ഒരു നറുചിരിയോടെ മാത്രം കണ്ടു തീർക്കാവുന്ന ഒരു രസികൻ ചിത്രമാണ് ‘തിങ്കളാഴ്ച നിശ്ചയം’. എത്രയോ സിനിമകളിൽ നമ്മൾ കണ്ടുപരിചരിച്ച കഥാസന്ദർഭം തന്നെയാണ് ‘തിങ്കളാഴ്ച നിശ്ചയ’വും പറയുന്നത്. എന്നാൽ, തിങ്കളാഴ്ച നിശ്ചയത്തെ വ്യത്യസ്തമാക്കുന്നത് കാഞ്ഞങ്ങാടിന്റെ നാട്ടുഭാഷയിൽ, ഏറെ റിയലിസ്റ്റിക്കായി, ഒട്ടും ബോറടിപ്പിക്കാതെ കഥ പറഞ്ഞു പോവുന്നു എന്നതാണ്.
ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസജീവിതം നയിച്ച ആളാണ് കുവൈറ്റ് വിജയൻ. ഭാര്യയും രണ്ടു പെൺമക്കളും ഒരാൺകുട്ടിയുമടങ്ങുന്നതാണ് അയാളുടെ കുടുംബം. തനിക്കിഷ്ടമില്ലാത്ത കല്യാണം കഴിച്ച മൂത്തമകളുടെ ഭർത്താവിനെ അയാളൊരു കയ്യകലത്തിൽ നിർത്തിയിരിക്കുകയാണ്. അങ്ങനെയിരിക്കെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇളയമകൾ സുജയുടെ വിവാഹനിശ്ചയം നടത്തേണ്ടി വരികയാണ് വിജയന്. ലീവിന് നാട്ടിലെത്തിയ ഒരു ഗൾഫുകാരൻ പയ്യൻ വന്ന് സുജയെ കാണുന്നു, ഇഷ്ടമാകുന്നു. ശനിയാഴ്ച പെണ്ണുകണ്ട്, തിങ്കളാഴ്ച വിവാഹനിശ്ചയം നടത്തി ബുധനാഴ്ച ഗൾഫിലേക്ക് പറക്കാൻ പെട്ടിയും തയ്യാറാക്കി ഇരിക്കുകയാണ് കല്യാണപയ്യൻ. അതോടെ യുദ്ധകാലാടിസ്ഥാനത്തിൽ വിവാഹനിശ്ചയം നടത്താനുള്ള ഒരുക്കത്തിലാണ് വിജയൻ.
കാഞ്ഞങ്ങാട്ടെ ഒരു കല്യാണനിശ്ചയ വീട്ടിലേക്ക് കയറി ചെന്നതു പോലെയുള്ള അനുഭവമാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുക. ഒരിടത്ത് പന്തലുയരുന്നു, മറുവശത്ത് വീടും പരിസരവും വൃത്തിയാക്കുന്ന അച്ഛൻ, വിറകു കീറുന്ന മരുമകൻ മുറ്റത്ത്. ഒരുവശത്ത് സദ്യവട്ടങ്ങൾക്കുള്ള ഒരുക്കവുമായി കുറച്ചുപേർ. ഇതിനിടയിൽ വീട്ടിലേക്ക് എത്തികൊണ്ടിരിക്കുന്ന അടുത്ത ബന്ധുക്കൾ. ആകെയൊരു ഉത്സവമേളം.
ഒത്തുകൂടുമ്പോൾ ഇമ്പമുണ്ടാകുന്നതു മാത്രമല്ലല്ലോ കുടുംബം, ആദ്യത്തെ സ്വീകരണം കഴിഞ്ഞാൽ പിന്നെ പതിയെ കുശുമ്പും കുന്നായ്മ നിറഞ്ഞ വർത്തമാനങ്ങളും പരിഭവങ്ങളുമൊക്കെ തലപ്പൊക്കി തുടങ്ങുകയായി. ഏറ്റവും സ്വാഭാവികമായി തന്നെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ വരച്ചു കാണിക്കുന്നുണ്ട് സംവിധായകൻ. കഥയിലുടനീളം വന്നുപോകുന്ന വലുതും ചെറുതുമായ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട് ചിത്രത്തിൽ.
