scorecardresearch

സമഗ്രം, വൈകാരികം; ‘2018’ റിവ്യൂ: 2018 Malayalam Movie Review

മലയാളികൾ ഒന്നിച്ചതിജീവിച്ച ഒരു അവസ്ഥയെ സമഗ്രമായി, വൈകാരികമായി സ്‌ക്രീനിൽ കാണിച്ച സിനിമ: 2018 Movie Review

2018 movie, 2018 malayalam movie, 2018 malayalam movie review. 2018 watch online, 2018 movie ott release
2018 Malayalam Movie Review

2018 Malayalam Movie Review: ചില സിനിമകളിൽ വെറുതെ ഇടക്ക് കടന്നു പോകുന്ന റെഫറൻസായും മറ്റു ചില സിനിമകളിൽ ചില രംഗങ്ങളിലെ ഗ്യാപ് ഫില്ലറായും കടന്നു വന്നെങ്കിലും കേരളം 2018ൽ കണ്ട വെള്ളപ്പൊക്കത്തെ മലയാള സിനിമ സമഗ്രമായി സ്പർശിച്ചിട്ടില്ല. ‘മൂന്നാം പ്രളയം’ എന്ന സിനിമ അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടുമില്ല.സിനിമ ബഹുമാനത്തോടെ മാറി നിന്ന ആ ദൂരത്തിലേക്കാണ് ജൂഡ് ആന്റണി ജോസഫ് ‘2018’ എന്ന് തന്നെ പേരിട്ടു സിനിമയുമായി വരുന്നത്. ടോവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരൈൻ, ലാൽ, ഇന്ദ്രൻസ്, സിദ്ധിക്ക്, അപർണ ബാലമുരളി, തൻവി റാം, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്.

മലയാളി ജീവിതത്തെ പല നിലക്ക് പല തട്ടുകളിലായി തിരിക്കാം. അതിലൊന്ന് തീർച്ചയായും പ്രളയത്തിനു മുൻപും ശേഷവും എന്ന് തന്നെയായിരിക്കും. അത് തന്നെയാണ് ഈ സിനിമയുടെ വെല്ലുവിളിയും. വളരെയടുത്തു നടന്ന, മലയാളി ജീവിതത്തെ അടിമുടി മാറ്റിയ സംഭവത്തെ വലിയ സ്‌ക്രീനിൽ കാണാനുള്ള കൗതുകത്തെയും ആകാംക്ഷയെയും പല നിലക്കുമുള്ള സംശയങ്ങളെയും ഉൾക്കൊള്ളുമോ എന്ന ആശങ്കയിലാണ് ‘2018’ തീയറ്ററിൽ എത്തിയത്.

പ്രളയത്തെ ചുറ്റിപറ്റിയുള്ള ഡോക്യുമെന്റെഷൻ തന്നെയാണ് സർവൈവൽ ത്രില്ലർ മോഡിൽ എടുത്ത ഈ സിനിമ ചെയ്യുന്നത്. 2018 ഓഗസ്റ്റ് 9 മുതലുള്ള കുറച്ചു ദിവസങ്ങളിൽ ഇവിടെ നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സിനിമ മുന്നോട്ട് നീങ്ങുന്നു. ഞെട്ടൽ മുതൽ അതിജീവനം വരെ നേരിട്ട ജീവിതത്തിന്റെ ആ ദിവസങ്ങളുടെ പല വിധ അവസ്ഥവിശേഷങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. കടൽ, മഴ, പ്രളയം, ഷട്ടർ തുറക്കൽ തുടങ്ങിയ രംഗങ്ങളിൽ ഗ്രാഫിക്സിനെ, ശബ്ദവിന്യസത്തെ, വി എഫ് എക്‌സിനെ ഒക്കെ സിനിമ നന്നായി തന്നെ ഉപയോഗിക്കുന്നു. ആ നിലക്ക് നല്ല പരീക്ഷണമാണ് ‘2018.’ വെള്ളപ്പൊക്കത്തെ വലിയ സ്‌ക്രീനിൽ അനുഭവിപ്പിക്കുക എന്ന, ഈ സിനിമക്ക് ഉണ്ടായിരിക്കമെന്ന് വിശ്വസിക്കുന്ന പ്രാഥമിക ദൗത്യത്തെ, സിനിമ നല്ല രീതിയിൽ കാണികളിൽ എത്തിക്കുന്നു. തീയറ്റർ കാഴ്ചക്ക് തരാൻ കഴിയുന്ന അനുഭവതലങ്ങൾ പ്രേക്ഷകർക്ക് പലയിടങ്ങളിലും അനുഭവിക്കാനാവും. മലയാള സിനിമ പൊതുവെ അലസമായി സമീപിക്കുന്ന ഈ അനുഭവതലത്തെ ടീം ‘2018’ വിജയകരമായി കാണികളിൽ എത്തിക്കുന്നു. മഴ നിറയുന്നത് പ്രളയം പടരുന്നത് ഒക്കെ കാണുന്നവരിലേക്ക് അതേ വികാരത്തെ എത്തിക്കുന്നു.

