scorecardresearch

Upacharapoorvam Gunda Jayan Review: കല്യാണവീട്ടിലെ ചിരിസദ്യ; ‘ഉപചാരപൂർവം ഗുണ്ട ജയൻ’ റിവ്യൂ

Upacharapoorvam Gunda Jayan Movie Review: മുഴുകുടിയനായ അളിയനായി എത്തുന്ന സാബുമോന്റെയും ജാഫർ ഇടുക്കിയുടെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്

Upacharapoorvam Gunda Jayan Movie Review & Rating: 2005ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് ‘ആടി’ലൂടെ മലയാളികളുടെ പ്രിയപ്പെട്ട അറക്കൽ അബുവായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രമാണ് ‘ഉപചാരപൂർവം ഗുണ്ട ജയൻ’. രാജേഷ് വർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. അരുൺ വൈഗയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഒരു കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു കാലത്ത് നാട്ടിൽ അത്യാവശ്യം നല്ല രീതിയിൽ ഗുണ്ടായിസം കാണിച്ചു നടന്നയാളാണ് ജയൻ (സൈജു കുറുപ്പ്). എന്നാൽ ഇന്ന് അതെല്ലാം വിട്ട് ചെറിയൊരു പച്ചക്കറി കടയും നടത്തി കുടുംബവും നോക്കി ജീവിക്കുകയാണ് അയാൾ. ഗുണ്ടായിസം നിർത്തിയെങ്കിലും വീട്ടിലും നാട്ടിലുമെല്ലാം ജയനെ അല്പം പേടിയോടെയാണ് എല്ലാവരും കാണുന്നത്. ജയൻ ഒന്ന് ശബ്‌ദം ഉയർത്തിയാൽ വീട്ടിലെ ആരും നിശബ്ദരാകും. തന്റെ മൂത്ത സഹോദരിയുടെ മകളുടെ വിവാഹം നടത്തുക എന്നൊരു ഉത്തരവാദിത്തത്തിന്റെ പുറകെയാണ് ജയൻ ഇപ്പോൾ. പക്ഷെ സഹോദരിയുടെ മകൾ അഞ്ജനയ്ക്കാവട്ടെ വിവാഹത്തിന് താത്പര്യമില്ല. മറ്റൊരാളുമായി പ്രണായത്തിലായ അഞ്ജനയുടെ ഇഷ്‌ടം കണക്കിലെടുക്കാതെയാണ് ജയൻ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. വിവാഹത്തിന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ ജയന് സഹായമായി ഒപ്പമുള്ളത് അടുത്ത വീട്ടിലെ റെജിയാണ് (ശബരീഷ്).

അങ്ങനെ വിവാഹ ദിവസം വന്നെത്തുന്നു. തലേദിവസം തന്നെ കുടുംബക്കാരെല്ലാം വിവാഹത്തിനെത്തുന്നുണ്ട്. അങ്ങനെ വീട് വിവാഹാഘോഷങ്ങളിലേക്ക് കടക്കുകയാണ്. സദ്യ ഒരുക്കാനുള്ള ആളുകളും ഫോട്ടോഗ്രാഫർമാരുമെല്ലാം എത്തുന്നുണ്ട്. പക്ഷെ അപ്പോഴും വിവാഹത്തെ കുറിച്ചുള്ള ടെൻഷനിലാണ് ജയൻ. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാതെ വിവാഹം നടക്കണം എന്ന ഒറ്റ ചിന്തയാണ് ജയന്. മറ്റൊരു പ്രണയമുള്ള മാനസികമായി ഇതുവരെ വിവാഹത്തിന് തയ്യാറാകാത്ത അഞ്ജന ഒളിച്ചോടുമോ എന്ന ഭയമെല്ലാം ജയനെ പിടികൂടുന്നുണ്ട്. വിവാഹത്തിനെത്തുന്ന അഞ്ജനയുടെ സുഹൃത്ത് കിരണും (സിജു വിൽസൺ) ഒപ്പമുള്ള പെൺകുട്ടിയും ജയന്റെ ടെൻഷൻ അല്പം കൂട്ടുന്നുണ്ട്. എന്നാൽ ജയൻ പേടിക്കുന്ന പോലുള്ള കാര്യങ്ങൾക്ക് പകരം വിവാഹദിവസം മറ്റു പലതുമാണ് അവിടെ സംഭവിക്കുന്നത്. ആ രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

