Trance Malayalam Movie Review: ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായിരുന്നു അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍ ടീമിന്റെ ‘ട്രാന്‍സ്’. ‘ബാംഗ്ലൂർ ഡേയ്സി’നു ശേഷം ഫഹദ്- നസ്രിയ താരജോഡികൾ വീണ്ടുമൊന്നിക്കുന്നു, ഒരിടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനരംഗത്തേക്ക് മടങ്ങിയെത്തുന്നു തുടങ്ങിയ പ്രത്യേകതകളും ചിത്രത്തിന്റെ കാത്തിരിപ്പിന് പ്രതീക്ഷ പകർന്ന ഘടകങ്ങളാണ്. കാത്തിരിപ്പുകൾക്കൊടുവിൽ ‘ട്രാൻസ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ഇന്ന്.
Trance Malayalam Movie Review: ട്രാന്‍സ് റിവ്യൂ
ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയം, ഫഹദിന്റെ സമാനതകളില്ലാത്ത അഭിനയമികവ്, സാങ്കേതികവശങ്ങളിലെ മികവ് എന്നിവയെല്ലാം തന്നെ ‘ട്രാൻസി’നെ മികച്ചൊരു കാഴ്ചാനുഭവമാക്കി മാറ്റുകയാണ്. ഒരു മോട്ടിവേഷണൽ സ്പീക്കർ ആണ് വിജു പ്രസാദ് (ഫഹദ് ഫാസിൽ). കന്യാകുമാരിയിൽ കടലിന് അഭിമുഖമായി ജനലുകളുള്ള വീട്ടിലാണ് തന്റെ സഹോദരൻ കുഞ്ഞനൊപ്പം (ശ്രീനാഥ് ഭാസി) വിജുവിന്റെ താമസം. കടങ്ങളും ജീവിതപ്രാരാബ്ധങ്ങളും സഹിക്കാനാവാതെ ആത്മഹത്യ ചെയ്തൊരു അമ്മയുടെ മക്കളാണ് അവർ. ചെറുപ്പത്തിലെ അനാഥത്വവും അമ്മയുടെ മരണവും താളം തെറ്റിച്ച സഹോദരനു വേണ്ടിയാണ് വിജുവിന്റെ ജീവിതം. അമ്മയുടെ വഴിയെ സഹോദരൻ കൂടി ആത്മഹത്യ ചെയ്യുന്നതോടെ കടുത്ത വിഷാദത്തിലേക്കാണ് വിജുവിന്റെ സഞ്ചാരം.
എന്നാൽ തോറ്റുകൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല. കന്യാകുമാരി വിട്ട് മുംബൈയിലേക്ക് ചേക്കേറുകയാണ് വിജു. അവിടെവെച്ച് പരിചയപ്പെടുന്ന ചില കോർപ്പറേറ്റ് ശക്തികൾ വിജുവിനുള്ളിലെ മോട്ടിവേഷണൽ സ്പീക്കറുടെ പ്രതിഭ തിരിച്ചറിയുകയും ‘മറ്റൊരു ഉദ്യമ’ത്തിനായി അയാളെ നിയോഗിക്കുകയും ചെയ്യുന്നു. ആറുമാസത്തോളം നീണ്ട ട്രെയിനിംഗിനൊടുവിൽ വിജു പ്രസാദ് എന്ന ചെറുപ്പക്കാരൻ പാസ്റ്റർ ജോഷ്വോ കാൾട്ടൻ എന്ന ഫെയ്ത്ത് ഹീലറായി മാറുകയാണ്.
പ്രാർത്ഥനയിലൂടെ രോഗശമനം നടത്തുന്ന ജോഷ്വോ കാൾട്ടൻ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമായി കോടിക്കണക്കിനു വിശ്വാസികളെയാണ് നേടിയെടുക്കുന്നത്. അയാളുടെ വളർച്ചയ്ക്ക് ഒപ്പം തന്നെ ചില പ്രതിസന്ധികളും അയാളെ തേടിയെത്തുകയാണ്. ജോഷ്വോയുടെയും അയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് മാഫിയയുടെയും മതം വെച്ചുള്ള ബിസിനസ് പൊളിച്ചടുക്കാൻ ഒരു മാധ്യമ പ്രവർത്തകൻ (സൗബിൻ ഷാഹിർ ) നടത്തുന്ന ശ്രമം അതിലൊന്നാണ്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ‘ട്രാൻസി’ന്റെ കഥ വികസിക്കുന്നത്.
