scorecardresearch

Shefeekkinte Santhosham Movie Review & Rating: ഒരു തണുപ്പൻ പടം; ‘ഷെഫീക്കിന്റെ സന്തോഷം’ റിവ്യൂ

Shefeekkinte Santhosham Movie Review & Rating: പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിമിഷങ്ങളോ കഥാസന്ദർഭങ്ങളോയില്ലാതെ, തണുത്ത മട്ടിൽ തുടങ്ങി അതുപോലെ തന്നെ അവസാനിക്കുന്ന ചിത്രം ഒരു ആവറേജ് കാഴ്ചാനുഭവമാണ് നൽകുന്നത്

RatingRatingRatingRatingRating
shafeekkinte santhosham review, shafeekkinte santhosham movie review

Shefeekkinte Santhosham Movie Review & Rating: ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ വേറിട്ടൊരു ചുവടുവപ്പായിരുന്നു ‘മേപ്പടിയാൻ’ എന്ന ചിത്രം. നന്മയുള്ള ഒരു നാട്ടിൻപ്പുറത്തുകാരൻ പയ്യൻ ചെന്നുചാടുന്ന ഏടാകൂടങ്ങളുടെ കഥയാണ് ‘മേപ്പടിയാൻ’ പറഞ്ഞത്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെക്ക് എത്തുമ്പോഴും അയൽപ്പക്കത്തെ നന്മയുള്ള പയ്യൻ ഇമേജിൽ തന്നെയാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. വിജയചിത്രത്തിന്റെ അതേ പാറ്റേൺ തന്നെ പിൻതുടരാനുള്ള ബോധപൂർവ്വമോ അല്ലാതെയോ ഉള്ള പ്രവണതകൾ സിനിമയിൽ വ്യാപകമായി കാണാറുള്ള ഒന്നാണ്. ‘ഷെഫീക്കിന്റെ സന്തോഷ’വും അത്തരമൊരു പ്രവണതയെയാണ് ഓർമിപ്പിക്കുന്നത്. നായകന്റെ പേരും മതവും ജീവിതസാഹചര്യങ്ങളും മാറുന്നു എന്നതിനപ്പുറം കഥാപാത്രരൂപീകരണവും കഥാഗതിയും പിൻതുടരുന്നത് അതേ വാർപ്പുമാതൃക തന്നെയാണ്.

പാറത്തോട് എന്ന ഗ്രാമമാണ് ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന്റെ കഥാപശ്ചാത്തലം. പ്രവാസിയായ ഷെഫീക്ക് വിവാഹത്തിനായി നാട്ടിലേക്ക് എത്തുകയാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നതാണ് ഷെഫീക്കിന്റെ പ്രധാന സന്തോഷം. നാട്ടിലേക്കുള്ള യാത്രയിൽ പ്രിയപ്പെട്ടവർക്കായി നൽകാൻ ചില സമ്മാനങ്ങളും ഷെഫീക്ക് കരുതുന്നുണ്ട്. എന്നാൽ, സന്തോഷത്തിനു വേണ്ടി ചെയ്ത ചില കാര്യങ്ങൾ ഷെഫീക്കിനെയിട്ട് വട്ടം ചുറ്റിക്കുകയാണ്. പുലിവാലു പിടിച്ചതുപോലെ പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്ന ഷെഫീക്കിന്റെ ജീവിതനെട്ടോട്ടത്തിന്റെ കഥയാണ് സംവിധായകൻ അനൂപ് പന്തളം പറയുന്നത്.

ഷെഫീക്കിന്റെ നന്മയും നിസ്സഹായതയുമൊക്കെ പ്രേക്ഷകരുമായി കണക്റ്റാവുന്ന രീതിയിൽ തന്നെ ഉണ്ണിമുകുന്ദൻ അവതരിപ്പിച്ചിട്ടുണ്ട്. വൈകാരികമായ രംഗങ്ങളും കയ്യടക്കത്തോടെ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാൽ തിരക്കഥയുടെ ആഴമില്ലായ്മ ഷെഫീക്കിന്റെ സങ്കടങ്ങൾ പൂർണ്ണമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.

ആദ്യപകുതിയിൽ ചിത്രത്തെ രസകരമായി മുന്നോട്ട് കൊണ്ടുപോവുന്നത് ബാലയുടെ സാന്നിധ്യമാണ്. ബാലയെന്ന നടനായി അളവെടുത്ത തയ്ച്ച കഥാപാത്രമാണ് ചിത്രത്തിലെ അമീർ എന്നു പറയാം. തമിഴ് പശ്ചാത്തലമുള്ള, ഒഴുക്കോടെ മലയാളം പറയാനറിയാത്ത കഥാപാത്രമാണ് അമീർ. കഥാപാത്രത്തിനായി നൽകിയ ഈ പ്രത്യേകതകൾ ബാലയ്ക്കും അനുഗ്രഹമായി മാറിയിട്ടുണ്ട്. ബാല തന്നെയാണ് കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റിയ ‘ദിസിസ് റാങ്ങ്’, ‘ലോജിക്കലി ചിന്തിച്ചാൽ..’ തുടങ്ങിയ ബാലയുടെ ഹിറ്റ് ഡയലോഗുകളും അമീർ എന്ന കഥാപാത്രം തലങ്ങും വിലങ്ങുമെടുത്ത് പ്രയോഗിക്കുന്നുണ്ട്. ആത്മീയ രാജൻ, ദിവ്യ പിള്ള, മനോജ് കെ. ജയൻ, ബാല, രാഹുൽ മാധവ്, ഷഹീൻ സിദ്ദീഖ്, സ്മിനു സിജോ, മിഥുൻ രമേശ്, കൃഷ്ണപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു ശ്രദ്ധേയമുഖങ്ങൾ. സംവിധായകൻ അനൂപ് പന്തളവും ചിത്രത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അയൽപ്പക്ക വീടുകൾക്കിടയിലെ വഴി പ്രശ്നവും ചില നിയമകുരുക്കുകളുമൊക്കെ പറഞ്ഞുപോവുന്നുണ്ടെങ്കിലും കൃത്യമായൊരു ഫോക്കസ് ഇല്ലായ്മയാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. ഷെഫീക്കിനൊപ്പം തന്നെ ചുറ്റുമുള്ള കഥാപാത്രങ്ങളുടെ കഥയും തിരക്കഥാകൃത്ത് പറയാൻ ശ്രമിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളിലേക്കായി പ്രേക്ഷകരുടെ ചിന്ത ചിന്നിചിതറിപ്പോവാനും ഷെഫീക്കിലേക്കുള്ള ഫോക്കസ് കുറയാനും തിരക്കഥ തന്നെ കാരണമാവുന്നു. ആദ്യപകുതിയിൽ, മൂലക്കുരു (പൈൽസ്) ബോധവത്കരണ സിനിമയാണോ ഇതെന്ന് പ്രേക്ഷകർക്ക് സംശയമുണ്ടാക്കുന്ന രീതിയിലാണ് കഥയുടെ പ്രയാണം.

തിരക്കഥയിൽ പാളുമ്പോഴും അഭിനേതാക്കളുടെ പ്രകടനം, എൽദോ ഐസക് ഒരുക്കിയ ചിത്രത്തിന്റെ ദൃശ്യഭാഷ, ഷാൻ റഹ്മാനൊരുക്കിയ പാട്ടുകൾ, രഞ്ജിൻ രാജിന്റെ പശ്ചാത്തല സംഗീതം എന്നിവയൊക്കെ ചിത്രത്തിന് രക്ഷയാവുന്നുണ്ട്. ചിത്രത്തിലെ ‘ഖൽബിലെ ഹൂറി’, ‘പൊൻപുലരികൾ പോരുന്നേ’ എന്ന ഗാനങ്ങൾ ഉണ്ണി മുകുന്ദൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്.

നവാഗതനായ അനൂപ് പന്തളത്തിന്റെ ആദ്യചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. വലിയ സംഘട്ടനമോ സംഘർഷമോ ഒന്നുമില്ലാതെ, ഒരു നാട്ടിൻപ്പുറത്ത് നടക്കുന്ന പ്രശ്നങ്ങളിലൂടെയും രസകരമായ ചില കാഴ്ചകളിലൂടെയും കടന്നുപോവുകയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. സിനിമയെന്ന രീതിയിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിമിഷങ്ങളോ കഥാസന്ദർഭങ്ങളോയില്ലാതെ, തണുത്ത മട്ടിൽ തുടങ്ങി അതുപോലെ തന്നെ അവസാനിക്കുന്ന ചിത്രം ഒരു ആവറേജ് കാഴ്ചാനുഭവമായി തീരുന്നു.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Shefeekkinte santhosham movie review rating unni mukundan