scorecardresearch

Thallumaala Movie Review & Rating: അടി, ഇടി, ഫ്ലാഷ്ബാക്ക്, ഡാൻസ്, റിപ്പീറ്റ്; ‘തല്ലുമാല’ റിവ്യൂ

Thallumaala Movie Review & Rating: തല്ലി തകർത്ത് ടൊവിനോയും ഷൈനും അൾട്രാ കൂളായി കല്യാണിയും… യൂത്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു കളർഫുൾ പടം

RatingRatingRatingRatingRating
Thallumaala Movie Review & Rating: അടി, ഇടി, ഫ്ലാഷ്ബാക്ക്, ഡാൻസ്, റിപ്പീറ്റ്; ‘തല്ലുമാല’ റിവ്യൂ

Tovino Thomas and Kalyani Priyadarshan starrer Thallumaala Movie Review & Rating: ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ തിയേറ്ററുകളിലെത്തി. യൂത്തിനെ ലക്ഷ്യമിട്ട്, വളരെ കളർഫുളായി ഒരുക്കിയിരിക്കുന്ന ഒരു പക്ക കൊമേഷ്യൽ എന്റർടെയിനറാണ് ചിത്രം. തല്ലുമാല എന്ന പേരിലും യോജിക്കുന്ന മറ്റൊരു പേരും ഈ ചിത്രത്തിന് നിർദ്ദേശിക്കാനാവില്ല. ഒരു മാലയിൽ മുത്തുകൾ കോർത്തെടുത്തതുപോലെ തല്ലുകളാൽ കോർത്തെടുത്ത ഒരു രസികൻ ചിത്രം.

മണവാളൻ വസീം എന്നു കാലാന്തരത്തിൽ പേരുവീണ വസീം ആണ് ചിത്രത്തിലെ നായകൻ. പറഞ്ഞു തയ്പ്പിച്ചതു പോലെ കൃത്യമായി അവന്റെ ജീവിതത്തിലേക്ക് തന്നെ എത്തിച്ചേർന്ന നാലു സുഹൃത്തുക്കളും. അടിയും ഇടിയുമൊക്കെ എന്നാണ് ജീവിതത്തിന്റെ ഭാഗമായതെന്ന് ഓർത്തെടുക്കാൻ പോലുമാവാത്തത്ര പുരാതനമായൊരു ‘തല്ലുപരിചയമുണ്ട്’ വസീമിന്. എന്തിന്, തല്ലിലൂടെയാണ് ജംഷി​ അടക്കമുള്ള ചങ്ങാതിമാർ പോലും വസീമിന്റെ ജീവിതത്തിലേക്ക് വരുന്നത്.

വസീമിന്റെ തല്ലുകരിയറിലെ ഏറ്റവും ബെസ്റ്റ് അടിയിൽ നിന്നുമാണ് സിനിമയും ആരംഭിക്കുന്നത്. അന്നവന്റെ കല്യാണമായിരുന്നു, കല്യാണവേഷത്തിൽ പന്തലിൽ അടിയുണ്ടാക്കുന്ന വസീമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും മില്യൺ കണക്കിന് വ്യൂസ് നേടുകയും ചെയ്യുന്നു. അതോടെ വസീം മണവാളൻ വസീമായി മാറുന്നു. വസീമിന്റെ കരിയറിലെ വിവിധതരം തല്ലുകളിലൂടെ സഞ്ചരിച്ച് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുകയാണ് ‘തല്ലുമാല’യിലൂടെ ഖാലിദ് റഹ്മാൻ. എന്നാൽ ആ കഥ പറച്ചിൽ രീതിയിലെ പുതുമയാണ് ‘തല്ലുമാല’യെ വേറിട്ടൊരു കാഴ്ചാനുഭവമാക്കുന്നത്.

അടി, ഇടി, ഫ്ലാഷ്ബ്ലാക്ക്, പാട്ട്, ഡാൻസ്, റിപ്പീറ്റ്…. ഈ മോഡിലാണ് ചിത്രത്തിന്റെ ആദ്യപകുതി മുന്നോട്ട് പോവുന്നത്. സാമ്പ്രദായികമായ സിനിമകാഴ്ചയല്ലാത്തതിനാൽ ആദ്യപകുതിയുമായി കണക്റ്റ് ആവാൻ പ്രേക്ഷകർക്ക് അൽപ്പം സമയമെടുക്കും. എന്നാൽ സ്ലോ ആയി തുടങ്ങിയ ചിത്രം രണ്ടാം പകുതിയോടെ കൃത്യമായി അതിന്റെ ട്രാക്കിൽ വീഴുന്നുണ്ട്. തുടക്കം മുതൽ ചിതറിതെന്നി കിടക്കുന്ന തല്ലുകളും ഫ്ലാഷ്ബാക്കുകളുമെല്ലാം ഒരു പസിൽ പൂരിപ്പിക്കുന്നതുപോലെ ചേർത്തുവയ്ക്കുകയാണ് രണ്ടാം പകുതി.

ഒരു അൾട്രാ മോഡേൺ യൂത്തനാണ് ടൊവിനോയുടെ മണവാളൻ വസീം. ജീവിതത്തിൽ വലിയ ഉത്തരവാദിത്വബോധമൊന്നുമില്ലാത്ത ഇരുപതുകാരൻ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. ഡാൻസും താനും തമ്മിൽ ചേരില്ലെന്ന് പല വേദികളിലും തുറന്നു പറഞ്ഞിട്ടുള്ള നടനാണ് ടൊവിനോ. എന്നാൽ തന്റെ കംഫർട്ട് സോണിനു പുറത്തുകടന്ന് ഡാൻസിൽ പയറ്റുന്ന ടൊവിനോയെ ആണ് ‘തല്ലുമാല’യിൽ കാണാനാവുക. അത്യാവശ്യം തരക്കേടില്ലാത്ത ഡാൻസർ ആണ് താനെന്ന് മണവാളൻ വസീമിലൂടെ ടൊവിനോ തെളിയിച്ചിരിക്കുകയാണ്.

