Stand Up Movie starring Rajisha Vijayan, Sajitha Madathil, Nimisha Sajayan Review:
നിമിഷ സജയൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിധു വിൻസെന്റ് സംവിധാനം ചെയ്ത ചിത്രമായ ‘സ്റ്റാൻഡ് അപ്പ്,’ കുടുംബത്തിനുള്ളിലും, പ്രണയ ബന്ധങ്ങൾക്കുള്ളിലും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന വിധേയത്ത്വത്തെയും പീഡനങ്ങളെയും ശക്തമായ ഭാഷയിൽ ചോദ്യം ചെയ്യുന്ന ഒന്നാണ്.
കുടുംബം , പ്രേമം പോലെയുള്ള സാമൂഹിക നിർമിതികൾ അടിസ്ഥാനപരമായി തന്നെ ആൺ അധികാരത്തിന്റെ സൗകര്യാര്‍ത്ഥം ഉണ്ടാക്കിയതാണെന്നും, സ്ത്രീകളുടെ തീരുമാനസ്വാതന്ത്ര്യത്തെ എത്രമാത്രം അടിച്ചമർത്താൻ ശ്രമിക്കുന്നതാണെന്നും വ്യക്തമായി തുറന്നു കാട്ടുന്നു ‘സ്റ്റാൻഡ് അപ്പ്.’
നിമിഷ സജയൻ അവതരിക്കുന്ന കീർത്തി എന്ന കഥാപാത്രം സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മത്സരത്തിൽ പറഞ്ഞു തുടങ്ങുന്ന കഥയാണ് ‘സ്റ്റാൻഡ് അപ്പ്.’ തന്റെ ജീവിതം തന്നെ പറയുന്ന കീർത്തിയുടെ കഥ പക്ഷെ കോമഡി അല്ല, വളരെ ഗൗരവമേറിയ വിഷയമാണ്. കീർത്തിയുടെ സുഹൃത്തായ ദിയയുടെ കഥയാണ് സിനിമയുടെ കേന്ദ്ര ബിന്ദു.
കീർത്തിയുടെ സഹോദരന്‍ അമൽ എന്ന കഥാപാത്രവും ദിയയുമായി പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് കാണിക്കുമ്പോൾ തന്നെ അമൽ ‘ഉയരെ’ എന്ന ചിത്രത്തിലെ ആസിഫ് അലി ചെയ്ത ഗോവിന്ദ് എന്ന കഥാപാത്രവുമായി ഏറെ സാമ്യമുള്ള കഥാപാത്രമായി തോന്നും. തന്റെ കാമുകി അവളുടെ ഇഷ്ടത്തിന് ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോകുന്നതോ, വേറെ കൂട്ടുകാരുമായി ഇടപഴുകുന്നതോ ഒന്നും സഹിക്കാൻ പറ്റാത്ത അമൽ കല്യാണമെന്ന ചട്ടക്കൂടിന്റെ ഉള്ളില്ലേക്ക് ദിയയെ വലിച്ചിടാൻ ശ്രമിക്കുന്നതോടു കൂടി, അവരുടെ പ്രണയം, ദിയയുടെ മേലുള്ള അമലിന്റെ അധികാരം സ്‌ഥാപിക്കലായി മാറുകയാണ്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രയിൽ പ്രവേശിപ്പിക്കപ്പെടുന്ന ദിയയേയും അതിന്റെ കാരണങ്ങൾ തേടിയുള്ള പോലീസ് അന്വേഷണവും സമാന്തരമായി നമ്മള്‍ കാണുന്നു. തന്റെ സഹോദരൻ തന്നെയാണ് തന്റെ സുഹൃത്തിനെ ക്രൂരമായി ആക്രമിച്ചത് എന്ന് മനസിലാക്കുന്ന കീർത്തി, തന്റെ വീട്ടുകാരെ എതിർത്ത് തന്റെ സുഹൃത്തിനായി പോരാടുന്നു.
