Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

Super Sharanya Movie Review & Rating: ഒരു കുഞ്ഞു ഫൺ ചിത്രം; ‘സൂപ്പർ ശരണ്യ’ റിവ്യൂ

Super Sharanya Movie Review & Rating: പതിവു നായികമാരിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തയാണ് അനശ്വരയുടെ ശരണ്യ

RatingRatingRatingRatingRating
Super Sharanya, Super Sharanya review, Super Sharanya movie review, Super Sharanya rating, Super Sharanya full movie, Super Sharanya full movie download, സൂപ്പർ ശരണ്യ, സൂപ്പർ ശരണ്യ റിവ്യൂ, Super Sharanya song download, Super Sharanya songs, Super Sharanya OTT, Super Sharanya malayalam review, Anaswara Rajan, Arjun Ashokan

Super Sharanya Malayalam Movie Review & Rating: പുതുവര്‍ഷത്തിലെ ആദ്യ മലയാളം ചിത്രമായി ‘സൂപ്പർ ശരണ്യ’ തിയേറ്ററുകളിലെത്തി.’തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘സൂപ്പർ ശരണ്യ’ പറയുന്നതും ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ്.

അനശ്വര രാജനാണ് ചിത്രത്തിൽ ശരണ്യ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പതിവു നായികമാരിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തയാണ് ശരണ്യ. പ്രത്യേകിച്ച് പ്രത്യേകതകൾ ഒന്നും എടുത്തു പറയാനില്ലാത്ത, ആത്മവിശ്വാസം നന്നേ കുറഞ്ഞ, ചെറിയ കാര്യങ്ങൾക്ക് വളരെ ഇമോഷണലാവുന്ന, പതുങ്ങിയ പ്രകൃതമുള്ള ഒരു
എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി. അമിതമായ ഉത്കണ്ഠയും ജീവിതത്തോടുള്ള നെഗറ്റീവ് സമീപനവും. തന്നിലേക്ക് ഒതുങ്ങിക്കൂടി പോവാനാഗ്രഹിക്കുന്ന ശരണ്യ പക്ഷേ ചില കാരണങ്ങൾ കൊണ്ട് കൂട്ടുകാർക്കിടയിലെയും കോളേജിലെ തന്നെയും ശ്രദ്ധാകേന്ദ്രമാകുന്നു. ശരണ്യയുടെ ആശങ്കകളും അവളുടെ കൂട്ടുകാരും ചുറ്റുമുള്ള ലോകവും ചില ബന്ധങ്ങളുമൊക്കെയാണ് ‘സൂപ്പർ ശരണ്യ’യുടെ കഥാപരിസരം.

ശരണ്യയ്ക്ക് ഒപ്പം എന്തിനുമേതിനും കൂട്ടായി നടക്കുന്ന മൂന്നു സുഹൃത്തുക്കളുമുണ്ട്, അവരുടെ കൂടെ കഥയാണ് ‘സൂപ്പർ ശരണ്യ’. ലേഡീസ് ഹോസ്റ്റൽ ജീവിതവും പെൺസൗഹൃദങ്ങളുമൊക്കെ അതിശയോക്തിയില്ലാതെ വളരെ റിയലിസ്റ്റിക്കായി തന്നെ പോർട്രെ ചെയ്തിട്ടുണ്ട് സംവിധായകൻ. ശരണ്യയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ദീപു (അർജുൻ അശോകൻ) കടന്നു വരുന്നതോടെ ശരണ്യയും പതിയെ മാറി തുടങ്ങുകയാണ്.

വലിയ ട്വിസ്റ്റുകളോ സംഭവബഹുലമായ ക്ലൈമാക്സോ ഒന്നും ‘സൂപ്പർ ശരണ്യ’യിൽ കാണാനാവില്ല. സൗഹൃദങ്ങളുടെ റിയലിസ്റ്റിക്കായ കാഴ്ചകൾ, ഇടയ്ക്ക് ചില നർമ്മമൂഹൂർത്തങ്ങൾ, പ്രണയം… അങ്ങനെയങ്ങനെ തട്ടിതടഞ്ഞ് ഒഴുകുന്ന ശരണ്യയുടെ ജീവിതത്തിനൊപ്പം രണ്ടേമുക്കാൽ മണിക്കൂറോളം പ്രേക്ഷകനെയും കൂടെ നടത്തിക്കുകയാണ് സംവിധായകൻ. ഒട്ടും സൂപ്പറല്ലാത്ത ശരണ്യയെ സൂപ്പർ ശരണ്യ എന്നു വിളിക്കുന്നതിന്റെ കാരണം സിനിമ വ്യക്തമാക്കുന്നില്ല.

