scorecardresearch

Sreedhanya Catering Service Review: ആണുങ്ങൾ ചേർന്ന് ഒരു ബിരിയാണി ഉണ്ടാക്കിയ കഥ; ശ്രീധന്യ കാറ്ററിംഗ് സർവീസ് റിവ്യൂ

Sreedhanya Catering Service Review: ഒറ്റനോട്ടത്തിൽ, ഒരാണാഘോഷ രാത്രിയെ കുറിച്ചുള്ള കഥയാണ് ശ്രീധന്യ കാറ്ററിംഗ് എങ്കിലും അടരുകളിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലും മറ്റും ജിയോബേബി പറഞ്ഞുവച്ച രാഷ്ട്രീയത്തിന്റെ ഒരു തുടർച്ച തന്നെയാണ് കാണാനാവുക

Sreedhanya Catering Service Review: ഒറ്റനോട്ടത്തിൽ, ഒരാണാഘോഷ രാത്രിയെ കുറിച്ചുള്ള കഥയാണ് ശ്രീധന്യ കാറ്ററിംഗ് എങ്കിലും അടരുകളിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലും മറ്റും ജിയോബേബി പറഞ്ഞുവച്ച രാഷ്ട്രീയത്തിന്റെ ഒരു തുടർച്ച തന്നെയാണ് കാണാനാവുക

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
sreedhanya catering service review, iemalayalam

Sreedhanya Catering Service Malayalam Movie Review & Rating: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ സ്ത്രീകളുടെ അടുക്കളജീവിതമാണ് ജിയോ ബേബി വിഷയമാക്കിയതെങ്കിൽ ഇവിടെ ഒരു ആൺ അടുക്കളയുടെ കഥയാണ് സംവിധായകൻ പറയുന്നത്. ഒരുപറ്റം മനുഷ്യർ ബിരിയാണി ഉണ്ടാക്കാനായി ഒത്തുകൂടിയ ഒരു ആൺരാത്രിയുടെ കഥ. ആ കൂട്ടത്തിൽ സ്കൂൾ യൂണിഫോമിലെത്തുന്ന ഒരു കുട്ടിയും പൂങ്കുറ്റിയെന്ന ഇരട്ടപേരുള്ള ഒരു ചെറുപ്പക്കാരനും ആ പേരിനെ അന്വർത്ഥമാക്കുന്ന സിബിയെന്ന മധ്യവയസ്കനും മുതൽ അന്നാട്ടിലെ ഭൂരിഭാഗം മനുഷ്യരെയും അക്ഷരം പഠിപ്പിച്ച ഒരു റിട്ടയർ അധ്യാപകൻ വരെയുണ്ട്.

Advertisment

ശ്രീധന്യ കാറ്ററിംഗിന്റെ മുതലാളി ഷിനോയുടെ മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി ഒരുക്കുക എന്നതാണ് ഈ ആൺകൂട്ടത്തിന്റെ ലക്ഷ്യം. അതിനിടയിൽ സംഭവിക്കുന്ന നർമമൂഹൂർത്തങ്ങളും അപ്രതീക്ഷിതമായി എത്തുന്ന ചില അതിഥികളും പാട്ടും ഡാൻസും അമളികളുമൊക്കെയായാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മദ്യപാനവും ഡാൻസുമൊക്കെ കൊഴുക്കുന്നതോടെ ആൺകൂട്ടത്തിനിടയിൽ ചില ഈഗോകളും സംഘർഷങ്ങളും ഉടലെടുക്കുകയാണ്. നാട്ടിൻപ്പുറത്തെ ചായപീടികയിലും കവലയിലും വീടുകളിലുമൊക്കെ കണ്ടുമുട്ടിയേക്കാവുന്ന മുഖങ്ങളെ ഓർമിപ്പിക്കുന്ന കുറേ കഥാപാത്രങ്ങളും പുതുമുഖങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സ്വാഭാവികമായ നർമ്മമുഹൂർത്തങ്ങളാൽ സമ്പന്നമാണ് ചിത്രം.

