The Accidental Prime Minister Movie Review: ‘ദി ആക്സിഡെന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രം കാണാന്‍ പോകുമ്പോള്‍ തന്നെ അറിയാമായിരുന്നു, അതേ പേരിലുള്ള പുസ്തകം രചിച്ച എഴുത്തുകാരന്റെ വീക്ഷണകോണിലാണ് സിനിമ പറയപ്പെടുന്നത്‌ എന്ന്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും സഞ്ജയ ബാറു അദ്ദേഹത്തിന്റെ മാധ്യമഉപദേഷ്ടാവും ആയിരുന്ന യു പി എ കാലഘട്ടത്തിലെ ഇവരുടെ സ്വകാര്യമായ ചില ജീവിത സന്ദര്‍ഭങ്ങള്‍ കാണാന്‍ തയ്യാറെടുത്തു പോകുന്ന പ്രേക്ഷകരെ കാത്തിരിക്കുന്നത് ആ കാലഘട്ടത്തെ മുഴുവനായി വരച്ചു കാട്ടുന്ന ഒരു ബൃഹത്‌ കാഴ്ചയാണ്. എന്നാല്‍ അത് ‘ബാലന്‍സ്ഡ്‌’ ആയ ഒന്നായിരിക്കും എന്നൊരു ചിന്തയുണ്ടെങ്കില്‍ അതൊക്കെ ചിത്രം തുടങ്ങുമ്പോള്‍ തന്നെ ജനാലയിലൂടെ പുറത്തേക്ക് ഓടിപ്പോകും.

‘ദി ആക്സിഡെന്റല്‍ പ്രൈം മിനിസ്റ്റര്‍’ എല്ലാ അര്‍ത്ഥത്തിലും ഒരു ‘പ്രൊപ്പഗാന്‍ഡ’ ചിത്രമാണ്‌. ഗാന്ധി കുടുംബത്തിന്റെ (ചിത്രത്തില്‍ നിന്നും ആ വാക്കിന്റെ ശബ്ദം മാറ്റപ്പെട്ടിരുക്കുന്നു, എന്നാല്‍ ചുണ്ടനക്കം കാണാം) താളത്തിനൊത്ത് തുള്ളുന്ന അശക്തനും നട്ടെല്ലില്ലാത്തവനുമായ ഒരുവനായി മുന്‍പ്രധാനമന്തിയെ, പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെ തന്നെ, ചിത്രീകരിച്ചിരിക്കുന്നു. സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക, എന്നിവരേയും അധികാര ദാഹികളായ അണികളേയുമാണ് പ്രധാനമന്ത്രിക്കസേരയുടെ പിന്നിലെ നിയന്ത്രണ ശക്തിയായി ചിത്രം വരച്ചു കാട്ടുന്നത്. മന്‍മോഹന്‍ സിംഗ് അഴിമതിക്കാരനല്ല, ആദരണീയനാണ് എന്ന് അടിവരയിടുമ്പോഴും അദ്ദേഹം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ നടത്തിയ അഴിമതികളെ കണ്ടില്ല എന്ന് നടിച്ചു, ഗാന്ധി കുടുംബത്തിന്റെ സ്വാധീന വലയത്തില്‍പെട്ട് തളര്‍ന്നു പോയി എന്നും ചിത്രം കൂട്ടിച്ചേര്‍ക്കുന്നു.

 

The Accidental Prime Minister Movie Review: പുതിയതായി രാഷ്ട്രീയം പഠിക്കുന്നവര്‍ക്ക് പോലും ഈ കഥകള്‍ പുതുതല്ല, അക്കാലത്തെ സംഭവവികാസങ്ങളെ പിന്തുടരുന്നിരുന്നവര്‍ക്ക് പ്രത്യേകിച്ചും. അങ്ങനെ ഇരുകൂട്ടര്‍ക്കും വാര്‍ത്താതലക്കെട്ടാകുന്ന ഒരു വിവരം പോലും ചിത്രം നല്‍കുന്നില്ല.

അത്ഭുതം തോന്നുന്നത് എത്ര അശ്രദ്ധവും മോശവുമായാണ് ചിത്രം എടുക്കപ്പെട്ടിരിക്കുന്നതു എന്ന് കാണുമ്പോഴാണ്. സിനിമയുടെ ആര്‍ട്ടോ-ക്രാഫ്റ്റോ ഒന്നും തന്നെയില്ല ‘ദി ആക്സിഡെന്റല്‍ പ്രൈം മിനിസ്റ്ററി’ല്‍. ഒരു വിധം എല്ലാ കഥാപാത്രങ്ങളും, കേന്ദ്ര കഥാപാത്രങ്ങളായ മന്‍മോഹന്‍ സിംഗ് (അനുപം ഖേര്‍), സഞ്ജയ ബാറു (അക്ഷയ് ഖന്ന) ഉള്‍പ്പടെ ‘കാരിക്കേച്ചറു’കളാണ്. ദുര്‍ബലമായ ശബ്ദവും, ആത്മവിശ്വാസമറ്റ ശരീരഭാഷയും കൊണ്ട് അനുപം ഖേറിന്റെ അഭിനയം വെറും നാട്യമായി തീരുന്നുണ്ട് പലയിടത്തും. രണ്ടു ലോക്സഭാ കാലയളവുകളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന ഒരു മനുഷ്യനാണ് എന്ന് ഒരിടത്ത് പോലും തോന്നിപ്പിക്കാന്‍ കഴിഞ്ഞില്ല ഖേറിന്റെ അവതരണത്തിന്.

