Mammootty Starrer ‘Unda’ Movie Review in Malayalam: ഏറെ നാളുകൾക്ക് ശേഷം അതിഭാവുകത്വങ്ങളില്ലാതെ, വളരെ സ്വാഭാവികതയോടെ പൊലീസുകാരുടെ ജീവിതക്കാഴ്ചകൾ പകർത്തിയ ഒരു ചിത്രം- മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’യെ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. ചത്തീസ്‌ഗഢിലെ ബസ്തറിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോവുന്ന പൊലീസ് സംഘത്തെ നയിക്കുന്ന ഓഫീസർമാരിൽ ഒരാളാണ് സബ് ഇൻസ്പപെക്ടർ മണികണ്ഠൻ. മുരടൻ സ്വഭാവങ്ങളൊന്നുമില്ലാത്ത വളരെ സാധാരണക്കാരനായ ഒരു പൊലീസുകാരൻ.
നിരന്തരം മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് പേരുകേട്ട വനത്തിനകത്തെ ഒരു പോളിങ് ബൂത്തിലേക്കാണ് അയാൾ അടങ്ങുന്ന ഒമ്പതംഗസംഘം എത്തിപ്പെടുന്നത്. വേണ്ടത്ര മുൻകരുതലുകളോ മെറ്റൽ ഡിറ്റക്ടറോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റോ എന്തിന് ആവശ്യത്തിന് ഉണ്ട പോലുമില്ലാത്ത തോക്കുമായി എത്തുന്ന ആ പൊലീസ് സംഘത്തെ ഐടിബിപി ഉദ്യോഗസ്ഥർ പുച്ഛത്തോടെയാണ് പലപ്പോഴും നോക്കി കാണുന്നത്. ആ സംഘർഷാവസ്ഥയെ തരണം ചെയ്യാൻ മണി സാറിനും പിള്ളേർക്കും കഴിയുമോ? ആ ആകാംക്ഷ തന്നെയാണ് പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെ ക്ലൈമാക്സ് വരെ കൂടെ നടത്തുന്നത്.
കുളിച്ചൊരുങ്ങി യൂണിഫോമും അണിഞ്ഞ് തോക്കും ലാത്തിയും എല്ലാം കെട്ടിപ്പെറുക്കി ഇലക്ഷൻ യാത്രയ്ക്ക് തയ്യാറാവുന്ന പൊലീസുകാരുടെ ഒരുക്കങ്ങളിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. അവിടം മുതൽ ആ പൊലീസ് സംഘത്തിനൊപ്പം പ്രേക്ഷകരും യാത്ര തുടങ്ങും. ആ രസച്ചരട് മുറിക്കാതെ അവസാനം വരെ പ്രേക്ഷകരെ ഒപ്പം നടത്താൻ കഴിഞ്ഞു എന്നതിൽ സംവിധായകൻ ഖാലിദ് റഹ്മാന് അഭിമാനിക്കാം.
വളരെ റിയലിസ്റ്റിക്കായ സമീപനമാണ് ‘ഉണ്ട’യെ പതിവു പൊലീസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അമാനുഷികനായ പൊലീസ് കഥാപാത്രങ്ങളൊന്നും തന്നെ ഈ ചിത്രത്തിലില്ല. പ്രേക്ഷകർക്ക് ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്ന, അവരുടെ കുടുംബത്തിലോ അയൽപ്പക്കത്തോ പൊലീസ് സ്റ്റേഷനുകളിലോ ഒക്കെ കണ്ട് പരിചയമുള്ള കുറച്ചു പൊലീസുകാർ സ്ക്രീനിലേക്ക് കയറി നിന്ന് അവരുടെ പച്ചയായ ജീവിതം കാണിച്ചു തരികയാണ് ‘ഉണ്ട’യിൽ ഉടനീളം.