പ്രണയ ബന്ധങ്ങൾക്കിടയിൽ തന്നെ പലപ്പോഴും സ്ത്രീകൾ നേരിടേണ്ടി വരുന്ന ശാരീരിക മാനസിക പീഡനങ്ങൾ നമ്മുടെ നിയമവ്യവസ്ത്ഥിതി എങ്ങനെയാണു നോക്കികാണുന്നത് എന്നതിന്റെ അസ്വസ്ഥമാക്കുന്ന കാഴ്ചയും സിനിമയിൽ കാണിക്കുന്നുണ്ട്. പ്രണയം തോന്നിയിരുന്ന സമയത്ത് കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീക്ക് പക്ഷേ പ്രണയം ഇല്ലാതായാൽ പോലും കാമുകൻ എന്ന ആൺ അധികാരത്തിന്റെ ഇരയാവേണ്ടി വരുന്ന കാഴ്ചയും, ഇതിനെ സാമാന്യവൽക്കരിക്കുന്ന സമൂഹത്തിന്റെയും, നിയമത്തിന്റെയും കാഴ്ചപ്പാടിനെയും പൊതു ബോധത്തെയും ചിത്രം എടുതുകാട്ടുന്നുണ്ട്. കൺസെന്റ് അഥവാ പരസ്പര സമ്മതം എന്ന മനുഷ്യാവകാശ ആശയത്തിന്റെ പ്രസക്തി സ്ത്രീകൾക്ക് വീണ്ടും വീണ്ടും സമൂഹത്തിനെ മനസിലാക്കി കൊടുക്കേണ്ടി വരുന്നതിന്റെ ഗതികേടും ചിത്രം കാണിക്കുന്നുണ്ട് . തന്നെ അതിക്രൂരമായി പീഡിപ്പിച്ച ആണിനെ തന്നെ വിവാഹം ചെയ്യാൻ പ്രേരിപ്പിക്കുന്ന കുടുംബത്തിന്റെ ചിത്രം അസ്വസ്ഥമായി തോന്നാമെങ്കിലും പൊതുബോധത്തിന്റെ ഈ ശരിയെ നിശശിതമായി വിമർശിച്ചു കൊണ്ടും കൂടിയാണ് ചിത്രം ഇത് പറയുന്നത് എന്ന് മനസ്സിലാക്കാനാവും. ബലാത്സംഗത്തിനും പീഡനത്തിനും ഇരയായവർ ഇരകളല്ല മറിച്ച് അതിജീവിച്ചവരാണെന്നു ഉറക്കെ പറഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
Read Here: ‘സ്റ്റാൻഡ് അപ്പ്’ നിർമ്മിക്കാൻ എന്തുകൊണ്ട് ബി.ഉണ്ണികൃഷ്ണൻ?; വിധു വിൻസെന്റിന്റെ മറുപടി
റേപ്പിനെ അതിജീവിച്ച ഒരു സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളും, നിസ്സഹായതയും, പിന്നീട് ആർജിക്കുന്ന കരുത്തുമെല്ലാം രജീഷ തന്റെ കഥാപാത്രത്തിൽ ഉൾക്കൊണ്ട് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. നിമിഷ സജയൻ ചെയ്ത കീർത്തി എന്ന കഥാപാത്രവും മികവ് പുലർത്തി. അമൽ എന്ന ആൺ വൈകൃതത്തിന്റെ മാതൃകയായ കഥാപാത്രം അവതരിപ്പിച്ച വെങ്കിടേഷ് എന്ന പുതുമുഖ നടനും തന്റെ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ചു. സിനിമയിലെ ബാക്കി അഭിനേതാക്കളെല്ലാം തന്നെ അവരുടെ കഥാപത്രങ്ങളെ ഭംഗിയാക്കി.
ശരാശരി കുടുംബപ്രേക്ഷകര്‍ക്കും, പൊതുപ്രേക്ഷകർക്കും മനസ്സിലാക്കാവുന്ന രീതിയിൽ, സ്ത്രീകൾ കുടുംബങ്ങൾക്കുളിലും സമൂഹത്തിലും അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും സമ്മർദ്ദങ്ങളും പീഡനങ്ങളെയും സമ്മര്‍ദ്ദങ്ങളെയും പറ്റി ചിന്തിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളടുത്താണ് ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പ്രസക്തി. ബി ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമയുടെ തിരക്കഥ ഉമേഷ് ഓമനക്കുട്ടന്റെതാണ്. ടോബിൻ തോമസാണ് സിനിമയുടെ ഛായാഗ്രാഹകൻ. വർക്കി ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്യൻ ചിത്രത്തിന്റെ എഡിറ്റർ.
വളരെ പ്രസക്തമായ ഒരു വിഷയത്തെ പറ്റിയുള്ള ചിത്രം തരക്കേടില്ലാതെ ആഖ്യാനിച്ച സംവിധായികയും അഭിനന്ദനം അർഹിക്കുന്നു . എന്നാൽ ഒരു കലാരൂപമെന്ന നിലയിൽ സിനിമയുടെ കാഴ്ച സാധ്യതകളെയോ, ക്രാഫ്റ്റിനേയോ വിധു വിൻസെന്റ് എന്ന സംവിധായികയ്ക്കു എത്രത്തോളം ഉപയോഗിക്കാൻ പറ്റി എന്നുള്ള ചോദ്യം ബാക്കിയാവുന്നു.