Shylock Movie Review: ആരാധകർക്കായി മാത്രം നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ, മലയാള സിനിമയ്ക്ക് അത്തരം സിനിമകൾ പുത്തരിയല്ല. മാസ് ചിത്രങ്ങളുടെ സ്ഥിരം ഫോർമുലകൾ പിന്തുടരുന്ന ആ സിനിമകളുടെ തുടർച്ച തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ അജയ് വാസുദേവ് ഒരുക്കിയ ‘ഷൈലോക്ക്’ എന്ന ചിത്രവും.
ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ ഷൈലോക്കിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. ലോകം കണ്ട ഏറ്റവും ക്രൂരനായ പലിശക്കാരൻ/പണമിടപാടുകാരൻ എന്നു വിശേഷിപ്പിക്കാവുന്ന വിഖ്യാത കഥാപാത്രം. ‘ഷൈലോക്കി’ലെ ബോസും അത്തരമൊരു പലിശക്കാരനാണ്. സിനിമയാണ് അയാളുടെ പ്രധാന വ്യവഹാര മേഖല. പണമില്ലാതെ സിനിമ പാതി വഴിയിൽ നിന്നു പോവുമ്പോൾ, ഒരു ഗതിയും പരഗതിയുമില്ലാതെ നിർമാതാക്കൾ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ, അവർക്കു മുന്നിലേക്ക് കൺകണ്ട ദൈവമായി ഷൈലോക്ക് എത്തും. മലയാള സിനിമയിൽ അയാൾക്കു കടക്കാരൻ ആവാത്ത നിർമാതാക്കൾ ഇല്ലെന്ന് പറയാം. എന്നാൽ പണം തിരിച്ചുകൊടുക്കാതെ പറ്റിക്കാൻ ശ്രമിച്ചാൽ, കൊടുത്ത പണം തിരിച്ചു കിട്ടാൻ എന്ത് അലമ്പും അയാൾ കണിക്കും. കൺകണ്ട ദൈവം കാലനാവുമെന്ന് ചുരുക്കം.
കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത, ഫോൺ വിളികൾക്കു പോലും പ്രതികരിക്കാത്ത നിർമാതാവ് പ്രതാപ വർമ്മ (കലാഭവൻ ഷാജോൺ) യുമായി ബോസ് കൊമ്പു കോർക്കുകയാണ്. ഫോൺ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ നേരിട്ട് പോയി അലമ്പുണ്ടാക്കുന്ന ബോസ് ലൊക്കേഷനിൽ കയറി സംവിധായകനെ തന്നെ പിടിച്ചു കൊണ്ടു പോവുന്നു. ആ കഥ ഇൻഡസ്ട്രിയിൽ മുഴുവൻ പാട്ടാവുന്നതോടെ നാണക്കേടു കൊണ്ട് പ്രതാപ് വർമ്മയ്ക്ക് തലയുയർത്തി നടക്കാൻ കഴിയാതെ വരുന്നു. സുഹൃത്തായ പോലീസ് കമ്മിഷണറുടെ (സിദ്ദിഖ്) സഹായത്തോടെ ബോസിനെ തളയ്ക്കാൻ പ്ലാൻ ഒരുക്കുകയാണ് പ്രതാപ് വർമ്മ. ബോസും പ്രതാപ് വർമ്മയുടെ ടീമും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.
ആക്ഷനും അത്യാവശ്യം അലമ്പും തമാശകളും സിനിമാ ഡയലോഗുകളുമായി ബോസിന്റെ താണ്ഡവം ആണ് ഇടവേള വരെ ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്. എന്നാൽ രണ്ടാം പകുതിയോടെ ചിത്രത്തിന്റെ ഫോക്കസ് മാറുന്നു. പ്രതാപ് വർമ്മയുമായുള്ള ബോസിന്റെ കൊമ്പുകോർക്കൽ യാദൃശ്ചികമല്ലെന്ന് രണ്ടാം പകുതിയോടെ മനസ്സിലാവും.
Shylock Movie Review: ആക്ഷനും അത്യാവശ്യം അലമ്പും
ബോസ് ആയി നിറഞ്ഞാടുന്ന മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ബഹുഭൂരിഭാഗം സീനുകളിലും നിറയുന്നത്. ‘അലമ്പിനു ഗോൾഡ് മെഡൽ വാങ്ങിച്ചവൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബോസിനെ അങ്ങ് മേയാൻ വിട്ടിരിക്കുകയാണ് മമ്മൂട്ടി. സിനിമയോടുള്ള ബോസിന്റെ കടുത്ത പ്രേമത്തിന്റെ പ്രതിഫലനങ്ങൾ ആദ്യം മുതൽ അവസാനം വരെ ചിത്രത്തിൽ തെളിഞ്ഞു കാണാം. അനങ്ങിയാൽ ഹിറ്റ് സിനിമാഡയലോഗുകൾ എടുത്ത് തലങ്ങും വിലങ്ങും പ്രയോഗിക്കുന്ന അസുഖവും ബോസിനുണ്ട്. ബോസിന്റെ സന്തതസഹചാരികളിൽ ഒരാളായ ഗണപതി പറയും പോലെ, എല്ലായിടത്തും പഞ്ച് ഡയലോഗ് മൊത്തം മൂപ്പർക്ക് അടിക്കണം.
രജനീകാന്തിനോടുള്ള ആരാധനയും തമിഴ് സിനിമകളുടെ സ്വാധീനവുമൊക്കെയായി സിനിമാ റഫറൻസുകളുടെ ബഹളമാണ് ചിത്രം നിറയെ. തുടരെ തുടരെ ഈ സിനിമാ റഫൻസ് ഡയലോഗുകൾ വരുന്നത് അരോചകമാവുന്നുണ്ടെന്ന് പറയാതെ വയ്യ. അമിതമായാൽ അമൃതും കയ്ക്കുമെന്ന് സംവിധായകൻ മറന്നു പോയതു പോലെയുണ്ട്. ആവർത്തിച്ചു വരുന്ന, പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയുന്ന സംഭാഷണങ്ങളും കല്ലുകടിയാവുന്നുണ്ട്. എന്തായാലും അതിന്റെ പ്രയോജനം കിട്ടിയത് ചിത്രത്തിന് സംഭാഷണം ഒരുക്കിയ ആൾക്കാണ്. പുതുതായി അധികം ഡയലോഗുകൾ എഴുതേണ്ടി വന്നിട്ടില്ല.
വില്ലത്തരം, ഹീറോയിസം, കോമഡി- ഈ മൂന്നു ഘടകങ്ങളും ചേരുന്ന കഥാപാത്രങ്ങൾ മുൻപും മമ്മൂട്ടി ചെയ്തിട്ടുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ, ‘മധുരരാജ’, ‘തുറുപ്പുഗുലാൻ’ തുടങ്ങി മുൻകാല മമ്മൂട്ടി കഥാപാത്രങ്ങൾ ഇടയ്ക്ക് ബോസിലേക്ക് ആവാഹിക്കപ്പെടുന്നത് കാണാം. എന്നിരുന്നാലും ആരാധകർക്ക് കയ്യടിക്കാനും വിസിലടിക്കാനും ചിരിക്കാനുമൊക്കെയുള്ള സീനുകളും സംഭാഷണങ്ങളും ആവോളമുണ്ട് ‘ഷൈലോക്കി’ൽ.
നൂറു ശതമാനവും ഫാന്‍സിനു ആഘോഷിക്കാവുന്ന ഒരു മാസ് ചിത്രമാണ് ‘ഷൈലോക്ക്. രണദിവയുടെ ക്യാമറയും ഗോപി സുന്ദറിന്റെ ബിജിഎമ്മും മികവു പുലർത്തുന്നുണ്ട്. റോൾസ് റോയിസിൽ സഞ്ചരിക്കുന്ന ബോസിന് കുറച്ചു കൂടെ ഭേദപ്പെട്ട ഒരു കോസ്റ്റ്യൂമും സ്റ്റൈൽ നൽകാമായിരുന്നു. ‘സ്റ്റൈൽ സ്റ്റാർ’ എന്നറിയപ്പെടുന്ന മമ്മൂട്ടിയെ ഏറ്റവും അനാകർഷകമായി ചിത്രീകരിച്ച ചിത്രങ്ങളിൽ ഒന്നാവും ‘ഷൈലോക്ക്.’ മേക്കപ്പും ‘നല്ല’ രീതിയിൽ ബോറായിട്ടുണ്ട്, പ്രത്യേകിച്ചും ഫ്ളാഷ് ബാക്കിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ്.