കല്യാണി പ്രിയദർശന്റെ വ്ലോഗർ ബീപാത്തുവും രസകരമായ ഒരു കഥാപാത്രസൃഷ്ടിയാണ്. എല്ലാറ്റിനോടും കൂളായ സമീപനമാണ് ബീപാത്തുവിന്, ‘ബീ ലൈക് പാത്തു’ എന്ന് പറയാൻ തോന്നുന്നത്ര കൂൾ ക്യാരക്ടർ. അല്ലേലും കല്യാണത്തിന്റെയിടയിൽ തല്ലുണ്ടാവുമ്പോൾ പോപ്കോൺ കഴിച്ചിരിക്കാനൊക്കെ ബീപാത്തുവിനെ പറ്റൂ, അതും സ്വന്തം കല്യാണത്തിന്! ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഷൈൻ ടോം ചാക്കോയുടെ റജി മാത്യുവാണ് ചിത്രത്തിലെ മറ്റൊരു കിടിലൻ കഥാപാത്രം. രസിപ്പിച്ചും ചിരിപ്പിച്ചും കലിപ്പു കാണിച്ചും മാന്യനായുമൊക്കെ കസറുന്നുണ്ട് ഷൈൻ. ലുക്മാൻ അവറാച്ചൻ, അധ്രി ജോ, ഓസ്റ്റിന്‍ ഡാൻ, ഗോകുലൻ, ബിനു പപ്പു, ജോണി ആന്റണി എന്നിവരുടെ കഥാപാത്രങ്ങളും മികവു പുലർത്തുന്നു. ഒരു​ അതിഥി വേഷത്തിൽ ചെമ്പന്‍ വിനോദ് ജോസുമുണ്ട് ചിത്രത്തിൽ.

Also Read
‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ അഭിമുഖം: മനുഷ്യത്വവും സമഭാവനയുമുള്ള ആ മജിസ്‌ട്രേറ്റ് ഇതാ ഇവിടെയുണ്ട്!

ആദ്യകാഴ്ചയിൽ തല്ലുമാല ഒരു യോയോ ചിത്രമാണ്. എന്നാൽ അടരുകളിൽ ‘male ego’ യേയും അതു വരുത്തിവയ്ക്കുന്ന നൂലാമാലകളെയും തുറന്നു കാണിക്കുന്നുണ്ട് ചിത്രം. തല്ലിനൊരു കൈ പുസ്തകമെന്നോ തല്ലുശാസ്ത്രമെന്നോ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ചിത്രത്തിന്റെ തിരക്കഥ. മണവാളൻ വസീം ആവട്ടെ അതിന്റെ അപ്പോസ്തലനും! ഈഗോയെ വേദനിപ്പിക്കുന്ന തല്ല്, ശരീരത്തെ വേദനിപ്പിക്കുന്ന തല്ല്, മനസ്സിനെ വേദനിപ്പിക്കുന്ന തല്ല് എന്നിങ്ങനെ വിവിധതരം തല്ലുകളെ കുറിച്ച് ക്ലാസ്സെടുക്കുന്നുപോലുമുണ്ട് മണവാളൻ വസീം. ചിത്രത്തിലെ സംഘട്ടന രംഗങ്ങളും രസകരമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

നിറപ്പകിട്ടേറിയതാണ് ചിത്രത്തിന്റെ ഫ്രെയിമുകൾ. ഖാലിദിന്റെ സഹോദരൻ കൂടിയായ ജിംഷി ഖാലിദാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. നിറപ്പകിട്ടേറിയ ഇന്‍സ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ സഞ്ചരിക്കുന്നതുപോലെയൊരു​ അനുഭവം സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. വിഷ്ണു വിജയിന്റെ സംഗീതത്തിന് ചിത്രത്തിന്റെ മൂഡ് ലിഫ്റ്റ് ചെയ്യുന്നതിൽ വലിയ പങ്കുണ്ട്. റിലീസിനു മുൻപു തന്നെ ശ്രദ്ധ നേടിയ കണ്ണിൽ പെട്ടോളേ എന്ന ഗാനവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. ലോല… ലോല… എന്ന സ്‌കോറും പ്രേക്ഷകർക്കൊപ്പം കൂടെപോരും. പോപ്പ് സംസ്കാരത്തിന്റെ പ്രതിഫലനങ്ങൾ ഗാനങ്ങളിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച തല്ലുമാല പൂർണമായും തിയേറ്റർ ആസ്വാദനം ആവശ്യപ്പെടുന്ന എന്റർടെയിനറാണ്. ചിത്രം സമ്മാനിക്കുന്ന ആ വൈബ് തിയേറ്ററിൽ നിന്നുമാത്രമേ ലഭിക്കൂ. യൂത്തിനെയാണ് ചിത്രം പ്രധാനമായും ലക്ഷ്യമിടുന്നത്, അതിനാൽ തന്നെ എല്ലാതരം പ്രേക്ഷകർക്കും ചിത്രം കണക്റ്റ് ആവണമെന്നില്ല.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Thallumaala movie review rating tovino thomas kalyani priyadarshan