Latest News

Sunny Movie Review: ജയസൂര്യയുടെ ഒറ്റയാൾ പ്രകടനം; ‘സണ്ണി’ റിവ്യൂ

Sunny Movie Review & Rating: പരീക്ഷണാത്മകമായൊരു ചിത്രമാണ് ‘സണ്ണി’. അഭിനേതാവായി ഒരാള്‍ മാത്രമാണ് സ്ക്രീനില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്

Sunny movie review, Sunny review, watch Sunny online, Sunny Amazon prime video, watch malayalam movie amazon prime video, Jayasurya, ജയസൂര്യ, സണ്ണി, സണ്ണി മൂവി റിവ്യൂ

Sunny Movie Review & Rating: കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഓരോ മനുഷ്യനും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. സാമ്പത്തിക പ്രതിസന്ധികൾ, വൈകാരികമായ ഒറ്റപ്പെടൽ, രോഗഭീതി, വിഷാദം എന്നിങ്ങനെ ഓരോരുത്തരും കടന്നുപോവുന്ന പ്രശ്നങ്ങളുടെ ചതുപ്പും ആഴവും അവർക്കു മാത്രമേ അറിയൂ. കോവിഡിനോട് മാത്രമല്ല, സ്വന്തം ജീവിതപ്രശ്നങ്ങളോടുമുള്ള പോരാട്ടത്തിലാണ് മാനവരാശി.

കോവിഡ് കാലത്ത് ദുബായിൽ നിന്നും കേരളത്തിലെത്തി ഒരു ഹോട്ടൽ മുറിയിൽ ക്വാറന്‍റീനിൽ കഴിയുന്ന സണ്ണിയെന്ന മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ക്വാറന്റൈനു വേണ്ടി അയാൾ തിരഞ്ഞെടുക്കുന്നത് നഗരത്തിലെ തന്നെ ശ്രദ്ധേയമായൊരു ലക്ഷ്വറി ഹോട്ടലാണ്. ദുബായിൽ അയാൾ ഉപേക്ഷിച്ചുപോന്ന അയാളുടെ പ്രശ്നങ്ങളും ജീവിതത്തിലെ സമ്മർദ്ദങ്ങളുമെല്ലാം കൂടി ദിവസങ്ങൾ കടന്നു പോവുന്തോറും അയാളെ അസ്വസ്ഥനാക്കുകയാണ്. അയാളുടെ മനസ്സിൽ വേദനകളുടെ, പ്രശ്നങ്ങളുടെ, വികാരവിക്ഷോഭങ്ങളുടെ ഒരു കടൽ തന്നെ ഇരമ്പുന്നുണ്ട്. പ്രതീക്ഷകൾ നഷ്ടപ്പെട്ട ആ മനുഷ്യന്റെ വൈകാരിക ശൂന്യത നികത്താൻ, പ്രതീക്ഷയുടെ ഒരു തിളക്കം സമ്മാനിക്കാൻ ഫോൺകോളുകളിലെ ശബ്ദമായി മാത്രം അയാളെ തേടി വരുന്ന ചില മനുഷ്യർക്കാവുന്നു.

ഒരു തരത്തിൽ പരീക്ഷണാത്മകമായൊരു ചിത്രമാണ് രഞ്ജിത്ത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത ‘സണ്ണി’. അഭിനേതാവായി ഒരാള്‍ മാത്രമാണ് സ്ക്രീനില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ആദ്യ ഷോട്ട് മുതൽ അവസാനം വരെ സ്ക്രീനിൽ തെളിയുന്നത് ജയസൂര്യയുടെ മുഖമാണ്. ഒരാൾ മാത്രം കേന്ദ്രകഥാപാത്രമായി വരികയും ഫോൺ കോളുകളിലൂടെ പുറം ലോകത്തെ പ്രതിനിധീകരിക്കുകയും ചെയ്യുക എന്നത് സംവിധായകനും നടനും ഒരുപോലെ വെല്ലുവിളിയാവുന്ന ഒന്നാണ്. എന്നാൽ ഇവിടെ തന്നെയേൽപ്പിച്ച ഉത്തരവാദിത്വം മനോഹരമായി തന്നെ ജയസൂര്യ നിർവ്വഹിച്ചിട്ടുണ്ട്. ജയസൂര്യയുടെ പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ പ്ലസ്. ഏകാന്തതയും ഭീതിയും അസ്വസ്ഥതയുമെല്ലാം നിറയുന്ന ക്വാറന്റൈൻ കാലത്തിന്റെ പിരിമുറുക്കത്തിലൂടെ കടന്നുപോവുന്ന സണ്ണിയെന്ന കഥാപാത്രത്തെ തന്മയത്വത്തോടെ തന്നെ ആവിഷ്കരിക്കാൻ ഈ നടന് സാധിച്ചിട്ടുണ്ട്.

ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുമ്പോൾ സിനിമയിലുടനീളം ശബ്ദസാന്നിധ്യമായി പ്രത്യക്ഷപ്പെടുകയാണ് ഇന്നസെന്റ്, വിജയരാഘവൻ, അജു വർഗീസ്,​ ശിവദ, സിദ്ദിഖ് എന്നിവർ. കാണാമറയത്തിരുന്ന് സണ്ണിയോട് സംസാരിക്കുന്ന ഈ കഥാപാത്രങ്ങൾക്കായുള്ള സംവിധായകന്റെ തിരഞ്ഞെടുപ്പ് അഭിനന്ദനം അർഹിക്കുന്നുണ്ട്.

ഉപരിവിപ്ലവമായി പറഞ്ഞുപോവുന്ന സ്റ്റോറി ലൈനാണ് ‘സണ്ണി’യുടെ പ്രധാന പോരായ്മയായി എടുത്തുപറയാവുന്ന ഒരു കാര്യം. ഒരൊറ്റ വരിയിൽ പറഞ്ഞുപോകാവുന്ന വളരെ ചെറിയൊരു കഥയെ ഒരു മുഴുനീള സിനിമയുടെ ഫോർമാറ്റിലേക്ക് മാറ്റിയപ്പോൾ കഥാഗതിയിൽ കാര്യമായ ഇഴച്ചിൽ വന്നുചേർന്നിട്ടുണ്ട്. തുടക്കത്തിലെ എൻഗേജിംഗ് സ്വഭാവം പകുതിയോടെ നഷ്ടമാവുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സും പതിവു സിനിമാരീതികളിൽ നിന്നും അൽപ്പം വിഭിന്നമാണ്, ഇതും പ്രേക്ഷകർക്ക് സ്വീകാര്യമായി കൊള്ളണമെന്നില്ല.

എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമെന്ന് സണ്ണിയെ പറയാനാവില്ല. ഫാസ്റ്റ് പേസിലുള്ള കഥപറച്ചിൽ രീതികളും ചടുലമായ രംഗങ്ങളും ഉദ്വേഗജനകമായൊരു ക്ലൈമാക്സുമൊക്കെ പ്രതീക്ഷിക്കുന്നവരെ ഒരുവേള സണ്ണി നിരാശരാക്കിയേക്കാം. പതിഞ്ഞ താളത്തിലാണ് ‘സണ്ണി’യുടെ സഞ്ചാരം. എന്നിരിക്കിലും നമ്മൾ കടന്നുപോവുന്ന വിഷമകരമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തികൊണ്ട് ഇന്നിനോട് നീതി പുലർത്തുന്നുണ്ട് ചിത്രം. പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോൾ വിഷാദവും നിരാശയുമൊക്കെ തളർത്തുമ്പോൾ ആവശ്യമെങ്കിൽ മടിക്കാതെ വിദഗ്ധോപദേശം നേടുക എന്ന മെസേജും ചിത്രം നൽകുന്നുണ്ട്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ നൂറാം ചിത്രവും രഞ്ജിത്ത് ശങ്കറിനൊപ്പമുള്ള ഏഴാമത്തെ ചിത്രവുമാണ് സണ്ണി. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠന്‍ ആണ്. പരിമിതമായ ലൊക്കേഷനിൽ ഷൂട്ട് ചെയ്യുക എന്ന വെല്ലുവിളിയെ ഒരു പരിധി വരെ അതിജീവിക്കാൻ മധു നീലകണ്ഠനായിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് മ്യൂസികും കഥാപശ്ചാത്തലത്തിനോട് ഇണങ്ങി നിൽക്കുന്നുണ്ട്.

Read more: Kaanekkaane Movie Review: കണ്ണു നനയിപ്പിക്കും ഈ ചിത്രം; ‘കാണെക്കാണെ’ റിവ്യൂ

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Sunny malayalam movie review rating jayasurya

Next Story
Kaanekkaane Movie Review: കണ്ണു നനയിപ്പിക്കും ഈ ചിത്രം; ‘കാണെക്കാണെ’ റിവ്യൂKaanekkaane movie review, Kaanekkaane review, watch Kaanekkaane online, Kaanekkaane sony liv, watch malayalam movie sony liv, Tovino Thomas, Suraj Venjaramoodu, Aishwarya Lekshmi, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, കാണെക്കാണെ മൂവി റിവ്യൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com