scorecardresearch

Saturday Night Movie Review & Rating: കൃത്രിമത്വം നിറഞ്ഞ സിനിമക്കാഴ്ച; ‘സാറ്റർഡേ നൈറ്റ്’ റിവ്യൂ

Saturday Night Movie Review & Rating: സ്റ്റാൻലിയായി അഴിഞ്ഞാടുകയാണ് നിവിൻ, മറ്റൊരു ലോകത്തെന്ന പോലെ ജീവിതം ആസ്വദിക്കുന്ന സ്റ്റാൻലിയെ വൈബോടെ തന്നെ നിവിൻ അവതരിപ്പിച്ചിട്ടുണ്ട്.അഭിനേതാക്കൾ കഥാപാത്രങ്ങളോട് നീതി പുലർത്തുമ്പോഴും കഥയും കഥാസന്ദർഭങ്ങളും പ്രേക്ഷകരോട് നീതി പുലർത്തുന്നില്ല എന്നു പറയേണ്ടി വരും

RatingRatingRatingRatingRating
Saturday Night Movie Review & Rating: കൃത്രിമത്വം നിറഞ്ഞ സിനിമക്കാഴ്ച; ‘സാറ്റർഡേ നൈറ്റ്’ റിവ്യൂ

Saturday Night Malayalam Movie Review & Rating: അൽപ്പം കുറുമ്പും കുരുത്തക്കേടും അയൽവീട്ടിലെ പയ്യൻ ഇമേജുമൊക്കെയായി മുൻപ് നിവിൻ പോളി സ്ക്രീനിലെത്തിയപ്പോഴെല്ലാം ആ വേഷങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്. സൗഹൃദത്തെ കുറിച്ചു സംസാരിക്കുന്ന, നാലു ചങ്ങാതിമാരുടെ കഥ പറയുന്ന ‘സാറ്റർഡേ നൈറ്റ്സും’ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിച്ച ചിത്രമാണ്. എന്നാൽ, ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ, ട്രെയിലറും ടീസറുമൊന്നും വാഗ്ദാനം ചെയ്ത ആ ഫൺ മൂഡ് സമ്മാനിക്കാൻ സംവിധായകൻ റോഷൻ ആൻഡ്രൂസിനും ടീമിനും കഴിയുന്നില്ല. കിറുക്കനും കൂട്ടുകാരും എന്നാണ് ‘സാറ്റർഡേ നൈറ്റി’ന്റെ ടാഗ് ‌ലൈൻ. ആ കിറുക്കത്തരത്തിന്റെ പേരിൽ തന്നെയാണ് ചിത്രം ജാമ്യമെടുക്കുന്നതും. കിറുക്കനായൊരു ചങ്ങാതിയ്ക്ക് ഏതറ്റവും വരെ പോവാമെന്ന സാധ്യതയെ ചിത്രം ചൂഷണം ചെയ്യുമ്പോൾ, ഏറെ കൃത്രിമത്വം തോന്നിപ്പിക്കുന്ന വെറുമൊരു സിനിമാക്കാഴ്ച മാത്രമായി പോവുകയാണ് ‘സാറ്റർഡേ നൈറ്റ്’.

സ്റ്റാൻലി, പൂച്ച സുനിൽ, അജിത് എബ്രഹാം, ജസ്റ്റിൻ- ഒന്നിച്ചു പഠിച്ച നാലു കൂട്ടുകാർ. കൂട്ടത്തിൽ ആത്മാർത്ഥ കൂടുതൽ സ്റ്റാൻലിയ്ക്കും സുനിലിനുമാണ്. അജിതും ജസ്റ്റിനും ആ സൗഹൃദത്തിന് വലിയ മൂല്യമൊന്നും കൊടുക്കുന്നില്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കി പോവുന്നുണ്ട് , ഇരുവർക്കുമിടയിൽ പ്രത്യക്ഷത്തിൽ തന്നെ ചില അസ്വാരസ്യങ്ങൾ ഉണ്ടുതാനും. കൂട്ടത്തിലെ നേതാവ് സ്റ്റാൻലിയാണ്, എല്ലാവരെയും ചേർത്തുനിർത്താൻ ഇഷ്ടപ്പെടുന്ന, ചങ്ങാതിമാർക്ക് ജീവിതത്തിൽ അമിതപ്രാധാന്യം നൽകുന്ന, മൊത്തത്തിൽ ആദ്യകാഴ്ചയിൽ തന്നെ അൽപ്പം കിറുക്കുണ്ടോ എന്നുതോന്നിപ്പിക്കുന്ന ഒരാൾ. പ്രൈവറ്റ് ജെറ്റ് പൈലറ്റായ സ്റ്റാൻലി അവധിക്ക് എത്തുന്നതുതന്നെ, കൂട്ടുകാർക്കൊപ്പം ‘WTF weekend with Saturday Night’ എന്ന ആശയവുമായാണ്. ചങ്ങാതിമാർക്കൊപ്പം എല്ലാം മറന്ന് ‘ചിൽ’ ചെയ്യണം എന്നതിൽ കഴിഞ്ഞ് സന്തോഷമുള്ള ഒന്നും സ്റ്റാൻലിയുടെ ജീവിതത്തിലില്ല. എന്നാൽ പലവിധ കാരണങ്ങളാൽ സ്റ്റാൻലിയുടെ ആ സ്വപ്നം നടക്കാതെ പോവുന്നു. ചില പിണക്കങ്ങളുടെ പേരിൽ ആ ചങ്ങാതികൂട്ടം പിരിയുന്നു. എന്നാൽ പിണങ്ങി അകന്നുപോയവർ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയാണ്, ഇത്തവണ അകമ്പടിയായി ഒരു ലോഡ് പ്രശ്നങ്ങളും അവർക്കൊപ്പമുണ്ട്. ആ പുനഃസമാഗമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സ്റ്റാൻലിയായി അഴിഞ്ഞാടുകയാണ് നിവിൻ, മറ്റൊരു ലോകത്തെന്ന പോലെ ജീവിതം ആസ്വദിക്കുന്ന സ്റ്റാൻലിയെ വൈബോടെ തന്നെ നിവിൻ അവതരിപ്പിച്ചിട്ടുണ്ട്. അജുവിന്റെ പൂച്ച സുനിൽ എന്ന കഥാപാത്രവും എവിടെയൊക്കെയോ പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന കഥാപാത്രമാണ്. അതേസമയം, കാർട്ടൂൺ കഥാപാത്രങ്ങളായ ടോമിനെയും ജെറിയേയും പോലെയാണ് അജിത്തും ജസ്റ്റിനും, ഇടയ്ക്ക് പിണങ്ങിയും ഇണങ്ങിയും തിരിച്ചറിവുകളിലൂടെ കടന്നുപോയുമൊക്കെ കഥാഗതിയിൽ കൃത്യമായ വളർച്ചയും പരിണാമങ്ങളുമുള്ളതും ഇവർക്കു തവന്നെ. സിജു വിത്സനും സൈജു കുറുപ്പുമാണ് യഥാക്രമം അജിത്തിനെയും ജസ്റ്റിനെയും അവതരിപ്പിച്ചിരിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, വിജയ് മേനോൻ, പ്രതാപ് പോത്തൻ, ശാരി, മാളവിക ശ്രീനാഥ്, എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

