Sulaikha Manzil Movie Review & Rating: ഹന പർവീൺ എന്ന പെൺകുട്ടിയുടെ വിവാഹമുറപ്പിക്കൽ മുതൽ വിവാഹംവരെയുള്ള രണ്ടാഴ്ചത്തെ കഥ… ഒരു രീതിയിൽ നോക്കിയാൽ ‘സുലൈഖ മൻസിൽ’ ബന്ധങ്ങളെ, വിവാഹത്തെ അതിനിടയിലുള്ള ആശയക്കുഴപ്പങ്ങളെ ഒക്കെ സൂക്ഷ്മ വിശകലനം ചെയ്യുന്ന സിനിമയാണ്. ‘എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ’ എന്ന് തുടങ്ങുന്ന ഹിറ്റ് മ്യൂസിക് ട്രാക്കിൽ ഹോം സിനിമ പാറ്റേണിൽ തുടങ്ങുന്ന സിനിമ പിന്നീട് വളരെ പതിഞ്ഞ താളത്തിൽ ‘സുലൈഖ മൻസിലി’നുള്ളിലെ കാഴ്ചകളിലേക്ക് തിരിയുന്നു. പരീക്ഷണമെന്ന രീതിയിൽ വളരെ പതിഞ്ഞ താളത്തിൽ ഡോക്യുമെന്റെഷൻ രീതിയിലാണ് സിനിമ ഈ കഥ പറയുന്നത്. എന്നാൽ നിർമിതിയിലെ വ്യത്യസ്‌ഥതയ്ക്കപ്പുറം ‘സുലൈഖ മൻസിൽ’ എന്ന ചിത്രത്തിന് കടക്കാനാവുന്നില്ല.
അഷ്‌റഫ് ഹസയുടെ ‘തമാശ’ പോലെ തന്നെ പൊന്നാനിയിലാണ് ‘സുലൈഖ മനസിലിന്റെ’ കഥയും നടക്കുന്നത്. പല കാരണങ്ങൾ കൊണ്ടും മനപ്പൂർവ്വമുള്ള പ്ളേസ്മെന്റ് ആണ് അത്. അവിടെയുള്ള ഉപരിമധ്യവർഗ വീട്ടിലേക്ക് തിരിച്ചു വച്ച ക്യാമറ പോലെയാണ് സിനിമ തുടക്കം മുതൽ അവസാനം വരെ സഞ്ചരിക്കുന്നത്. മലപ്പുറത്തെ പല വീടുകളെയും പോലെ ആ വീടിന്റെയും പേര് ‘സുലൈഖ മൻസിൽ’ എന്നാണ്. വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങൾ, ആ വീട്ടിലെ എല്ലാവരുടെയും ഒരുക്കങ്ങൾ, ആശങ്കകൾ, നിരാശകൾ ഒക്കെയാണ് സിനിമയുടെ ആകെത്തുക. ദൂരെ മാറി നിന്ന് ഈ അവസ്ഥകളെയൊക്കെ കാണുകയും പകർത്തുകയുമാണ് സംവിധായകൻ ചെയ്യുന്നത്. അങ്ങനെയൊരു മാറി നിൽക്കലായത് കൊണ്ട് തന്നെ നേരത്തെ പറഞ്ഞ ഡോക്യുമെന്റെഷൻ സ്വഭാവമാണ് സിനിമക്കുള്ളത്. വൈകാരികതകളിൽ, സംഘർഷങ്ങളിൽഒക്കെ കഥാപാത്രങ്ങളിൽ നിന്ന് സിനിമയെടുത്തവർ അകലം പാലിക്കുന്നു. അത് കൊണ്ട് തന്നെ ആ അകലം പ്രേക്ഷകരിലേക്കും എത്തിപ്പെടുന്നു.