അഭിനേതാക്കളുടെ കാര്യമെടുത്താൽ ചെറിയ ചെറിയ റോളുകളിൽ മാത്രം കണ്ടുപരിചരിച്ച പ്രശാന്ത് മുരളിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാൾ. ശ്രദ്ധ നേടുന്ന പ്രകടനമാണ് ചിത്രത്തിൽ പ്രശാന്ത് കാഴ്ച വയ്ക്കുന്നത്. ജിയോ ബേബി അവതരിപ്പിച്ച സിബിയെന്ന കഥാപാത്രവും പ്രേക്ഷകരെ ചിരിപ്പിക്കും. മൂർ, ജിലു ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രേക്ഷകർക്കു പരിചിതമായ മുഖങ്ങൾ. കഥയിലുടനീളം രസികൻ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന അളിയൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുമാറാണ്.

ആൺരാത്രിയുടെ കഥയെന്നു പറയുമ്പോഴും ഏതാനും അടിപൊടി പെണ്ണുങ്ങളും ചിത്രത്തിലുണ്ട്. മണിക്കൂറുകളെടുത്തിട്ടും ആൺക്കൂട്ടത്തിനു നേരെയാക്കാനാവാത്ത പ്രശ്നങ്ങളെ പൂ പറിക്കുന്ന ലാഘവത്തോടെ സോൾവ് ചെയ്യുന്ന, വരാൻ പോവുന്നത് മുൻകൂട്ടി കണ്ട് പ്ലാൻ ബി ഒരുക്കിവച്ച ശ്രീധന്യ, രാത്രിയ്ക്കു രാമാനം ബൈക്കുമെടുത്ത് സർപ്രൈസ് കൊടുക്കാൻ ഇറങ്ങി പുറപ്പെടുന്ന വ്ളോഗർ പെൺകുട്ടി, വഴിയിലായ വണ്ടിയുടെ രക്ഷക്കെത്തുന്ന വനിത മെക്കാനിക്, ഭർത്താവിന്റെയും കൂട്ടുകാരുടെയും ആൺ അർമാദരാത്രി കണ്ട് Why should boys have all the fun? എന്നു പ്രവർത്തികൊണ്ട് കാണിച്ചുകൊടുക്കുന്ന ഭാര്യ, പുരോഗമന വാദിയായ കാമുകന് പ്രസംഗിക്കാനുള്ള സ്ത്രീപക്ഷ വാദങ്ങളിട്ടു കൊടുക്കുന്ന കാമുകി എന്നിങ്ങനെ രസകരമായ കഥാപാത്രങ്ങളെയും ചിത്രത്തിൽ കാണാം.

Advertisment

ഒറ്റനോട്ടത്തിൽ, ഒരാഘോഷ രാത്രിയെ കുറിച്ചുള്ള ചിരിപ്പിക്കുന്ന ഒരു കഥയാണ് ശ്രീധന്യ കാറ്ററിംഗ് സർവീസ്. എന്നാൽ അടരുകളിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലും മറ്റും ജിയോബേബി പറഞ്ഞുവച്ച രാഷ്ട്രീയത്തിന്റെ ഒരു തുടർച്ച തന്നെയാണ് ഇവിടെയും കാണാനാവുക. സ്ത്രീകളുടെ കുക്കിംഗ് 'ഫ്രീ സർവീസും' ആണുങ്ങളുടെ കുക്കിംഗ് കാശുവാരുന്ന 'കാറ്ററിംഗ് സർവീസു'മാവുന്നതിലെ ഐറണിയൊക്കെ ചിത്രത്തിൽ നിന്നും വായിച്ചെടുക്കാം.

'ഒരു തമാശ സിനിമയെടുക്കാനുള്ള ശ്രമമാണ് 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' എന്നാണ് ചിത്രത്തെ കുറിച്ച് ജിയോ ബേബി പറഞ്ഞത്. ആ ശ്രമത്തിൽ ജിയോ ബേബി തീർച്ചയായും വിജയിച്ചിട്ടുണ്ട്. ഒരു ഫൺമൂഡിൽ കണ്ടിരിക്കാനുള്ളതൊക്കെ ചിത്രത്തിലുണ്ട്. അതേസമയം, ഒരു മുഴുനീള സിനിമയാക്കാൻ മാത്രം ഉള്ളടക്കം ചിത്രത്തിലുള്ളതായി തോന്നിയില്ല.

സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാട്ടിൻപ്പുറത്തെ ആ വീടും മലയോരഗ്രാമദൃശ്യങ്ങളും വളരെ റിയലിസ്റ്റിക്കായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം, ഫ്രഷ് ഫീലുള്ള ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത് ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍ എന്നിവരാണ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് നിര്‍മ്മാണം.

New Release Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: