/indian-express-malayalam/media/media_files/uploads/2022/10/Shubhadinam-Review.jpg)
Shubhadinam Movie Review & Rating: നടനാവാൻ ആഗ്രഹിച്ചു പരാജയപ്പെട്ട, ബന്ധങ്ങൾക്കിടയിൽപ്പെട്ട ആശയക്കുഴപ്പമുള്ള ഒരാളെ ചുറ്റിപ്പറ്റി നടക്കുന്ന സിനിമ. കേൾവിയിൽ കൗതുകമുണ്ടാക്കുന്ന കഥയാണ് ശുഭദിനത്തിന്റേത്. ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ഗിരീഷ് നെയ്യാർ, മറീന മൈക്കൽ, രചന നാരായണൻ കുട്ടി, ജയകൃഷ്ണൻ,കോട്ടയം പ്രദീപ് എന്നിങ്ങനെ ചെറുതും വലുതുമായ താരങ്ങളും സിനിമയിലുണ്ട്. പക്ഷെ, അത് പൂർണമായ അർത്ഥത്തിൽ സിനിമയായി ഒരിടത്തും മാറാത്ത അനുഭവം, അതായിരുന്നു ഒറ്റ വാക്കിൽ പറഞ്ഞാൽ ശുഭദിനം. ഒരുപാട് കാലഹരണപ്പെട്ട രീതിയിലുള്ള നിർമിതിയും ആമേച്വർ എന്ന് തുടക്കം മുതൽ ഒടുക്കം വരെ തോന്നുന്ന സംഭാഷണങ്ങളും സന്ദർഭങ്ങളും ശുഭദിനത്തെ പലയിടത്തും അത്ര സുഖകരമല്ലാത്ത സിനിമാ കാഴ്ചയാക്കി മാറ്റി. സിനിമയിൽ ഒട്ടും സിനിമാറ്റിക് അല്ലാത്ത നാടകീയത നിറഞ്ഞ കഥാ സന്ദർഭങ്ങൾ ഉണ്ടാവുന്നത് നമ്മുടെ സമകാലിക കാഴ്ച ശീലത്തിൽ അത്ര സ്വീകരിക്കപ്പെടാത്ത രീതിയാണ്. ആ രീതിയെ ആദ്യം മുതൽ അവസാനം വരെ ആശ്രയിക്കുന്നുണ്ട് ശുഭദിനം.
' ഫീൽ ഗുഡ് ' സിനിമ എന്ന രീതിയിലാണ് ശുഭദിനത്തിന്റെ മേക്കിങ് ഒരുക്കിയിട്ടുള്ളത്. സമകാലീന മലയാള സിനിമയിലെ ഫീൽ ഗുഡ് സിനിമകളിൽ കാണുന്ന സംഭാഷണങ്ങളും കഥാഗതിയും ചിത്രം മാതൃകയാക്കിയിട്ടുണ്ട്. പക്ഷെ ഇതിനിടയിൽ കൃത്രിമമായി തോന്നുന്ന കുറെ കാഴ്ചകളാണ് ശുഭദിനത്തിലുള്ളത്. പലപ്പോഴും വളരെയധികം ബലം പ്രയോഗിച്ചു സ്വാഭാവികതകളെ കൊണ്ട് വരാനുള്ള ശ്രമം കാണാം. ആ ശ്രമം സിനിമയെ പൂർണതയില്ലാത്ത അനുഭവമാക്കി മാറ്റുന്നു. ഫീൽ ഗുഡും റിയലിസ്റ്റിക്കുമാക്കാൻ അസ്വഭാവികമായി ശ്രമിക്കുമ്പോൾ പലപ്പോഴും അതിനാടകീയതയും കൃത്രിമത്വവുമാണ് സിനിമകളിൽ തെളിഞ്ഞു കാണുക. ശുഭദിനത്തിനും സംഭവിച്ചത് അതാണ്.