ടെൻഷന്റെ അസുഖമുള്ള, ആത്മവിശ്വാസക്കുറവുള്ള, ഓവർ സെന്റിമെന്റലായ ശരണ്യ എന്ന കഥാപാത്രത്തെ മികവോടെ തന്നെ അനശ്വര രാജൻ അവതരിപ്പിച്ചിട്ടുണ്ട്. ശരണ്യയുടെ കൂട്ടുകാരികളായി എത്തുന്ന മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. കൂട്ടുകാരികളിൽ എടുത്തു പറയേണ്ടത് മമിതയുടെ സോന എന്ന കഥാപാത്രമാണ്. കൂട്ടുകാരികളെ എപ്പോഴും സംരക്ഷിച്ചു നിർത്തുന്ന, മമിതയുടെ ബോൾഡ് കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം കവരും.

ദീപു എന്ന നായക കഥാപാത്രം അർജുന്റെ കയ്യിൽ ഭദ്രമായിരുന്നു. നസ്‌ലെൻ കെ ഗഫൂർ , വിനീത് വാസുദേവൻ, വിനീത് വിശ്വം, സജിൻ ചെറുകയിൽ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനം മികവു പുലർത്തുമ്പോഴും ദുർബലമായ തിരക്കഥയാണ് ചിത്രത്തിന്റെ പോരായ്മയായി തോന്നിയത്. രസച്ചരട് മുറിയാതെ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നതിൽ പലയിടത്തും തിരക്കഥ പരാജയപ്പെടുന്നുണ്ട്. സിനിമയുടെ ദൈർഘ്യമാണ് മറ്റൊരു കല്ലുകടിയായി തോന്നിയത്. രണ്ടു മണിക്കൂർ കൊണ്ട് അവസാനിപ്പിക്കാമായിരുന്ന ഒരു ചിത്രത്തെ രണ്ടേ മുക്കാലോളം വലിച്ചുനീട്ടി കൊണ്ടുപോയതുപോലെ കാഴ്ചക്കാരന് അനുഭവപ്പെട്ടേക്കാം.

സജിത്ത് പുരുഷന്റെ ക്യാമറയും ജസ്റ്റിൻ വർഗ്ഗീസിന്റെ സംഗീതവും ചിത്രത്തിനോട് നീതി പുലർത്തുന്നുണ്ട്. ‘അശുഭമംഗളകാരി’ തുടങ്ങിയ പാട്ടുകളൊക്കെ മൊത്തത്തിൽ​ ഫ്രഷ്നെസ്സ് സമ്മാനിക്കുന്നുണ്ട്.

രസകരമായ ഏതാനും ചില നർമ്മമുഹൂർത്തങ്ങളും ചിത്രം കാത്തുവയ്ക്കുന്നുണ്ട്. അർജ്ജുൻ റെഡ്ഡി ട്രോളൊക്കെ ചിരിപ്പടർത്തുന്നതാണ്. എന്നാൽ, ‘തണ്ണീർമത്തൻ ദിനങ്ങൾ’ പോലെ മുഴുനീള കൗണ്ടർ കോമഡികൾ ‘സൂപ്പർ ശരണ്യ’യിൽ നിന്നും പ്രതീക്ഷിക്കാനാവില്ല. അത്തരം പ്രതീക്ഷകളോടെ കയറിയാൽ ‘സൂപ്പർ ശരണ്യ’ ഒരുവേള നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

Read more: January Release: ജനുവരിയിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Super sharanya malayalam movie review rating anaswara rajan

The moderation of comments is automated and not cleared manually by malayalam.indianexpress.com