Sumesh & Ramesh Movie Review Rating: ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സുമേഷ് & രമേഷ്’ ഇന്ന് തിയേറ്ററുകളിലെത്തി. നാട്ടിൻപ്പുറത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. തമാശകളും ചിരിയും സഹോദരസ്നേഹവുമെല്ലാം ഇടകലരുന്ന ചിത്രം രസകരമായ കാഴ്ചാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
കേരളത്തിൽ കാലങ്ങളായി കണ്ടുവരുന്ന ഒരു ആചാരമാണ്, മക്കൾക്ക് പ്രാസമൊപ്പിച്ച് പേരിടുന്ന അച്ഛനമ്മമാർ. ഇന്ദു കലാധരനും (സലിം കുമാർ) ഉഷയും (പ്രവീണ) മക്കൾക്ക് പേരിട്ടപ്പോഴും ആ ആചാരം തെറ്റിച്ചില്ല. അധികം പ്രായവ്യത്യാസമില്ലാത്ത സഹോദരങ്ങളാണ് സുമേഷും (ശ്രീനാഥ് ഭാസി) രമേഷും (ബാലു വർഗീസ്). റിമോർട്ടിനു തുടങ്ങി പൊരിച്ച മീൻ കഷ്ണത്തിനു വേണ്ടി വരെ കീരിയും പാമ്പും പോലെ ഇടയ്ക്ക് കലഹിക്കുന്ന സഹോദരങ്ങൾ. എന്നാൽ കലഹങ്ങൾക്കും അടിപിടികൾക്കുമൊക്കെ അപ്പുറം ഉള്ളിന്റെയുള്ളിൽ ഇരുവരുടെയും ഉള്ളിൽ പരസ്പരമുള്ള സ്നേഹമുണ്ടുതാനും.
തടിമിടുക്കുള്ള മൂന്നു ആണുങ്ങൾ വീട്ടിലുണ്ടായിട്ടും വീടിന്റെ ‘ഗൃഹനാഥൻ’ റോൾ കൈകാര്യം ചെയ്യുന്നത് പ്രവീണയുടെ ഉഷയെന്ന കഥാപാത്രമാണ്. വീട്ടിലെ പ്രാരാബ്ധങ്ങളെല്ലാം ഉഷയുടെ ചുമലിലാണ്, അത്യാവശ്യം ഉഴപ്പന്മാരായ മക്കളെയും മടിയനായ ഭർത്താവിനെയും കൊണ്ട് പലപ്പോഴും ചക്രശ്വാസം വെട്ടുകയാണ് ഉഷയെന്ന അമ്മ. ആ വീട്ടിലെ കൊച്ചുകൊച്ചു സംഭവവികാസങ്ങൾക്കിടയിൽ സമാന്തരമായി സുമേഷിന്റെയും രമേഷിന്റെയും ജീവിതത്തിലെ പ്രണയങ്ങളും പ്രണയനഷ്ടങ്ങളുമൊക്കെ പറഞ്ഞുപോവുകയാണ് ചിത്രം.
സുമേഷും രമേഷുമായി എത്തുന്ന ശ്രീനാഥ് ഭാസിയും ബാലു വർഗീസും തന്നെയാണ് ചിത്രത്തെ ആദ്യാവസാനം ലൈവാക്കി മുന്നോട്ട് കൊണ്ടുപോവുന്നത്. ഇരുവർക്കുമിടയിലെ കെമിസ്ട്രി ചിത്രത്തെ ഏറെ ആസ്വാദ്യകരമാക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലും ചേട്ടാനുജന്മാരാണെന്ന് തോന്നിപ്പിക്കുന്നത്രയും സ്വാഭാവികതയോടെയാണ് ഇരുവരും അഭിനയിക്കുന്നത്.
‘ഹോം’ എന്ന ചിത്രത്തിനു ശേഷം ശ്രീനാഥ് ഭാസി നായകവേഷം ചെയ്യുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. അടുത്തിടെ റിലീസിനെത്തിയ ‘എല്ലാം ശരിയാകും’, ‘ജാൻ എ മൻ’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച ബാലു വർഗീസ് ഈ ചിത്രത്തിലും കയ്യടി നേടുന്നുണ്ട്.
സലിം കുമാറിന്റെ അച്ഛൻ റോളും പ്രേക്ഷകരെ പലപ്പോഴും കുടുകുടാ ചിരിപ്പിക്കും. ഏറെ നാളുകൾക്ക് ശേഷം സലിം കുമാർ നല്ല ഫോമിലെത്തുകയാണ് ചിത്രത്തിൽ. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ പ്രവീണയും തന്നെ തേടിയെത്തിയ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്.

നായികമാരായി എത്തിയ പെൺകുട്ടികളും ഏറെ തന്മയത്വത്തോടെയാണ് തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിരിക്കുന്നത്. അര്ജുന് അശോകൻ, രാജീവ് പിള്ള, ദേവിക കൃഷ്ണ, അഞ്ചു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിൽ വന്നുപോവുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങളും അതിഭാവുകത്വമില്ലാതെ അഭിനയിക്കുമ്പോൾ സുമേഷിന്റെയും രമേഷിന്റെയും വീടും പരിസരവുമൊക്കെ പ്രേക്ഷകനും അയൽപ്പക്കവീടെന്ന പോലെ അനുഭവവേദ്യമാകും.
നവാഗതനായ സനൂപ് തൈക്കൂടം ആണ് ചിത്രത്തിന്റെ സംവിധായകന്. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്ന് രചന നിർവ്വഹിച്ച ചിത്രത്തിന്റെ ചായാഗ്രാഹകൻ ആല്‍ബിയാണ്. യാക്സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഫരീദ് ഖാന് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
തിയേറ്ററിൽ പ്രദർശനം തുടരുന്ന വമ്പൻ ചിത്രങ്ങൾക്കിടയിൽ, വലിയ ചിന്തകളോ വയലൻസോ ഒന്നുമില്ലാതെ ചിരിപ്പിച്ചും രസിപ്പിച്ചും മുന്നോട്ടുപോവുന്ന ഒരു കുഞ്ഞു രസികൻ ചിത്രമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, തിയേറ്ററിൽ പോയി എല്ലാം മറന്നൊന്ന് മനസ്സുതുറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ധൈര്യമായി ‘സുമേഷ് & രമേഷി’നായി ടിക്കറ്റെടുക്കാം.