ഇതുവരെ മലയാളികൾ കണ്ട മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനാണ് ‘ഉണ്ട’യിലെ മണി സാർ. അതീവ സംഘർഷസാധ്യതയുള്ള ഒരിടത്ത്, വേണ്ടത്ര അനുഭവപരിചയമില്ലാതെ, ചെറുപ്പക്കാരുടെ ഒരു സംഘവുമായി എത്തുന്ന മണി എന്ന സാധാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലാണ് ഇടം പിടിക്കുന്നത്. അയാളുടെ ഭീതികളും നിസ്സഹായതയും പരിണാമങ്ങളും സഹപ്രവർത്തകരോടുള്ള സ്നേഹവും വാത്സല്യവുമെല്ലാം അതിമനോഹരമായി തന്നെ പോർട്രൈ ചെയ്യുന്ന ഒരു മമ്മൂട്ടിയെയാണ് ‘ഉണ്ട’യിൽ കാണാനാവുക. അയാൾ അതിമാനുഷനല്ല, കട്ട ഹീറോയിസങ്ങളുമില്ല, പക്ഷേ എന്നിരുന്നാലും സിനിമ കണ്ടിറങ്ങുമ്പോൾ മണി സാർ പ്രേക്ഷകരുടെ മനസ്സിൽ ഹീറോ ആവും.
മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് യുവതാരങ്ങളും കാഴ്ച വയ്ക്കുന്നത്. പ്രത്യേകിച്ചും, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ലുക്ക് മാൻ എന്നിവരുടെ അഭിനയം. സംവിധായകൻ രഞ്ജിത്തിന്റെ കഥാപാത്രവും ശ്രദ്ധ കവരും. ഭഗ്‌വാൻ തിവാരി, ഓംകാർ ദാസ് മണിക് പുരി, ചീൻ ഹോ ലിയോ തുടങ്ങിയ ബോളിവുഡ് താരങ്ങളും നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
വളരെ റിയലിസ്റ്റിക്കായ ഒരു തിരക്കഥ തന്നെയാണ് ‘ഉണ്ട’യുടെ പ്ലസ്. മാവോയിസ്റ്റ് ആക്രമണങ്ങൾ, സമൂഹത്തിലെ വർണ-വർഗ്ഗവിവേചനം, കള്ള വോട്ടിന്റെ രാഷ്ട്രീയം തുടങ്ങി സാമൂഹിക പ്രസക്തിയുള്ള നിരവധിയേറെ വിഷയങ്ങൾ ‘ഉണ്ട’ ചർച്ച ചെയ്യുന്നുണ്ട്. പറയാനുള്ളത് വളരെ ലളിതമായി പറഞ്ഞുപോകുമ്പോൾ തന്നെ തിരക്കഥ പ്രേക്ഷകരുമായി നല്ല രീതിയിൽ സംവദിക്കുന്നുണ്ട്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളും തമാശകളുമൊക്കെ ചിരിയുണർത്തും. പതിയെ പ്ലോട്ട് ഡെവലപ്പ് ചെയ്ത് പറഞ്ഞു പോവുന്ന കഥ പതിയെ ത്രില്ലിംഗ് ആയി മാറുകയാണ്.
Read more: ‘ഉണ്ട’യിലെ വില്ലന്‍ ആര്?; റിലീസ് ദിവസം വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്
പ്രശാന്ത് പിള്ളയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ, സജിത്ത് പുരുഷന്റെ ഛായാഗ്രഹണം, നിഷാദ് യൂസഫിന്റെ എഡിറ്റിംഗ് തുടങ്ങി സാങ്കേതിക വശങ്ങളിലും ‘ഉണ്ട’ മികവു പുലർത്തുന്നുണ്ട്. മമ്മൂട്ടിയെന്ന നടനെ കുറച്ചു നാളുകൾക്ക് ശേഷം താരപരിവേഷമില്ലാതെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ‘ഉണ്ട’ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. സൂപ്പർ സ്റ്റാർ ചിത്രങ്ങളുടെ നിലവിലെ ചട്ടക്കൂടുകളെ ബ്രേക്ക് ചെയ്യാൻ ധൈര്യം കാണിച്ച ചിത്രമെന്ന രീതിയിലും ‘ഉണ്ട’ കയ്യടികൾ അർഹിക്കുന്നുണ്ട്.