നാടകത്തിലും സിനിമയിലും വളരെ വിരളമായി, പ്രത്യേക ലക്ഷ്യത്തോടെ, വാദ-പ്രത്യുത്തരങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് ‘ബ്രേക്കിംഗ് ദി ഫോര്‍ത്ത് വാള്‍’ എന്നത്. എന്നാല്‍ ഇവിടെ അത് നിരന്തരം ഉപയോഗിച്ചിരിക്കുന്നു. പുച്ഛം നിറയുന്ന ചിരിയോടെ അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന സഞ്ജയ ബാറു തിരിഞ്ഞു നിന്നു വെള്ളിത്തിരയുടെ അതിരുകളെ ഭേദിച്ച് കൊണ്ട്, പ്രേക്ഷകനോട് ‘സത്യത്തില്‍ സംഭവിച്ചത് ഇതാണ് എന്ന്’ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്‌ ചിത്രത്തില്‍ ഉടനീളം. സ്റ്റൈലന്‍ സൂട്ടുകള്‍ ധരിച്ച ബാറുവിന്, മുതിര്‍ന്ന മന്ത്രിമാര്‍ക്ക് പോലും അസൂയ ജനിപ്പിക്കുന്ന രീതിയില്‍, ശക്തികേന്ദ്രങ്ങളുമായി അടുപ്പമുണ്ടായിരുന്നതായും ചിത്രം പറയുന്നു. എന്തിനേറെ, ചിത്രം ബാറുവിനെക്കുറിച്ച് പറയുന്നത് കണക്കിലെടുത്ത്, ‘ദി ഒമ്നിപ്രെസന്റ് മീഡിയ അഡ്‌വൈസര്‍’ (സര്‍വ്വവ്യാപിയായ മാധ്യമ ഉപദേഷ്ടാവ്) എന്ന് പേരിട്ടാലും തെറ്റില്ലായിരുന്നു.

 

The Accidental Prime Minister Movie Review: സിനിമയ്ക്ക് ഒരു തിരക്കഥ ഉണ്ടായിരുന്നതായി തോന്നുന്നില്ല. പ്രധാനമന്ത്രിയെ താറടിച്ചു കാണിക്കാന്‍ ഉള്ള കുറച്ചു സീനുകളും, ഹസ്യാത്മകം എന്ന് ഉദ്ദേശിച്ചില്ലെങ്കിലും അങ്ങനെ ആയി തീര്‍ന്ന ചില സന്ദര്‍ഭങ്ങളും മാത്രമാണ് ഉള്ളത് (‘കേ സരാ സരാ’ എന്ന ഗാനം ഭാര്യയ്ക്കൊപ്പമിരുന്നു പ്രധാനമന്ത്രി മൂളുന്ന രംഗം പോലുള്ളവ.). സെറ്റുകള്‍ വര്‍ണ്ണശബളമാണ്. സൗത്ത് ബ്ലോക്കിലെ മുറികളില്‍ ശരിക്കും ഇത്തരത്തിലുള്ള മഞ്ഞയും മജെന്തയും ഒക്കെയുണ്ടോ ആവോ?

കഥയില്‍ പറയുന്ന വ്യക്തികളെ നടീനടന്മാര്‍ അവതരിപ്പിക്കുമ്പോഴും (സോണിയ ഗാന്ധിയെ അവതരിപ്പിച്ച ബെര്‍നെറ്റ്, രാഹുലിനെ അവതരിപ്പിച്ച മാതുര്‍, പ്രിയങ്കയെ അവതരിപ്പിച്ച കുമ്ര, അഹ്മദ് പട്ടേലിനെ അവതരിപ്പിച്ച ശര്‍മ എന്നിവരും വാജ്പായ്, അദ്വാനി എന്നിവര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ അവതരിപ്പിച്ചവരും), അവരുടെ ശരിക്കുള്ള മുഖങ്ങള്‍ വരുന്ന ന്യൂസ്റീല്‍ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നത് എന്തിനു?

 

മന്‍മോഹന്‍ സിംഗ് ഒരു ‘ആകസ്‌മിക’ പ്രധാനമന്ത്രിയായിരിക്കാം – ബാറുവിന്റെ തന്നെ വാക്കുകളില്‍ ചരിത്രം അദ്ദേഹത്തെ അങ്ങനെയോ അല്ലാതെയോ വിലയിരുത്താം. പക്ഷേ ഈ ചിത്രം ഇപ്പോള്‍ നിര്‍മ്മിച്ച്‌ പുറത്തിറക്കി എന്നത് ഒട്ടും തന്നെ ആകസ്‌മികമല്ല. ഉദ്ദേശലക്ഷ്യങ്ങളോടെ തന്നെയാണ് ഇതിപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്: തെരെഞ്ഞെടുപ്പ് വരുകയാണല്ലോ.

‘പ്രൊപ്പഗാന്‍ഡ’ പോലും പക്ഷേ ഇതിലും നന്നായി ചെയ്യാന്‍ സാധിക്കും കേട്ടോ.

Read in English Logo Indian Express

Get Malayalam News and latest news update from India and around the world. Stay updated with today's latest Review news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