scorecardresearch
Latest News

Solamante Theneechakal Movie Review & Rating: പതിഞ്ഞ താളത്തിലൊരു കേസന്വേഷണം, മടുപ്പിക്കാതെ സോളമന്റെ തേനീച്ചകൾ; റിവ്യൂ

Solamante Theneechakal Malayalam Movie Review & Rating: ലഭിച്ച വേഷങ്ങൾ ദര്‍ശനയും വിൻസിയും മനോഹരമാക്കിയപ്പോൾ സോളമനായി തിളങ്ങി ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ട് കൊണ്ടുപോവുന്നത് ജോജുവാണ്

RatingRatingRatingRatingRating
solomante theneechakal review, Vincy

Solamante Theneechakal Malayalam Movie Review & Rating: നായികനായകൻ റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റുകളായ ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ തിയേറ്ററുകളിലെത്തി. രണ്ട് വനിതാപോലീസുകാരുടെ സൗഹൃദത്തിന്റെ കഥയും അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.

സുജയും ഗ്ലൈന തോമസും പൊലീസുകാരികളാണ്, സുജയ്ക്ക് ട്രാഫിക്കിലാണ് ഡ്യൂട്ടി. പൊലീസ് കോർട്ടേഴ്സിൽ ഇരുവരും ഒന്നിച്ചാണ് താമസം. ഇൻസ്റ്റ സിസ്റ്റേഴ്സ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ റീലുകളുണ്ടാക്കി പോസ്റ്റ് ചെയ്യലാണ് ഇരുവരുടെയും മറ്റൊരു ഹോബി. എല്ലാ പ്രശ്നങ്ങളിലും പരസ്പരം താങ്ങും തണലുമാവുന്ന രണ്ട് ആത്മാർത്ഥസുഹൃത്തുക്കൾ. രണ്ടുപേരുടെയും ജീവിതം രസകരമായി മുന്നോട്ടുപോവുന്നതിനിടയിൽ സുജയുടെ ജീവിതത്തിലുണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ഇരുവരുടെയും ജീവിതം സംഘർഷാവസ്ഥയിലേക്ക് എത്തിക്കുകയാണ്.

ആദ്യ പകുതിയുടെ നല്ലൊരു ഭാഗവും സൗഹൃദക്കാഴ്ചകളും സുജയുടെ പ്രണയജീവിതവുമൊക്കെയാണ് ചിത്രം പറയുന്നത്. എന്നാൽ പിന്നീടങ്ങോട്ട് ചിത്രത്തിന്റെ ട്രാക്ക് മാറുകയാണ്. സി ഐ സോളമനെന്ന അന്വേഷണ ഉദ്യോഗസ്ഥനായി ജോജു എത്തുന്നതോടെ സിനിമ ഉദ്വേഗജനകമായി തീരുകയാണ്. വളരെ പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രമാണ് ‘സോളമന്റെ തേനീച്ചകൾ’.

സുജയുടെയും ഗ്ലൈനയുടെയും സൗഹൃദം പ്രേക്ഷകരുടെയും ഉള്ളുതൊടുന്ന ഒന്നാണ്. ലഭിച്ച വേഷങ്ങൾ ദര്‍ശനയും വിൻസിയും മനോഹരമാക്കി. ശംഭു, ആഡിസ് എന്നിവരും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. സി ഐ സോളമനെന്ന അന്വേഷണ ഉദ്യോഗസ്ഥനെ വളരെ രസകരമായാണ് ജോജു ജോർജ് പോർട്രെ ചെയ്തിരിക്കുന്നത്. കഥയുടെ രസച്ചരട് മുറിക്കാതെ മുന്നോട്ട് കൊണ്ടുപോവുന്നതിൽ ജോജു ജോർജിന്റെ കഥാപാത്രത്തിന് വലിയൊരു റോൾ തന്നെയുണ്ട്. ജോണി ആന്റണി, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

പി.ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം ട്വിസ്റ്റുകളും ടേണുകളുമൊക്കെ നൽകി തിരക്കഥയെ എൻഗേജിങ് ആക്കാൻ പ്രഗീഷിന് സാധിച്ചിട്ടുണ്ട്. അജ്മൽ സാബു പകർത്തിയ ദൃശ്യങ്ങളും മികച്ചുനിൽക്കുന്നു. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ, ചിത്രത്തിലെ പഞ്ചാരക്കോ തുടങ്ങിയ പാട്ടുകൾ കേൾവിയ്ക്ക് പുതുമ സമ്മാനിക്കുന്നതാണ്.

ലാൽജോസിന്റെ തിരിച്ചുവരവ് എന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും അത്യാവശ്യം പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം തന്നെയാണ് ‘സോളമന്റെ തേനീച്ചകൾ’. സൗഹൃദം, പ്രണയം, കുറ്റാന്വേഷണം, പിന്നെ പ്രേക്ഷകരുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ക്ലൈമാക്സ്… ഈ ഘടകങ്ങളെല്ലാം ഒത്തുചേരുമ്പോൾ ഒരു ശരാശരി കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ‘സോളമന്റെ തേനീച്ചകൾ’ക്ക് കഴിയുന്നുണ്ട്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Solamante theneechakal movie review rating joju george darshana vincy aloshious