സിധിൻ എന്ന പരാജയപ്പെട്ട സിനിമാ മോഹിയിലൂടെയാണ് ശുഭദിനത്തിന്റെ കഥ വികസിക്കുന്നത്. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ തകർന്നു പോയ അയാൾ രണ്ട് പ്രണയ ബന്ധങ്ങൾക്കിടയിൽ കുരുങ്ങി കിടക്കുകയും ചെയ്യുന്നു. ഇങ്ങനെ ജീവിതം മടുത്തു പോയ അയാൾ ഒരു നിർണായക തീരുമാനമെടുക്കുന്നു. ആ തീരുമാനം നടപ്പിലാക്കാൻ അയാൾ ഒരു ശുഭ മുഹൂർത്തം കാത്തിരിക്കുന്നതാണ് സിനിമയുടെ പ്രധാന പ്രമേയം. ഇതിനിടയിൽ അയാൾ കണ്ടു മുട്ടുന്ന മനുഷ്യരും അതിലൂടെ എത്തുന്ന തിരിച്ചറിവുകളും ഒക്കെയാണ് ശുഭദിനത്തിന്റെ മൂലകഥ. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഗിരീഷ് നെയ്യർ പ്രധാന വേഷത്തിലെത്തുന്നു. ഇയാളിലൂടെയാണ് കഥ പൂർണമായും വികസിക്കുന്നത്. ഇന്ദ്രൻസ് അടക്കമുള്ള സിനിമയിലെ മറ്റു താരങ്ങൾ ഇയാളുടെ ജീവിതത്തിലെ ചെറുതും വലുതുമായ വഴിതിരിവുകളാണ്. ശിവരാം മണി സംവിധാനം ചെയ്ത ഈ സിനിമയുടെ മാർക്കറ്റിങ് സ്ട്രാറ്റജി ഇന്ദ്രൻസ് ആണ്. പക്ഷെ പറയാൻ പാകത്തിലുള്ള സ്ക്രീൻ ടൈം ഇല്ലാത്ത, കൃത്യമായ വരച്ചിടൽ ഇല്ലാത്ത സിനിമയിലെ മറ്റു കഥാപാത്രങ്ങളെ പോലെ ഇന്ദ്രൻസിന്റെ സാന്നിധ്യം ഒതുങ്ങിപോവുന്നു. ഇപ്പോൾ കിട്ടുന്ന ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളിൽ നിന്നു മാറി ലഘുവായി നിൽക്കുന്ന കഥാപാത്രമായിരുന്നെങ്കിലും പാത്ര സൃഷ്ടിയിലെ അപൂർണത വല്ലാതെ മുഴച്ചു നിന്നു.
ഹാസ്യത്തിലൂടെയും അതി വൈകാരികതയിലൂടെയുമാണ് ശുഭദിനം കഥ പറഞ്ഞത്. മികവുറ്റ ഹാസ്യ നടന്മാർ ഉണ്ടായിട്ടും വിചാരിച്ച ഇംപാക്റ്റ് സിനിമയിലെ ഹാസ്യ രംഗങ്ങൾക്ക് തരാനായില്ല. ഭാര്യയുമൊത്ത് വീട്ടിലെ അടുക്കളജോലികൾ പങ്ക് വെക്കുന്ന കഥാപാത്രമാണ് സിനിമയിലെ ഒരു ഹാസ്യ കഥാപാത്രം. ഇത്തരം ഹാസ്യ രംഗങ്ങളെ ഇന്ത്യൻ വാണിജ്യ സിനിമ ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. സിനിമ മോട്ടിവേഷൻ, ഉപദേശങ്ങൾ എന്നിവയെ ആശ്രയിക്കുന്ന വിധം വിചിത്രമാണ്. കഥഗതിയുടെ മുന്നോട്ടുള്ള പോക്കിനെക്കാൾ മോട്ടിവേഷൻ ക്ലാസിനു സമയം കൊടുക്കുന്ന സിനിമയാണ് ശുഭദിനം. മകനെ ഡോക്ടർ ആക്കാൻ വഴക്കാളിയാവുന്ന അമ്മ, കാമുകിയുടെ വഴക്കിടൽ സഹിക്കാനാവാതെ ദുർബല നിമിഷത്തിൽ മറ്റൊരു പ്രണയത്തിൽപ്പെടുന്ന നിഷ്കളങ്കൻ, സ്വന്തം ദുഃഖം കടിച്ചോതുക്കി മറ്റൊരാൾക്ക് വഴികാട്ടിയാവുന്ന നായകൻ, അഹങ്കാരികളായ ചെറുപ്പക്കാരികൾ തുടങ്ങി മലയാള സിനിമ പണ്ടേ ഉപേക്ഷിച്ച എല്ലാ ശീലങ്ങളെയും കൂടെ കൂട്ടുന്നുണ്ട് ശുഭദിനം.
ആത്മഹത്യക്ക് എതിരെയുള്ള സന്ദേശമായാണ് സിനിമ ഒരുങ്ങിയത്. അവസാനം ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് പഠിപ്പിക്കുന്നുണ്ട് സിനിമ. ആത്മഹത്യ ചെയ്ത പലരെയും സംബന്ധിച്ച വാർത്തകൾ ഓർമിപ്പിക്കുന്നുമുണ്ട്. പക്ഷെ സന്ദേശം വേണം എന്ന നിർബന്ധത്തിനു വേണ്ടി പ്രേക്ഷകരിൽ നിന്നാവശ്യപ്പെടുന്നത് ക്‌ളീഷേകളും മോട്ടിവേഷനും കണ്ട് രണ്ട് മണിക്കൂറുകൾ തീയറ്ററുകളിൽ ഇരിക്കാൻ ആണ്. ഇത്, ശുഭദിനത്തിന്റെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയായേക്കാവുന്ന ഘടകമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.