scorecardresearch
Latest News

The Teacher Movie Review & Rating: അമല പോളും മഞ്ജു പിള്ളയും തിളങ്ങുന്ന ‘ടീച്ചർ’; റിവ്യൂ

The Teacher Movie Review & Rating: കൃത്യമായി അഡ്രസ്സ് ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് സംവിധായകൻ വിവേക് ‘ടീച്ചറി’ലൂടെ പറയുന്നത്

RatingRatingRatingRatingRating
The Teacher Movie Review & Rating: അമല പോളും മഞ്ജു പിള്ളയും തിളങ്ങുന്ന ‘ടീച്ചർ’; റിവ്യൂ

The Teacher Movie Review & Rating: കരുത്തുറ്റ സ്ത്രീവേഷങ്ങൾ ഒട്ടനവധി തവണ അവതരിപ്പിച്ചിട്ടുണ്ട നടിയാണ് അമല പോൾ. ഒരിടവേളയ്ക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ടീച്ചർ’ എന്ന ചിത്രവും വളരെ ഗൗരവമുള്ളൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. റിവഞ്ച് ത്രില്ലർ എന്ന ഴോണറിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് ‘ടീച്ചർ’.

ഒരു സ്കൂളിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറായി ജോലി ചെയ്യുകയാണ് ദേവിക. ഭർത്താവ് സുജിത് ഹോസ്പിറ്റൽ ജീവനക്കാരനാണ്. വിവാഹം കഴിഞ്ഞ് നാലു വർഷമായിട്ടും കുഞ്ഞുണ്ടാവാത്തതിൽ ദുഖിതരാണ് ഇരുവരും. ഒരു കുഞ്ഞതിഥിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവികയുടെയും സുജിത്തിന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ദുസ്വപ്നം പോലെ തോന്നിപ്പിക്കുന്ന ഒരു പകലിലേക്കാണ് ദേവിക ഉറക്കം ഉണരുന്നത്. അങ്ങേയറ്റം അസ്വസ്ഥമാണ് ദേവിക, മനസ്സിനെയും ശരീരത്തെയും തളർത്തുന്ന എന്തോ ഒന്ന് തലേദിവസം സംഭവിച്ചിട്ടുണ്ട്. കൃത്യമായി ഓർത്തെടുക്കാനാവാത്ത ഒരു ദുരനുഭവം. അത് ദേവികയെ അസ്വസ്ഥയാക്കുന്നു, ഒപ്പം അവളിൽ ഭീതിയും നിറയുന്നു. പങ്കാളിയോട് പോലും പറയാനാവാത്ത ട്രോമയിലൂടെ കടന്നുപോവുകയാണ് ദേവിക. ഒടുവിൽ തന്റെ ശരികൾക്ക് വേണ്ടി പോരാടാൻ ദേവിക തീരുമാനമെടുക്കുന്നിടത്തുനിന്നും ചിത്രത്തിന്റെ ഗതിമാറുന്നു.

ദേവിക എന്ന കഥാപാത്രത്തെ അനായാസേന തന്നെ അമല പോൾ അവതരിപ്പിച്ചിട്ടുണ്ട്. ട്രോമ, ഭീതി, ഒറ്റപ്പെടൽ പോലുള്ള വികാരങ്ങളെല്ലാം അമലയുടെ കൈകളിൽ ഭദ്രമാണ്. എന്നാൽ, ചിത്രത്തെ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് കൊണ്ടുവരാനുള്ള തിരക്കഥയുടെയും സംവിധായകന്റെയും ശ്രമങ്ങൾ ചിലയിടങ്ങളിൽ ദേവികയെന്ന കഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മഞ്ജു പിള്ളയുടെ അമ്മിണിയമ്മ എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന മറ്റൊരാൾ. മൺറോ തുരുത്തിന്റെ സംരക്ഷണത്തിനു വേണ്ടി പോരാടുന്ന കറകളഞ്ഞൊരു വിപ്ലവകാരിയാണ് അമ്മിണിയമ്മ. രൂപഭാവങ്ങളിലും ശരീരഭാഷയിലുമെല്ലാം വേറിട്ട ചില മാനറിസങ്ങൾ ആ കഥാപാത്രത്തിനായി മഞ്ജു പിള്ള നൽകിയിട്ടുണ്ട്. ‘ലാത്തിയ്ക്ക് ഗർഭം ധരിപ്പിക്കാനുള്ള കഴിവുണ്ടെങ്കിൽ ഞാനിപ്പോൾ ഒരുപാട് കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്ന അമ്മിണിയുടെ വാക്കുകൾ കെ ആർ ഗൗരിയമ്മയെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഹക്കീം ഷായാണ് ചിത്രത്തിൽ സുജിത്തായി എത്തുന്നത്. ചെറിയ വേഷങ്ങൾക്കൊടുവിൽ ലഭിച്ച മുഴുനീള നായകവേഷത്തെ ഹക്കീം കയ്യടക്കത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മാല പാർവതി, അനുമോൾ, ചെമ്പൻ വിനോദ്, ഐ എം വിജയൻ, നന്ദു, പ്രശാന്ത് മുരളി, ദിനേഷ് പ്രഭാകർ, വിനീത കോശി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ദേവികയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന നിഗൂഢത നിലനിർത്തികൊണ്ടാണ് ആദ്യ പകുതിയുടെ സഞ്ചാരം. പ്രേക്ഷകരിൽ പരമാവധി ജിജ്ഞാസയുണർത്തുക എന്നതിനാണ് ആദ്യപകുതിയിൽ തിരക്കഥാകൃത്ത് ഫോക്കസ് നൽകിയിരിക്കുന്നത്. കൃത്യമായി അഡ്രസ്സ് ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് സംവിധായകൻ വിവേക് ‘ടീച്ചറി’ലൂടെ പറയുന്നത്. അതിരനും മാൽഗുഡി ഡേയ്സിനും ശേഷം വിവേക് ഒരുക്കിയ ചിത്രമാണിത്. പിവി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതിയോടെ ചിത്രം സിനിമാറ്റിക്കായി മാറുകയും ഒരു റിവഞ്ച് ത്രില്ലർ സ്വഭാവം കൈവരികയും ചെയ്യുന്നു. നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ശാരീരികമായും മാനസികമായും അപമാനിക്കപ്പെടുന്ന ഒരു സ്ത്രീയുടെ ചിന്തകൾ സഞ്ചരിച്ചേക്കാവുന്ന പാരമ്യത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്.

സാങ്കേതികവശങ്ങളിലും മികവു പുലർത്തുന്ന ചിത്രമാണ് ‘ടീച്ചർ’. അനു മൂത്തേടത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മനോജ് എഡിറ്റിംഗും ഡോൺ വിൻസെന്റ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. കഥാമുഹൂർത്തങ്ങൾക്ക് കൂടുതൽ ആഴം സമ്മാനിക്കുന്നവയാണ് ചിത്രത്തിലെ പാട്ടുകൾ. വരുൺ ത്രിപുരനേനി, അഭിഷേക് റാമിഷെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. നയൻതാര നായികയായി എത്തിയ ‘പുതിയ നിയമ’ത്തോട് പ്രമേയപരമായ സാമ്യതകൾ ഉണ്ടെങ്കിലും വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാണ് ‘ടീച്ചർ’ സമ്മാനിക്കുന്നത്. ‘ടീച്ചർ’ പറയാൻ ശ്രമിച്ച സന്ദേശം ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമായ ഒന്നാണ്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: The teacher movie review rating amala paul