Upacharapoorvam Gunda Jayan Movie Review & Rating: അടുത്തിടെ പുറത്തിറങ്ങിയ ‘തിങ്കളാഴ്ച നിശ്ചയവും’ ‘അർച്ചന 31 നോട്ടൗട്ടും’ പോലെ കല്യാണ വീടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതാണ് ഈ ചിത്രവും. ആദ്യ അരമണിക്കൂർ കഴിഞ്ഞ് വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്കും അതിന്റെ രസകാഴ്ചകളിലേക്കുമാണ് ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. വിവാഹത്തിന്റെ രണ്ടു ദിവസം നടക്കുന്ന സംഭവങ്ങളാണ് പിന്നീട് കാണുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് പറയത്തക്ക കോമഡി രംഗങ്ങൾ കടന്നുവരുന്നിലെങ്കിലും രണ്ടാം ഭാഗം നർമ്മ മുഹൂർത്തങ്ങളാൽ സമ്പന്നമാണ്. ഇവിടെ കല്യാണപ്പെണ്ണിന്റെ സുഹൃത്തായി എത്തുന്ന സിജു വിൽസന്റെ കഥാപാത്രമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ചെറിയ ഒരു സബ്‌ജക്റ്റും വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത പ്ലോട്ടുമാണ് ‘ഉപചാരപൂർവം ഗുണ്ട ജയന്റേത്’. എന്നാൽ രണ്ടു മണിക്കൂർ പ്രേക്ഷകനെ മടുപ്പിക്കാതെ വളരെ എൻഗേജിങ് ആയിരുത്താൻ സംവിധായകന് സാധിക്കുന്നുണ്ട്. അതിൽ ട്വിസ്റ്റുകൾ നിറഞ്ഞ അവസാനത്തെ അരമണിക്കൂർ പ്രേക്ഷകരെ ഒരുപാട് ചിരി സമ്മാനിക്കുന്നതുമാണ്. ധാരാളം കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. മികച്ച താരങ്ങളെ തന്നെ അതിൽ അണിനിരത്താനും അവർക്കെല്ലാം വേണ്ട സ്‌പേസ് നൽകാനും സംവിധായകൻ അരുൺ വൈഗയ്ക്ക് സാധിക്കുന്നുണ്ട്.

ഗുണ്ട ജയനായി കരിയറിലെ മറ്റൊരു മികച്ച പ്രകടനമാണ് സൈജു കുറുപ്പ് കാഴ്ചവെച്ചിരിക്കുന്നത്. അച്ഛന്റെ സ്ഥാനത്ത് നിന്ന് ഒരു വിവാഹം നടത്താൻ കഷ്ടപ്പെടുന്ന അമ്മാവന്റെ വ്യാകുലതകളും ആശങ്കകളും സൈജുവിൽ പ്രേക്ഷകന് കാണാൻ കഴിയും. വൈകാരിക രംഗങ്ങളിൽ എല്ലാം പഴയ ഒരു ഗുണ്ടയുടെ കേട്ട് വിടാതെയുള്ള സ്വാഭാവിക അഭിനയമാണ് സൈജുവിന്റേത്. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം സാബുമോൻ അബ്ദുൽ സമദിന്റെയും ജാഫർ ഇടുക്കിയുടെയുമാണ്. മദ്യം കണ്ടാൽ കമിഴ്ന്നു വീഴുന്ന അളിയനായി എത്തുന്ന സാബുമോൻ ഒരു മുഴുകുടിയന്റെ കഥാപാത്രം ഒട്ടും തന്നെ ഓവറാക്കാതെ മനോഹരമായി ചെയ്തു വച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ മാത്രം എത്തുന്ന ജാഫർ ഇടുക്കിയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കല്യാണ വീട്ടിലേക്ക് താൻ എത്തിയതിന്റെ ലക്ഷ്യം പൂർത്തിയായ ശേഷം സിഗരറ്റും കത്തിച്ച് കൂളിംഗ് ഗ്ലാസും വെച്ച് നിൽക്കുന്ന ജാഫർ ഇടുക്കിയുടെ പോസ്, ചിത്രം ഒടിടിയിൽ എത്തുമ്പോൾ ആഘോഷിക്കപ്പെടാൻ സാധ്യതയുണ്ട്.