സിദ്ദീഖ്, കലാഭവൻ ഷാജോൺ, രാജ് കിരൺ, മീന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. മമ്മൂട്ടി ഷോ ആണ് ‘ഷൈലോക്ക്’ എങ്കിലും രാജ് കിരണിന്റെ കഥാപാത്രത്തിനും കഥയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ബൈജു, ഹരീഷ് കണാരൻ, തിരക്കഥാകൃത്തും സംവിധായകനുമായ റാഫി, അർത്ഥന ബിനു (‘മുത്തുഗൗ’ ഫെയിം), ജോൺ വിജയ്, അർജുൻ നന്ദകുമാർ, അലക്സാണ്ടർ പ്രശാന്ത്, ബിബിൻ ജോർജ്, അംബികാ മോഹൻ, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ അജയ് വാസുദേവും ‘ഷൈലോക്കി’ൽ അഭിനയിച്ചിട്ടുണ്ട്.
പൃഥ്വിരാജ് എന്ന ലാൽ ആരാധകൻ മോഹൻലാലിനു നൽകിയ ആദരമായിരുന്നു ‘ലൂസിഫർ.’ സമാനമായ ഒരു ശ്രമമാണ് അജയ് വാസുദേവ് എന്ന മമ്മൂക്ക ആരാധകൻ തന്റെ പ്രിയതാരത്തിനായി ‘ഷൈലോക്കി’ലൂടെ ലക്ഷ്യമിടുന്നതും. താരാരാധനയും ഫാൻ ഫൈറ്റുമൊക്കെ സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ പരിസരത്തു നിന്നു ‘ഷൈലോക്കി’നെ നോക്കി കാണുമ്പോൾ മോഹൻലാലിന്റെ ‘ലൂസിഫറി’ന് സംവിധായകൻ, മമ്മൂട്ടിയുടെ ‘ഷൈലോക്കി’ലൂടെ ‘നൈസാ’യിട്ടൊരു ചെക്ക് വച്ചതായി തോന്നിയാൽ അത് യാദൃശ്ചികമാവണമെന്നില്ല. ‘ഷൈലോക്കി’ന് ഒരു രണ്ടാം ഭാഗം വന്നാലും അതിശയപ്പെടേണ്ട എന്ന സൂചനയും ചിത്രം നൽകുന്നുണ്ട്. ‘ഓൾഡ് ജനറേഷൻ ആയാലും ന്യൂ ജനറേഷൻ ആയാലും ബോസ് ഹീറോ ആണെടാ’ എന്ന് മമ്മൂട്ടി കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കാനും സംവിധായകൻ മറന്നിട്ടില്ല.
ഫാൻ ബോയ്സിന് താരങ്ങളെ ആരാധിക്കാതെ വയ്യ എന്നൊരു കാര്യം നിലനിൽക്കുമ്പോൾ തന്നെ, താരപരിവേഷത്തിന്റെ നിറവിൽ നിൽക്കുന്ന മമ്മൂട്ടിയേയും മോഹൻലാലിനെയും പോലുള്ള സൂപ്പർസ്റ്റാറുകൾക്ക് ഇനിയും ഇത്തരം ആഘോഷചിത്രങ്ങളുടെ ആവശ്യകത യഥാർത്ഥത്തിൽ ഉണ്ടോ എന്നൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. അതിനുമപ്പുറം അളവറ്റ പ്രതിഭയും, അതിനെ അനുദിനം രാകിമിനുക്കാനുള്ള കഴിവുമുള്ള ഈ അഭിനേതാക്കളെ സമകാലിക മലയാളസിനിമ, ‘താരം’ എന്ന ചട്ടക്കൂട്ടിനകത്തേക്ക് ഒതുക്കി നിർത്തുന്നത് സങ്കടകരമാണ്. ഈ അവസ്ഥ മാറാൻ സിനിമയുടെ മുന്നണിയിലും പിന്നണിയിലും നിൽക്കുന്നവർ ചേർന്ന് തീരുമാനമെടുക്കുകയും കാലോചിതമായ വേഷങ്ങൾ നൽകി ‘താരപരിവേഷ’ങ്ങളെ സമ്പുഷ്ടമാക്കുകയും അല്ലേ വേണ്ടത്?
Read Here: Shylock Movie Release Live Updates: ഷൈലോക്ക് ആദ്യ പ്രതികരണങ്ങള്‍