Djinn Movie Review & Rating: എണ്‍പതുകളിലെ ആധുനിക, ആധുനികോത്തര കാലത്ത് സിനിമകളും സാഹിത്യ കൃതികളും പിന്തുടർന്നു പോന്ന പ്രത്യേക തരം ഭാവുകത്വങ്ങളുണ്ട്. ആ ഭാവുകത്വങ്ങളെ താന്‍ സംവിധാനം ചെയ്യുന്ന സിനിമകളിൽ അത് പോലെ തന്നെ പകർത്തി വെക്കാറുണ്ട് സിദ്ധാർഥ് ഭരതൻ. പല അടരുകളിലും ആ ഭാവുകത്വത്തിന്റെ തുടർച്ചകളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ജിന്ന്.’ എണ്‍പതുകളിലെ ഹാള്മാര്ക്കായ അസ്ഥിത്വ ദുഃഖം, ആശയക്കുഴപ്പങ്ങൾ, പുരുഷ സങ്കൽപ്പങ്ങൾ, സ്ത്രീ പുരുഷ ബന്ധങ്ങൾ ഒക്കെ നേരിട്ടും അല്ലാതെയും ‘ജിന്നി’ല്‍ തെളിഞ്ഞു കാണാം. മാജിക്കൽ റിയലിസം മുതൽ മാനസിക വ്യാപാരങ്ങൾ വരെ സിനിമയിൽ നിൽക്കുന്നത് ആ മൂല്യ ബോധത്തിന്റെ തുടർച്ചയിലാണ്.
സ്വന്തം മാനസിക വ്യാപരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഒരാളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ‘ജിന്ന്.’ സമൂഹത്തിൽ അയാൾക്ക് നേരിടേണ്ടി വന്ന ഒറ്റപ്പെടലുകൾ, അയാളുടെ പ്രണയം, കാമം, മതിയായ ചികിത്സ കിട്ടാത്തതിന്റെ പ്രശനങ്ങൾ, ചൂഷണങ്ങൾ തുടങ്ങി അയാൾ മൂലം ചുറ്റുമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ വരെ ഈ ഘട്ടത്തിൽ കടന്നു വരുന്നു.
പിന്നീട് യാദൃശ്ചികമായി അയാൾ എത്തിപ്പെടുന്ന വിചിത്രമായ ലോകത്തിന്റെ കഥയിലേക്ക് സിനിമ സഞ്ചരിക്കുന്നു. ഹാസ്യം, മാജിക്കൽ റിയലിസം തുടങ്ങി ത്രില്ലറിന്റെ വരെ സാധ്യതകൾ സിനിമയിലുണ്ട്. ഇങ്ങനെ പല യോണറിലൂടെ പല ഘട്ടത്തിൽ കടന്നു പോയി സിനിമ ഇതൊന്നുമല്ലാത്ത ഒരു പോയിന്റിൽ അവസാനിക്കുന്നു.
ഈ യോനറുകളുടെയെല്ലാം സാധ്യത ഉപയോഗിക്കുമ്പോഴും സിനിമയുടെ മേക്കിങ്ങിൽ ഒരു അപൂർണത നിഴലിക്കുന്നു. പലതും പറഞ്ഞു ഇവിടെയുമെത്താത്ത അവസ്ഥ എന്നൊക്കെ വേണമെങ്കിൽ ലളിതമായി ആ അവസ്ഥയെ പറയാം. സിനിമക്ക് നിയതമായ ഒരു തുടർച്ച ഒരിടത്തും തോന്നിയില്ല. അത്തരമൊരു തുടർച്ച അനിവാര്യതയൊന്നുമല്ല. പക്ഷേ പാതിയിൽ മുറിഞ്ഞ കുറെ ഷോട്ടുകൾ കാണും പോലെയൊനാരനുഭവമാണ് സിനിമ പലപ്പോഴും ബാക്കി വെക്കുന്നത്.
അതൊരു ജിന്നാണ് എന്നൊക്കെ പറയുമ്പോൾ ഉണ്ടാവുന്ന കൗതുകവും സ്നേഹവും തോന്നാൻ ഉദ്ദേശിച്ച് എഴുതിയ കഥാപാത്രമാണ് സൗബിന്റെ ലാനപ്പൻ. പക്ഷേ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാൻ ആ കഥാപാത്രത്തിനാവുമോ എന്ന് സംശയമാണ്. അയാളോട് ഉണ്ടാവേണ്ട ആത്മബന്ധത്തെ ആ പാത്രസൃഷ്ടി പലപ്പോഴും നശിപ്പിച്ചു എന്ന് പറയാം.
ഉത്തര മലബാറിൽ കാസർഗോഡ് ഭാഗത്ത് നടക്കുന്ന കഥയാണ് ‘ജിന്നി’ന്റേത്. വളരെ കൃത്യമായി സ്ഥലങ്ങളെ സിനിമ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ സൗബിന്റെ സംസാരവും ശരീര ഭാഷയും മാത്രം പലപ്പോഴും അതിൽ നിന്ന് വേറിട്ട് നിന്നു. മറ്റു കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല എന്നും പറയാം.
ഷറഫുദ്ദീന്, ശാന്തി ബാലചന്ദ്രൻ, കെ പി എസ് സി ലളിത, ഷൈൻ ടോം ചാക്കോ, ലിയോണ, സാബുമോൻ തുടങ്ങീ ഒരുപാട് താരങ്ങൾ സിനിമയിൽ കടന്നു വരുന്നുണ്ട്. അവർക്കൊന്നും സ്ക്രീൻ സ്പേസ് ഫിൽ ചെയ്യുക എന്നതിലുപരി കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. കൃത്യതയോ തുടർച്ചയോ ഇല്ലാത്ത പാത്ര സൃഷ്ടികളായിരുന്നു പലതും.
മാനസിക ആരോഗ്യം അങ്ങേയറ്റം ശ്രദ്ധയോടെ സമീപിക്കേണ്ട വിഷയമാണ്. കുറെയധികം ഫാന്റസികൾ സ്ക്രീനിലെത്തിക്കാൻ അത്തരമൊരു സാധ്യതയെ ഉപയോഗിക്കുക എന്നത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ല. മാനസിക വ്യാപാരം സ്വയം നിയന്ത്രിക്കാനാവാത്ത ഒരാളോട് തീർച്ചയായും സഹതാപം തോന്നാം. എന്നാല്‍ സ്റ്റോക്കിങ് അടക്കമുള്ള വയലൻസുകളെ ഈ പേരിൽ സിനിമയില്‍ സ്വാഭാവികമാക്കി അവതരിപ്പിക്കുന്നതിലും പ്രശ്നമുണ്ട്.
അതിനപ്പുറം, തുടർച്ചകൾ ഇല്ലാത്ത നിർമിതിയും ഒട്ടും ആവശ്യമില്ലാതെ അവ്യക്തതകൾ ബാക്കിയാക്കുന്ന തിരക്കഥയും ‘ജിന്നി’നെ പ്രേക്ഷകരിൽ നിന്നുമകറ്റാനാണ് സാധ്യത.