Thottappan movie review: വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ‘തൊട്ടപ്പൻ’ ഇന്ന് തിയേറ്ററുകളിലെത്തി. സമീപകാലത്ത് മലയാള ചെറുകഥാലോകം ഏറെ ചർച്ച ചെയ്ത ഫ്രാൻസിസ് നൊറോണയുടെ കഥയെ അവലംബിച്ച് ഒരുക്കിയ ‘തൊട്ടപ്പൻ’ ആ കഥയോട് പരമാവധി നീതി പുലർത്തിയിട്ടുണ്ടെന്നു വേണം പറയാൻ. കഥാകാരൻ വിഭാവനം ചെയ്ത തൊട്ടപ്പന് ഉടലും ഉയിരുമേകുകയാണ് വിനായകൻ.
ഒരു തുരുത്തിന്റെ പശ്ചാത്തലത്തിലാണ് ‘തൊട്ടപ്പന്റെ’ കഥ നടക്കുന്നത്. തീർത്തും ഗ്രാമീണമായ അന്തരീക്ഷം. അവിടെ ഉപാധികളില്ലാതെ സ്നേഹിക്കുന്ന രണ്ടുപേർ- ജോണപ്പനും (ദിലീഷ് പോത്തൻ) ഇത്താക്കും (വിനായകൻ), ഇരുവരും കള്ളന്മാരാണ്. ആളുകളുടെ മൊതലെടുക്കാൻ താനില്ല, വല്ല പള്ളിയോ അമ്പലോ ആയാൽ നോക്കാമെന്നാണ് ഇത്താക്കിന്റെ മനസ്സ്. അല്ലറ ചില്ലറ മോഷണങ്ങളും മറ്റുമായി ഇരുവരും ആ കരയിൽ തങ്ങളുടെ ജീവിതം കരുപിടിപ്പിക്കുകയാണ്. മകളുടെ മാമോദീസ ചടങ്ങിന് തൊട്ടപ്പനായി ഇത്താക്കിനെ തീരുമാനിക്കാൻ ജോണപ്പന് ഭാര്യയുടെ പോലും സമ്മതം വേണ്ട. അത്രയ്ക്ക് വിശ്വാസവും സ്നേഹവുമൊക്കെയാണ് ജോണപ്പന് തന്റെ ചങ്ങാതിയോട്.
മകളുടെ മാമോദീസ ചടങ്ങിനു വേണ്ടിയുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ് ജോണപ്പൻ, എന്തിനും സഹായിയായി തൊട്ടപ്പനുമുണ്ട് കൂട്ടിന്. എന്നാൽ, ആ മാമോദീസ ചടങ്ങിന് സാക്ഷിയാവാൻ ജോണപ്പന് സാധിക്കുന്നില്ല. ദുരൂഹസാഹചര്യത്തിൽ ജോണപ്പനെ കാണാതാവുകയാണ്. അവിടം മുതൽ അങ്ങോട്ട് ജോണപ്പന്റെ മകൾ സാറായുടെ ജീവിതത്തിനാകെ കാവലാളായി മാറുകയാണ് ഇത്താക്ക്. തന്നെ സ്നേഹിക്കുന്ന പെൺകുട്ടിയ്ക്കു പോലും അതിനിടയിൽ അയാൾ പരിഗണന നൽകുന്നില്ല. തൊട്ടപ്പൻ അപ്പനോ അപ്പനിലുമുപരിയോ ആയി മാറുന്ന ഒരപൂർവ്വ സ്നേഹബന്ധം അവർക്കിടയിൽ ഉടലെടുക്കുന്നു. സാറായ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഇത്താക്ക്, ഇത്താക്കിനു വേണ്ടി എന്തും ചെയ്യുന്ന സാറാ. അവരുടെ സ്നേഹകാവ്യമാണ് ‘തൊട്ടപ്പൻ’.
ഇത്താക്കായി എത്തുന്ന വിനായകൻ തന്നെയാണ് ചിത്രത്തിന്റെ ആത്മാവ്. സിനിമയിലുടനീളം അയാൾ കഥാപാത്രമായി ജീവിക്കുകയാണ് . ലോകത്തോട് പലപ്പോഴും പരുക്കനാവുന്ന അയാളുടെയുള്ളിൽ തുടിക്കുന്നത് സാറായോടുള്ള വാത്സല്യം മാത്രമാണ്. സ്നേഹവും വാത്സല്യവും സങ്കടവും ആത്മസംഘർഷങ്ങളും ദേഷ്യവുമെല്ലാം വളരെ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന വിനായകൻ താനൊരു അസാധ്യനടനാണെന്ന് ഒരിക്കൽ കൂടി പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നുണ്ട് തന്റെ പെർഫോമൻസിലൂടെ. ഇത്താക്ക് എന്ന കഥാപാത്രത്തിൽ താനിതുവരെ അഭിനയിച്ച ഒരു കഥാപാത്രത്തിന്റെയും നിഴൽ വീഴാതെ കാക്കാൻ വിനായകനായിട്ടുണ്ട്.
വിനായകനൊപ്പമോ ചിലപ്പോഴൊക്കെ വിനായകനോട് മത്സരിച്ചോ അഭിനയിക്കുകയാണ് മകളായെത്തുന്ന പ്രിയംവദ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നു പറയുന്നതു പോലെ, ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളോടെല്ലാം കലഹിക്കുന്ന സാറയെന്ന കഥാപാത്രം പ്രിയംവദയിൽ ഭദ്രമാണ്. റോഷൻ മാത്യുവെന്ന നടന്റെ സാധ്യതകളാണ് ‘തൊട്ടപ്പൻ’ എന്ന സിനിമയുടെ മറ്റൊരു കണ്ടെത്തൽ. ഇസ്മു എന്ന ഇസ്മയിലിനെ റോഷൻ മികവോടെ അവതരിപ്പിച്ചിരിക്കുന്നു. അദ്രുമാൻ എന്ന കഥാപാത്രമായെത്തിയ രഘുനാഥ് പലേരി പ്രേക്ഷകരുടെ മനസ്സിൽ നോവു പടർത്തും. ലാൽ, മനോജ് കെ ജയൻ, ദിലീഷ് പോത്തൻ എന്നിവും ഓർമയിൽ തങ്ങി നിൽക്കുന്ന രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Read more: വിനായകനെ പോലൊരു നടൻ സംവിധായകരുടെ ഭാഗ്യം; ‘തൊട്ടപ്പൻ’ സംവിധായകൻ പറയുന്നു
ചിത്രം തുടങ്ങുന്ന ആദ്യ ഷോട്ടു മുതൽ പ്രേക്ഷകനെ അവന്റെ പരിസരങ്ങളിൽ നിന്നും റദ്ദ് ചെയ്തെടുത്ത്, കായൽപരപ്പിനരികിലെ ഈടുവഴികളിലൂടെ നടത്തിക്കുകയാണ് സംവിധായകൻ. സിനിമയ്ക്ക് അപ്പുറം ജീവിതമെന്നു തോന്നിപ്പിക്കുന്ന കാഴ്ചകളാണ് തൊട്ടപ്പനിൽ ഉടനീളം. ‘ഇ മ യൗ’ ഒക്കെ ഉണ്ടാക്കിയ ആസ്വാദനത്തിന്റെ ഒരു തലമാണ് ഷാനവാസ് ബാവക്കുട്ടി പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത്. കഥാപാത്രങ്ങൾക്കൊപ്പം പ്രകൃതി കൂടി ഷാനവാസിന്റെ ‘തൊട്ടപ്പനി’ലെ കഥാപാത്രങ്ങളായി മാറുകയാണ്. കണ്ടൽ കാടുകളും ചെമ്മീൻ കെട്ടും കായലരികിലെ കള്ളു ഷാപ്പും ഇത്താക്കിന്റെ വീടും ഉമ്മു കുൽസുവെന്ന പൂച്ചക്കുട്ടിയും ടിപ്പു എന്ന നായയും തുരുത്തിലെ സകല ജീവജാലങ്ങളും കഥാപാത്രങ്ങളായി സ്ക്രീനിലേക്ക് കയറി വരികയാണ്. അത് വെറും യാദൃശ്ചികതയല്ലെന്ന് സിനിമയ്ക്കു മുൻപു തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കും, ടൈറ്റിൽ ബോർഡിൽ ‘Introducing ഉമ്മു കുൽസു (പൂച്ച), ടിപ്പു (നായക്കുട്ടി) എന്നെഴുതി കാണിക്കുമ്പോൾ തന്നെ.
കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി, മൂലകഥയോട് നീതി പുലർത്തികൊണ്ടാണ് പി എസ് റഫീഖിന്റെ തിരക്കഥ മുന്നേറുന്നത്. ഫാന്റസികൾക്കും ഹാലൂസിനേഷനും ഏറെ പ്രാധാന്യം നൽകിയുള്ള മൂലകഥയിൽ നിന്നും ഒരു സിനിമയ്ക്കു വേണ്ട പ്ലോട്ട് കണ്ടെത്തുകയാണ് റഫീഖ് ചെയ്തിരിക്കുന്നത്.
സുരേഷ് രാജനാണ് ‘തൊട്ടപ്പനി’ലെ കാഴ്ചകൾ ഒപ്പിയെടുത്തിരിക്കുന്നത്. ഒരു തുരുത്തിലെ പരുക്കൻ ജീവിതങ്ങളും അതിന്റെ സൗന്ദര്യവുമൊക്കെ ഒരേ സമയം അഴകോടെയും വന്യതയോടെയും ഒപ്പിയെടുക്കുകയാണ് ക്യാമറക്കണ്ണുകൾ. തുരുത്തിന്റെ ഏരിയൽ വ്യൂ ഷോട്ടുകൾ കാഴ്ചയെ ഭ്രമിപ്പിക്കുന്നവയാണ്.
ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവുമാണ് ‘തൊട്ടപ്പന്’ ആത്മാവേകുന്ന മറ്റു രണ്ടു ഘടകങ്ങൾ. സിനിമയുടെ മൂഡിനോട് ഇഴുകി ചേരുന്ന രീതിയിലാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, പശ്ചാത്തല സംഗീതം ജസ്റ്റിനും നിർവ്വഹിച്ചിരിക്കുന്നു. പട്ടം സിനിമാ കമ്പനിയുടെ ബാനറില് ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
‘തൊട്ടപ്പൻ’ ഒരു ആഘോഷചിത്രമല്ല, എന്നാൽ ഉപാധികളില്ലാത്ത സ്നേഹം എന്ന ആശയം ‘തൊട്ടപ്പനി’ൽ ഉടനീളം ആഘോഷിക്കപ്പെടുകയാണ്. കലാമൂല്യമുള്ള, സ്നേഹത്തെ കുറിച്ചും മാനവികതയെ കുറിച്ചും പച്ചയായ മനുഷ്യരെ കുറിച്ചും സംസാരിക്കുന്ന ഒരു കാഴ്ചാനുഭവമാണ് ‘തൊട്ടപ്പൻ’ പ്രേക്ഷകർക്ക് സമ്മാനിക്കുക. മത്സരിച്ചെന്ന പോലെ അഭിനയിക്കുന്ന, കഥാപാത്രമായി പരകായപ്രവേശം നടത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരുപറ്റം പ്രതിഭകൾ ‘തൊട്ടപ്പനി’ലുണ്ട്. ‘തൊട്ടപ്പൻ’ തിയേറ്ററിൽ കാണേണ്ട ഒരു ചിത്രമാണ്, സ്നേഹം എന്ന മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യരെ ‘തൊട്ടപ്പൻ’ നിരാശരാക്കില്ല.
Read more : പ്രാന്തന്കണ്ടലിന്റെ കീഴെ നിന്നും നടന്നു വരുന്നത് വിനായകനല്ല, എന്റെ തൊട്ടപ്പൻ തന്നെ: ഫ്രാൻസിസ് നൊറോണ