ചിരിപ്പിക്കാനായി പ്രത്യേകം എഴുതിച്ചേർത്ത സീനുകൾ ചിത്രത്തിൽ കുറവാണ്. സ്വാഭാവികമായി ചിരി സമ്മാനിക്കുന്ന കഥാമുഹൂർത്തങ്ങൾക്ക് ഒട്ടും പഞ്ഞമില്ലതാനും. ചിരിയ്ക്ക് അപ്പുറം, അടരുകളായെടുത്ത് ചിത്രത്തെ പരിശോധിക്കുമ്പോൾ, ശക്തമായ രീതിയിൽ സാമൂഹിക സാഹചര്യങ്ങളെ വിമർശിക്കുക കൂടി ചെയ്യുന്നുണ്ട് സംവിധായകൻ. രാജഭരണം ആഗ്രഹിക്കുന്ന ഒരച്ഛനെ നിഷ്‌പ്രഭനാക്കുന്നത് ജനാധിപത്യ വിശ്വാസിയായ കൂട്ടുകാരനാണ്.
ലാളിത്യമാണ് ചിത്രത്തിന്റെ മുഖമുദ്ര, ഒപ്പം ചിത്രത്തിൽ ഉടനീളം പുലർത്തിയിരിക്കുന്ന സൂക്ഷ്മാംശങ്ങളും എടുത്തുപറയണം. മുൻവശം മിനുക്കുമ്പോഴും ഇതുവരെ ചെത്തിത്തേച്ചിട്ടില്ലാത്ത വീടിന്റെ പുറംഭാഗം വെറുമൊരു കാഴ്ചയല്ല ചിത്രത്തിൽ, ആ വീടിന്റെ രക്ഷാധികാരിയായ വിജയന്റെ മനസ്സിന്റെ പരിച്ഛേദം തന്നെയാണത്. മാറിയ കാലത്ത് ഒരു തേച്ചുമിനുക്കൽ ആവശ്യപ്പെടുന്ന മനുഷ്യനാണ് വിജയൻ.
തൊണ്ണൂറു ശതമാനത്തോളം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് സിനിമയുടെ മറ്റൊരു വലിയ പ്രത്യേക. മുൻപ് അഭിനയിച്ച ഒരു കഥാപാത്രത്തിന്റെയും ഭാരമില്ലാതെ അവർ അഭിനയിക്കുമ്പോൾ, സ്ക്രീനിൽ വന്നുപോവുന്ന ഓരോരുത്തരെയും ആ വീട്ടിലെ വീട്ടുകാരോ വിരുന്നുകാരോ അയൽപ്പക്കക്കാരോ മാത്രമേ പ്രേക്ഷകനും കാണാനാവൂ. ആരും അഭിനയിക്കുകയല്ല, സാഹചര്യങ്ങൾക്ക് അനുസരിച്ച് നാച്യുറലായി പെരുമാറുന്നു എന്നേ പറയാനാവൂ. വിജയനും ഭാര്യയും മക്കളും അമ്മാവനും അമ്മായിയും അയപ്പക്കത്തെ ചേച്ചിയും മെമ്പറും തുടങ്ങി കല്യാണവീട്ടിലേക്ക് സാധനമിറക്കാൻ വരുന്ന ഗുഡ്സ് ഡ്രൈവർ വരെ സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കുന്നു.
പൊട്ടിപ്പൊട്ടി ചിരിപ്പിക്കുന്ന ക്ലൈമാക്സും ചിരിയും ചിന്തയും നിറയ്ക്കുന്ന പോസ്റ്റ് ക്രെഡിറ്റ് സീനും പ്രേക്ഷകന് സമ്മാനിക്കുന്ന ആസ്വാദനസുഖം ചെറുതല്ല. ആക്ഷേപ ഹാസ്യത്തെ ബ്രില്ല്യന്റായി തന്നെ സംവിധായകൻ ചിത്രത്തിൽ കൂട്ടിയിണക്കിയിട്ടുണ്ട്.
കിടിലൻ മേക്കിംഗ്, അഭിനേതാക്കളുടെ ഗംഭീര പെർഫോമൻസ്, ധാരാളം ചിരിമുഹൂർത്തങ്ങൾ, വടക്കൻ ഭാഷയുടെ രസികത്വം… കോവിഡ് കാലത്ത് ഡാർക്ക്-ത്രില്ലർ സിനിമകളും വെബ് സീരിസുകളും കണ്ട് മനസ്സു മടുത്തു തുടങ്ങിയ ആസ്വാദകർക്ക് ‘തിങ്കളാഴ്ച നിശ്ചയം’ നൽകുന്ന ഉണർവ്വും പ്രസരിപ്പും ചെറുതല്ല.
Read more: Kaanekkaane Movie Review: കണ്ണു നനയിപ്പിക്കും ഈ ചിത്രം; ‘കാണെക്കാണെ’ റിവ്യൂ