Thakkol Movie Review: തെളിച്ചത്തിലേക്കും പുതുമയിലേക്കും തുറക്കുന്ന ‘താക്കോല്‍’: റിവ്യൂ

Thakkol Movie Review: കച്ചവടചിത്രങ്ങളുടെ സ്ഥിരം വിജയഫോർമുലകൾ സമം ചേർത്ത് സിനിമയൊരുക്കുക എന്ന പതിവു നടപ്പു ശീലങ്ങൾക്കു പിറകെ പോവാതെ, വേറിട്ടൊരു കഥ പറച്ചിൽ രീതി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ധൈര്യം കാണിച്ച കിരൺ പ്രഭാകരൻ എന്ന നവാഗതൻ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്

ഇന്ദ്രജിത്ത് സുകുമാരന്‍, മുരളി ഗോപി, താക്കോല്‍ റിവ്യൂ, താക്കോല്‍, review, film review, movie review, thakkol, thakkol movie review, thakkol review, indrajith sukumaran, murali gopy

Thakkol Movie Review: അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും അൽപ്പം വ്യത്യസ്തമായൊരു ആസ്വാദനമാണ് ‘താക്കോൽ’ എന്ന ചിത്രം സമ്മാനിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും ഇടകലരുന്ന, നിഗൂഢതയുടെ സൗന്ദര്യമുള്ള ഒരു ത്രില്ലർ ചിത്രമാണ് ‘താക്കോൽ’. നവാഗതനായ കിരൺ പ്രഭാകരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് രണ്ട് ക്രിസ്ത്യൻ പുരോഹിതൻമാരെയും പള്ളിയേയും ഇടവകയേയും അവിടുത്തെ ആളുകളെയും ചുറ്റിപ്പറ്റിയാണ്.

 

ആംബ്രോസ് വാസ് പോച്ചപ്പള്ളിയും (ഇന്ദ്രജിത്ത് സുകുമാരൻ) മോൻസിഞ്ഞോർ മാങ്കുന്നത്ത് പൈലിയുമാണ് (മുരളി ഗോപി) കഥയിലെ കേന്ദ്രകഥാപാത്രങ്ങൾ. മോൺസ്റ്റർ പൈലിയെന്ന് ആംബ്രോസ് മനം മടുത്തു വിളിക്കുന്ന മാങ്കുന്നത്ത് അച്ചൻ പരുക്കനായൊരു പുരോഹിതനാണ്. ചില പ്രത്യേക സാഹചര്യങ്ങളാൽ മാങ്കുന്നത്ത് അച്ചന്റെ ആൾത്താര ബാലനായി കൂടെ കൂടേണ്ടി വരുന്ന ആംബ്രോസിനെ സംബന്ധിച്ച് ഒരു കാരാഗൃഹം തന്നെയാണ് മോൺസ്റ്റർ പൈലിയ്ക്ക് ഒപ്പമുള്ള സഹവാസം.

ആംബ്രോസ് തന്നെ പറയുന്നതു പോലെ, അതൊരു അടിമ- ഉടമ ബന്ധമാണ്. കഥയിലെ മറ്റൊരു കഥാപാത്രം പറയുന്നതു പോലെ, ‘ഒരു സർഫ് വാങ്ങിയാൽ ഒരു ബക്കറ്റ് ഫ്രീ’ എന്ന കണക്കിന് മാങ്കുന്നത്ത് അച്ഛന്റെ നിഴലായി, മനംമടുത്ത് ജീവിക്കുന്നതിനിടയിലാണ് കുഴിമറ്റത്ത് ക്ലമന്റ് (രൺജി പണിക്കർ) എന്ന ധനാഢ്യൻ ആംബ്രോസിന്റെ രക്ഷകനായി എത്തുന്നത്.

ജനിച്ചു വളർന്ന ഇടവക പള്ളിയിൽ ആംബ്രോസിനെ വല്ല്യച്ചനായി നിയമിക്കണമെന്ന ശുപാർശയുമായി ക്ലമന്റ് ബിൽപ്പ് ഹൗസിൽ പിടിമുറുക്കുകയാണ്. ബിസിനസ്സുകാരനായ ക്ലമന്റിന് തന്നോടുള്ള ഈ പ്രതിപത്തിയിൽ മറ്റെന്തോ കച്ചവടതാൽപ്പര്യം ഉണ്ടെന്ന് അറിയാമെങ്കിലും തടവറയിൽ നിന്നും രക്ഷ നേടിയ ആശ്വാസത്തിൽ പുതിയ ഇടവകയിലേക്ക് ആംബ്രോസ് യാത്രയാവുകയാണ്.