Read more: Trance Movie Release & Review Highlights: ‘ട്രാന്‍സ്’ എന്ന ഫഹദ് ഷോ

Trance Movie Review: Fahad Faasil excels
നൂറു ശതമാനവും ഒരു ഫഹദ് ഫാസിൽ ഷോ എന്ന് ‘ട്രാൻസി’നെ വിശേഷിപ്പിക്കാം. ആദ്യ ഫ്രെയിം മുതൽ അവസാന ഫ്രെയിം വരെ ചിത്രത്തിൽ നിറഞ്ഞാടുകയാണ് ഫഹദ്. തകർന്ന കുട്ടിക്കാലം, പ്രിയപ്പെട്ടവരുടെ മരണം എന്നിവയൊക്കെ ഏൽപ്പിച്ച ആഘാതത്തെയും വിഷാദാവസ്ഥകളെയും തന്മയത്വത്തോടെ തന്നെ കൈകാര്യം ചെയ്യാൻ ഫഹദിനു കഴിയുന്നുണ്ട്. വിജുവെന്ന പ്രാരാബ്ധക്കാരനിൽ നിന്നും ജോഷ്വോ കാൾട്ടനിലേക്കുള്ള വളർച്ചയും കയ്യടക്കത്തോടെ തന്നെ ഫഹദ് അവതരിപ്പിക്കുന്നുണ്ട്. ഒറ്റപ്പെടൽ, വിഷാദം, കുറ്റബോധം, ഭ്രമകല്പനകൾ എന്നിങ്ങനെ നിരവധി അവസ്ഥാന്തരങ്ങളിലൂടെയാണ് ഫഹദിന്റെ കഥാപാത്രം കടന്നു പോവുന്നത്.
ഫഹദിനെ അപേക്ഷിച്ച് താരതമ്യേന സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും നസ്രിയയുടെ എസ്തർ ലോപ്പസ് എന്ന കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്. നസ്രിയ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ‘ട്രാൻസി’ലെ എസ്തർ. ഗൗതം വാസുദേവ് മേനോൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, സ്രിന്റ, അശ്വതി, വിനായകൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ദിലീഷ് പോത്തൻ, വിനായകൻ എന്നിവരുടെ പ്രകടനമാണ് എടുത്തു പറയേണ്ട വേറൊരു കാര്യം.
മദ്യത്തോളമോ മയക്കുമരുന്നോളമോ മനുഷ്യരെ മയക്കാൻ കഴിവുള്ള മതത്തെ ലാഭം കൊയ്യാനുള്ള ആയുധമാക്കുന്ന ഭക്തി വ്യവസായം- പലരും തൊടാൻ ഭയക്കുന്ന വിഷയമാണ്. അത്തരമൊരു പ്രമേയത്തെ ധൈര്യപൂർവം സമീപിച്ച സംവിധായകൻ അൻവർ റഷീദ് കയ്യടി അർഹിക്കുന്നുണ്ട്. ആൽമരം പോലെ പടർന്നു പന്തലിച്ച ഭക്തി വ്യവസായത്തിന്റെ കടക്കൽ വെച്ചൊരു കത്തിയാണ് ‘ട്രാൻസ്’. വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.
Trance Movie Review: Amal Neerad & Resul Pookkutty
അമൽ നീരദിന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും ചിത്രത്തിന് വ്യത്യസ്തമായൊരു മൂഡ് ഒരുക്കുന്നുണ്ട്. ജാക്‌സണ്‍ വിജയന്‍- സുഷിന്‍ ശ്യാം ടീമിന്റെ ത്രസിപ്പിക്കുന്ന സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
പ്രമേയം, അഭിനയം, സാങ്കേതികത എന്നിവയിലെല്ലാം മികവു പുലർത്തുമ്പോഴും ആസ്വാദനത്തെ ബാധിക്കുന്ന ചില ഘടകങ്ങളുണ്ട്, അത് ‘ട്രാൻസി’ന്റെ സമയദൈർഘ്യമാണ്. പലയിടത്തും ഇഴച്ചിലും വലിച്ചുനീട്ടലും അനുഭവപ്പെടുന്നു. കഥാപാത്രങ്ങള്‍ക്കും സിനിമയുടെ ട്രീറ്റ്‌മെന്റിനും നല്‍കിയ അനാവശ്യമെന്നു തോന്നുന്ന സ്റ്റൈലിംഗും വേണ്ടിയിരുന്നില്ല.
ഒരു കംപ്ലീറ്റ് എന്റർടെയിനർ പ്രതീക്ഷ വച്ച് പോകുന്നവരെ ചിലപ്പോള്‍ ‘ട്രാന്‍സ്’ നിരാശരാക്കിയേക്കാം. പക്ഷേ കാലോചിതമായ കഥ, ഫഹദിന്റെ മിന്നും പ്രകടനം, മികച്ച മേക്കിംഗ്, ധീരമായ സമീപനം എന്നിവ കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തില്‍ ‘ട്രാൻസ്’ ഇടം പിടിക്കും എന്ന് തീര്‍ച്ച.
ഭക്തി വ്യവസായത്തിന് ആഴത്തിൽ വേരുകളുള്ള കേരളം പോലൊരു സംസ്ഥാനത്ത് ചിത്രം എങ്ങനെ സ്വീകരിക്കപ്പെടുമെന്നും, മതാന്ധത ഗ്രസിക്കുന്ന ഒരു സമൂഹം എങ്ങനെയാണ് ചിത്രത്തോട് പ്രതികരിക്കുക എന്നതും വരുംദിവസങ്ങളിൽ കാത്തിരുന്ന് കാണേണ്ടതാണ്.