Upacharapoorvam Gunda Jayan, Upacharapoorvam Gunda Jayan review, Upacharapoorvam Gunda Jayan movie review

രണ്ടാം ഭാഗത്തിൽ നിറഞ്ഞാടുന്ന സിജു വിൽസണും. എന്ത് കാര്യത്തിനും വീട്ടിലെ എല്ലാവരും വിളിക്കുന്ന കല്യാണ വീട്ടിലെ ‘മെയിൻ’ ആയ റെജിയെ അവതരിപ്പിച്ച ശബരീഷും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. ജോണി ആന്റണിയുടെയും സുധീർ കരമനയുടെയും കഥാപാത്രങ്ങൾ പ്രേക്ഷകരിൽ ചിരിയുണർത്തുന്നതാണ്. പാചകക്കാരായി എത്തുന്ന ഹരീഷ് കണാരനും ഗോകുലനും പെണ്ണിന്റെ കൊച്ചച്ചനായി എത്തുന്ന ബിജു സോപാനവും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലൈറ്റ് ബോയ് സാലി ആയി എത്തുന്ന സാഗർ സൂര്യയും ഫോട്ടോഗ്രാഫർമാരായി എത്തുന്ന വിജിലേഷും ഷാൻ സാക്കിയും കയ്യടിനേടുന്നുണ്ട്. ചിത്രത്തെ ഒരു ‘ചിരി സദ്യ’ ആക്കുന്നതിൽ ഇവർക്കും നല്ല പങ്കുണ്ട്. പുതിയ ഒരുപിടി പുതുമുഖ നടിമാരും ചിത്രത്തിലുണ്ട്. ഇതിൽ വൃന്ദയുടെയും ഷൈലജയുടെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്. എന്നാൽ ലൈറ്റ് ആൻഡ് സൗണ്ടസ് മുതലാളി ആയി എത്തുന്ന ജൂഡ് ആന്തണി ജോസഫിന്റെ കഥാപാത്രത്തിന് കഥയിൽ വലിയ റോൾ ഇല്ലാതെ പോകുന്നുണ്ട്.

എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛയാഗ്രഹണം. ചേർത്തലയുടെ ഗ്രാമഭംഗിയും വിവാഹവും എല്ലാം വളരെ സ്വാഭാവികതയോടെ പകർത്താൻ എൽദോയ്ക്ക് സാധിച്ചിട്ടുണ്ട്. കല്യാണവീടിന് ഒരു നാട്ടിൻ പുറത്തെ യഥാർത്ഥ കല്യാണവീടിന്റെ മട്ടും ഭാവവും നൽകിയതിന് ആർട്ട് ഡയറക്ടർ അഖിൽ രാജ് കയ്യടി അർഹിക്കുന്നു. ബിജിപാലിന്റെ സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതാണ്. ചിത്രത്തിന്റെ അവസാനം എൻഡ് ക്രെഡിറ്റ്സിൽ നൽകിയ ശബരീഷ് ആലപിച്ച ഗാനം നന്നായിരുന്നു. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് നിർമ്മാണം.

വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത അഭിനേതാക്കളുടെ മികവ് കൊണ്ടും ഒരുപിടി നല്ല നർമ്മ മുഹൂർത്തങ്ങൾ കൊണ്ടും മനോഹരമായ ചിത്രമാണ് ‘ഉപചാരപൂർവം ഗുണ്ട ജയൻ’. കുടുംബത്തോടൊപ്പം തിയേറ്ററിൽ രണ്ടുമണിക്കൂർ കണ്ടാസ്വദിക്കാവുന്ന കൊച്ചു ചിത്രം.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Upacharapoorvam gunda jayan malayalam movie review rating