അഭിനേതാക്കൾ കഥാപാത്രങ്ങളോട് നീതി പുലർത്തുമ്പോഴും കഥയും കഥാസന്ദർഭങ്ങളും പ്രേക്ഷകരോട് നീതി പുലർത്തുന്നില്ല എന്നു പറയേണ്ടി വരും. രസകരമായൊരു ത്രെഡാണ് ചിത്രം പറയാൻ ശ്രമിച്ചത്, കൗമാരവിഹ്വലതകളിൽ കൂട്ടായിരുന്ന പഴയ സുഹൃത്തുക്കളുടെ പുനഃസമാഗമം. കെട്ടഴിച്ചുവിട്ടൊരു പട്ടം പോലെ മനസ്സിനെ ശാന്തമാക്കാൻ മാത്രം സ്വാതന്ത്ര്യമുള്ളൊരിടം. തിരക്കുകളുടെയും ഉത്തരവാദിത്വങ്ങളുടെയും പിറകെ ഓടുമ്പോൾ പലർക്കും നഷ്ടമാവുന്നത് ഇത്തരത്തിലുള്ള സത്യസന്ധമായ സൗഹൃദബന്ധങ്ങളാണ്. എന്നാൽ സൗഹൃദത്തിന്റെതായ ആ വൈബ് കൃത്യമായി സിനിമയിലേക്ക് കൊണ്ടുവരാൻ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. കൃത്രിമത്വം നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ കഥ പുരോഗമിക്കുമ്പോൾ, പ്രേക്ഷകരുടെ യുക്തിയുമായാണ് ചിത്രം കലഹിക്കുന്നത്.

സൗഹൃദം, പ്രണയം, വേർപാട്, നഷ്ടബോധം- മാനുഷികമായ ഇത്തരം വികാരങ്ങളെയൊക്കെ കലയിലേക്ക് കൊണ്ടുവരുമ്പോൾ ഏറ്റവും പ്രധാനം അതിനു അനുവാചകനുമായി/കാഴ്ചക്കാരനുമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതാണ്. വൈയക്തികമായ തലത്തിൽ ഇതെല്ലാം കാഴ്ചക്കാരനു അനുഭവവേദ്യമാക്കുക എന്നതു തന്നെയാണ് തിരക്കഥ നേരിടുന്ന വെല്ലുവിളി. ആ വെല്ലുവിളിയെ മറികടക്കാൻ ‘സാറ്റർഡേ നൈറ്റി’നു സാധിക്കുന്നില്ല. സിനിമയുടെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മാത്രമാണ് സ്റ്റാൻലിയുടെയും കൂട്ടുകാരുടെയും ചങ്ങാത്തം കുറച്ചെങ്കിലും അനുഭവവേദ്യമാവുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അസ്‌ലം കെ പുരയിൽ ആണ്. നിറപ്പകിട്ടേറിയ സജ്ജീകരണങ്ങളും ഫ്രെയിമുകളും കാഴ്ചയ്ക്ക് ഫ്രഷ്നസ്സ് സമ്മാനിക്കുന്നുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

ഒരു ‘കിറുക്കൻ’ ചങ്ങാതിയും കൂട്ടുകാരുമൊപ്പിക്കുന്ന ഏടാകൂടകാഴ്ചകൾ വെറുതെ കണ്ടിരിക്കാം എന്നതിനപ്പുറത്തേക്ക് ഓർത്തുവയ്ക്കാനോ രസിക്കാനോ ഉള്ളതൊന്നും ‘സാറ്റർഡേ നൈറ്റ്’ പ്രേക്ഷകർക്കായി സമ്മാനിക്കുന്നില്ല.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Saturday night movie review rating nivin pauly