Sulaikha Manzil Movie Review & Rating: വിവാഹത്തിന് മാനസികമായി ഒരുക്കമല്ലാതിരുന്ന ഒരു പെൺകുട്ടി, പെട്ടന്ന് വീട്ടുകാർ കാണിച്ചു കൊടുത്ത ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാവുന്നു. കഷ്ടിച്ച് രണ്ടാഴ്ചയാണ് അയാളെ പരിചയപ്പെടാനും വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാനുമുള്ള അവളുടെ സമയം. ഈ സമയത്തിനുള്ളിൽ അവൾ കടന്നു പോകുന്ന ആശങ്കകൾ, പ്രതീക്ഷകൾ, നിരാശകൾ ഒക്കെ സിനിമയിൽ കടന്നു വരുന്നു. അവളെ വിവാഹം കഴിക്കുന്ന ആൾ പ്രതീക്ഷയോടെ ആ പെൺകുട്ടിയുമൊത്തുള്ള ജീവിതത്തെ കാത്തിരിക്കുന്നു. ഈ പ്രമേയം രണ്ട് മണിക്കൂർ നീണ്ട സിനിമയാക്കുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാത്ത ജീവിതങ്ങൾ സ്‌ക്രീനിൽ എത്തിക്കുക എന്നതും ബുദ്ധിമുട്ടാണ്. ഒന്നും സംഭവിക്കാതെ തുടങ്ങിയവസാനിക്കുന്ന സിനിമ ആ ബുദ്ധിമുട്ട് പ്രേക്ഷകരെ അനുഭവിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം.
‘തമാശ’യിലും ‘ഭീമന്റെ വഴി’യിലും വളരെ പ്രോഗ്രസ്സീവ് ആയി റൊമാന്റിക് റിലേഷൻഷിപ്പിനെയും സ്ത്രീ പുരുഷ ബന്ധങ്ങളെയും കാണാൻ ശ്രമിച്ച അഷ്‌റഫ് ഹംസ ‘സുലൈഖ മൻസിലിൽ’ എത്തുമ്പോൾ വീട്ടുകാർ ആലോചിചുറപ്പിച്ച കല്യാണത്തിന്റെ, ചോയ്സ് ഇല്ലാത്ത, ശബ്ദമില്ലാത്ത പെൺകുട്ടിയെ ഒക്കെ നോർമലൈസ് ചെയ്യാൻ വല്ലാതെ ശ്രമിക്കുന്നുണ്ട്. അത് അറിഞ്ഞോ അറിയാതെയോ വളരെ പരമ്പരഗതമായുള്ള ചില ശീലങ്ങളുടെ ഗ്ലോറിഫിക്കേഷൻ ആവുന്നുണ്ട് അവിടെ. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കുക എന്നത് വിവാഹം കഴിക്കാനുള്ള കാരണങ്ങളാൽ ഒന്നാവുന്ന കാലത്തെ മലയാള സിനിമ ഉപേക്ഷിച്ചിട്ട് കാലം കുറെയായി.
