാർട്ടികളും വേണം എല്ലാവരും വേണം എന്നൊക്കെയുള്ള തരം നില. വരാൽ രണ്ടാമത്തെ രീതിയെ ആശ്രയിക്കുന്നു. സിനിമയിൽ അനൂപ് മേനോന്റെ ബുദ്ധി കണ്ട് അമ്പരക്കുന്ന നന്മയുള്ളവരും ഇത്തിരി കുതന്ത്രങ്ങൾ ഉള്ളവരും എന്നിങ്ങനെ രണ്ട് വിഭാഗം കഥാപാത്രങ്ങൾ മാത്രമേ ഉള്ളു. ഒരിടത്ത് തീവ്രവാദം, മറ്റൊരിടത്ത് പേര് കൊണ്ട് വേട്ടയാടൽ തുടങ്ങി ആരെയും വേദനിപ്പിക്കാതിരിക്കാൻ സിനിമ കഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു. ഹണി ട്രാപ് എന്ന വാക്ക് തന്നെ പ്രശ്നവത്കരിക്കപ്പെടുമ്പോഴാണ് റിവേഴ്‌സ് ഹണി ട്രാപ്പൊക്കെ ഒരുക്കുന്ന നായകന്റെ കഥ ഇവിടെയുണ്ടാവുന്നത്. സിനിമയിലെ പല സംഭവങ്ങളും അതി നാടകീയമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും അതിനൊന്നും തുടർച്ചയില്ല വരാലിൽ എവിടെയും.

മലയാളത്തിൽ ഒരു പുതുമയുമില്ലാത്ത രീതിയിൽ രാഷ്ട്രീയ നേതാക്കളെ എങ്ങനെ അവതരിപ്പിക്കാം, പൊളിറ്റിക്കൽ ത്രില്ലർ എങ്ങനെ എടുക്കാം, ടിപ്പിക്കൽ അനൂപ് മേനോൻ രീതിയിൽ പൊളിറ്റിക്കൽ ഡ്രാമ എങ്ങനെ അവതരിപ്പിക്കാം എന്നൊക്കെ പറയുന്ന സിനിമയാണ് വരാൽ.

Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: