scorecardresearch

കേരളത്തെക്കുറിച്ച് ഒന്നുമില്ലാത്ത സിനിമ; ‘ദി കേരള സ്റ്റോറി’ റിവ്യൂ: The Kerala Story Movie Review

The Kerala Story Movie Review: വിവാദമായിരുന്നില്ലെങ്കിൽ സിനിമാ ലോകം ഒട്ടും ശ്രദ്ധിക്കില്ലായിരുന്ന ഒരു വാട്സ്ആപ്പ് സന്ദേശം മാത്രമാണ് ‘ദി കേരള സ്റ്റോറി.’

The Kerala Story, The Kerala Story review, The Kerala Story movie review, The Kerala Story ott, The Kerala Story watch olnline, The Kerala Story real story
The Kerala Story Movie Review

കേരളത്തെക്കുറിച്ച് ഒന്നുമില്ലാത്ത ‘കേരള സ്റ്റോറി’ എന്ന വാചകമാവും ഒരുപക്ഷേ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ബാക്കിയാവുക. അതൊരിക്കലും ആ സിനിമക്കെതിരെയുള്ള പ്രതിഷേധം കണ്ട് ഓർമ വന്നതല്ല… വസ്ത്രധാരണത്തിലും ഭക്ഷ രീതിയിലും ആചാരാനുഷ്ടാനങ്ങളിലുമൊന്നും കേരളീയമായ ഒന്നും തന്നെ സിനിമയിൽ ഇല്ല. വിവാഹം മുതൽ നിത്യജീവിതത്തിലെ പ്രാർത്ഥനകൾ വരെ വളരെയധികം കൃത്രിമത്വവും അപരിചിതത്വവും നിറഞ്ഞ ഒന്നായി തുടരുന്ന സിനിമയാണിത്. ‘ദി കേരള സ്റ്റോറി’ കണ്ടപ്പോൾ മുഴുവൻ ഓർത്തത് ഈ അപരിചിതത്വത്തെ കുറിച്ചാണ്. ദക്ഷിണേന്ത്യക്ക് പുറത്തുള്ളവർ പറയുന്ന ‘മദ്രാസി’ എന്ന അപരത്വമാണ് സിനിമയിൽ ഏറ്റവുമധികം മുന്നിട്ട് നിൽക്കുന്നത്. രാഷ്ട്രീയ തർക്ക-വിതർക്കങ്ങൾക്കുള്ളിലും പുറത്തും നിന്ന് സിനിമ കണ്ട ആർക്കും സിനിമയിൽ കാണുന്ന മലയാളി ജീവിതത്തോട് അടുപ്പം തോന്നാൻ സാധ്യതയില്ല. വിവാദങ്ങളുടെ സാധ്യതകൾക്കപ്പുറം ‘ദി കേരള സ്റ്റോറി’യെ ഇവിടെ നിന്ന് മാറ്റി നിർത്തുന്നത് ഈ കാര്യമായി തോന്നി. സംവിധായകൻ സുദീപ്തോ സെൻ അക്കാര്യത്തിൽ ഒട്ടും ഗവേഷണം നടത്തിയില്ല എന്നതാണ് മറ്റെന്തിലുമുപരി ആ സിനിമയെ കുറിച്ചുള്ള ആദ്യ തോന്നൽ.

വിവാദമായ അപരത്വങ്ങൾക്കപ്പുറം, സിനിമയിലെ ഏറ്റവും അപകടകരമായ രംഗമായി തോന്നിയത്, കമ്യുണിസ്റ്റ് ആയ, നിരീശ്വര വാദിയായ അച്ഛൻ വളർത്തിയ മകൾ ദുർനടപ്പുകാരിയാവും എന്നുള്ള ബോധ്യമാണ്. സ്വന്തം വിശ്വാസങ്ങളെ കുറിച്ച് പറയാത്ത അച്ഛന്റെ മകളാണ് ചിത്രാഞ്ജലി എന്ന കഥാപാത്രം. അവരുടെ അച്ഛൻ മാർക്സിസ്റ്റ് വിശ്വാസിയും യുക്തിവാദിയുമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നാണ് അയാൾ മകളെ പഠിപ്പിച്ചത്. അവൾ മയക്കുമരുന്നിന് അടിമയാവുകയും പിന്നെ മത തീവ്രവാദികളുടെ ഇരയാവുകയും ചെയ്യുന്നു. മാർക്സിസ്റ്റ്, യുക്തിവാദി, കമ്യുണിസ്റ്റ്, സി പി എം ഇതൊക്കെ തമ്മിലുള്ള പ്രാഥമികമായ വ്യത്യാസം തിരിച്ചറിയാൻ പറ്റാത്തത് പോലെ തോന്നി. ഇതിനൊപ്പം മക്കളെ ഇങ്ങനെയുള്ളവർ മോശമായാണ് വളർത്തുന്നത് എന്ന പൊതുബോധത്തെ, സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ നരേറ്റിവിനെ സിനിമ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നു. പ്രോപഗണ്ട സ്വഭാവമുള്ള സിനിമയായത് കൊണ്ട് തന്നെ വളരെ ലൗഡ് ആയി ‘ദി കേരള സ്റ്റോറി’ പറഞ്ഞ ഏറ്റവും അപകടകരമായ കാര്യമാണിത്.

ഇനി സിനിമ വിവാദമായ വിഷയങ്ങളിലേക്ക് വന്നാൽ, ലവ് ജിഹാദിനെ കുറിച്ചോ ഐ എസ് ഐ എസ് റിക്രൂട്ട്മെന്റിനെ കുറിച്ചോ ലോകത്താർക്കും സിനിമയെടുക്കാം. കേരളത്തിൽ യഥാർത്ഥത്തിൽ അങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ ഫുടേജ് സിനിമയുടെ അവസാനം കാണിക്കുന്നുണ്ട്. അത് സത്യമായാലും നുണയായാലും സിനിമക്കുള്ള പ്രദർശനാനുമതിയെ തള്ളിക്കളയാൻ ആവില്ല. പക്ഷേ ഇപ്പോൾ സംഭവിച്ചത് അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഫലമായി സിനിമ കുറച്ചു കൂടി പേർ കാണുന്നതും കുറച്ചധികം തീയറ്ററുകളിൽ ഓടുന്നതുമൊക്കെയാണ്. കാണേണ്ട എന്ന് പറയും തോറും കാണേണ്ട ഒന്ന് എന്ന സന്ദേശമാണ് ഒരു വിഭാഗത്തിനെത്തുന്നത് എന്ന് തോന്നുന്നു.

സിനിമയിലേക്ക് വന്നാൽ, കേരളത്തിലെ ചില വാട്സാപ്പ് ഗ്രൂപുകളിലെ മെസേജുകൾക്ക് ദൃശ്യഭാഷ നൽകിയത് പോലൊരു അനുഭവമാണ് ‘ദി കേരള സ്റ്റോറി.’ ഫാക്ട് ചെക്കിനും അപ്പുറം നമ്മളൊക്കെ പാവങ്ങൾ ആണ്, ഇനി അവർ നമ്മുടെ വീട്ടിലെ പെൺകുട്ടികളെ കൊണ്ട് പോകും എന്നൊക്കെയുള്ള സമകാലിക മലയാളി ജീവിതത്തിലെ ചില അടരുകളിൽ നിന്നുള്ള സംവാദത്തെ സ്‌ക്രീനിൽ പകർത്തിയത് പോലൊരു അനുഭവമാണ് ‘ദി കേരള സ്റ്റോറി.’ പ്രൊപഗാണ്ടാ സിനിമകൾക്ക് പൊതുവെ ഈ സ്വഭാവമുണ്ട്. വളരെ സട്ടിൽ അയി സിനിമാടിക്ക് ആയി സംസാരിക്കാൻ അത്തരം സിനിമകൾക്ക് പൊതുവെ സാധിക്കാറില്ല. ആവേശം കൂടിയ പ്രസംഗം പോലെയൊരു അനുഭവമാണ് അത്തരം സിനിമകൾ. ഈ ലൗഡ് ആയ അനുഭവങ്ങൾ സിനിമ എന്ന മൊത്ത കാഴ്ചയെ തടസപ്പെടുത്തും. ‘ദി കേരള സ്റ്റോറി’യും ഇവിടെ വ്യത്യസ്തമല്ല.

വൈകാരികമായി ദുർബലരായ പെൺകുട്ടികളുടെ സാന്നിധ്യം ഈ സിനിമയുടെ കഥാഗതിക്ക് വളരെ ആവശ്യമാണ്. സ്വാധീനത്തിനു വശംവദരായി പ്രണയത്തിൽ വിശ്വസിച്ച് ട്രാപ് ചെയ്യപ്പെടുന്നവരാണിവർ. ഇന്ത്യൻ സിനിമയിൽ തന്നെ ഈയടുത്ത് ഇത്രയധികം അഭിപ്രായമില്ലാത്ത, വ്യക്തിത്വമില്ലാത്ത, പ്രണയത്തിൽ പോലും ശബ്ദമുയർത്താത്ത സ്ത്രീകൾ ഉണ്ടാവില്ല. പ്രണയത്തിൽ ചതിക്കപ്പെടുന്ന പെൺകുട്ടികളെ മനസിലാക്കാം. ജ്യൂസിൽ മയക്കുമരുന്ന് കലർത്തുന്നത് പോലുള്ള ‘ക്‌ളീഷേ’ കാഴ്ചകൾ വളരെ ആരോചകമാണ്. സിനിമ കഥപറച്ചിൽ വിട്ട് ഹേറ്റ് സ്പീചിലേക്ക് മാറുന്ന കാഴ്ചകളാണ് പിന്നീടുണ്ടാവുന്നത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിച്ച, യഥാർത്ഥ അതിജീവിതരെ കണ്ട് സംസാരിച്ച വിഷയങ്ങളെ കുറിച്ച് സിനിമ ചെയ്യുമ്പോൾ തീർച്ചയായും അവർക്കു അനുതാപം തോന്നിയ അവസ്ഥയുടെ നേർക്കാഴ്ച സിനിമയിൽ ഉണ്ടാവണം. അതിനപ്പുറം കേരളത്തിലെ നിത്യജീവിതത്തെ കുറിച്ചുള്ള പ്രാഥമിക ധാരണയും ഉണ്ടാവണം. ഇത് രണ്ടും ഒട്ടും സിനിമയിൽ വന്നില്ല. കേരളത്തിലെ വസ്ത്രധാരണം അങ്ങനെയല്ലല്ലോ, വിവാഹ ആചാരങ്ങങ്ങളിൽ സ്ത്രീകൾ ഇങ്ങനെ ഇരിക്കാറില്ലല്ലോ തുടങ്ങീ നിരവധി സംശയങ്ങൾ സിനിമയിൽ ഉടനീളം ഉണ്ടാവുന്നു.

വിവാദമായിരുന്നില്ലെങ്കിൽ സിനിമാ ലോകം ഒട്ടും ശ്രദ്ധിക്കില്ലായിരുന്ന ഒരു വാട്സ്ആപ്പ് സന്ദേശം മാത്രമാണ് ‘ദി കേരള സ്റ്റോറി.’

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: The kerala story movie review