‘സുലൈഖ മൻസിലിനെ’ ഏറെക്കുറെ നിയന്ത്രിക്കുന്നത് നടീനടന്മാരുടെ പ്രകടനമാണ്. അനാർക്കലി മരിക്കാർ, ലുക്മാൻ, ഗണപതി, ദീപ തോമസ്, ചെമ്പൻ വിനോദ്, ശബരീഷ് വർമ, നിർമൽ പാലാഴി, ജോളി ചിറയത്ത്, അർച്ചന പത്മിനി തുടങ്ങീ ഒരുപാട് താരങ്ങൾ സിനിമയിലുണ്ട്. മലപ്പുറത്തെ പുതിയ കല്യാണ വീട്ടിലെ അംഗങ്ങളായുള്ള ഇവരുടെ പ്രകടനം വളരെ സ്വഭാവികതയുള്ളതായിരുന്നു. രണ്ട് വീടുകളുടെ അകത്തിരുന്നു രണ്ട് മണിക്കൂർ സിനിമയെ കൊണ്ട് പോകാൻ ഇവർക്ക് സാധിക്കുന്നുണ്ട്. അനാർക്കലി വളരെ സട്ടിൽ ആയി, അധികം ശബ്ദം പോലും പുറത്ത് വരാതെ ഹന എന്ന കഥാപാത്രത്തിന്റെ വിവിധ മാനസികാവസ്ഥകൾ പ്രേക്ഷകരിൽ എത്തിച്ചു. സിനിമയുടെ ക്യാമറ, സംഗീതം, എഡിറ്റിംഗ് ഒക്കെ ഈ വിവാഹ മൂഡ് പിടിച്ചു തന്നെയാണ് മുന്നോട്ട് പോയത്. പക്ഷേ ഇതിനൊന്നും സിനിമയുടെ അനാവശ്യമായ പതിഞ്ഞ താളത്തെയും പുറകോട്ട് നടക്കലിനെയും തടുക്കാനായില്ല. സിനിമ ഉണ്ടാക്കുന്ന ഉത്സവാഅന്തരീക്ഷത്തിന്റെ ഓളത്തിനും പ്രേക്ഷകരെ അത് കൊണ്ട് തന്നെ രസിപ്പിക്കാനായില്ല.
ഒന്നും സംഭവിക്കാതെ തുടങ്ങിയവസാനിക്കുന്ന സംഭവങ്ങൾക്ക് നിരന്തര ആന്തരികാർത്ഥ വ്യാഖ്യാന സാധ്യതയുള്ള സിനിമകൾ ഇവിടെ വന്നു പോയിട്ടുണ്ട്. ഒരു വീടിനുള്ളിലും മുറിക്കുള്ളിലും കാറിനുള്ളിലും നടക്കുന്ന സംഭവങ്ങളെ പല നിലക്ക് പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ആ നിലകളൊന്നും ‘സുലൈഖ മൻസിലിൽ’ ഉള്ളതായി തോന്നിയില്ല. വീട്ടുകാർ ആലോചിചുറപ്പിച്ച കല്യാണം ചിലപ്പോഴൊക്കെ ചില കുടുംബ സംഘർഷങ്ങൾക്ക് അയവ് വരുത്താം, ചിലപ്പോ അത് നല്ല ഫലങ്ങൾ ഉണ്ടാക്കും എന്നൊക്കെ പറയാൻ ഒരു സിനിമ ആവശ്യമുണ്ടോ എന്ന് സംശയമാണ്. സിനിമയിൽ പൊന്നാനിയും ഒരു സുലൈഖ മനസിലും എസ്റ്റാബ്ലിഷ് ചെയ്യാൻ ഇതിലും മികച്ച എത്രയോ സാധ്യതകൾ ഉണ്ടായിരുന്നു.
വിവാഹം, ബന്ധങ്ങൾ, കുടുംബം, ചോയ്സ്, തീരുമാനം ഇവയെ ഒക്കെ സംബന്ധിച്ച ഒരുപാട് ആശയക്കുഴപ്പങ്ങൾ സംവിധായകന് തുടക്കം മുതൽ ഒടുക്കം വരെ ഉള്ളതായി തോന്നി. അവയെ റോ ആയി ഡോക്യുമെന്റ് ചെയ്ത, ആഘോഷ സിനിമാ മൂഡിനുള്ളിൽ അതിനെയൊക്കെ ഉൾക്കൊണ്ടു പ്രേക്ഷകരിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു ‘സുലൈഖ മൻസിൽ.’ കുറെ ആശയക്കുഴപ്പങ്ങളെ പ്രേക്ഷകരിലേക്ക് പകർത്തി സിനിമമക്കു ശേഷവും അവരിൽ ആശങ്ക ബാക്കി വെക്കുന്ന സിനിമയാണ് ‘സുലൈഖ മൻസിൽ.’