രക്ഷാ ക്യാമ്പുകൾ, കളക്ഷൻ സെന്ററുകൾ, സന്നദ്ധ പ്രവർത്തകർ, മത്‍സ്യ തൊഴിലാളികൾ, സമൂഹ മാധ്യമ കൂട്ടായ്മകൾ തുടങ്ങി പ്രളയകാലത്തെ അനുഭവങ്ങൾ സിനിമയിൽ എത്തുന്നുണ്ട്. ആ കാലത്ത് അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് കുറെയൊക്കെ സത്യസന്ധമായി തോന്നാവുന്ന കാര്യങ്ങളാണ് ഈ രംഗങ്ങളിൽ കടന്നു വരുന്നത്. ഗർഭിണിയെ എയർലിഫ്റ്റ് ചെയ്യുന്നതടക്കം പലതും യഥാർത്ഥ സംഭവങ്ങളിൽ നിന്ന് നേരിട്ട് തന്നെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ചിത്രീകരിച്ചവയാണ്. അവയെ സിനിമാറ്റിക്ക് ആയി തന്നെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.

സർവ്വവൈവൽ ത്രില്ലർ എന്ന ഴാണർ പൊതുവെ മലയാളത്തിൽ രണ്ട് തരത്തിലാണ് നിർമ്മിക്കപ്പെടാറുള്ളത്. ത്രില്ലിംഗ് ആയും വൈകാരികമായും… ‘2018’ പൂർണമായും വൈകാരികമായി നിർമിച്ച സിനിമയാണ്. ഒരു യഥാർത്ഥ സംഭവത്തെ ഇത്ര കണ്ടു വൈകാരികമായി സമീപിക്കാമോ എന്ന് തോന്നുന്ന രീതിയിൽ സിനിമയിലെ പല രംഗങ്ങളും മെലോഡ്രാമറ്റിക് ആകുന്നതായും കാണാം. അന്നു മനുഷ്യർ അനുഭവിച്ച മഹാദുരന്തങ്ങളിൽ സന്തോഷങ്ങൾ ഇല്ല എന്നത് സത്യമാണ്. പക്ഷേ അതിനപ്പുറം ഇത്രയും വൈകാരികത പല രംഗങ്ങളിലും വേണ്ടിയിരുന്നോ എന്ന് തോന്നി. അത്തരം നിർമിതികൾ ഇഷ്ടമുള്ളവരെ രസിപ്പിക്കാം എങ്കിലും അതിൽ പല രംഗങ്ങളിലും ചേർത്ത അതിവൈകാരിക ഭാവനകൾ അവിടെ നീതികേടായി നിന്നു.

വലിയ താര നിരയിൽ എല്ലാവർക്കും പ്രാധാന്യം നൽകുക എന്നതിലും സിനിമ ഊന്നിയിട്ടുണ്ട്. സിനിമയുടെ സമഗ്രതയെ ഇത് ബാധിച്ചിട്ടുണ്ട്. വലിയ ക്യാൻവാസിൽ ഇത്തരം വിട്ട് വീഴ്ചകൾ ആവശ്യമാണെങ്കിലും സിനിമയുടെ ഡോക്യുമെന്റേഷൻ സ്വഭാവത്തിൽ നിന്നുള്ള അനാവശ്യമായ മാറി നടത്തമായി. സ്വഭാവികതയിൽ നിന്ന് അങ്ങനെ പല രംഗങ്ങളിലും മാറി നടന്ന സിനിമ രണ്ടാം പകുതിയിൽ ആ താളം വീണ്ടെടുത്തു. ടോവിനൊയുടെ കഥാപാത്രത്തിന്റെ നിഷ്കളങ്കതയുടെ മീറ്റർ കുറച്ചു കൂടുതലായിരുന്നു. പക്ഷേ അതൊഴിച്ചു നിർത്തിയാൽ അദ്ദേഹമടക്കമുള്ള എല്ലാവരും തന്നെ തങ്ങളുടെ ചെറുതും വലുതുമായ ഇടങ്ങളെ നന്നായി തന്നെ ഫീൽ ചെയ്യിച്ചു. അഖിൽ ജോർജിന്റെ ക്യാമറ സിനിമയുടെ ഏറ്റവും ഭംഗിയുള്ള ഘടകമായിരുന്നു. പശ്ചാത്തല സംഗീതം അടക്കമുള്ള കാര്യങ്ങളിൽ സിനിമ ഇതേ ഒതുക്കം നില നിർത്തി. രാഷ്ട്രീയ സാമൂഹ്യ മാനങ്ങളെ തൊടാതെ മാറി നടക്കാനും സിനിമ ശ്രമിച്ചിട്ടുണ്ട്.

ഉത്സവകാലങ്ങൾ നിരവധി കടന്നു പോകുമ്പോഴും മലയാളത്തിലെ തീയറ്ററുകൾ പ്രതിസന്ധിയിലാണ്. അടച്ച് പൂട്ടുന്ന തീയറ്ററുകൾ സിനിമ വ്യവസായത്തിനു വെല്ലുവിളിയാകുന്ന കാലഘട്ടത്തിൽ, അതിനു തടയിടുന്ന പ്രതീക്ഷയായി പലരും ‘2018’ നെ കണ്ടിരുന്നു. മലയാളികൾ ഒന്നിച്ചതിജീവിച്ച ഒരു അവസ്ഥയെ സമഗ്രമായി, വൈകാരികമായി സ്‌ക്രീനിൽ കാണിച്ച സിനിമ എന്ന നിലയിലും ‘2018’ വേറിട്ടു നിൽക്കുന്നു. സിനിമാറ്റിക്ക് ആയ വെല്ലുവിളികൾക്ക് അപ്പുറം ഈ രണ്ട് രീതിയിലും ആഘോഷിക്കപ്പെടേണ്ട സിനിമ കൂടിയാണ് ‘2018’.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Tovino thomas kunchako boban starrer 2018 malayalam movie review

Best of Express