Image may contain: 2 people

നാട്ടിലെ ചങ്ങാതിമാർക്കും പ്രിയപ്പെട്ടവർക്കു ആംബ്രോസ് ഡൂഡിയാണ്. ആകാശവും ഭൂമിയും വീണ്ടു കിട്ടിയ ഒരു പക്ഷിയുടെ സന്തോഷത്തോടെ താൻ ജനിച്ചു വളർന്ന നാട്ടിലെ ഇടവഴികളിലൂടെ സൈക്കിൾ ചവിട്ടിയും ഉല്ലസിച്ചും സമാധാന ജീവിതത്തിലേക്ക് ആംബ്രോസ് ചുവടുറപ്പിക്കും മുൻപെ, ആംബ്രോസിന്റെ ജീവിതത്തിന്റെ ഗതിയൊന്നു കൂടി മാറ്റിയെഴുതികൊണ്ട് ക്ലമന്റ് കടന്നു പോവുന്നു.

ക്ലമന്റ് പറയാൻ ബാക്കി വച്ചു പോയ വാക്കുകൾ, അയാളുടെ മരണത്തിനു പിന്നാലെ ആംബ്രോസിനെ തേടിയെത്തുന്ന ഒരു താക്കോൽ, അതിനു പിന്നിലെ രഹസ്യമന്വേഷിച്ചുള്ള യാത്രകൾ, ചുരുളഴിക്കലുകൾ അങ്ങനെയങ്ങനെ ഉദ്വേഗജനകമായ കാഴ്ചകളിലൂടെയാണ് അവിടം മുതൽ ചിത്രത്തിന്റെ സഞ്ചാരം. ബിബ്ലിക്കൽ റഫറൻസുകളിലൂടെയാണ് കഥ പുരോഗമിയ്ക്കുന്നത്.

 

ഒരു സാമ്പ്രദായിക എന്റർടെയിനർ ‘താക്കോലി’നെ പറയാനാവില്ല, അതേ സമയം, പ്രേക്ഷകനെ കഥയുടെ സഞ്ചാരത്തിനൊപ്പം പിടിച്ചു നിർത്താൻ ചിത്രത്തിനു സാധിക്കുന്നുണ്ട് താനും. മിസ്റ്റിക് രീതിയിലുള്ള അവതരണവും അന്വേഷണത്തിന്റേതായൊരു പശ്ചാത്തലവും ചിത്രത്തിന് ത്രില്ലർ സ്വഭാവം സമ്മാനിക്കുന്നു.

പ്രത്യക്ഷത്തിൽ, താക്കോലിന്റെ രഹസ്യം തേടിയുള്ള യാത്രയാണ് ചിത്രമെങ്കിൽ പരോക്ഷത്തിൽ അത് മനുഷ്യരുടെ മാനസികാവസ്ഥകളിലൂടെയും വൈകാരിക സംഘർഷങ്ങളിലൂടെയുമുള്ള യാത്ര കൂടിയാണ്. സമാന്തരമായി പോവുന്ന രണ്ടു ആസ്വാദനതലങ്ങൾ മനോഹരമായി സന്നിവേശിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.

Image may contain: 2 people, glasses and text

ഇന്ദ്രജിത്തും മുരളി ഗോപിയും മത്സരിച്ചു അഭിനയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. ഏറെ വൈകാരിക സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന ആംബ്രോസ് ഇന്ദ്രജിത്തിന്റെ ഇതു വരെയുള്ള കരിയറിൽ തന്നെ വേറിട്ട ഒന്നാണ്. തന്നേക്കാൾ പ്രായക്കൂടുതലുള്ള ഒരു കഥാപാത്രത്തെ, ഏറെ ഒതുക്കത്തോടെയും കയ്യടക്കത്തോടെയുമാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ മോൻസിഞ്ഞോർ മാങ്കുന്നത്ത് പൈലിയെന്ന കർക്കശക്കാരനായ പുരോഹിതന്റെ ശരീരഭാഷ തുടർച്ച നഷ്ടപ്പെടാതെ അവതരിപ്പിച്ച് മുരളി ഗോപി അമ്പരപ്പിക്കുന്നുണ്ട്.

രൺജി പണിക്കറുടെ ക്ലമന്റും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം തന്നെ. സുദേവ് നായർ, ഇനിയ, നെടുമുടി വേണു, ഡോ റോണി, ലാൽ, പി ബാലചന്ദ്രൻ, ശർമ, മീരാ വസുദേവ്, സുധീർ കരമന തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലർത്തുന്നുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മിസ്റ്റിക് മൂഡ് നിലനിർത്തി കൊണ്ടു പോവുന്നതിൽ സംഗീതത്തിനു വലിയൊരു റോൾ തന്നെയുണ്ട്. റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും ഇതിൽ എടുത്തു പറയേണ്ടതുണ്ട്. ആൽബിയുടെ ഛായാഗ്രഹണവും മികവു പുലർത്തുന്നു.

ചിത്രത്തിന്റെ പോരായ്മയായി തോന്നിയത്, രണ്ടാം പകുതിയിലെ ദൈർഘ്യക്കൂടുതലാണ്. കഥാഗതിയിൽ നിന്നും മാറി പുതിയ സംഭവവികാസങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങുമ്പോൾ അതു വരെ കൊണ്ടു വന്ന ത്രില്ലർ മൂഡിൽ നിന്നും ചിത്രം അൽപ്പമൊന്നു വഴുതുന്നുണ്ട്. കാച്ചിക്കുറുക്കിയെടുത്തിരുന്നേൽ ഒരു കവിത പോലെ മനോഹരമാകുമായിരുന്ന ചിത്രത്തിന്റെ മുറുക്കം നഷ്ടപ്പെടുന്നതും ഇവിടെയാണ്. ചിത്രത്തിലെ ബിബ്ലിക്കൽ റഫൻറസുകളുടെ ആധിക്യവും ചിലയിടത്ത് കല്ലുകടിയാവുന്നുണ്ട്. ബൈബിൾ സൂക്തങ്ങളെയും വചനങ്ങളെയും കുറിച്ച് അധികം അറിവില്ലാത്ത പ്രേക്ഷകരെ സംബന്ധിച്ച് ഒറ്റക്കാഴ്ചയിൽ സിനിമയെത്ര മാത്രം പിടികിട്ടും എന്നതും സംശയമാണ്.

ഈ പോരായ്മയ്ക്ക് ഇടയിലും ‘താക്കോൽ’ കയ്യടികൾ അർഹിക്കുന്നുണ്ട്. കാരണം, വാർപ്പു മാതൃകകളുടെ കൂട്ടുപിടിക്കാതെയുള്ള, വേറിട്ടൊരു ശ്രമമാണ് ഈ ചിത്രം. കച്ചവടചിത്രങ്ങളുടെ സ്ഥിരം വിജയഫോർമുലകൾ സമം ചേർത്ത് സിനിമയൊരുക്കുക എന്ന പതിവു നടപ്പു ശീലങ്ങൾക്കു പിറകെ പോവാതെ, വേറിട്ടൊരു കഥ പറച്ചിൽ രീതി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ധൈര്യം കാണിച്ച കിരൺ പ്രഭാകരൻ എന്ന നവാഗതൻ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. തെളിച്ചവും പുതുമയുമുള്ള ഒരു ദൃശ്യ വിരുന്നാണ് ‘താക്കോൽ’ പ്രേക്ഷകർക്കായി ഒരുക്കുന്നത്.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Thakkol movie review rating indrajith sukumaran murali gopy

Next Story
Chola Movie Review: ചോരയിൽ ചാലിച്ച ‘ചോല’: റിവ്യൂreview, film review, chola, chola movie review, chola film review, sanal kumar sasidharan, joju george, nimisha sajayan, ചോല, ചോല റിവ്യൂ, സനല്‍ കുമാര്‍ ശശിധരന്‍, നിമിഷ സജയന്‍, സിനിമ റിവ്യൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com